30 Monday
December 2024
2024 December 30
1446 Joumada II 28

ജാഹിലിയ്യത്ത് ഒരു കാലഘട്ടത്തിന്റെ പേരല്ല

ഖലീലുര്‍റഹ്മാന്‍ മുട്ടില്‍


അറേബ്യന്‍ ചരിത്രത്തില്‍, വിശിഷ്യാ ഇസ്‌ലാമിക ചരിത്രത്തില്‍ ജാഹിലിയ്യാ കാലഘട്ടം, ജാഹിലിയ്യാ യുഗം എന്നീ പ്രയോഗങ്ങള്‍ സര്‍വസാധാരണമായി കാണാറുണ്ട്. പ്രവാചക നിയോഗത്തിനു മുമ്പ് അറേബ്യ പിന്നിട്ട ചരിത്രഘട്ടത്തെയാണ് സാങ്കേതികാര്‍ഥത്തില്‍ ഈ പദം കുറിക്കുന്നത്. അജ്ഞതയും അരാജകത്വവും മൂര്‍ത്തീമദ്ഭാവത്തില്‍ എത്തിയ ഈ കാലയളവില്‍ അതിന്റെ ഉപോല്‍പന്നങ്ങളെല്ലാം പുഷ്പിക്കുകയും ഫലം കായ്ക്കുകയും ചെയ്തിരുന്നു. തദ്ഫലമായി പെണ്ണ്, കള്ള്, യുദ്ധം എന്നീ മൂന്ന് അച്ചുതണ്ടുകള്‍ കേന്ദ്രീകരിച്ചുകൊണ്ടാണ് അവരുടെ ജീവിതം കറങ്ങിക്കൊണ്ടിരുന്നത്. സാങ്കേതികാര്‍ഥത്തില്‍ ജാഹിലിയ്യത്ത് ഒരു കാലഘട്ടത്തിന് ഉപയോഗിക്കുമെങ്കിലും അതിന്റെ അര്‍ഥവ്യാപ്തി കുറിക്കുന്നത് അത് ഒരു കാലഘട്ടത്തിന്റെ പേരല്ലെന്നാണ്. ആറാം നൂറ്റാണ്ടിലും അതിനു മുമ്പും ജാഹിലിയ്യത്ത് ഉള്ളതുപോലെ ആധുനിക ലോകത്തും അന്ത്യനാള്‍ വരെയും ജാഹിലിയ്യത്ത് നിലനില്‍ക്കുമെന്നാണ് ഇസ്‌ലാമിക അധ്യാപനങ്ങള്‍ വ്യക്തമാക്കുന്നത്.
ഖുര്‍ആനും ജാഹിലിയ്യത്തും
മ്ലേച്ഛസംസ്‌കാരങ്ങളെ സൂചിപ്പിക്കാനാണ് ജാഹിലിയ്യത്തിന്റെ വിവിധ മുഖങ്ങള്‍ ഖുര്‍ആന്‍ വരച്ചുകാണിക്കുന്നത്. പ്രവാചക പത്‌നിമാരോടായി ഖുര്‍ആന്‍ പറഞ്ഞു: ”ആദ്യ ജാഹിലിയ്യത്തിലെ സൗന്ദര്യ പ്രകടനം പോലെ നിങ്ങള്‍ സൗന്ദര്യം പ്രദര്‍ശിപ്പിക്കരുത്” (33:33). സൗന്ദര്യ പ്രകടനത്തിലെ അശ്ലീലത സംസ്‌കാരമായി സ്വീകരിക്കരുത് എന്നാണ് ഖുര്‍ആന്‍ നിര്‍ദേശിക്കുന്നത്. അല്ലാതെ പ്രവാചക നിയോഗത്തിനു മുമ്പുള്ള ഒരു പ്രത്യേക കാലയളവിലെ സൗന്ദര്യപ്രകടനരീതി നിങ്ങള്‍ സ്വീകരിക്കരുത് എന്നല്ല. അന്നുള്ളതിനേക്കാള്‍ അശ്ലീലമായ രീതിയില്‍ ഇന്ന് നഗ്‌നതാ പ്രദര്‍ശനവും മത്സരവും നടക്കുന്നുെണ്ടന്നത് ഒരു വസ്തുതയാണ്. ഒരു കാലഘട്ടത്തിലേക്ക് മാത്രം ജാഹിലിയ്യത്തിനെ ചുരുക്കിക്കെട്ടിയാല്‍ ഇന്ന് കാണുന്ന സൗന്ദര്യ മത്സരങ്ങള്‍ ഇസ്‌ലാം വിലക്കിയ ജാഹിലിയ്യത്തില്‍ ഉള്‍പ്പെടില്ലെന്നു പറയേണ്ടിവരും. അത് വസ്തുതാവിരുദ്ധവുമാണ്.
