18 Thursday
July 2024
2024 July 18
1446 Mouharrem 11

ഇത്തിബാഉര്‍റസൂല്‍ ആശയവും മാനങ്ങളും

വി എസ് എം കബീര്‍


കഅ്ബ തകര്‍ക്കാന്‍ വന്ന അബ്‌റഹത്തിനോട് മക്കയുടെ അധിപരായ പ്രഭുസമൂഹം പറഞ്ഞത് ‘ദൈവത്തിന്റെ ഭവനമാണ് കഅ്ബ. അത് ദൈവം തന്നെ കാത്തോളും. ഞങ്ങളുടെ ജീവനും സമ്പത്തും ഞങ്ങളും കാത്തോളാം’ എന്നായിരുന്നു. അവരുടെ നാവ് പൊന്നായി. അബ്‌റഹത്തിന്റെ ആനപ്പട അല്ലാഹു അയച്ച അബാബീല്‍ പക്ഷികളാല്‍ നിലംപരിശായി. തന്റെ ഭവനം അല്ലാഹു തന്നെ കാത്തു.
അങ്ങനെയാണ് അറബികള്‍ക്ക് ആ പേര് വീണത്- അല്ലാഹുവിന്റെ ജനതകിഞ്ഞ നടന്ന് മാസങ്ങള്‍ പിന്നിട്ടു. അബ്ദുല്ലയുടെ വിധവ ആമിന ഒരാണ്‍കുഞ്ഞിന് ജന്‍മം നല്‍കി. പുത്രഭാര്യയുടെ പ്രസവവിവരമറിഞ്ഞ് ഓടിയെത്തിയ അബ്ദുല്‍ മുത്തലിബ് അത്യധികം ലാളനയോടെ ശിശുവിനെ കൈയിലെടുത്തു. നേരെ കഅ്ബയുടെ ചാരത്തേക്ക്.
ശിശുവിനെയുമായി കഅ്ബാ പ്രദക്ഷിണം നടത്തിയ ആ വയോധികന്‍ സ്‌നേഹത്തോടെ കുഞ്ഞിനെ വിളിച്ചു: ‘മുഹമ്മദ്.’ അതിന്റെ അര്‍ഥം വാഴ്ത്തപ്പെട്ടവന്‍ എന്നാണ്. തന്റെ പിതാമഹന്‍ ഇബ്‌റാഹീമും ഇസ്മാഈലും അസ്തിവാരമിട്ട ആ കറുത്ത ഭവനത്തെ നോക്കി അപ്പോള്‍ ആ കുഞ്ഞ് വെളുക്കെ ചിരിച്ചു.
അബ്ദുല്‍ മുത്തലിബ് അവന്റെ നെറ്റിത്തടത്തില്‍ അമര്‍ത്തി ചുംബിച്ചു. പില്‍ക്കാലത്ത് ജനിക്കാനിരിക്കുന്നവരെല്ലാം ഈ കുഞ്ഞിനെ അറിയുമെന്നും അവരില്‍ പലരും അവനെ വാഴ്ത്തുമെന്നും ലക്ഷോപലക്ഷങ്ങള്‍ അവന്റെ നാമം സ്വന്തം പേരായി സ്വീകരിക്കുമെന്നും സര്‍വോപരി അവന്റെ പാത ജീവിതവഴിയായി തിരഞ്ഞെടുക്കുമെന്നും അബ്ദുല്‍ മുത്തലിബ് ഊഹിച്ചുകാണില്ല. എന്നാല്‍ അന്ന് മുഹമ്മദ് എന്ന പേര് അദ്ദേഹത്തിന്റെ നാവില്‍ വെച്ചുകൊടുത്തത് അല്ലാഹുവാണെന്ന് ഇപ്പോള്‍ നിസ്സംശയം നമുക്ക് പറയാം.
