30 Tuesday
May 2023
2023 May 30
1444 Dhoul-Qida 10

ഇതര സമുദായങ്ങളുടെ ആഘോഷങ്ങളില്‍ പങ്കെടുക്കാമോ?

പി കെ മൊയ്തീന്‍ സുല്ലമി


മുസ്‌ലിംകള്‍ ഇതര സമുദായങ്ങളുടെ ആഘോഷങ്ങളില്‍ പങ്കെടുക്കുന്നതും ഭക്ഷണം കഴിക്കുന്നതും ഒരു തര്‍ക്ക വിഷയമാണ്. അമുസ്‌ലിംകളുടെ വിശ്വാസമോ ആചാരമോ മുസ്‌ലിംകള്‍ സ്വീകരിക്കാന്‍ പാടില്ലായെന്നത് വിശുദ്ധ ഖുര്‍ആന്‍ കൊണ്ടും സുന്നത്തുകൊണ്ടും സ്ഥിരപ്പെട്ടതാണ്. അല്ലാഹു പറയുന്നു: ”സത്യവിശ്വാസികളേ, നിങ്ങള്‍ സത്യനിഷേധികളെപ്പോലെയാകരുത്.” (ആലുഇംറാന്‍ 156). ”താങ്കള്‍ ഒരിക്കലും ബഹുദൈവാരാധകരില്‍ പെട്ടുപോകരുത്.” (അന്‍ആം 14). ”മുമ്പ് വേദഗ്രന്ഥം നല്‍കപ്പെട്ടവരെപ്പോലെ ആകാതിരിക്കാനും (സത്യവിശ്വാസിക്ക്) സമയമായില്ലേ?” (ഹദീദ് 16)
‘അവരെപ്പോലെ ആകാതിരിക്കുക’ എന്ന് പറഞ്ഞത് അവരുടെ വിശ്വാസവും ആചാരവും ഉള്‍ക്കൊള്ളുന്നതിനെ സംബന്ധിച്ചാണ്. നബി(സ) പറയുന്നു: ”വല്ലവനും മറ്റു സമുദായങ്ങളുടെ (വിശ്വാസാചാരങ്ങളുമായി) സാദൃശ്യപ്പെട്ടു വരുന്ന പക്ഷം അവന്‍ അവരില്‍ പെട്ടവനാകുന്നു.” (അബൂദാവൂദ് 4031).
എന്നാല്‍ അമുസ്്‌ലിംകളുടെ ഭക്ഷണം നിരുപാധികം നിഷിദ്ധമാക്കുന്ന സമീപനം ഇസ്‌ലാമിനില്ല. കാരണം ഇബ്‌റാഹീം നബി(അ) വളര്‍ന്നത് വിഗ്രഹനിര്‍മാതാവും പൂജാരിയുമായ പിതാവ് ആസറിന്റെ സംരക്ഷണത്തിലാണ്. മൂസാ നബി(അ) പതിനെട്ടോ പത്തൊന്‍പതോ വയസ്സുവരെ ജീവിച്ചത് ധിക്കാരിയായ ഫറോവയുടെ കൊട്ടാരത്തിലാണ്. നബി(സ)യുടെ ശൈശവം അബ്ദുല്‍മുത്വലിബിന്റെ സംരക്ഷണത്തിലായിരുന്നു. പിന്നീട് വളര്‍ന്നത് പിതൃവ്യനും മുശ്‌രിക്കുകളുടെ നേതാവുമായിരുന്ന അബൂത്വാലിബിന്റെ സംരക്ഷണത്തിലും.