സത്യത്തിനും നീതിക്കും വിരുദ്ധമായി പ്രവാചകനില്‍ നിന്നു സ്വസമുദായത്തിനെതിരെ വിധി കരസ്ഥമാക്കാന്‍ ശ്രമിച്ച യഹൂദ നേതൃത്വത്തെ വിമര്‍ശിച്ചുകൊണ്ട് ഖുര്‍ആന്‍ ചോദിക്കുന്നത് ഇങ്ങനെ വായിക്കാം: ”ജാഹിലിയ്യത്തിലെ വിധിയാണോ അവര്‍ ആവശ്യപ്പെടുന്നത്?” (5:50). തീര്‍പ്പുകല്‍പിക്കലിലെ മ്ലേച്ഛസംസ്‌കാരത്തെയാണ് ഈ വചനത്തിലെ ജാഹിലിയ്യത്ത് പ്രതിനിധീകരിക്കുന്നത്.
പ്രവാചകനും അനുയായികളും ഉംറ നിര്‍വഹിക്കുകയെന്ന ഏക ലക്ഷ്യത്തോടുകൂടി മക്കയിലേക്ക് പുറപ്പെട്ടു. വിവരമറിഞ്ഞ ഖുറൈശികളുടെ പക മൂര്‍ത്തരൂപം പ്രാപിക്കുകയുണ്ടായി. ‘കാണുന്ന ഒരാളെങ്കിലും ഞങ്ങളിലുള്ള കാലമത്രയും ഞങ്ങള്‍ അതിനു സമ്മതിക്കുകയില്ല’ എന്നായിരുന്നു അവര്‍ പ്രതികരിച്ചത്. തുടര്‍ന്നു നടന്ന ഹുദൈബിയാ സന്ധിയെ പരാമര്‍ശിച്ചുകൊണ്ട് ഖുര്‍ആന്‍ പറഞ്ഞത് ”അവിശ്വാസികള്‍ അവരുടെ മനസ്സില്‍ ജാഹിലിയ്യാ ദുരഭിമാനം വെച്ചുപുലര്‍ത്തിയ സന്ദര്‍ഭം” (48:26) എന്നാണ്. ഉഹ്ദ് യുദ്ധത്തില്‍ പ്രവാചകനും സഹാബികള്‍ക്കും ഒട്ടേറെ ക്ലേശങ്ങള്‍ സഹിക്കേണ്ടിവന്നു. പരാജയമുഖത്താണ് അവര്‍ നിന്നതെങ്കിലും അവരുടെ മനസ്സില്‍ ഒട്ടും ശത്രുവിനെക്കുറിച്ചുള്ള ഭീതി ജനിച്ചില്ല. യുദ്ധക്കളത്തില്‍ വെച്ചുതന്നെ അവര്‍ക്ക് മയങ്ങാന്‍ കഴിഞ്ഞു. സാധാരണഗതിയില്‍ ശത്രുപാളയത്തിലെ നേരിയ കാലൊച്ചകള്‍ പോലും യോദ്ധാക്കളില്‍ ഞെട്ടലുണ്ടാക്കും. ഇമവെട്ടാതെ കണ്ണിലെണ്ണയൊഴിച്ച് ശത്രുനീക്കത്തെ ജാഗ്രതയോടുകൂടി നിരീക്ഷിക്കുകയും ചെയ്യും. ഉറക്കം, മയക്കം, വിശ്രമം എന്നീ അജണ്ടകളൊന്നും തന്നെ യുദ്ധക്കളത്തില്‍ ഉണ്ടാവില്ല. എന്നാല്‍ ഉഹ്ദില്‍ വെച്ച് അല്ലാഹു സത്യവിശ്വാസികള്‍ക്ക് സുഖദായകമായ മയക്കം നല്‍കിക്കൊണ്ട് അവരുടെ മനസ്സില്‍ സമാധാനം നിറച്ചു. സമാധാനം ഇല്ലെങ്കില്‍ മയങ്ങാന്‍ കഴിയുകയില്ലല്ലോ. എന്നാല്‍ കപടവിശ്വാസികളായ ആളുകള്‍ക്ക് മയങ്ങാന്‍ കഴിഞ്ഞില്ലെന്നു