21 Sunday
July 2024
2024 July 21
1446 Mouharrem 14

ഇസ്തിഗാസയും ഇലാഹാക്കലും

പി മുസ്തഫ നിലമ്പൂര്‍


ഇസ്‌ലാമിന്റെ അടിത്തറയാണ് തൗഹീദ്. ലോകത്ത് നിയുക്തരായ മുഴുവന്‍ പ്രവാചകന്മാരും അവരുടെ സമൂഹത്തെ ക്ഷണിച്ച, ദൈവിക മതത്തിന്റെ കാതല്‍ അതാണ്. ”ഞാനല്ലാതെ യാതൊരു ദൈവവുമില്ല. അതിനാല്‍ എന്നെ നിങ്ങള്‍ ആരാധിക്കൂ എന്ന് ബോധനം നല്‍കിക്കൊണ്ടല്ലാതെ നിനക്ക് മുമ്പ് ഒരു ദൂതനെയും നാം അയച്ചിട്ടില്ല” (വി.ഖു 21:25)
പ്രവാചകന്മാരുടെ കാലശേഷം വീണ്ടും സമൂഹം വ്യതിചലിക്കുകയും ശിര്‍ക്കിലകപ്പെടുകയും ചെയ്യും. ഭക്തിയുടെയും ആദരവിന്റെയും മാര്‍ഗത്തിലൂടെയാണ് കൂടുതലും ശിര്‍ക്കന്‍ വിശ്വാസങ്ങള്‍ സമൂഹത്തിലെത്തുന്നത്. നൂഹ്‌നബി(അ)യുടെ ജനതയുടെ ആരാധ്യന്മാരെ സംബന്ധിച്ച് അത്വാഅ്ബ്‌നു അബീറബാഹില്‍(റ) നിന്ന് ബുഖാരിയുടെ ഉദ്ധരണി ഇപ്രകാരമാണ്: നൂഹ് നബി(അ)യുടെ ജനതയിലെ സദ്‌വൃത്തന്മാരുടെ പേരുകളാണ് അവ. അവര്‍ മരണമടഞ്ഞപ്പോള്‍ അവരോട് (ജനങ്ങളോട്) അവര്‍ (സദ്‌വൃത്തര്‍) ഇരുന്നിരുന്ന സദസുകളില്‍ ചില വിഗ്രഹങ്ങള്‍ സ്ഥാപിക്കാനും അവയ്ക്ക് അവരുടെ നാമങ്ങള്‍ സ്വീകരിക്കാനും പിശാച് ബോധനം നല്‍കി. ഈ സമൂഹം മരിക്കുവോളം അവര്‍ ആരാധിക്കപ്പെട്ടിരുന്നില്ല. പിന്നീട് (ഈ സമൂഹം ഇല്ലാതെയായ ശേഷം) സ്ഥാപിത വിഗ്രഹങ്ങളുടെ സ്ഥാപിത ലക്ഷ്യത്തെക്കുറിച്ച് അറിയാതെ ആരാധിക്കപ്പെട്ടു. (ബുഖാരി 4920)
അബ്‌സീനിയായിലെ ചര്‍ച്ചുകളിലെ പ്രതിഷ്ഠകളെ സംബന്ധിച്ച് നബി(സ)യോട് പറഞ്ഞപ്പോള്‍ അവിടുന്ന് പറഞ്ഞു: ”ആ ജനതയില്‍ ഒരു സദ്‌വൃത്തന്‍ മരിച്ചാല്‍ അവരുടെ ഖബ്‌റിന്മേല്‍ അവര്‍ ആരാധനാലയം നിര്‍മിക്കും. അദ്ദേഹത്തിന്റെ രൂപത്തെ അവര്‍ പ്രതിഷ്ഠിക്കുകയും ചെയ്യും. അവരാണ് അന്ത്യനാളില്‍ സൃഷ്ടികളില്‍ വെച്ച് ഏറ്റവും നികൃഷ്ടര്‍.” (ബുഖാരി, മുസ്‌ലിം)