നയിക്കാനായി
ജനിച്ചവന്‍

ആദ്യകാലം മുതലേ മക്ക എന്ന ദേശത്തിന് ഉമ്മുല്‍ ഖുറാ എന്ന വിളിപ്പേര് സിദ്ധിച്ചിരുന്നു. ഗ്രാമങ്ങളുടെ മാതാവ് എന്നാണ് ഈ അറബി പദദ്വയത്തിന്റെ അര്‍ഥം. ലോകത്തെ ജനവാസ ഇടങ്ങളുടെ ഒത്ത കേന്ദ്രമായിരുന്നു മക്ക. കുറേയേറെ സവിശേഷതകളും ഈ ദേശത്തിന് ഉണ്ടായിരുന്നതായി ചരിത്രകാരന്മാര്‍ നിരീക്ഷിക്കുന്നുണ്ട്. രാജഭരണത്തിനു പകരം പ്രഭുഭരണമായിരുന്നു മക്കയില്‍ നിലനിന്നിരുന്നത്. ഖുറൈശികളായിരുന്നു ഇവിടത്തെ പ്രഭുക്കന്മാര്‍. ഖുറൈശി വംശത്തിലെ പ്രമുഖരായിരുന്നു ഹാശിം കുടുംബം. പ്രഭുഭരണത്തില്‍ മക്കയുടെ ആത്മീയമായ നിയന്ത്രണം കൈവശം വെച്ചിരുന്നത് ഈ കുടുംബമായിരുന്നു. അബ്ദുല്‍ മുത്തലിബായിരുന്നു കുടുംബാധിപന്‍. അതുകൊണ്ടാണ് മക്കയുടെ മതകാര്യവകുപ്പ് മന്ത്രിപദവി അദ്ദേഹത്തിന് ലഭിച്ചത്.
ഖുറൈശികളിലെ തല മുതിര്‍ന്ന വ്യക്തി എന്ന നിലയില്‍ ഏറെ ആദരണീയനായ അബ്ദുല്‍ മുത്തലിബിന് ധാരാളം മക്കള്‍ ഉണ്ടായിരുന്നു. ഇവരില്‍ ഒരാളായിരുന്നു അബ്ദുല്ല. പിതാവിന്റെ സ്‌നേഹം മറ്റു മക്കളെക്കാളെല്ലാം അനുഭവിച്ച അബ്ദുല്ലക്ക് പക്ഷേ അധികം ആയുസ്സുണ്ടായില്ല. യൗവനത്തില്‍ തന്നെ അദ്ദേഹം മരിച്ചു. മകന്റെ ആകസ്മിക വിയോഗം അബ്ദുല്‍ മുത്തലിബിനെ ഏറെ വേദനിപ്പിച്ചിരുന്നു. എന്നാല്‍ അധികം വൈകാതെയാണ് സന്തോഷവാര്‍ത്തയുമായി മുഹമ്മദിന്റെ പിറവിയുണ്ടായത്.
പിറക്കുമ്പോള്‍ തന്നെ അബ്ദുല്‍ മുത്തലിബായിരുന്നു മുഹമ്മദിന്റെ പിതാവും സംരക്ഷകനും. എട്ട് വയസ്സു വരെ ആ തണലിലാണ് കുഞ്ഞ് വളരുന്നത്. ആ മടിത്തട്ടിലാണ് പിച്ചവെക്കുന്നത്. ഗോത്രമുഖ്യന്റെ ഇഷ്ടസന്തതി ആയതിനാല്‍ അബ്ദുല്‍ മുത്തലിബിന് ലഭിച്ചിരുന്ന സ്‌നേഹവും ആദരവും മുഹമ്മദിനും കിട്ടി. പിതാമഹന്റെ വിയോഗത്തോടെ പിന്‍ഗാമിയായി വന്ന അബൂത്വാലിബും സഹോദരപുത്രനെ സ്‌നേഹിച്ചു, തന്റെ മക്കളെക്കാളേറെ.
അല്‍അമീന്‍ എന്ന വിളിപ്പേര് ഈ ബാലന് ആരും ചാര്‍ത്തിക്കൊടുത്തതല്ല. മറിച്ച് സ്വഭാവ-പെരുമാറ്റങ്ങളാല്‍ സിദ്ധിച്ചതാണ്. കൗമാരം കടന്ന് യൗവനത്തിലെത്തിയ മുഹമ്മദ് കച്ചവടത്തിലേക്കും അതില്‍ പ്രകടിപ്പിച്ച വിശ്വാസ്യത വഴി ഖദീജയുടെ ജീവിതത്തിലുമെത്തി. അനാഥകളുടെയും വിധവകളുടെയും ആശ്വാസത്തണലായി മാറാനും അല്‍അമീന് സാധിച്ചു. മക്കയിലെ ഏതൊരു വഴക്കാളിയും മര്‍ക്കടമുഷ്ടിക്കാരനും മുഹമ്മദിന്റെ മധ്യസ്ഥത അംഗീകരിക്കാന്‍ മനസ്സു കാട്ടി. കഅ്ബ പുതുക്കിപ്പണിതപ്പോള്‍ ഹജറുല്‍ അസ്‌വദ് പുനഃസ്ഥാപിക്കേണ്ട ഘട്ടമെത്തി. ഗോത്ര-കുലമഹിമകളുടെ വിഴുപ്പുഭാണ്ഡങ്ങള്‍ താഴെ വെക്കാന്‍ വിസമ്മതിച്ച ആ സമൂഹത്തെ ഭീകരമായ ദുരന്തത്തില്‍ നിന്ന് രക്ഷിക്കാന്‍ ഒരു ശാന്തിദൂതനെപ്പോലെയാണ് അല്‍അമീന്‍ അന്ന് കടന്നുവന്നത്. അദ്ദേഹത്തിന്റെ നീതിപൂര്‍വകമായ മധ്യസ്ഥത ഖുറൈശി പ്രഭുക്കളെ നിഷ്പ്രഭരാക്കി.