ബഹുസ്വര സമൂഹത്തില്‍ ജീവിക്കുന്ന മുസ്്‌ലിം ഇതര സമുദായങ്ങളോട് പല നിലയിലും ബന്ധം പുലര്‍ത്താന്‍ നിര്‍ബന്ധിതനാണ്. സാമൂഹ്യബന്ധങ്ങള്‍, നാട്ടുബന്ധങ്ങള്‍, രാഷ്ട്രീയ ബന്ധങ്ങള്‍, അയല്‍പക്ക ബന്ധങ്ങള്‍ എന്നിവയെല്ലാം ഒരു മുസ്‌ലിം പവിത്രതയോടെ നിലനിര്‍ത്തിപ്പോരേണ്ടതുണ്ട്. കാരണം നബി(സ)യെ അല്ലാഹു നിയോഗിച്ചത് മുസ്‌ലിംകള്‍ക്ക് മാത്രം കരുണ ചെയ്യാനല്ല. അല്ലാഹു പറയുന്നു: ”താങ്കളെ നാം ലോകര്‍ക്ക് മുഴുവന്‍ കാരുണ്യവുമായിക്കൊണ്ടല്ലാതെ അയച്ചിട്ടില്ല.” (അന്‍ബിയാഅ് 107)
നബി(സ) പറയുന്നു: ”നിങ്ങള്‍ ഭൂമിയിലുള്ളവരോട് കരുണ കാണിക്കുക. ആകാശത്തുള്ളവന്‍ നിങ്ങളോട് കരുണ കാണിക്കുന്നതാണ്.” (തിര്‍മിദി)
സത്യവിശ്വാസികളോട് യാതൊരു നിലക്കും സൗഹൃദം പുലര്‍ത്താനോ ഇടപഴകാനോ താല്‍പര്യം കാണിക്കാത്ത ഇതര സമുദായാംഗങ്ങളുണ്ട്. അത്തരക്കാര്‍ക്ക് പോലും നന്മ ചെയ്ത് മിത്രങ്ങളാക്കി മാറ്റണമെന്നാണ് വിശുദ്ധ ഖുര്‍ആന്‍ കല്പിക്കുന്നത്. ”ഏറ്റവും നല്ലത് ഏതോ അതുകൊണ്ട് നീ തിന്മയെ പ്രതിരോധിക്കുക. അപ്പോള്‍ ഏതൊരുവനും നീയും തമ്മില്‍ ശത്രുതയുണ്ടോ അവനതാ നിന്റെ ഉറ്റബന്ധു എന്നോണം ആയിത്തീരുന്നു.” (ഫുസ്സിലത്ത് 34)
”മതകാര്യത്തില്‍ നിങ്ങളോട് യുദ്ധം ചെയ്യുകയും നിങ്ങളുടെ വീടുകളില്‍ നിന്ന് നിങ്ങളെ പുറത്താക്കുകയും നിങ്ങളെ പുറത്താക്കുന്നതില്‍ പരസ്പരം സഹകരിക്കുകയും ചെയ്തവരെ സംബന്ധിച്ച് മാത്രമാണ് അവരോട് മൈത്രീബന്ധം പുലര്‍ത്തുന്നതിനെ അല്ലാഹു നിരോധിക്കുന്നത്.” (മുംതഹന 9) ഇതിന്റെ മുകളിലെ വചനത്തില്‍ അല്ലാഹു പറയുന്നു: ”മതകാര്യത്തില്‍ നിങ്ങളോട് യുദ്ധം ചെയ്യാതിരിക്കുകയും നിങ്ങളുടെ വീടുകളില്‍ നിന്ന് നിങ്ങളെ പുറത്താക്കാതിരിക്കുകയും ചെയ്യുന്നവരെ സംബന്ധിച്ചേടത്തോളം നിങ്ങളവര്‍ക്ക് നന്മ ചെയ്യുന്നതും നിങ്ങളവരോട് നീതി കാണിക്കുന്നതും അല്ലാഹു നിങ്ങളോട് വിരോധിക്കുന്നില്ല.” (മുംതഹന 8)