ഈ കാലഘട്ടത്തിലും മഹാന്മാരുടെ ശിപാര്‍ശ ലഭിക്കാന്‍, അവരുടെ ഖബ്‌റുകളെ ആദരിക്കുകയെന്ന പേരില്‍ നിര്‍വഹിക്കുന്ന കാര്യങ്ങള്‍ പൂര്‍വികര്‍ വിഗ്രഹാരാധന നടത്തിയതിന് തുല്യമാണെന്ന് മുഫസ്സിറുകള്‍ വ്യക്തമാക്കിയിട്ടുണ്ട്. ”ഈ കാലത്ത് അതിന് (വിഗ്രഹാരാധനയ്ക്ക്) തുല്യമാണ്, മഹാന്മാരുടെ ഖബ്‌റുകളെ, തങ്ങള്‍ ആദരിച്ചാല്‍, അവര്‍ അല്ലാഹുവിങ്കല്‍ തങ്ങളുടെ ശിപാര്‍ശകരായി തീരും എന്ന വിശ്വാസത്തില്‍ പടപ്പുകളില്‍ അധികപേരും ഖബ്‌റുകളെ ആദരിക്കുന്നതില്‍ വ്യാപൃതരായിട്ടുള്ളത്. (തഫ്‌സീറുല്‍കബീര്‍, സൂറതുയൂനുസ് 18 വ്യാഖ്യാനം)
പൂര്‍വിക സമൂഹത്തില്‍ വ്യതിയാനം സംഭവിക്കുമ്പോള്‍ വീണ്ടും പ്രവാചകന്മാരെ നിയോഗിക്കുകയും അവര്‍ അവരെ സല്‍പാതയിലേക്ക് ക്ഷണിക്കുകയും ചെയ്യും. ”തീര്‍ച്ചയായും ഓരോ സമുദായത്തിലും നാം ദൂതനെ നിയോഗിച്ചിട്ടുണ്ട്. നിങ്ങള്‍ അല്ലാഹുവെ ആരാധിക്കുകയും ദുര്‍മൂര്‍ത്തികളെ വെടിയുകയും ചെയ്യണം എന്ന് പ്രബോധനം ചെയ്യുന്നതിനു വേണ്ടി.” (വി.ഖു 16:36)
മുഹമ്മദ് നബി(സ)യുടെ ഉമ്മത്തില്‍ ആദരവിനെ ആരാധനയാക്കി മാറ്റുന്നതില്‍ പ്രഥമ പങ്കാളിത്തം ശീഈകളാണ്. അവരില്‍ നിന്നും തീവ്രവാദമേറെയുള്ള വേറിട്ട കക്ഷി ഖവാരിജുകളും ശീഈകളും ഈ സമുദായത്തെ തെറ്റിദ്ധരിപ്പിക്കുന്നതില്‍ വഹിച്ച പങ്ക് ഏറെയാണ്.
കേരളത്തില്‍ കൊണ്ടോട്ടി കേന്ദ്രീകരിച്ച ശീഈ വിശ്വാസം പില്‍ക്കാലത്ത് അഹ്‌ലുസ്സുന്നത്തി വല്‍ജമാഅത്തിലേക്ക് ചേര്‍ത്തി ഹഖും ബാത്വിലും വേര്‍തിരിച്ചെടുക്കാന്‍ വിഷമിക്കുന്ന സാധാരണക്കാരിലേക്ക് പ്രവാചക കുടുംബസ്‌നേഹത്തിന്റെ മറവില്‍ നിഗൂഢമായി കടത്തിക്കൊണ്ടിരിക്കുന്നു. ഇന്ന് സമൂഹത്തില്‍ സുന്നത്ത് ജമാഅത്തിന്റെ ലേബലില്‍ നടത്തിവരുന്ന ശിര്‍ക്കന്‍ അനാചാരങ്ങള്‍ ഇത്തരത്തില്‍ തെറ്റിദ്ധരിക്കപ്പെട്ടതാണ്. പ്രവാചകരെയും മഹാന്മാരായ സ്വഹാബിമാരെയും ഇകഴ്ത്തുകയും മഹാനായ അലി(റ)യുടെ മുഖത്തേക്ക് ദര്‍ശിക്കുന്നതു പോലും ഇബാദത്താണെന്നു പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നുമുണ്ട്. ഓരോ സ്വഹാബിമാര്‍ക്കും അവര്‍ക്കനുസൃതമായ സ്ഥാനവും മഹത്വവും ഉണ്ട്. നബി(സ)യുടെ ജീവിത മാതൃകയില്‍ ഇത് വ്യക്തവുമാണ്.