പ്രവാചകത്വലബ്ധിക്കു മുമ്പുതന്നെ മുഹമ്മദിന്റെ മഹത്വം ആ സമൂഹം അംഗീകരിച്ചിരുന്നു. പക്ഷേ പലരും അത് പുറത്തു കാണിച്ചില്ല. പിതൃവ്യന്‍ അബൂത്വാലിബ് സഹോദരപുത്രനെക്കുറിച്ച് എഴുതിയ വരികള്‍: ”ആ പ്രസന്നവദനം കണ്ടാല്‍ മേഘങ്ങള്‍ മഴയ്ക്കു വേണ്ടി കൊതിച്ചുപോകും” (ഇബ്‌നു ഹിശാം). പുണ്യനബിയെ കവി സനാഈ വാഴ്ത്തിപ്പാടിയത് ഇങ്ങനെ: ”വടക്കന്‍ കാറ്റിനോട് ഞാന്‍ ചോദിച്ചു, നീ എന്തിനാണ് സുലൈമാനെ പൂര്‍ണമായും അനുസരിക്കുന്നതെന്ന്. സുലൈമാന്റെ മോതിരത്തില്‍ മുഹമ്മദിന്റെ നാമം മുദ്രണം ചെയ്തിട്ടുണ്ട് എന്നറിയില്ലേ സുഹൃത്തേ എന്നായിരുന്നു കാറ്റിന്റെ മറുചോദ്യം.”
അതെ, ജനനം മുതല്‍ പരിപക്വതയുടെ പ്രായമായ 40 വരെ മുഹമ്മദിനെ ഒരുക്കിയെടുക്കുകയായിരുന്നു അല്ലാഹു. കാരണം ദൈവദൂതനാവേണ്ടവനാണ് മുഹമ്മദ്. ജനാധിവാസ ഇടങ്ങളുടെ കേന്ദ്രമായ മക്കയില്‍ നിന്നു തുടങ്ങി ആ വൃത്തം ലോകത്തിന്റെ മുഴുവന്‍ മുക്കുമൂലകളെയും ഉള്‍ക്കൊള്ളുംവിധം വലുതാവണം. സര്‍വലോക രക്ഷിതാവിന്റെ സന്ദേശം മാനവകുലത്തിലേക്ക് പ്രസരണം ചെയ്യാന്‍ മുഹമ്മദ് തിരഞ്ഞെടുക്കപ്പെടുന്നത് ഒരു സുപ്രഭാതത്തിലല്ലെന്ന് വ്യക്തം.
പ്രവാചക നിയോഗത്തിന്റെ പ്രഥമ ഘട്ടത്തില്‍ തന്നെ മുഹമ്മദ് മുന്നോട്ടുവെച്ച ആശയങ്ങള്‍ ഖുറൈശികള്‍ക്ക് അപരിചിതമായിരുന്നു. എന്നാല്‍ ഇത് പറയുന്നത് മുഹമ്മദാണ് എന്ന വസ്തുതയാണ് ആ ഘട്ടത്തില്‍ ഇസ്‌ലാമിലേക്കു കടന്നുവന്നവര്‍ മുഖവിലയ്‌ക്കെടുത്തത്. അവരില്‍ അബൂബക്കറുണ്ട്, ഉസ്മാനുണ്ട്, ത്വല്‍ഹയും അബ്ദുല്ലാഹിബ്‌നു മസ്ഊദും ബിലാലുമുണ്ട്. ‘സ്വന്തം കാര്യത്തില്‍ കളവ് പറയാത്തവന്‍ ദൈവത്തിന്റെ കാര്യത്തില്‍ കള്ളം പറയുമോ’ എന്ന ചോദ്യം അല്‍അമീനിന്റെ വിശ്വാസ്യതയ്ക്ക് ആ സമൂഹം നല്‍കിയ സര്‍ട്ടിഫിക്കറ്റായിരുന്നു.