അമുസ്‌ലിംകളുടെ സഹായം സ്വീകരിക്കുന്നതിനെ ഇസ്‌ലാം വിലക്കിയിട്ടില്ല. നബി(സ)യും അബൂബക്കറും(റ) മദീനയിലേക്ക് ഹിജ്‌റ പോകുമ്പോള്‍ അവര്‍ക്ക് വഴികാട്ടിയായത് അബ്ദുല്ലാഹിബ്‌നു അരീഖത്ത് എന്ന അമുസ്‌ലിമായിരുന്നു. (ഇബ്‌നുകസീര്‍, അല്‍ബിദായത്തു വന്നിഹായ 3:223). ഉമ്മുസലമ(റ)യെ മദീനവരെ ഒട്ടകത്തിന്റെ മൂക്കുകയര്‍ പിടിച്ച് എത്തിച്ചത് ഉസ്മാനുബ്‌നു ത്വല്‍ഹ എന്ന മുശ്‌രിക്കായിരുന്നു. (അല്‍ബിദായത്തു വന്നിഹായ, പേജ് 196)
നബി(സ)യും സ്വഹാബത്തും ആരാധനയുടെ കാര്യത്തില്‍ പോലും മുശ്‌രിക്കുകളുടെ സഹായം സ്വീകരിച്ചിരുന്നു. ഇംറാനിബ്‌നു ഹുസൈന്‍(റ) പറയുന്നു: ”നബി(സ)യും സ്വഹാബത്തും മുശ്‌രിക്കായ ഒരു സ്ത്രീയുടെ തോല്‍പാത്രത്തില്‍ നിന്നു വുദ്വൂ എടുക്കുകയുണ്ടായി” (ബുഖാരി, മുസ്‌ലിം)
ഭക്ഷിക്കല്‍ ഹറാമാക്കപ്പെട്ട കുറെ വസ്തുക്കളെ വിശുദ്ധ ഖുര്‍ആന്‍ പരാമര്‍ശിക്കുന്നുണ്ട്. അതില്‍ എവിടെയും ഇതര മതക്കാരുടെ ഭക്ഷണം നിഷിദ്ധമാണെന്ന് പറഞ്ഞിട്ടില്ല. അല്ലാഹു പറയുന്നു: ”ശവം, രക്തം, പന്നിമാംസം, അല്ലാഹു അല്ലാത്തവരുടെ പേരില്‍ അറുക്കപ്പെട്ടത്, ശ്വാസം മുട്ടി ചത്തത്, അടിച്ചു കൊന്നത്, വീണു ചത്തത്, കുത്തേറ്റു ചത്തത്….. പ്രതിഷ്ഠകള്‍ക്ക് മുമ്പില്‍ ബലിയറുക്കപ്പെട്ടതും….. നിങ്ങള്‍ക്ക് നിഷിദ്ധമാകുന്നു.” (മാഇദ 3)
എന്നാല്‍ വേദക്കാര്‍ അറുത്തത് നമുക്ക് ഭക്ഷിക്കാമെന്ന് വിശുദ്ധ ഖുര്‍ആന്‍ വിശദീകരിക്കുന്നു: ”വേദം നല്‍കപ്പെട്ടവരുടെ ഭക്ഷണം നിങ്ങള്‍ക്ക് അനുവദനീയമാണ്. നിങ്ങളുടെ ഭക്ഷണം അവര്‍ക്കും അനുവദനീയമാണ്.” (മാഇദ 5) വേദക്കാരുടെ ഭക്ഷണം നിങ്ങള്‍ക്ക് അനുവദനീയമാണ് എന്ന വചനത്തിന് മിക്കവാറും എല്ലാ മുഫസ്സിറുകളും വ്യാഖ്യാനം നല്‍കിയത് ‘വേദക്കാര്‍ അറുത്തത്’ നമുക്ക് ഭക്ഷിക്കാം എന്നാണ്. അതിനാല്‍ ക്രിസ്തുമസ്സിന് ഏതെങ്കിലും ഒരു വേദക്കാരന്‍ നമുക്ക് മാംസം നല്‍കുന്ന പക്ഷം അയല്‍പക്ക മര്യാദ പാലിക്കല്‍ എന്ന ഉദ്ദേശ്യത്തോടെ അത് ഉപയോഗിക്കാവുന്നതാണ്. ക്രിസ്തുമസിന് പുണ്യമുണ്ട് എന്ന ലക്ഷ്യമാണെങ്കില്‍ ആ മാംസം കഴിക്കല്‍ നിഷിദ്ധമാണ്. അയല്‍പക്ക മര്യാദകള്‍ക്ക് ഇസ്്‌ലാം വളരെ വലിയ സ്ഥാനമാണ് നല്‍കിയിട്ടുള്ളത്. അവിടെ ജാതിയുടെയോ മതത്തിന്റെയോ പ്രശ്‌നമില്ല.
