ഇസ്രായേല്‍ ഫുട്ബോള്‍ ടീമിനുള്ള സ്പോണ്‍സര്‍ഷിപ്പ് പിന്‍വലിച്ച് പ്യൂമ
ഇസ്രായേല്‍ ദേശീയ ഫുട്ബോള്‍ ടീമിനുള്ള സ്പോണ്‍സര്‍ഷിപ്പ് അവസാനിപ്പിച്ച് ആഗോള സ്പോര്‍ട്സ് ബ്രാന്‍ഡ് ആയ പ്യൂമ. ഈ നീക്കം കഴിഞ്ഞ വര്‍ഷം തീരുമാനിച്ചതാണെന്നും ഇപ്പോള്‍ നടക്കുന്ന ഗസ്സ യുദ്ധവുമായി ബന്ധപ്പെട്ട് കമ്പനിക്കെതിരെ ഉയര്‍ന്ന ബഹിഷ്‌കരണ ക്യാംപയിനുമായി ഈ നടപടിക്ക് ബന്ധമില്ലെന്നുമാണ് ജര്‍മന്‍ സ്പോര്‍ട്സ് വിയര്‍ കമ്പനിയായ പ്യൂമ അധികൃതര്‍ അറിയിച്ചത്. ഇസ്രായേല്‍ ഫുട്ബോള്‍ അസോസിയേഷനുമായി ബ്രാന്‍ഡ് സഖ്യമുണ്ടാക്കിയ പ്യൂമക്കെതിരെ നേരത്തെ തന്നെ വ്യാപകമായ ബഹിഷ്‌കരണ ആഹ്വാനങ്ങള്‍ ഉയര്‍ന്നിരുന്നു. ഗസ്സക്കെതിരായ പുതിയ യുദ്ധം ആരംഭിച്ചതോടെ ഇത് വീണ്ടും ശക്തിയാര്‍ജിച്ചു. പ്യൂമക്കെതിരെ വലിയ ബഹിഷ്‌കരണ ക്യാംപയിനും സോഷ്യല്‍ മീഡിയ വഴിയും അല്ലാതെയും ലോകത്താകമാനം നടന്നിരുന്നു. സെര്‍ബിയയും ഇസ്രായേലും അടക്കമുള്ള രാജ്യങ്ങളുടെ ഫുട്ബോള്‍ ഫെഡറേഷനുമായുണ്ടാക്കിയ സ്പോണ്‍സര്‍ഷിപ്പ് കരാര്‍ 2024ഓടെ അവസാനിക്കുമെന്നും ഇനി അവ പുതുക്കേണ്ടതില്ലെന്നുമാണ് തീരുമാനിച്ചതെന്നും പ്യൂമ വക്താവ് റോയിട്ടേഴ്സ് ന്യൂസ് ഏജന്‍സിയുടെ പറഞ്ഞു.