അതുവരെ അവര്‍ക്ക് പരിചയമില്ലാതിരുന്ന ഏകനും കരുണാമയനുമായ അല്ലാഹുവില്‍ അവര്‍ വിശ്വസിച്ചു, ജിബ്‌രീല്‍ മാലാഖയില്‍ വിശ്വസിച്ചു, മരണാനന്തര ജീവിതത്തിലും സ്വര്‍ഗനരകങ്ങളിലും വിശ്വസിച്ചു. മക്കയില്‍ നിന്ന് ജറൂസലമിലും അവിടെ നിന്ന് ഏഴു വാനങ്ങളിലും ഒറ്റ രാത്രി കൊണ്ട് സഞ്ചരിച്ച് മടങ്ങിവന്നുവെന്ന തിരുനബിയുടെ വാക്കുകളും അവര്‍ സന്ദേഹമെന്യേ ഉറച്ചു വിശ്വസിച്ചു. കാരണമെന്തെന്നല്ലേ, ഇതൊക്കെയും അവരോട് പറയുന്നത് മുഹമ്മദായിരുന്നു- അല്ലാഹുവിന്റെ പ്രവാചകനായ മുഹമ്മദ്.
ഇങ്ങനെയുള്ള പ്രവാചകനെ അക്ഷരംപ്രതി അനുസരിക്കല്‍ ബാധ്യതയായി അവര്‍ ഉള്‍ക്കൊണ്ടു. ‘അവര്‍ പറഞ്ഞു: ഞങ്ങളിതാ കേട്ടിരിക്കുന്നു, അനുസരിക്കുകയും ചെയ്തിരിക്കുന്നു. നാഥാ, ഞങ്ങളോട് പൊറുക്കണേ. നിന്നിലേക്കാണല്ലോ ഞങ്ങളുടെ മടക്കയാത്ര’ (അല്‍ബഖറ 285).
മാതൃകാസമൂഹം നബിതിരുമേനിയെ ഉള്‍ക്കൊണ്ടതും പിന്തുടര്‍ന്നതും ഇങ്ങനെയാണ്. പില്‍ക്കാല മുസ്‌ലിംകളും, അഥവാ നമ്മളും ഇങ്ങനെയാവണം ദൂതരെ പിന്തുടരേണ്ടത്.

എന്താണ്
ഇത്തിബാഅ്?

ഇത്തിബാഅ് എന്ന അറബി പദത്തിന് അനുസരിക്കുക, പിന്തുടരുക, അനുധാവനം ചെയ്യുക തുടങ്ങി ഭാഷാപരമായ അര്‍ഥങ്ങളും അര്‍ഥാന്തരങ്ങളും ഏറെയുണ്ടാവാം. എന്നാല്‍ ദൈവദൂതനായ മുഹമ്മദിനെ അനുധാവനം ചെയ്യുക എന്നതിന്റെ സാങ്കേതിക അര്‍ഥം ഒന്നു മാത്രമേയുള്ളൂ. അത് ഇങ്ങനെയാണ്: ദൈവിക പ്രീതി മോഹിച്ചുകൊണ്ട് വിശ്വാസത്തിലും കര്‍മങ്ങളിലും ദൈവദൂതനെ കര്‍ശനമായി പിന്തുടരുക അഥവാ മാതൃകയാക്കുക.
നിര്‍ബന്ധം, ഐച്ഛികം, അനുവദനീയം, അനനുവദനീയം, നിഷിദ്ധം തുടങ്ങി ഇസ്‌ലാം നിഷ്‌കര്‍ഷിക്കുന്ന സര്‍വ തലങ്ങളെയും മനസാ വാചാ കര്‍മണാ സമഗ്രമായി ഉള്‍ക്കൊള്ളുക. അല്ലാഹുവിന്റെ പ്രവാചകന്‍ ദിവസം അഞ്ചു നേരം നമസ്‌കരിച്ചു. അല്ലാഹുവിന്റെ കല്‍പനയനുസരിച്ചാണ് തിരുനബി അത് നിര്‍വഹിച്ചത്. ഏതു രൂപത്തിലാണ് അത് നിര്‍വഹിക്കേണ്ടത് എന്ന് അവിടന്ന് സംശയലേശമെന്യേ ചെയ്തുകാണിച്ചു. ‘നിങ്ങള്‍ നമസ്‌കരിക്കുക, ഞാന്‍ എങ്ങനെയാണോ നമസ്‌കരിക്കുന്നത്, അതുപോലെ’ എന്ന് ദൂതര്‍ കല്‍പിക്കുകയും ചെയ്തു. അതില്‍ ഒന്നും കൂട്ടിച്ചേര്‍ക്കാതെ, അതില്‍ നിന്ന് ഒന്നും വെട്ടിക്കളയാതെ കൃത്യമായും അല്ലാഹുവിന്റെ പ്രതിഫലം മോഹിച്ചും അനുഷ്ഠിക്കുക- ഇതാണ് നമസ്‌കാരത്തിലെ ഇത്തിബാഅ്. ഇതുപോലെയാവണം ഓരോ ആരാധനകളിലെയും ഇത്തിബാഅ്, ഓരോ അനുഷ്ഠാനങ്ങളിലെയും ഇത്തിബാഅ്. വിശ്വാസിയുടെ പരമലക്ഷ്യമായ സ്വര്‍ഗപ്രവേശനത്തിനുള്ള ഒരേയൊരു വഴി ഏതാണെന്ന് തിരുനബി വ്യക്തമാക്കി: അബൂഹുറയ്‌റ നിവേദനം ചെയ്യുന്നു: ”നബി തിരുമേനി പറഞ്ഞു: ‘എന്റെ സമുദായത്തിലെ സര്‍വരും സ്വര്‍ഗപ്രവേശത്തിന് യോഗ്യരാണ്, വിസമ്മതിച്ചവന്‍ ഒഴികെ.’ ‘ആരാണ് ദൂതരേ ഈ വിസമ്മതിക്കുന്നവന്‍?’ ഒരാള്‍ ചോദിച്ചു. തിരുനബി ഇങ്ങനെ വിശദീകരിച്ചു: ‘എന്നെ അനുസരിക്കുന്നവരാരോ അവര്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കും. എന്നെ ധിക്കരിക്കുന്നവരാരോ അവരാണ് വിസമ്മതിച്ചവര്‍” (ബുഖാരി ഉദ്ധരിച്ചത്).
ഇത്തിബാഇന്റെ
പൂര്‍ണത

ഇത്തിബാഇന് കുറേ മാനങ്ങളുണ്ട്. തിരുദൂതരുടെ ആഹ്വാനങ്ങള്‍, അത് ആരാധനാപരമായാലും അനുഷ്ഠാനപരമായാലും ഇടപാടുകളായാലും അതിനെ അഹമഹമികയാ സ്വീകരിക്കുകയെന്നതായിരുന്നു സഹാബിമാരുടെ രീതി. ഇസ്‌ലാം മദ്യം വിലക്കിയ രീതി ഉദാഹരണം. ‘മദ്യത്തില്‍ വന്‍പാപവും അല്‍പം നന്‍മയുമുണ്ട്’ എന്ന ആദ്യഘട്ട ഖുര്‍ആന്‍ വചനം വന്നതിന് പിന്നാലെ മദ്യപാനം ജീവിതത്തില്‍ നിന്ന് പറിച്ചെറിഞ്ഞ സഹാബിമാരുണ്ട്. ‘ലഹരിബാധിതരായി നിങ്ങള്‍ നമസ്‌കാരത്തില്‍ പ്രവേശിക്കരുത്’ എന്ന വചനം കൂടി ഇറങ്ങിയതോടെ മിക്ക അനുചരന്മാരും മദ്യത്തെ പടിക്കു പുറത്താക്കി. എന്നാലും വ്യക്തമായ നിരോധനം ഇല്ലാത്തതിനാല്‍ ചില സഹാബിമാരെങ്കിലും ലഹരി ഉപയോഗം പൂര്‍ണമായി ഒഴിവാക്കിയിരുന്നില്ല. നൂറിലധികം പേരുകളിട്ട് വിളിച്ച് മദ്യത്തെ താലോലിച്ച സമൂഹമായിരുന്നു അവരെന്ന് ഓര്‍ക്കണം. എന്നാല്‍ അതാ ഇറങ്ങുന്നു സൂറ അല്‍മാഇദയിലെ 90, 91 വചനങ്ങള്‍. ദൂതന്‍ അത് അവരെ ചൊല്ലിക്കേള്‍പ്പിച്ചു. അതിന്റെ അവസാന വാക്യം ഇങ്ങനെയാണ്: ”…അവസാനിപ്പിക്കാനായില്ലേ നിങ്ങള്‍ക്കിത്?”
