ഇസ്രായേലുമായുള്ള വ്യാപാരം നിര്‍ത്തലാക്കി തുര്‍ക്കി
ഏഴ് മാസമായി തുടരുന്ന ഇസ്രായേലിന്റെ ഗസ്സ വംശഹത്യയില്‍ പ്രതിഷേധിച്ച് ഇസ്രായേലുമായുള്ള വ്യാപാര ബന്ധം നിര്‍ത്തലാക്കി തുര്‍ക്കി. ‘ഇസ്രായേല്‍ സര്‍ക്കാര്‍ ഗസ്സയിലേക്ക് തടസ്സമില്ലാത്ത മാനുഷിക സഹായം അനുവദിക്കുന്നതുവരെ’ ഇസ്രായേലിലേക്കുള്ള എല്ലാ കയറ്റുമതിയും ഇറക്കുമതിയും തുര്‍ക്കി നിര്‍ത്തലാക്കുന്നതായി തുര്‍ക്കി വ്യാപാര മന്ത്രാലയം പ്രഖ്യാപിച്ചു. ‘സംസ്ഥാനതലത്തില്‍ നടുപ്പിലാക്കുന്ന നടപടികളുടെ രണ്ടാം ഘട്ടമാണിത്. ഇസ്രായേലുമായുള്ള എല്ലാ കയറ്റുമതി, ഇറക്കുമതി ഇടപാടുകളും നിര്‍ത്തിവച്ചു, എല്ലാ ഉല്‍പ്പന്നങ്ങളും അതില്‍ ഉള്‍പ്പെടും’ – മന്ത്രാലയം പറഞ്ഞു. നേരത്തെ ഒന്നാം ഘട്ടമെന്ന നിലയില്‍ ഇസ്രായേല്‍ ഉടനടി വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുകയും ഗസ്സയിലേക്ക് മതിയായതും തടസ്സമില്ലാത്തതുമായ മാനുഷിക സഹായം അനുവദിക്കുന്നതുവരെ ഇസ്രായേലിനു മേല്‍ തുര്‍ക്കി വ്യാപാര നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. തീരുമാനം നിലനില്‍ക്കുമെന്ന് പ്രസ്താവിച്ചുകൊണ്ട് കഴിഞ്ഞ മാസം തുര്‍ക്കി പ്രസ്താവന പുറത്തിറക്കിയിരുന്നു. ഇസ്രായേലിന്റെ ഗസ്സ യുദ്ധത്തിനെതിരെ ഇസ്രായേലിന്റെ ഏറ്റവും രൂക്ഷമായ വിമര്‍ശകരില്‍ ഒരാളാണ് തുര്‍ക്കി. കൂടാതെ ഇസ്രായേല്‍ ആക്രമണത്തിന്റെ തുടക്കം മുതല്‍ ഗസ്സയിലേക്ക് തുര്‍ക്കി ഭക്ഷണം, മെഡിക്കല്‍ ഉപകരണങ്ങള്‍ എന്നിവ ഉള്‍പ്പെടെ ഗസ്സയ്ക്ക് വലിയ മാനുഷിക സഹായങ്ങള്‍ തുര്‍ക്കി നല്‍കിയിട്ടുണ്ട്.