19 Sunday
January 2025
2025 January 19
1446 Rajab 19

ഇസ്‌റാഈല്‍ വക്താവിനെ പുറത്താക്കി ആഫ്രിക്കന്‍ യൂണിയന്‍ ഉച്ചകോടി


എത്യോപ്യന്‍ തലസ്ഥാനമായ അഡിസ് അബാബയില്‍ നടക്കുന്ന ആഫ്രിക്കന്‍ യൂണിയന്‍ ഉച്ചകോടിയില്‍ നിന്ന് ഇസ്‌റാഈലി നയതന്ത്ര സംഘാംഗത്തെ പുറത്താക്കി. ദ്വിദിന കണ്‍വെന്‍ഷന്റെ ഉദ്ഘാടന ചടങ്ങില്‍ ഇസ്‌റാഈല്‍ വിദേശകാര്യ മന്ത്രാലയത്തിലെ ആഫ്രിക്കന്‍ ഡിവിഷന്റെ ഡെപ്യൂട്ടി ഡയറക്ടര്‍ ഷാരോണ്‍ ബാര്‍ലിയെയാണ് ഇറക്കിവിട്ടത്. ഇവരെ സംഘാടകര്‍ പുറത്തേക്ക് കൊണ്ടുപോകുന്നതിന്റെ വീഡിയോ വിവിധ ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്. ആഫ്രിക്കന്‍ യൂണിയനിലെ ഇസ്‌റാഈല്‍ അംബാസഡറായ അലലി അദ്മാസുവിനെ മാത്രമാണ് പരിപാടിയിലേക്ക് ക്ഷണിച്ചിരുന്നതെന്നും ക്ഷണമില്ലാതെ പരിപാടിയിലേക്ക് അനധികൃതമായി കയറിയ ബാര്‍ലിയോട് ഇറങ്ങിപ്പോകാന്‍ ആവശ്യപ്പെടുകയായിരുന്നെന്നും ആഫ്രിക്കന്‍ യൂണിയന്‍ ഉദ്യോഗസ്ഥന്‍ എ എഫ് പി വാര്‍ത്ത ഏജന്‍സിയോട് പറഞ്ഞു.
ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ബാര്‍ലിക്ക് ശരിയായ അനുമതിയുണ്ടെന്നും അവര്‍ക്ക് അവിടുന്ന് മടങ്ങാന്‍ അനുവദിക്കുന്നതിനുള്ള ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും പേര് വെളിപ്പെടുത്താത്ത നയതന്ത്ര ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഇസ്രായേല്‍ പത്രമായ ഹാരെറ്റ്‌സ് പറഞ്ഞു. 20 വര്‍ഷത്തെ നയതന്ത്ര ശ്രമങ്ങള്‍ക്ക് ശേഷം 2021ലാണ് ഇസ്‌റാഈല്‍ ആഫ്രിക്കന്‍ യൂണിയന്റെ നിരീക്ഷക പദവി നേടുന്നത്. ഇസ്‌റാഈലിന്റെ കടന്നുകയറ്റം 55 അംഗ യൂണിയനില്‍ വിള്ളല്‍ സൃഷ്ടിച്ചിരുന്നു. ചില അംഗങ്ങള്‍ ഇതിനെതിരെ പരസ്യമായി രംഗത്തുവന്നിരുന്നു. ഇസ്‌റാഈലിനെതിരായ ഫലസ്തീന്‍ പോരാട്ടത്തിന് പിന്തുണ നല്‍കുന്ന രാജ്യങ്ങളാണ് ആഫ്രിക്കന്‍ യൂണിയനില്‍ ഭൂരിഭാഗവും.

Back to Top