ലോകം അതുവരെ ദര്‍ശിച്ചിട്ടില്ലാത്ത വിസ്മയകരമായ ദൃശ്യങ്ങള്‍ക്കാണ് പിന്നീട് മദീനാ നിവാസികള്‍ സാക്ഷികളായത്. വചനം കേട്ട പാതി, കൈകളിലെ മദ്യചഷകങ്ങള്‍ വലിച്ചെറിഞ്ഞ് അവര്‍ വിലപിച്ചു: ”പടച്ചവനേ, ഞങ്ങളിതാ നിര്‍ത്തിയിരിക്കുന്നു…”
തിരുനബിയുടെ വാഗ്ദാനം മോഹിച്ച് രക്തസാക്ഷിത്വം വരിച്ച മുത്തബിഉകളെയും ചരിത്രത്തില്‍ കാണാം നമുക്ക്. ബദ്‌റില്‍ യുദ്ധാരവം മുഴങ്ങി. അഹങ്കാരത്തിന്റെ മൂര്‍ത്തികളായി സര്‍വായുധ വിഭൂഷിതരായി നില്‍ക്കുന്ന ഖുറൈശികള്‍ ഒരു ചേരിയില്‍. കച്ചവടസംഘത്തെ കൊള്ളയടിക്കുക എന്ന ലക്ഷ്യത്തോടെ മാത്രം പുറപ്പെട്ട മുസ്‌ലിംകളുടെ കൊച്ചു സംഘം മറുചേരിയില്‍. യുദ്ധം തുടങ്ങവെ റസൂലിന്റെ(സ) വിളംബരം വന്നു:
”എന്റെ ആത്മാവ് ആരുടെ കൈയിലാണോ അവന്‍ സത്യം. സഹനപൂര്‍വം, പ്രതിഫലമോഹത്തോടെ ആരെങ്കിലും ഇന്ന് സത്യനിഷേധികളോട് പോരാടി മൃതിയടയഞ്ഞാല്‍ അവനെ അല്ലാഹു സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കും.” അന്‍സാരിയായ ഉമൈറുബ്‌നുല്‍ ഹുമാം അപ്പോള്‍ കൈയിലുള്ള ഈത്തപ്പഴം വായിലേക്ക് വെക്കുകയായിരുന്നു. ഒരു നിമിഷം, കൈ വായില്‍ നിന്ന് പിന്‍വലിച്ചുകൊണ്ട് ഉമൈര്‍ ചോദിച്ചു: ‘ഞാന്‍ ഇവരോട് യുദ്ധം ചെയ്ത് മരിച്ചാല്‍ തന്നെ എനിക്ക് സ്വര്‍ഗം കിട്ടുമെന്നോ?’ ‘അതെ’ എന്ന് തിരുനബി. ‘ഈ ഈത്തപ്പഴങ്ങള്‍ തിന്നു തീരും വരെ കാത്തിരിക്കാന്‍ എനിക്ക് ക്ഷമയില്ല, സ്വര്‍ഗമിതാ എന്നെ മാടിവിളിക്കുന്നു’ എന്നും പറഞ്ഞ് ആ യുവാവ് യുദ്ധക്കളത്തിലേക്ക് കുതിച്ചു. പിന്നീട് അദ്ദേഹത്തിന്റെ ജീവനറ്റ ശരീരമാണ് ദൂതര്‍ കാണുന്നത്.
നോക്കൂ, പ്രിയ നബിയുടെ ഒരൊറ്റ വാചകം മാത്രമേ ഉമൈറിന് വേണ്ടിവന്നുള്ളൂ. വിലപ്പെട്ട ജീവിതം അതിലും വിലയുള്ള രക്തസാക്ഷിത്വത്തിന് വിട്ടുകൊടുക്കാന്‍. ജീവിതം പകരം നല്‍കിയാണ് ഉമൈര്‍ ഇവിടെ പ്രവാചകനെ പിന്‍പറ്റിയത്. ഇത്തിബാഇന്റെ പരിപൂര്‍ണതയുടെ ഉദാഹരണങ്ങളിലൊന്നാണ് ഉമൈര്‍.

കളങ്കമില്ലാത്ത
ഇത്തിബാഅ്

ഇസ്‌ലാമിന്റെ സാക്ഷ്യവാക്യം രണ്ട് ഖണ്ഡങ്ങളുടെ ഏകോപിത രൂപമാണല്ലോ. ഒന്ന് അല്ലാഹുവിന്റെ ഏകത്വവും രണ്ടാമത്തേത് നബി(സ)യുടെ പ്രവാചകത്വവും. അഥവാ തൗഹീദും രിസാലത്തും. ഏകനായ അല്ലാഹുവിന്റെ നിയമ നിര്‍ദേശങ്ങള്‍ മനുഷ്യരിലേക്ക് എത്തിക്കുകയാണ് പ്രവാചക ദൗത്യം. അല്ലാഹുവിന്റെ ഏകത്വം അംഗീകരിക്കുകയും അതേസമയം പ്രവാചകനെ തിരസ്‌കരിക്കുകയും ചെയ്യുക എന്ന നിലപാട് ഇസ്‌ലാമിലില്ല. അല്ലാഹുവിനെ സ്‌നേഹിക്കുകയും നബിയെ വെറുക്കുകയും ചെയ്യുന്ന വൈരുധ്യവും ഖുര്‍ആനിക വിരുദ്ധമാണ്. ഇക്കാര്യമാണ് സൂറഃ ആലുഇംറാന്‍ 31ല്‍ വ്യക്തമാക്കുന്നത്:
”ദൂതരേ, അവരോട് പറഞ്ഞേക്കുക, നിങ്ങള്‍ അല്ലാഹുവിനെ സ്‌നേഹിക്കുന്നപക്ഷം എന്നെ നിങ്ങള്‍ പിന്‍പറ്റുക. അപ്പോള്‍ അല്ലാഹു നിങ്ങളെ സ്‌നേഹിക്കും, നിങ്ങളുടെ പാപങ്ങള്‍ പൊറുത്തു തരുകയും ചെയ്യും. അവന്‍ ഏറെ പൊറുക്കുന്നവനാണ്, കാരുണ്യവാനുമാണ്.”
