18 Thursday
April 2024
2024 April 18
1445 Chawwâl 9

സംഗതി നല്ലതു തന്നെ, പക്ഷേ

നിയാസ് മുഹമ്മദ്‌

വാഹനം ഓടിക്കുമ്പോള്‍ മൊബൈല്‍ ബ്ലൂടൂത്തില്‍ സംസാരിക്കുന്നത് നിരോധിച്ച നടപടിക്കെതിരായി വ്യാപകമായ പ്രതിഷേധങ്ങള്‍ സോഷ്യല്‍മീഡിയയില്‍ കാണുന്നു. എന്താണ് ഈ നടപടിയിലെ ശാസ്ത്രീയത? വാഹനം ഓടിക്കുമ്പോള്‍ മൊബൈലില്‍ സംസാരിക്കുന്നത് തെറ്റാണെന്നും അപകടം ഉണ്ടാക്കുമെന്നും പലര്‍ക്കും അറിയാം. എന്നാല്‍, ഒരു ഹാന്‍ഡ്‌സ്ഫ്രീ ഡിവൈസിലൂടെയോ കാറിനുള്ളിലെ ബ്ലൂടൂത്തിലൂടെയോ സംസാരിച്ചാല്‍ എന്താണ് കുഴപ്പം? കാറില്‍ത്തന്നെ സഞ്ചരിക്കുന്ന സഹയാത്രികനോട് സംസാരിക്കുന്നപോലെ തന്നെയല്ലേ ഇതും എന്നൊക്കെ സംശയിക്കുന്നതും ന്യായം.
ഇവിടെ മാത്രമല്ല, റോഡുസുരക്ഷയില്‍ ജാഗ്രത കാണിക്കുന്ന വിവരമുള്ള എല്ലാ രാജ്യങ്ങളിലും ഇത്തരം നിയമങ്ങള്‍ കര്‍ശനമാക്കിയിട്ടുണ്ട്. ഇതിനെ സാധൂകരിക്കുന്ന അനേകം ശാസ്ത്രീയമായ പഠനങ്ങളും കഴിഞ്ഞ പത്തോളം വര്‍ഷങ്ങളായി അനേക ഏജന്‍സികളും ഗവേഷണ സ്ഥാപനങ്ങളും നടത്തിയിട്ടുണ്ട്.
നാഷണല്‍ സേഫ്റ്റി കൗണ്‍സില്‍ അമേരിക്കയില്‍ നടത്തിയ പഠനത്തില്‍ അവിടെ നടക്കുന്ന അപകടങ്ങളില്‍ 24 ശതമാനം അപകടങ്ങളിലും വാഹനം ഓടിച്ചിരുന്ന ആള്‍ അപകടം നടക്കുന്ന സമയത്ത് മൊബൈലില്‍ സംസാരിച്ചിരുന്നതായി കണ്ടിട്ടുണ്ട്. ഇതില്‍ ഭൂരി ഭാഗവും ഹാന്‍ഡ്‌സ്ഫ്രീ ഡിവൈസുകള്‍ ഉപയോഗിച്ചുതന്നെയാണ് സംസാരിച്ചിരുന്നത്. പലരും വിചാരിച്ചിരുന്നത് മൊബൈല്‍ഫോണ്‍ കയ്യില്‍ പിടിച്ചാലേ ശ്രദ്ധയും ബാലന്‍സും തെറ്റുകയുള്ളൂ, പകരം ഹാന്‍ഡ്‌സ്ഫ്രീ ഡിവൈസുകളായ ബ്ലൂടൂത്തിലൂടെയൊക്കെ സംസാരിച്ചാല്‍ കുഴപ്പമില്ല എന്നൊക്കെയാണ്. എന്നാല്‍ വാസ്തവം മറിച്ചാണ്.
മൊബൈല്‍ ഫോണില്‍ എങ്ങനെ സംസാരിച്ചാലും നമ്മളുടെ ശ്രദ്ധ അതിലേക്കു പോകുന്നതിനാല്‍ എത്ര ജാഗ്രത ഉള്ള ആള്‍ക്കുപോലും അപകടങ്ങള്‍ ഉണ്ടാവാനുള്ള സാധ്യത വേര്‍തിരിച്ച് ബോധ്യപ്പെടാനുള്ള ശേഷി ഏകദേശം 50 ശതമാനത്തോളം കുറയുന്നതായി പഠനങ്ങള്‍ സൂചിപ്പിക്കുന്നു. അതുപോലെതന്നെ, വാഹനത്തിന്റെ മുന്‍പില്‍ പെട്ടന്ന് എന്തെങ്കിലും ചലിക്കുന്ന വസ്തുക്കളോ മനുഷ്യരോ വന്നുപെട്ടാല്‍ ആ കാഴ്ചയെ തലച്ചോറിലേക്ക് എത്തിച്ച് വേണ്ട പ്രതിരോധം തീര്‍ക്കാനുള്ള ശേഷി 33 ശതമാനത്തോളം കുറക്കുന്നു എന്നാണ് തെളിയിക്കപ്പെട്ടിരിക്കുന്നത്. അതായത്, മദ്യപിച്ച് വാഹനം ഓടിക്കുമ്പോള്‍ ഉണ്ടാകുന്ന അതെ അവസ്ഥതന്നെ എന്ന് വേണമെങ്കില്‍ പറയാം.
എന്നാല്‍, കാറില്‍ ഒരുമിച്ചു യാത്ര ചെയ്യുന്നവരോട് സംസാരിച്ചാലും ഇതുതന്നെയല്ലേ സംഭവിക്കുന്നത് എന്ന് പലരും ചോദിക്കുന്നു. ഉത്തരം അല്ല എന്നാണ്. കാരണം, കൂട്ടത്തിലുള്ള ആളും കാറിനു വെളിയിലുള്ള അപകട സാഹചര്യങ്ങള്‍ കാണുന്നതിനാല്‍ അത്തരം സാഹചര്യങ്ങളില്‍ ഡ്രൈവറെ അലേര്‍ട്ട് ചെയ്യുമെന്നതിനാലാണ്. എന്നിരുന്നാലും, ഡ്രൈവറുടെ ശ്രദ്ധ തിരിക്കുന്ന തരത്തിലുള്ള എല്ലാ സംസാരങ്ങളും സാഹചര്യങ്ങളും അപകടകരമാണ്.
ഈ നടപടി ലക്ഷ്യം വെക്കുന്നതിതൊക്കെയാണെങ്കിലും, ഇല്ലാത്ത നിയമം പുതുതായി കൊണ്ടുവരാന്‍ ഇത്തരം ഏജന്‍സികള്‍ക്ക് അവകാശമുണ്ടോ എന്ന ചോദ്യം ഉയരപ്പെടേണ്ടതു തന്നെയാണ്. നിയമനിര്‍മാണ സഭകള്‍ വഴി നിര്‍മിക്കപ്പെടുന്ന നിയമങ്ങള്‍ നടപ്പിലാക്കേണ്ട ഉത്തരവാദിത്തം മാത്രമാണ് പൊലീസിനും അത്തരം ഏജന്‍സികള്‍ക്കുമുള്ളത്. എന്നാല്‍, അവര്‍ തന്നെ നിയമനിര്‍മാണത്തിനിറങ്ങുകയും സര്‍ക്കാര്‍ മൗനാനുവാദം കൊടുക്കുകയുമാണെങ്കില്‍ സംഗതി കൈവിട്ടു പോകും.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x