അല്ലാഹു പറയുന്നു: ”നിങ്ങള്‍ അല്ലാഹുവെ ആരാധിക്കുകയും അവനോട് യാതൊന്നും പങ്കുചേര്‍ക്കാതിരിക്കുകയും മാതാപിതാക്കളോട് നല്ലനിലയില്‍ വര്‍ത്തിക്കുകയും ചെയ്യുക… കുടുംബബന്ധമുള്ള അയല്‍ക്കാരോടും അന്യരായ അയല്‍ക്കാരോടും… നല്ല നിലയില്‍ വര്‍ത്തിക്കുക.” (നിസാഅ് 36)
നബി(സ) പറയുന്നു: ”നീ നിന്റെ അയല്‍ക്കാരന് നന്മ ചെയ്യുന്നപക്ഷം നീ മുഅ്മിനായിത്തീരും.” (തിര്‍മിദി) അയല്‍വാസി പട്ടിണി കിടക്കുമ്പോള്‍ വയറു നിറക്കുന്നവന്‍ മുഅ്മിനല്ല എന്ന് നബി(സ) പറഞ്ഞത് ജാതിയും മതവും നോക്കിയല്ല. ഇബ്‌നു ഉമര്‍(റ) പറയുന്നു: ”തനിക്ക് വേണ്ടി ആടിനെ അറുക്കപ്പെട്ടാല്‍ അദ്ദേഹം അതില്‍നിന്നും തന്റെ അയല്‍വാസിയായ യഹൂദിക്ക് കൊടുത്തയക്കാന്‍ കല്പിക്കുമായിരുന്നു.” (അബൂദാവൂദ്)
അന്യമതക്കാരുടെ ആഘോഷ വേളകളില്‍ അവരില്‍ നിന്നു സ്വീകരിക്കുന്ന ഭക്ഷണം അയല്‍പക്കമര്യാദകള്‍ പാലിക്കുകയെന്ന ലക്ഷ്യത്തോടെ മാത്രമേ അനുവദനീയമാകൂ. നമുക്ക് ശിക്ഷയും രക്ഷയും ലഭിക്കുന്നത് ഉദ്ദേശ്യങ്ങള്‍ക്കനുസരിച്ച് മാത്രമാണ്. നമ്മുടെ മനസ്സിലുള്ള കാര്യം അറിയുന്നവന്‍ അല്ലാഹു മാത്രമാണ്. അല്ലാഹു പറയുന്നു: ”നബിയേ പറയുക: നിങ്ങളുടെ ഹൃദയങ്ങളിലുള്ളത് നിങ്ങള്‍ മറച്ചുവെച്ചാലും വെളിപ്പെടുത്തിയാലും അല്ലാഹു അറിയുന്നതാണ്.” (ആലുഇംറാന്‍ 29)
നബി(സ) പറയുന്നു: ”നിശ്ചയമായും കര്‍മങ്ങള്‍ ഉദ്ദേശ്യങ്ങള്‍ അനുസരിച്ച് മാത്രമാണ്” (ബുഖാരി). മഹ്ശറയില്‍ ഉയിര്‍ത്തെഴുന്നേല്പിക്കപ്പെടുന്നതും നിയ്യത്തുകള്‍ അനുസരിച്ചായിരിക്കും. നബി(സ) അല്പം ദീര്‍ഘമായ ഒരു ഹദീസിന്റെ അവസാനത്തില്‍ ഇപ്രകാരം പ്രസ്താവിക്കുകയുണ്ടായി: ”പിന്നീടവര്‍ ഉയിര്‍ത്തെഴുന്നേല്പിക്കപ്പെടുന്നതവരുടെ നിയ്യത്തുകള്‍ അനുസരിച്ചായിരിക്കും.” (ബുഖാരി, മുസ്‌ലിം)