”മാതാപിതാക്കളെക്കാളും മക്കളെക്കാളും മറ്റു മുഴുവന്‍ മനുഷ്യരെക്കാളും ഞാന്‍ നിങ്ങള്‍ക്ക് പ്രിയങ്കരനാവുമ്പോള്‍ മാത്രമേ നിങ്ങളുടെ ഈമാന്‍ പൂര്‍ണമാവൂ” എന്ന് ഒരിക്കല്‍ തിരുനബി പറഞ്ഞു.
ഇപ്പറയുന്ന സ്‌നേഹം ഒരാള്‍ മറ്റൊരാളോട് പ്രകടിപ്പിക്കുന്ന, മാതാവ് കുഞ്ഞിനോട് കാണിക്കുന്ന കേവല സ്‌നേഹപ്രകടമല്ല. മറിച്ച്, പ്രവാചക അധ്യാപനങ്ങള്‍ അണുവിട വിടാതെ പിന്തുടര്‍ന്ന് ഇസ്‌ലാമിക ജീവിതം നയിക്കലാണ് എന്നു വ്യക്തം. ബദ്‌റില്‍ രക്തസാക്ഷിത്വം വരിച്ച ഉമൈറും, യുദ്ധത്തില്‍ ഭര്‍ത്താവും മകനും രക്തസാക്ഷികളായിട്ടും തിരുനബിക്ക് ഒന്നും സംഭവിച്ചില്ലല്ലോ എന്ന് ആശ്വാസം കൊണ്ട സ്വഹാബി വനിതയും ഈ സ്‌നേഹപ്രകടനത്തിന്റെ ഉപമകളില്‍ ചിലതാണ്.
കാല-ദേശ
ഭേദമില്ലാത്ത
ഇത്തിബാഅ്

അന്ത്യ പ്രവാചകന്‍ എന്നതാണ് ഇതര നബിമാരില്‍ നിന്ന് മുഹമ്മദ് നബിയെ വേറിട്ടുനിര്‍ത്തുന്ന ഘടകങ്ങളിലൊന്ന്. 23 വര്‍ഷത്തെ സന്ദേശപ്രബോധന കാലം കൊണ്ട് ഒരു മാതൃകാ സമൂഹത്തെ രൂപപ്പെടുത്തി നബി. വിശുദ്ധ ഖുര്‍ആനും തിരുസുന്നത്തും അതിന്റെ ജീവിതമാതൃകയും തുറന്നുവെച്ച പുസ്തകം കണക്കെ മുന്നില്‍ വെച്ചുകൊടുത്താണ് റസൂല്‍ ദിവംഗതനായത്. അവ രണ്ടും മുറുകെപ്പിടിക്കാന്‍ ശക്തമായി ആഹ്വാനവും ചെയ്തു.
ഖുര്‍ആന്‍ പറഞ്ഞു: ”അല്ലാഹുവിന്റെ ദൂതനില്‍ ഏറ്റവും മികച്ച മാതൃകയുണ്ട്, അല്ലാഹുവിനെയും അന്ത്യനാളിനെയും പ്രതീക്ഷിക്കുന്നവര്‍ക്കും അല്ലാഹുവെ ധാരാളമായി സ്മരിക്കുന്നവര്‍ക്കും” (സൂറ അഹ്‌സാബ് 21).
ഇബ്‌നു മാജ ഉദ്ധരിച്ച നബിവചനം ഇങ്ങനെയാണ്: ”റസൂല്‍ പറഞ്ഞു: നിങ്ങളെ ഞാന്‍ വിട്ടുപോകുന്നത് തെളിച്ചമാര്‍ന്ന ഒരു വഴിയിലാണ്. അതിലൂടെയുള്ള പകല്‍യാത്ര പോലെ തന്നെ സുരക്ഷിതത്വമുള്ളതാണ് രാത്രിസഞ്ചാരവും. സ്വയം നശിക്കാനുറച്ചവന്‍ മാത്രമേ ഈ സുരക്ഷിത പാതയില്‍ നിന്ന് മാറി സഞ്ചരിക്കുകയുള്ളൂ.”
