ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹുവിന് അറസ്റ്റ് വാറന്റ്
രാജ്യാന്തര ക്രിമിനല്‍ കോടതി (ഐസിസി) ഇസ്രയേല്‍ പ്രധാനമന്ത്രിക്കും മുന്‍ പ്രതിരോധ മന്ത്രിക്കും ഹമാസ് സൈനിക കമാന്‍ഡര്‍ക്കും അറസ്റ്റ് വാറന്റ് അയച്ചു. ഇസ്രയേലിന്റെ വാദങ്ങള്‍ തള്ളിക്കളഞ്ഞാണ് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു, യോവ് ഗാലന്റ് എന്നിവര്‍ക്കു വാറണ്ട് അയച്ചത്. ഹമാസ് മിലിട്ടറി കമാന്‍ഡര്‍ മുഹമ്മദ് ദെയ്ഫിനും വാറണ്ട് അയച്ചു. ഇസ്രയേലും ഹമാസുമായുള്ള യുദ്ധത്തിലെ യുദ്ധകുറ്റങ്ങളുടെയും മനുഷ്യാവകാശ ലംഘനങ്ങളുടെയും പേരിലാണ് വാറണ്ട്. മൂന്നുപേര്‍ക്കും ക്രിമിനല്‍ പ്രവര്‍ത്തനങ്ങളുടെ ഉത്തരവാദിത്തമുണ്ടെന്നും അതു വ്യക്തമാക്കുന്ന സാഹചര്യങ്ങളുണ്ടെന്നും കോടതി നിരീക്ഷിച്ചു. ഇസ്രയേലും ഹമാസും ആരോപണങ്ങള്‍ നിഷേധിച്ചു. മേയ് മാസത്തിലാണ് ഐസിസി പ്രോസിക്യൂട്ടര്‍ കരിം ഖാന്‍ നെതന്യാഹുവിനും ഗാലന്റിനും ദെയ്ഫിനും രണ്ട് ഹമാസ് നേതാക്കള്‍ക്കുമെതിരെ വാറണ്ട് അയയ്ക്കണമെന്ന് ആവശ്യപ്പെട്ടത്. ഇതില്‍ ഹമാസ് നേതാക്കളായ ഇസ്മയില്‍ ഹനിയയും യഹ്‌യ സിന്‍വറും കൊല്ലപ്പെട്ടിരുന്നു. ദെയ്ഫും കൊല്ലപ്പെട്ടെന്നാണ് ഇസ്രയേല്‍ പറയുന്നത്. 2023 ഒക്ടോബര്‍ ഏഴിലെ അക്രമ സംഭവങ്ങളിലാണ് കേസ് നടക്കുന്നത്. ഹമാസ് തെക്കന്‍ ഇസ്രയേലില്‍ ആക്രമണം നടത്തി 1200 പേരെ കൊലപ്പെടുത്തിയിരുന്നു. 251 പേരെ ബന്ദികളാക്കി. ഇസ്രയേലിന്റെ ആക്രമണത്തില്‍ ഗസ്സയില്‍ 44000 പേര്‍ കൊല്ലപ്പെട്ടെന്നാണ് കണക്ക്. ജനങ്ങളെ ബന്ദികളാക്കി ഉപദ്രവിക്കുക, ബലാല്‍സംഗം, തടവില്‍ പാര്‍പ്പിക്കുക, കൊലപാതകം എന്നിവയാണ് ഹമാസിനെതിരെ പ്രോസിക്യൂഷന്‍ ആരോപിക്കുന്ന കുറ്റങ്ങള്‍.