ഖബ്‌റുകള്‍ കെട്ടിപ്പൊക്കുകയും അവിടങ്ങളില്‍ ശിര്‍ക്കന്‍ അനാചാരങ്ങള്‍ നിര്‍വഹിക്കുന്നതിലും പരസ്പരം മത്സരിച്ചു കൊണ്ടിരിക്കുന്ന കാലഘട്ടമാണിത്. പ്രാര്‍ഥന ആരാധനയല്ലെന്ന വാദം പിടിച്ചു നില്‍ക്കാന്‍ കഴിയാതെ വന്നപ്പോള്‍ പ്രാര്‍ഥിക്കുന്നില്ല, ഇസ്തിഗാസ ചെയ്യുക മാത്രമാണ് ചെയ്യുന്നത് എന്ന വാദത്തിലേക്ക് മാറ്റി.
ഇസ്തിഗാസ
ഗൗസ്, കൈസ് എന്നീ പദങ്ങളില്‍ നിന്നാണ് ഇസ്തിഗാസ വരുന്നത്. സഹായം, രക്ഷ തേടല്‍ എന്നിങ്ങനെ ഇതിന് അര്‍ഥം വരും. സഹായം, രക്ഷ എന്നര്‍ഥത്തിലുള്ള ഇസ്തിഗാസയാണ് നമ്മുടെ പ്രതിപാദ്യം. സൃഷ്ടികളോടും സ്രഷ്ടാവിനോടും അനുവാദമുള്ളതും സ്രഷ്ടാവിനോടു മാത്രം പാടുള്ളതുമായ ഇസ്തിഗാസയുണ്ട്. ചില സന്ദര്‍ഭത്തില്‍ സൃഷ്ടികള്‍ തമ്മിലുള്ള ഇസ്തിഗാസയും പരസ്പര സഹകരണവും പുണ്യമായിത്തീരും. മനുഷ്യര്‍ക്ക് അല്ലാഹു നല്കിയ കഴിവുകളും സൗകര്യങ്ങളും മറ്റുള്ളവര്‍ക്ക് ന്യായവും അനുവദനീയവുമായ നിലയില്‍ പരസ്പരം സഹായമേകണം. അത് പുണ്യകരമാണ്. ”പുണ്യത്തിലും ധര്‍മനിഷ്ഠയിലും നിങ്ങള്‍ അന്യോന്യം സഹായിക്കുക. പാപത്തിലും അതിക്രമത്തിലും നിങ്ങള്‍ അന്യോന്യം സഹായിക്കരുത്. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. തീര്‍ച്ചയായും അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാകുന്നു” (വി.ഖു 5:2)
നബി(സ) പറഞ്ഞു: ഒരു വിശ്വാസിയുടെ ഇഹത്തിലെ പ്രയാസങ്ങളില്‍ നിന്നും ആശ്വാസം നല്‍കിയാല്‍ അന്ത്യനാളില്‍ അവന്റെ പ്രയാസങ്ങളില്‍ നിന്നും അല്ലാഹുവും ആശ്വാസം നല്‍കും. ഞെരുക്കമുള്ളവന് സൗകര്യം ചെയ്താല്‍ അല്ലാഹു അവന് ഇഹത്തിലും പരത്തിലും സൗകര്യം നല്‍കും. ഒരാള്‍ ഒരു മുസ്‌ലിമിന്റെ ന്യൂനത മറച്ചുവെച്ചാല്‍ ഇഹത്തിലും പരത്തിലും അവന്റെ ന്യൂനതയെ അല്ലാഹു മറച്ചുവെക്കും. ഒരാള്‍ തന്റെ സഹോദരനെ സഹായിച്ചുകൊണ്ടിരിക്കുമ്പോഴെല്ലാം അല്ലാഹു അവനെയും സഹായിച്ചുകൊണ്ടിരിക്കും.” (മുസ്‌ലിം) ഇത്തരം സഹായസഹകരണങ്ങള്‍ അനുവദനീയവും പുണ്യകരവുമാണ്.
