27 Saturday
July 2024
2024 July 27
1446 Mouharrem 20

ഇതര സംഘടനകളെ പ്രതിരോധത്തിലാക്കാനുള്ള നീക്കമാണോ?

ഡോ. ആശിഖ് നിലമ്പൂര്‍

ശബാബില്‍ ഫലസ്തീന്‍ പ്രശ്‌നവുമായി ബന്ധപ്പെട്ട് വന്ന ലേഖനം കണ്ടു. അത്രക്ക് വിശ്വാസ്യതയില്ലാത്ത പത്രമായ ടൈംസ് ഓഫ് ഇസ്രയേലില്‍ പ്രസിദ്ധീകരിച്ച ഒരു എഴുത്താണ് ലേഖനം അവലംബിക്കുന്നത്. ചില പാശ്ചാത്യ, അമുസ്ലിം അക്കാദമിക് പഠനങ്ങളില്‍ നല്‍കിയിരിക്കുന്ന മദ്ഖലി സലഫിസം എന്ന പദത്തിന്റെ നിര്‍വചനവും വ്യാഖ്യാനവും വിശദീകരണവും ചോദ്യം ചെയ്യപ്പെടാതെ എടുത്തതാണ് ലേഖനത്തിന്റെ മറ്റൊരു പരിമിതി. ഇവിടെ ‘അമുസ്ലിം’ എന്ന് പ്രത്യേകം പറയാന്‍ കാരണം ഒരു ഉള്‍ക്കാഴ്ച ഉണ്ടാകേണ്ടിയിരുന്ന നിരീക്ഷണങ്ങള്‍ ഉണ്ടായില്ല എന്ന അര്‍ഥത്തിലാണ്.
ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വ്യക്തികള്‍ ഫലസ്തീന്‍ വിരുദ്ധര്‍ എന്ന് ആക്ഷേപിക്കുന്നതിനു പകരം ‘ഇഖ്വാന്‍’ ഗ്രൂപ്പായ ഹമാസുമായുള്ള അവരുടെ കടുത്ത വിയോജിപ്പിനെ അഭിപ്രായ വ്യത്യാസമായി കാണുന്നതായിരിക്കും ഉചിതം. മുസ്ലിം ഭരണാധികാരിയോടുള്ള അനുസരണം ഇന്നത്തെ അറബ് രാജ്യങ്ങളുമായി ബന്ധപ്പെട്ട നിലപാട് ഫലസ്തീന്‍ പ്രശ്‌നങ്ങള്‍ക്ക് പ്രതികൂലമായി നില്ക്കുന്നു എന്ന വിമര്‍ശനത്തിന് അപ്പുറം ഫലസ്തീന്‍ വിരുദ്ധത ആരോപിക്കുന്നത് സൂക്ഷ്മമല്ല. ശൈഖ് റബീഇക്കെതിരായ വിമര്‍ശനത്തിന് 1950 മുതല്‍ 2000 വരെ നീണ്ടുനില്‍ക്കുന്ന അറബ് ലോകത്തെ സലഫി – ഇഖ്വാനുല്‍ മുസ്ലിമൂന്‍ ഇടപാടുമായി ചരിത്രപരമായ വേരുകളുണ്ട് എന്നത് ശ്രദ്ധിക്കേണ്ടതായിരുന്നു.
കൂടാതെ, കേരളത്തിലെ ഫലസ്തീനികളെ സംബന്ധിക്കുന്ന ചര്‍ച്ചകളെ മറ്റൊരു വീക്ഷണ കോണിലൂടെ സമീപിക്കേണ്ടതാണ്. ഇറാന്‍-ശീഅയുമായി ബന്ധപ്പെട്ട് മുജാഹിദ് സംഘടനകള്‍ പ്രചരിപ്പിച്ച സമീപകാല വിവരണങ്ങളാണ് ഇവിടെ നടന്ന സംഭവങ്ങളെ പ്രധാനമായും സ്വാധീനിക്കുന്നത്. ജമാഅത്തെ ഇസ്ലാമി മുതലെടുപ്പ് നടത്തുകയാണെന്ന ഭയവും സ്വന്തം സംഘടനയുടെ നേതൃത്വത്തെ സംരക്ഷിക്കാനുള്ള ശ്രമവും ഇവിടെ കാണാം. മറ്റ് സംഘടനകളെ പ്രതിരോധത്തില്‍ ആക്കാനുള്ള ഓരോ സംഘടനകളുടെയും താല്‍പര്യം കേരളത്തില്‍ നടന്ന ചര്‍ച്ചകളില്‍ ഉണ്ടോ എന്ന് സംശയം ഉണ്ട്. ശബാബിലെ ഈ ലേഖനം പോലും അത്തരത്തില്‍വായിക്കപ്പെടാം.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x