മാത്രമല്ല, അവര്‍ പരാജയത്തിന്റെ പേരില്‍ അല്ലാഹുവിനെ ഏകപക്ഷീയമായി പഴിക്കുകയും ചെയ്തു. അല്ലാഹു മുസ്‌ലിംകള്‍ക്ക് നല്‍കിയ വാക്ക് പാലിക്കാത്തതുകൊണ്ടാണ് പരാജയപ്പെട്ടത്, ഇനി ഇസ്‌ലാമിന് നിലനില്‍പില്ല തുടങ്ങിയ പ്രചാരണങ്ങള്‍ നടത്തുകയും ചെയ്തു. ജാഹിലിയ്യത്ത് എന്ന വാക്ക് ഉപയോഗിച്ചുകൊണ്ട് ജാഹിലിയ്യത്തിനെ ഖുര്‍ആന്‍ പരാമര്‍ശിച്ച നാലു സന്ദര്‍ഭങ്ങളാണ് മുകളില്‍ പ്രതിപാദിച്ചത്. ജാഹിലിയ്യത്ത് ഏതെങ്കിലും ഒരു കാലഘട്ടത്തില്‍ മാത്രമുള്ള പ്രതിഭാസമല്ലെന്നും അന്ത്യനാള്‍ വരെ മനുഷ്യരുടെ വാക്-വിചാര-കര്‍മങ്ങളില്‍ അതുണ്ടാകുമെന്നുമാണ് ഇത്തരം ഖുര്‍ആനിക സംഭവങ്ങള്‍ വ്യക്തമാക്കുന്നത്.

ജാഹിലിയ്യത്ത് ഒരു സംസ്‌കാരമാണ്
ഒരിക്കല്‍ സഹാബിവര്യനായ അബുദ്ദര്‍ദാഅ്(റ) മറ്റൊരാളോട് സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. ദേഷ്യം വന്ന അദ്ദേഹം അയാളുടെ ഉമ്മയെ വിളിച്ചുകൊണ്ട് അപമാനിച്ചു. അയാള്‍ പ്രവാചകനോട് ആവലാതി പറഞ്ഞു. പ്രവാചകന്‍(സ) അബുദ്ദര്‍ദാഇനെ കണ്ടപ്പോള്‍ പറഞ്ഞത് ഇങ്ങനെയായിരുന്നു: ”അബുദ്ദര്‍ദാഅ്, ജാഹിലിയ്യത്ത് നിലനില്‍ക്കുന്ന ഒരു മനുഷ്യനാണ് താങ്കള്‍.” അബുദ്ദര്‍ദാഅ്: ”പ്രവാചകരേ, ആളുകള്‍ വഴക്കുകൂടുമ്പോള്‍ ഉമ്മയെയും ഉപ്പയെയും ചീത്തവിളിക്കല്‍ പതിവാണല്ലോ.” പ്രവാചകന്‍ പറഞ്ഞു: ”അബുദ്ദര്‍ദാഅ്, അവര്‍ നിങ്ങളുടെ സഹോദരങ്ങളാണ്. അല്ലാഹു അവരെ നിങ്ങളുടെ നിയന്ത്രണത്തിന്‍ കീഴിലാക്കിയിരിക്കുന്നു എന്നു മാത്രം. നിങ്ങള്‍ ഭക്ഷിക്കുന്നതില്‍ നിന്ന് അവരെയും ഭക്ഷിപ്പിക്കുക. നിങ്ങള്‍ ധരിക്കുന്നതില്‍ നിന്ന് അവരെയും ധരിപ്പിക്കുക.” അദ്ദേഹം ചോദിച്ചു: ”പ്രവാചകരേ, ജാഹിലിയ്യത്ത് അവിശ്വാസത്തില്‍ പെട്ടതാണോ അതോ ഇസ്‌ലാമില്‍ പെട്ടതാണോ?” പ്രവാചകന്‍: ”അവിശ്വാസത്തില്‍ പെട്ടതാണ്.” അബുദ്ദര്‍ദാഅ്: ”ഞാനെന്റെ ഇസ്‌ലാം അന്നു തുടങ്ങിയാല്‍ മതിയായിരുന്നുവെന്ന് ആഗ്രഹിച്ചുപോയി.”