വേദക്കാര്‍ ഈസാ നബി(അ)യുടെ പേരില്‍ ബലിയറുത്തതു നമുക്കു ഭക്ഷിക്കാന്‍ പാടില്ല. ഇബ്‌നുതൈമിയ(റ) പറയുന്നു: ”ക്രിസ്ത്യാനികള്‍ അവരുടെ ചര്‍ച്ചുകള്‍ക്ക് വേണ്ടിയും ഈസായുടെ(അ) നാമം ഉച്ചരിച്ചുകൊണ്ട് നടത്തുന്ന ബലിയുടെ മാംസവും ഭക്ഷിക്കുന്നത് ഇമാം മാലിക്(റ) എതിര്‍ത്തിരുന്നു.” (ഇഖ്തിദ്വാഉസ്സിറാത്വുല്‍ മുസ്തഖീം 2:16)
ഓണം ബഹുഭൂരിപക്ഷവും കേരളീയ ആഘോഷമായിട്ടാണ് വിലയിരുത്തുന്നത്. നാം ജീവിക്കുന്നത് ഒരു ഇസ്‌ലാമിക രാഷ്ട്രത്തിലല്ല. ഇസ്‌ലാമിക രാഷ്ട്രത്തില്‍ നടപ്പാക്കുന്ന നിയമങ്ങളല്ല ഇവിടെ പാലിച്ചുവരുന്നത്. ആ നിലയില്‍ കേരളീയരുടെ പൊതു ആഘോഷമെന്ന നിലയില്‍ ഓണം പരിപാടികളില്‍ പങ്കെടുക്കുന്നത് സാമുദായിക മൈത്രിയും കൂടി ഉദ്ദേശിച്ചാണ്. ഈ ദിനത്തില്‍ നമുക്ക് ലഭിക്കുന്ന ഭക്ഷണം ഇസ്‌ലാമില്‍ അനുവദനീയമാണെങ്കില്‍ കഴിക്കുന്നതില്‍ വിരോധമില്ല. എന്നാല്‍ ഓണം എന്ന ആഘോഷത്തില്‍ വാമനനെയും മഹാബലിയെയും തൃക്കാക്കര അപ്പനെയും ആരാധിക്കുന്നവരുണ്ട്. അതില്‍ നിന്നു നാം മാറിനില്‍ക്കേണ്ടതാണ്. മുസ്്‌ലിംകളല്ലാത്തവര്‍ക്ക് അവരുടെ മതം അനുസരിച്ച് ജീവിക്കാനുള്ള സ്വാതന്ത്ര്യം അല്ലാഹു നല്‍കിയിട്ടുണ്ട്. അതിനുള്ള ശിക്ഷാരക്ഷകള്‍ നല്‍കപ്പെടുന്നത് അന്ത്യദിനത്തിലാണ്. അല്ലാഹു പറയുന്നു: ”നിങ്ങള്‍ക്ക് നിങ്ങളുടെ മതം, എനിക്ക് എന്റെ മതവും.” (കാഫിറൂന്‍ 6)
അവര്‍ക്ക് അവരുടെ ദൈവങ്ങളോട് പ്രാര്‍ഥിക്കാനുള്ള സ്വാതന്ത്ര്യം അല്ലാഹു നല്‍കിയിട്ടുണ്ട്. അല്ലാഹു പറയുന്നു: ”അല്ലാഹുവിന് പുറമെ അവര്‍ വിളിച്ചു പ്രാര്‍ഥിക്കുന്നവരെ നിങ്ങള്‍ ശകാരിക്കരുത്.” (അന്‍ആം 108). ഇവിടെ അവരുടെ ഭക്ഷണം കഴിക്കരുത് എന്ന് പറഞ്ഞില്ല. ഇസ്്‌ലാം വിലക്കിയത് അവരുടെ ആരാധനകളില്‍ പങ്കെടുക്കുന്നതിനെയാണ്.