അല്ലാഹുവിനോടുള്ള സഹായതേട്ടമാണ് രണ്ടാമത്തേത്. ഇത് ആരാധനയാണ്. നമ്മുടെ കാര്യങ്ങളുടെ തൗഫീഖിനായി നാം അവനോടാണ് പ്രാര്‍ഥിക്കേണ്ടത്. അവനോട് നാം എത്ര കൂടുതല്‍ പ്രാര്‍ഥിക്കുന്നുവോ അതിലും കൂടുതല്‍ അവന്‍ നമ്മെ ഇഷ്ടപ്പെടുന്നു. നബി(സ) പറയുന്നു: ”അല്ലാഹുവിങ്കല്‍ പ്രാര്‍ഥനയേക്കാള്‍ ആദരവേറിയ മറ്റൊന്നും ഇല്ല.” (തിര്‍മിദി 2684)
”നിങ്ങളുടെ രക്ഷിതാവ് പറഞ്ഞിരിക്കുന്നു: നിങ്ങള്‍ എന്നോട് പ്രാര്‍ഥിക്കൂ. ഞാന്‍ നിങ്ങള്‍ക്ക് ഉത്തരം നല്‍കാം. എന്നെ ആരാധിക്കാതെ അഹങ്കാരം നടിക്കുന്നവരാരോ അവര്‍ വഴിയെ നിന്ദ്യരായിക്കൊണ്ട് നരകത്തില്‍ പ്രവേശിക്കുന്നതാണ്, തീര്‍ച്ച.” (വി.ഖു 40:60) ഈ വചനത്തില്‍ പ്രാര്‍ഥിക്കാത്തവരെ സംബന്ധിച്ച് ആരാധനയില്‍ നിന്ന് അഹന്ത നടിക്കുന്നവര്‍ എന്ന് പരാമര്‍ശിച്ചത് പ്രാര്‍ഥന ആരാധനയാണെന്ന് വ്യക്തമാക്കുന്നു. ”നബിയേ, പറയുക. നിങ്ങളുടെ പ്രാര്‍ഥനയില്ലെങ്കില്‍ എന്റെ രക്ഷിതാവ് നിങ്ങള്‍ക്ക് എന്ത് പരിഗണന നല്‍കാനാണ്? എന്നാല്‍ നിങ്ങള്‍ നിഷേധിച്ചു തള്ളിയിരിക്കുകയാണ്. അതിനാല്‍ അതിനുള്ള ശിക്ഷ അനിവാര്യമായിരിക്കും.” (വി.ഖു 25:77)
ആഗ്രഹ സഫലീകരണത്തിനായി നമുക്ക് അല്ലാഹു നല്‍കിയിട്ടുള്ള ത്വാഖത് അനുസരിച്ച് പ്രവര്‍ത്തിക്കുകയും അതിന്റെ തൗഫീഖിനായി റബ്ബിനോട് പ്രാര്‍ഥിക്കുകയും വേണം. രോഗി ഡോക്ടറെ സമീപിക്കുന്നത് ഡോക്ടറോട് പ്രാര്‍ഥിക്കാനല്ല. അദ്ദേഹം പഠിച്ച ശാസ്ത്രീയ ജ്ഞാനമനുസരിച്ച് മരുന്ന് നിര്‍ദേശിക്കാനാണ്. എന്നാല്‍ രോഗശമനത്തിനായി പ്രാര്‍ഥിക്കേണ്ടത് അല്ലാഹുവിനോടാണ്. സ്രഷ്ടാവിനു മാത്രം കഴിയുന്ന സഹായമാണ് ഇവിടെ വിഷയം. ആദ്യം പറഞ്ഞ രണ്ട് ഇസ്തിഗാസയില്‍ ആര്‍ക്കും സന്ദേഹമില്ല. എന്നാല്‍ ആരാധ്യനായവന്റെ മാത്രം കഴിവില്‍ പെട്ടത് (ഖുദ്‌റതുല്‍ ഇലാഹി) ഒരു പടപ്പിനോടും തേടിക്കൂടാ.
