യുദ്ധമെന്ന് വിളിക്കാതിരിക്കൂ ഗസ്സയില്‍ നടക്കുന്നത് വ്യവസ്ഥാപിത വംശഹത്യ – യു എന്‍ പ്രതിനിധി
ഗസ്സയില്‍ ജനങ്ങളെ പട്ടിണിക്കിട്ട് ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന ഇസ്രായേല്‍ നടപടിയെ യുദ്ധമെന്ന് വിളിക്കാന്‍ പറ്റില്ലെന്നും മറിച്ച് വ്യവസ്ഥാപിത വംശഹത്യയാണ് അവിടെ നടക്കുന്നതെന്നും ആവര്‍ത്തിച്ച് പറയുകയാണ് അധിനിവേശ ഫലസ്തീന്‍ പ്രദേശങ്ങളിലെ യു.എന്‍ പ്രത്യേക പ്രതിനിധിയായി സേവനമനുഷ്ടിക്കുന്ന ഫ്രാന്‍സെസ്‌ക അല്‍ബനീസ്. കഴിഞ്ഞ മാസം ഇസ്രായേല്‍ പ്രതിദിനം 30 സഹായ ട്രക്കുകളെ മാത്രമേ ഗസ്സ മുനമ്പിലേക്ക് പ്രവേശിക്കാന്‍ അനുവദിച്ചിരുന്നുള്ളൂ എന്ന യു എന്‍ റിപ്പോര്‍ട്ട് അല്‍ബനീസ് തന്റെ എക്സ് അക്കൗണ്ടിലൂടെ പുറത്തു വിടുകയുണ്ടായി. ഫലസ്തീന്‍ ജനതയെ ഇല്ലാതാക്കാന്‍ ഇസ്രായേല്‍ പല മാര്‍ഗങ്ങളും അവലംബിക്കുന്നുണ്ട്. ക്രൂരവും, മനുഷ്യത്വരഹിതവും, സങ്കീര്‍ണ്ണവുമായ സാഹചര്യങ്ങള്‍ ഇസ്രായേല്‍ മനപ്പൂര്‍വം സൃഷ്ടിക്കുകയാണെന്നും യു എന്‍ പ്രതിനിധി പറഞ്ഞു. ‘ഇതിനെ യുദ്ധമെന്ന് വിളിക്കരുത്, ഇത് വംശഹത്യയാണ്, നശിപ്പിക്കാനുള്ള ഉദ്ദേശ്യവും അതില്‍ മറ്റ് രാജ്യങ്ങളുടെ പങ്കും സുവ്യക്തമാണ്’ -അല്‍ബനീസ് ആവര്‍ത്തിച്ചു. കഴിഞ്ഞ ഒക്ടോബറില്‍ ഗസ്സ മുനമ്പിലേക്ക് അനുവദിച്ച സഹായ ട്രക്കുകളുടെ എണ്ണം പ്രതിദിനം മുപ്പതായി ഇസ്രായേല്‍ പരിമിതപ്പെടുത്തിയതായി യു എന്‍ റിലീഫ് ആന്‍ഡ് വര്‍ക്ക്‌സ് കമ്മീഷണര്‍ ജനറല്‍ ഫിലിപ്പ് ലസാരിനി പറഞ്ഞു. 2023 ഒക്ടോബര്‍ 7ന് യുദ്ധം ആരംഭിച്ചത് മുതല്‍ ഗസ്സ മുനമ്പിലേക്കുള്ള ഗതാഗത സംവിധാനം ഇസ്രായേല്‍ തടസ്സപ്പെടുത്തിയിരിക്കുകയാണ്. ചരക്കുകളും മറ്റു അവശ്യവസ്തുക്കളും മേഖലയിലേക്ക് എത്തിക്കാന്‍ കഴിയുന്നില്ല. ഇത് ഗസ്സയെ വലിയ ജീവിത പ്രതിസന്ധിയിലേക്കാണ് തള്ളിവിട്ടത്.