യമനികളെ ഇസ്‌ലാം പഠിപ്പിക്കാന്‍ മുആദുബ്‌നു ജബലിനെ അയച്ചപ്പോള്‍ തിരുനബി അദ്ദേഹത്തോട് ഉന്നയിച്ച മൂന്നു ചോദ്യങ്ങള്‍ നമ്മുടെ മുന്നിലുണ്ട്. അതിന് മുആദ് പറഞ്ഞ അത്രയും മറുപടികളും പ്രസന്നവദനനായി പ്രിയ അനുചരന്റെ നെഞ്ചില്‍ തടവി ദൂതര്‍ നടത്തിയ പ്രാര്‍ഥനയും, അതു മാത്രം മതി പില്‍ക്കാല വിശ്വാസിക്ക്, നബിയെ പിന്‍പറ്റി ജീവിക്കാന്‍.
”മുആദ്, എന്ത് മുന്നില്‍ വെച്ചാണ് താങ്കള്‍ വിധി കല്‍പിക്കുക?”
”ഖുര്‍ആന്‍ കൊണ്ട്.”
”ഖുര്‍ആനില്‍ വിധി കണ്ടില്ലെങ്കില്‍?”
”പ്രവാചക ചര്യ കൊണ്ട്”
”പ്രവാചകചര്യയിലും കണ്ടില്ലെങ്കിലോ?”
”ഞാന്‍ സ്വന്തമായ നിഗമനത്തിലെത്തും.”
”അല്ലാഹുവേ, നിനക്ക് സ്തുതി. എന്റെ സന്ദേശവാഹകനെ ഞാന്‍ തൃപ്തിപ്പെടുംവിധം നീ ആക്കിയല്ലോ.”
ഖുര്‍ആനും സുന്നത്തും ഇവ രണ്ടും മുന്‍നിര്‍ത്തിയുള്ള നിഗമനങ്ങളും (ഇജ്തിഹാദ്) മതി വിശ്വാസിക്ക് അവലംബമായി.
പ്രവാചകന്‍ വിടവാങ്ങിയിട്ട് 14 നൂറ്റാണ്ടിലേറെ കാലം കഴിഞ്ഞു. ഇസ്‌ലാമിക പ്രമാണങ്ങളും തിരുജീവിതവും കനലിലിട്ട കനകം കണക്കെ തെളിമയോടെ നമ്മുടെ മുന്നിലുണ്ട്. അത് നിഷ്‌കൃഷ്ടമായി അനുഷ്ഠിക്കുക എന്ന ബാധ്യത മാത്രമാണ് നമ്മുടേത്. മേല്‍ സൂക്തത്തിലെ ‘അല്ലാഹുവിനെയും അന്ത്യനാളിനെയും പ്രതീക്ഷിക്കുന്നവര്‍’ എന്ന ഖുര്‍ആനിന്റെ പ്രയോഗം അടിവരയിട്ട് നാം മനസ്സിലാക്കണം.
അല്ലാഹുവും അന്ത്യനാളും രണ്ട് യാഥാര്‍ഥ്യങ്ങളാണ്. അന്ത്യനാള്‍ സംഭവിക്കാന്‍ യുഗങ്ങളോ സഹസ്രാബ്ദങ്ങളോ വേണ്ടിവന്നാലും തിരുനബിയുടെ മാതൃകയില്‍ ക്ലാവ് പിടിക്കില്ല. അവസാനം ജന്‍മമെടുക്കുന്ന മനുഷ്യനും ഉള്‍ക്കൊള്ളാന്‍ പാകത്തില്‍ ആ മാതൃക ഇവിടെയുണ്ടാകും. കാരണം അത് പടച്ചവന്റെ സംരക്ഷണത്തിലാണ്. അവന്റെ ഉല്‍കൃഷ്ട സൃഷ്ടിയായ മനുഷ്യന് ആരാധനകളിലും അനുഷ്ഠാനങ്ങളിലും ഇടപാടുകളിലും മറ്റു ജീവിതവ്യവഹാരങ്ങളിലും വെളിച്ചമേകാന്‍ കാലദേശങ്ങളെ അതിജീവിച്ച് ദൈവിക ഗ്രന്ഥവും അതിന്റെ ജീവല്‍ മാതൃകയും നിലനില്‍ക്കുക തന്നെ ചെയ്യും.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x