ഇലാഹാണെന്ന വിശ്വാസം
ഇലാഹാണെന്ന് വിശ്വസിക്കാതെ അല്ലാഹു അല്ലാത്തവരോട് ഇസ്തിഗാസ നിര്‍വഹിച്ചാല്‍ ശിര്‍ക്കാകില്ല എന്ന് ചിലര്‍ ജല്പിക്കുന്നു. ഇത് ഇസ്‌ലാമിക പ്രമാണങ്ങള്‍ക്ക് വിരുദ്ധമാണ്. ലോകത്ത് ഇന്നുവരെ അല്ലാഹുവിനെപ്പോലെ കഴിവും സ്വമദിയ്യതും ഉണ്ടെന്നോ സ്വന്തം നിലയില്‍ രക്ഷ നല്‍കുമെന്നോ ആരും വിശ്വസിച്ചിട്ടില്ല. സ്രഷ്ടാവിലേക്ക് അടുപ്പിക്കാനും അവന്റെയടുക്കല്‍ ശുപാര്‍ശ പറയാനും അല്ലാഹു കൊടുത്ത കഴിവുകൊണ്ട് അവര്‍ സഹായിക്കുമെന്നാണ് അവര്‍ ധരിച്ചിരുന്നത്. അവര്‍ ഇലാഹാണെന്ന് വിഗ്രഹ പ്രതിഷ്ഠകളെ വിശ്വസിച്ചിട്ടില്ല. ഇലാഹാക്കുക എന്ന പദമാണ് ഖുര്‍ആന്‍ ഉപയോഗിച്ചത്. അതായത്, ഇലാഹിന് മാത്രം നല്‍കേണ്ടത് ഇലാഹല്ലാത്തവര്‍ക്ക് വകവെച്ചു കൊടുക്കലാണത്.
ഇമാം റാസി(റ) പറയുന്നു: നീ അറിയുക, അസ്തിത്വത്തിലും കഴിവിലും അറിവിലും യുക്തിയിലും അല്ലാഹുവിന് സമാനമായ വേറെ ഇലാഹുണ്ടെന്ന് വാദിക്കുന്ന ആരുംതന്നെ ലോകത്ത് ഇന്നുവരെ ഉണ്ടായിട്ടില്ല. (തഫ്‌സീറുല്‍ കബീര്‍). മക്കാ മുശ്‌രിക്കുകളുടെ തല്‍ബിയത് തന്നെ അത് വ്യക്തമാക്കിത്തരുന്നു. നാഥാ, നിന്റെ വിളിക്കിതാ ഉത്തരം നല്‍കിയിരിക്കുന്നു. ഒരു പങ്കാളി ഒഴികെ മറ്റു പങ്കുകാരാരും നിനക്കില്ല. ആ പങ്കാളിയും അത് ഉടമപ്പെടുത്തിയതും നീ ഉടമപ്പെടുത്തി നല്‍കിയതാണ്. (മുസ്‌ലിം) ഇലാഹ് എന്ന വിശ്വാസമല്ല ശിര്‍ക്കാകാനുള്ള കാരണം. ഇലാഹിലേക്ക് സമര്‍പ്പിക്കേണ്ടത് മറ്റുള്ളവരിലേക്ക് സമര്‍പ്പിക്കുകയോ അവനിലേക്ക് ചേര്‍ത്തുപറയലോ തബര്‍റുക്കിനായി മറ്റുള്ളവയെ ആശ്രയിക്കുകയോ ചെയ്യലാണ്. ഹുനൈന്‍ യുദ്ധ സന്ദര്‍ഭത്തില്‍ മുശ്‌രിക്കുകള്‍ സ്വീകരിച്ച ദാതു അന്‍വാത് എന്ന വൃക്ഷത്തെപ്പോലെ തങ്ങള്‍ക്കും വൃക്ഷം ആവശ്യപ്പെട്ടതിനെ നബി(സ) സാമ്യപ്പെടുത്തിയത്, മൂസാ(അ)യോട് ബനൂ ഇസ്‌റാഈല്യര്‍ ഇലാഹുകളെ ആവശ്യപ്പെട്ടതിനോടാണ്. സ്വഹാബിമാരാരും അല്ലാഹു അല്ലാത്ത ഇലാഹില്‍ വിശ്വസിക്കില്ല എന്ന് ഏത് വിശ്വാസിക്കാണ് അറിയാത്തത്.