അബുദ്ദര്‍ദാഇനെപ്പോലുള്ള സഹാബിമാര്‍ ജാഹിലിയ്യത്തിനെ ഒരു സംസ്‌കാരമായാണ് കണ്ടത്. ജാഹിലിയ്യത്ത് കുഫ്‌റാണോ എന്ന അദ്ദേഹത്തിന്റെ ചോദ്യം അതാണ് വ്യക്തമാകുന്നത്. ജാഹിലിയ്യത്ത് ഒരു കാലഘട്ടത്തിന്റെ പേരായിരുന്നുവെങ്കില്‍ അക്കാലത്തെ നന്മകളും കുഫ്ര്‍ എന്ന ഗണത്തില്‍ ഉള്‍പ്പെടും. പ്രവാചകത്വത്തിനു മുമ്പുള്ള നാളുകളിലും സത്യം പറയല്‍ മുതല്‍ ഹജ്ജ് കര്‍മം വരെയുള്ള നന്മകള്‍ മക്കയില്‍ നിലവിലുണ്ടായിരുന്നു എന്ന വസ്തുത നാം ചേര്‍ത്തുവായിക്കേണ്ടിയിരിക്കുന്നു. ഇവയെയൊന്നും ജാഹിലിയ്യത്ത് എന്ന പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ പറ്റുകയുമില്ല. അതുകൊണ്ടായിരിക്കാം രണ്ടാം ഖലീഫ ഉമര്‍(റ) ഇപ്രകാരം പറഞ്ഞത്: ”ജാഹിലിയ്യത്തിനെ കുറിച്ച് അവബോധം ഇല്ലാത്തവര്‍ ഇസ്‌ലാമില്‍ വളര്‍ന്നു കഴിഞ്ഞാല്‍ ഇസ്‌ലാമിന്റെ ഇഴകള്‍ ഒന്നിനു പിറകെ മറ്റൊന്നായി അഴിഞ്ഞുകൊണ്ടിരിക്കും.” ഉമറി(റ)ന്റെ പ്രസ്താവനയില്‍ നിന്ന് ഒരു മ്ലേച്ഛസംസ്‌കാരം തന്നെയാണ് ജാഹിലിയ്യത്തെന്ന് ഒന്നുകൂടി സ്പഷ്ടമാകുന്നുണ്ട്.
നവോത്ഥാനം ജാഹിലിയ്യത്തിനോടുള്ള
പോരാട്ടമാണ്

ഇസ്‌ലാമിന്റെ ഓരോ ചുവടുവെപ്പുകളിലും ജാഹിലിയ്യത്തിനോടുള്ള പോരാട്ടമുണ്ട്. അറിവ് ആര്‍ജിക്കലാണ് ഈ സമരമുഖത്തെ പ്രധാന ആയുധം. ഇഖ്‌റഅ് എന്ന ഖുര്‍ആനിന്റെ ആഹ്വാനം ജാഹിലിയ്യത്തിനോടുള്ള നിരന്തര പോരടിക്കല്‍ കൂടിയാകുന്നു. ഒരു കാര്യത്തെ കുറിച്ചുള്ള അജ്ഞതയില്‍ നിന്നാണ് ജാഹിലിയ്യത്ത് തഴച്ചുവളരുന്നത്. അജ്ഞതയുടെ മറുമരുന്ന് അറിവ് ആര്‍ജിക്കലാണല്ലോ.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇസ്‌ലാമിക അധ്യാപനങ്ങളിലൂടെ സാധ്യമായിത്തീര്‍ന്ന നവോത്ഥാനത്തെക്കുറിച്ച് പരിശോധിക്കുകയാണെങ്കില്‍ നമുക്ക് ഇതു ബോധ്യമാവും. കേരളത്തില്‍ ഇസ്‌ലാഹീ പ്രസ്ഥാനം പിറവിയെടുത്ത കാലത്ത് കേരള മുസ്‌ലിംകള്‍ അക്ഷരാര്‍ഥത്തില്‍ ജാഹിലിയ്യത്തിന്റെ ഇരുളടഞ്ഞ അന്ധകാരത്തിലായിരുന്നു. നവോത്ഥാന നായകന്മാര്‍ക്ക് ഖുര്‍ആനും തിരുചര്യയും ദിശാബോധം നല്‍കിയിരുന്നുവെങ്കിലും സമുദായത്തിന്റെ അന്ധതയുടെ ആഴം അളക്കാന്‍ അവര്‍ക്ക് കഴിഞ്ഞത് അറേബ്യന്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന നവോത്ഥാന പാഠങ്ങളില്‍ നിന്നും ഈജിപ്തില്‍ മുഹമ്മദ് അബ്ദുവും റഷീദ് രിദയും വിതറിയ വിജ്ഞാനപ്രഭയില്‍ നിന്നുമായിരുന്നു.