ചുരുക്കത്തില്‍ മുസ്‌ലിംകളല്ലാത്തവര്‍ക്ക് അവരുടെ ദീനനുസരിച്ച് ജീവിക്കാന്‍ അല്ലാഹു അനുവാദം നല്‍കിയതിനാല്‍ അയല്‍പക്ക മര്യാദ നിലനിര്‍ത്താന്‍ അവരുടെ ഭക്ഷണം സ്വീകരിക്കുന്നതില്‍ വിരോധമില്ല. എന്നാല്‍ മുസ്‌ലിംകള്‍ നടത്തുന്ന മൗലിദാഘോഷം, ചാവടിയന്തിരം തുടങ്ങിയ അനാചാരങ്ങള്‍ അല്ലാഹു അനുവാദം നല്‍കിയിട്ടില്ലെന്ന് മാത്രമല്ല അത് നിരോധിക്കുക കൂടി ചെയ്തതിനാല്‍ അത്തരക്കാര്‍ നല്‍കുന്ന ഭക്ഷണം അനുവദനീയമല്ല.
അനിസ്‌ലാമിക രാജ്യങ്ങളില്‍ ജീവിക്കുന്നവര്‍ക്ക് ഇസ്‌ലാമിക പ്രബോധനങ്ങള്‍ക്ക് ഗുണകരമാകുമെങ്കില്‍ ഇതര മതക്കാരുടെ ആഘോഷങ്ങളില്‍ ചിലപ്പോള്‍ പങ്കെടുക്കുന്നതിന് വിരോധമില്ലെന്ന് ഇബ്‌നുതൈമിയ്യ(റ) രേഖപ്പെടുത്തിയിട്ടുണ്ട്. ”ഒരു മുസ്‌ലിം കുഫ്‌റിന്റെ നാട്ടില്‍ താമസിക്കുന്ന പക്ഷം അവര്‍ മറ്റു മതക്കാരുടെ ആഘോഷങ്ങള്‍ക്ക് വിരുദ്ധം പ്രവര്‍ത്തിക്കേണ്ടതില്ല. എന്നാല്‍ ദീനിന്റെ പ്രബോധനത്തിന് ഫലം ചെയ്യും എന്ന് കാണുന്ന പക്ഷം ചിലപ്പോള്‍ അതില്‍ പങ്കെടുക്കല്‍ സുന്നത്തും മറ്റു ചിലപ്പോള്‍ നിര്‍ബന്ധവും ആയിത്തീരുന്നതാണ്.” (ഇഖ്തിദ്വാഉ സ്സ്വിറാതുല്‍ മുസ്തഖീം 1:53)
പേര്‍ഷ്യക്കാരും റോമക്കാരും മുസ്‌ലിംകളായിരുന്നില്ലല്ലോ. അവരുടെ സംഭാവനകള്‍ നബി(സ) സ്വീകരിച്ചിരുന്നു. അലി(റ) പറയുന്നു: ”കിസ്‌റാ രാജാവ് നബി(സ)ക്ക് ദാനം നല്‍കുകയുണ്ടായി. നബി(സ) അത് സ്വീകരിച്ചു. ഖൈസര്‍ രാജാവും നബി(സ)ക്ക് ദാനം നല്‍കുകയുണ്ടായി. അതും നബി(സ) സ്വീകരിക്കുകയുണ്ടായി.” (അഹ്മദ്, തിര്‍മിദി)

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x