ജുഹൈന വംശജയായ ഖുതൈല(റ) പറയുന്നു: ഒരു ജൂതന്‍ നബി(സ)യെ സമീപിച്ച് പറഞ്ഞു: നിങ്ങള്‍ അല്ലാഹുവിന് തുല്യരെ സങ്കല്പിക്കുകയും അവനില്‍ പങ്കുചേര്‍ക്കുകയും ചെയ്യുന്നുണ്ട്. അല്ലാഹുവും താങ്കളും ഉദ്ദേശിച്ചു (മാ ശാഅല്ലാഹു വ ശിഅ്ത) എന്നും, കഅ്ബയെക്കൊണ്ട് സത്യം (വല്‍കഅ്ബ) എന്നും നിങ്ങള്‍ പറയുന്നില്ലേ? അപ്പോള്‍ നബി(സ) അനുചരരോട് പറഞ്ഞു: നിങ്ങള്‍ സത്യം ചെയ്യാന്‍ ഉദ്ദേശിച്ചാല്‍ കഅ്ബയുടെ നാഥനില്‍ സത്യം (വറബ്ബല്‍ കഅ്ബ) എന്നും അല്ലാഹു ഉദ്ദേശിച്ചു, പിന്നെ താങ്കള്‍ ഉദ്ദേശിച്ചു (മാ ശാഅല്ലാഹു സുമ്മ ശിഅ്ത) എന്നുമായിരിക്കണം പറയേണ്ടത്. (നസാഈ 3782, അല്‍ഇസ്വാബ 4:389)
നബി(സ)യെയോ കഅ്ബയെയോ സ്വഹാബികള്‍ ഇലാഹാണെന്ന് വിശ്വസിച്ചിട്ടില്ല. ഇലാഹാണെന്ന് വിശ്വസിക്കാത്തതിനാല്‍ അല്ലാഹുവിന് സമമാക്കുകയോ ശിര്‍ക്ക് സംഭവിക്കുകയോ ചെയ്യുന്നില്ല എന്ന് നബി(സ) തിരുത്തിയിട്ടില്ലെന്ന് മാത്രമല്ല, അനുചരര്‍ക്ക് അത് യഥാവിധം പഠിപ്പിക്കുകയാണ് ചെയ്തത്.
ഇബ്‌നു അബ്ബാസ്(റ) പറയുന്നു: ഒരാള്‍ നബി(സ)യോട് പറഞ്ഞു: അല്ലാഹുവും താങ്കളും ഉദ്ദേശിച്ചാല്‍. നബി(സ) അദ്ദേഹത്തോട് പറഞ്ഞു: നീ എന്നെ അല്ലാഹുവിന് സമമാക്കുകയോ? ഏകനായ അല്ലാഹു ഉദ്ദേശിച്ചാല്‍ എന്ന് മാത്രം പറയുക. (ഇബ്‌നുല്‍ഖയ്യിം, മദാരിജുസ്സ്വാലിഹീന്‍) ‘നാളത്തെ കാര്യം അറിയുന്ന പ്രവാചകന്‍ ഞങ്ങളിലുണ്ട്’ എന്ന് പാടിയ കൊച്ചുകുട്ടികളോട് അത് നിര്‍ത്താന്‍ നബി(സ) ആവശ്യപ്പെട്ടത് ശിര്‍ക്കിന്റെ ലാഞ്ചനപോലും കുരുന്നു മനസ്സുകളില്‍ ഇടം നേടരുത് എന്ന് ജാഗ്രതയുള്ളതുകൊണ്ടാണ്.
