ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കില്ലെന്ന് നെതന്യാഹു
ഗസ്സയിലെ യുദ്ധം അവസാനിക്കുമ്പോള്‍ ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കുന്നതിനെ എതിര്‍ക്കുമെന്ന് അമേരിക്കയെ അറിയിച്ചതായി ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹു. ഹമാസിനെ തകര്‍ക്കുകയും ബന്ദികളെ മോചിപ്പിക്കുകയും ചെയ്ത് സമ്പൂര്‍ണ വിജയം നേടുന്നതുവരെ ഗസ്സയില്‍ യുദ്ധം തുടരും. യുദ്ധം അവസാനിപ്പിക്കുന്നതിന് അന്താരാഷ്ട്ര സമ്മര്‍ദം മുറുകുകയും ഏറെക്കാലമായി മരവിച്ചുകിടന്ന ദ്വിരാഷ്ട്ര പരിഹാരമെന്ന ആശയം അമേരിക്കയും മറ്റ് രാജ്യങ്ങളും വീണ്ടും ഉയര്‍ത്തുകയും ചെയ്യുന്നതിനിടെയാണ് നെതന്യാഹുവിന്റെ പ്രഖ്യാപനം. അമേരിക്കയും ഇസ്രായേലും കാര്യങ്ങളെ വ്യത്യസ്തമായ രീതിയിലാണ് കാണുന്നതെന്നായിരുന്നു ഈ പ്രസ്താവനയോട് യു എസ് ദേശീയ സുരക്ഷാ കൗണ്‍സില്‍ വക്താവ് ജോണ്‍ കിര്‍ബിയുടെ പ്രതികരണം.
ജോര്‍ദാന്‍ നദിയുടെ പടിഞ്ഞാറുള്ള മുഴുവന്‍ പ്രദേശത്തും ഇസ്രായേലിന് പൂര്‍ണ സുരക്ഷാ നിയന്ത്രണമുണ്ടാകണമെന്ന് നെതന്യാഹു പറഞ്ഞു. ഭാവി ഫലസ്തീന്‍ രാഷ്ട്രവും ഉള്‍പ്പെടുന്ന പ്രദേശമാണിത്. അതിനിടെ, നെതന്യാഹു യുദ്ധം കൈകാര്യം ചെയ്യുന്ന രീതിയെ വിമര്‍ശിച്ച് യുദ്ധ മന്ത്രിസഭയിലെ അംഗവും മുന്‍ സേനാ മേധാവിയുമായ ഗാദി ഐസന്‍കോട്ട് രംഗത്തെത്തി. ഹമാസുമായി വെടിനിര്‍ത്തല്‍ കരാറുണ്ടാക്കുക മാത്രമാണ് ബന്ദികളെ മോചിപ്പിക്കാനുള്ള വഴിയെന്ന് അദ്ദേഹം പറഞ്ഞു. കരാറില്‍ എത്തുന്നില്ലെങ്കില്‍ സമീപകാലത്ത് ബന്ദികളെ ജീവനോടെ പുറത്തുകൊണ്ടുവരാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഒക്ടോബര്‍ 11ന് ഹിസ്ബുല്ലയെ ആക്രമിക്കുന്നതിന് അരികെ ഇസ്രായേല്‍ എത്തിയിരുന്നുവെന്നും എന്നാല്‍ താനും മറ്റൊരു മുന്‍ സേനാ മേധാവിയായ ബെന്നി ഗ്രാന്റ്‌സും ചേര്‍ന്ന് ഇതില്‍നിന്ന് പിന്തിരിപ്പിക്കുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.