ജ്ഞാനനിര്‍മാണവും ജ്ഞാനവിതരണവുമാണ് പരിഷ്‌കൃത സമൂഹത്തിന്റെ അടിസ്ഥാനമായി ഖുര്‍ആന്‍ കാണുന്നത്. ജ്ഞാനനിര്‍മിതിക്ക് ആവശ്യമായ സൂക്ഷ്മതലത്തിലുള്ള കാര്യങ്ങളെല്ലാം ഖുര്‍ആന്‍ വ്യക്തമാക്കിയിട്ടുണ്ട്. പക്ഷേ, ആ അറിവുകള്‍ വിതരണം ചെയ്യേണ്ട മുസ്‌ലിംകള്‍ ഗവേഷണാത്മകവും അന്വേഷണാത്മകവുമായി അത് ആര്‍ജിക്കുന്നതില്‍ കാണിച്ച അലസത കൊണ്ടാണ് സമുദായം ജാഹിലിയ്യത്തിന്റെ പടുകുഴിയില്‍ വീണത്. ഈ വസ്തുത മനസ്സിലാക്കിയ ഇസ്‌ലാഹി നവോത്ഥാന നായകര്‍ അറിവ് ആര്‍ജിക്കുന്നതിനും വിതരണം ചെയ്യുന്നതിനുമുള്ള സംവിധാനങ്ങള്‍ കണ്ടെത്തി. ഈജിപ്തില്‍ നിന്നു പുറത്തിറങ്ങുന്ന അല്‍മനാര്‍ മാസിക കേരളത്തില്‍ വരുത്തി അവര്‍ വായിച്ചിരുന്നു. അല്‍മനാര്‍ എന്ന പേരില്‍ മലയാളത്തില്‍ മറ്റൊരു മാസിക അവര്‍ പുറത്തിറക്കുകയും ചെയ്തിരുന്നു. അറിവ് ആര്‍ജിക്കലും അറിവ് പകരലുമാണ് നവോത്ഥാനത്തിന്റെ അടിസ്ഥാന പ്രക്രിയയെന്ന് മനസ്സിലാക്കിയതുകൊണ്ടാണ് അവര്‍ അങ്ങനെ ചെയ്തത്. ജാഹിലിയ്യത്തിന്റെ ഇരുളുകള്‍ പതുക്കെ തെളിഞ്ഞുവരുന്ന കാഴ്ചയാണ് പില്‍ക്കാലത്ത് കാണാന്‍ കഴിഞ്ഞത്. എതിരാളികളുടെ എതിര്‍പ്പുണ്ടായിട്ടും സ്‌ഫോടനാത്മകമായി വിദ്യാഭ്യാസ മേഖലകളില്‍ സമുദായത്തിനു മുന്നേറ്റമുണ്ടാവുകയും ചെയ്തു.
പില്‍ക്കാലത്ത് ഈ മേഖലകളില്‍ ജാഹിലിയ്യത്ത് തിരിച്ചുവരുന്നതായി കാണാം. ഇസ്‌ലാഹി മുന്നേറ്റം ചെറുത്തുതോല്‍പിച്ച് പടിക്കു പുറത്തു നിര്‍ത്തിയ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും പിന്മുറക്കാരിലേക്കുതന്നെ തിരിച്ചുവരുന്ന പരിതാപകരമായ അവസ്ഥയാണ് നവോത്ഥാനം നേരിടുന്ന ഏറ്റവും വലിയ ഭീഷണി. ആദ്യകാല നവോത്ഥാനം കേരളത്തിനു പുറത്തുനിന്നു വിജ്ഞാനമാണ് കൈപ്പറ്റിയിരുന്നതെങ്കില്‍ ഓണ്‍ലൈന്‍ മുഫ്തിമാര്‍ ആടിത്തിമര്‍ക്കുന്ന ഇന്ന് വിദേശത്തുനിന്ന് അന്ധമായി ജാഹിലിയ്യത്തിനെ വാരിപ്പുണരുകയും കണ്ണും ചിമ്മി പ്രചരിപ്പിക്കുകയും ചെയ്യുകയാണവര്‍. വിജ്ഞാനം ആര്‍ജിക്കുന്നതിനു പകരം അറബികളോടുള്ള അന്ധമായ വിധേയത്വമാണ് അതിന് അവരെ പ്രേരിപ്പിക്കുന്നത്.