അദിയ്യുബ്‌നു ഹാത്വിമുത്വാഈ(റ) പറയുന്നു: ഞാന്‍ നബി(സ)യുടെ സമീപത്ത് വന്നു. എന്റെ കഴുത്തില്‍ സ്വര്‍ണ നിര്‍മിതമായ കുരിശു മാലയുണ്ടായിരുന്നു. നബി(സ) പറഞ്ഞു: അദിയ്യേ, ഈ വിഗ്രഹത്തെ ദൂരെ എറിയുക. ശേഷം അദ്ദേഹം, ‘അവരുടെ പണ്ഡിതന്മാരെയും പുരോഹിതന്മാരെയും… അല്ലാഹുവിന് പുറമെ അവര്‍ രക്ഷിതാക്കളായി സ്വീകരിച്ചു’ (തൗബ) എന്ന വചനം പാരായണം ചെയ്തു. അദിയ്യ്(റ) പറഞ്ഞു: ഞങ്ങള്‍ അവരെ റബ്ബുകളാക്കുന്നില്ല. നബി(സ) പറഞ്ഞു: അവര്‍ അനുവദിക്കുന്നതും, നിഷിദ്ധമാക്കുന്നതും നിങ്ങള്‍ അംഗീകരിക്കാറില്ലേ. അത് അവരെ റബ്ബുകളാക്കുകയാണ്. (തിര്‍മിദി 3095)
കഴുത്തിലെ കുരിശുമാല ഇലാഹായതുകൊണ്ടല്ല വിഗ്രഹമെന്ന് നബി(സ) ഉപമിച്ചത്. മറ്റുള്ളവര്‍ കാണുമ്പോള്‍ ആരാധനകളില്‍ ഭംഗി കൂടുന്നതിനെ ഗോപ്യമായ ശിര്‍ക്ക് എന്ന് നബി(സ) വിശേഷിപ്പിച്ചത്, ആരാധന കാണുന്നവര്‍ ഇലാഹാണെന്ന വിശ്വാസംകൊണ്ടല്ല ഇവിടെ ശിര്‍ക്ക് സംഭവിക്കുന്നത്. ശൈഖ് മുഹ്‌യുദ്ദീന്‍ അബ്ദുല്‍ഖാദിര്‍(റ) പറയുന്നു: പിശാച് നിനക്കെതിരില്‍ തന്ത്രം പ്രയോഗിച്ചു. കളവ് പറയലും നീച പ്രവര്‍ത്തനങ്ങളും നിനക്കവന്‍ ഭംഗിയാക്കി കാണിച്ചു. നിന്റെ നമസ്‌കാരത്തില്‍പോലും നീ കളവ് പറയുന്നു. അല്ലാഹു അക്ബര്‍ എന്ന് നീ പറയുന്നു. നിന്റെ ഹൃദയത്തില്‍ അവനല്ലാത്ത ആരാധ്യനുണ്ടായിരിക്കെ നീ ആ പറഞ്ഞത് കളവാണ്. (പ്രതിസന്ധിഘട്ടത്തില്‍) നീ ആശ്രയിക്കുന്നതെല്ലാം നിന്റെ ഇലാഹാണ്. നീ ഭയപ്പെടുകയും പ്രതീക്ഷയര്‍പ്പിക്കുകയും ചെയ്യുന്നവ നിന്റെ ഇലാഹാണ്….. അല്ലാഹു അല്ലാത്ത ആയിരക്കണക്കിന് ആരാധ്യര്‍ നിന്റെ മനസ്സിലുണ്ടായിരിക്കെ, ലാ ഇലാഹ ഇല്ലല്ലാഹ് എന്ന് പറയാന്‍ നിനക്ക് ലജ്ജയില്ലേ? നീ ഇപ്പോഴുള്ള അവസ്ഥയില്‍ നിന്നെല്ലാം തൗബ ചെയ്യുക. (ഫത്ഹുര്‍റബ്ബാനി 101)
ശൈഖ് ജീലാനി തന്റെ ഫുതൂഹുല്‍ ഗൈബ് എന്ന ഗ്രന്ഥത്തില്‍ നല്‍കുന്ന ഉപദേശം ശ്രദ്ധിക്കുക: വിഷമ ഘട്ടത്തില്‍ അല്ലാഹുവിന്റെ ഒരു സൃഷ്ടിയിലേക്കും നീ നിന്റെ ആവലാതി പറയരുത്. അത് നീ അല്ലാഹുവിനോട് ചെയ്യുന്ന ശിര്‍ക്കായിത്തീരും. അവന്റെ അധികാരത്തില്‍ നിന്ന് ഒന്നും ആരും അധീനമാക്കുന്നില്ല. ഉപദ്രവം വരുത്തുന്നവനോ ഉപകാരം ചെയ്യുന്നവനോ ഉയര്‍ത്തുന്നവനോ വിപത്തിനെ നീക്കുന്നവനോ നന്മ കൊണ്ടുവരുന്നവനോ രോഗം നല്‍കുന്നവനോ സുഖപ്പെടുത്തുന്നവനോ ആരും ഇല്ല. അതിനാല്‍ നീ സൃഷ്ടികളില്‍ വ്യാപൃതനാകരുത്. അല്ലാഹുവിനോട് മാത്രം ഇസ്തിഗാസ ചെയ്യല്‍ നിനക്ക് നിര്‍ബന്ധമാണ്.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x