ഇസ്‌റാഈല്‍ വര്‍ഗവിവേചന രാഷ്ട്രം തന്നെ: യു എസ് ജൂതര്‍
ഇസ്‌റാഈല്‍ വര്‍ഗ വിവേചനം രാഷ്ട്രം തന്നെയാണെന്ന് യു എസിലെ ജൂതര്‍ക്കിടയില്‍ നടത്തിയ സര്‍വേ ഫലം. ഗസ്സയ്‌ക്കെതിരായ ഇസ്‌റാഈലിന്റെ ഏറ്റവും പുതിയ ആക്രമണത്തിന് ശേഷം യു എസിലെ ജൂത വോട്ടര്‍മാര്‍ക്കിടയില്‍ നടത്തിയ സര്‍വേയില്‍ നാലിലൊന്ന് പേര്‍ ഇസ്‌റാഈല്‍ ഒരു വര്‍ണ വിവേചന പ്രത്യയശാസ്ത്രം കൊണ്ടുനടക്കുന്ന രാഷ്ട്രമാണെന്ന് പറഞ്ഞത്. വലിയ രീതിയില്‍ വോട്ടര്‍മാരാണ് സര്‍വേയില്‍ പങ്കെടുത്തത്. 28 ശതമാനം പേര്‍ ഇത്തരം പ്രസ്താവനകള്‍ ആന്റിസെമിറ്റിക് (യഹൂദ വിരുദ്ധത) അല്ലെന്ന് അഭിപ്രായപ്പെട്ടു. 38 ശതമാനം പേര്‍ അഭിപ്രായപ്പെട്ടത് ഫലസ്തീനികളോട് ഇസ്‌റാഈല്‍ പെരുമാറുന്നത് യു എസിലെ വംശീയതയ്ക്ക് സമാനമാണ് എന്നാണ്.
800 ജൂത വോട്ടര്‍മാരുമായുള്ള അഭിമുഖത്തിന്റെ അടിസ്ഥാനത്തില്‍ യു എസിലെ ജ്യൂസ് ഇലക്ടറേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ആണ് സര്‍വേ നടത്തിയത്. ജൂത വോട്ടര്‍മാരുടെ കാഴ്ചപ്പാടുകള്‍ നിരീക്ഷിക്കുന്ന സംഘടനയാണിത്. കഴിഞ്ഞ ആഴ്ചയിലാണ് സര്‍വേ റിപ്പോര്‍ട്ട് പുറത്തിറക്കിയത്. യു എസിലെ ജൂത വോട്ടര്‍മാരുടെ അഭിപ്രായങ്ങള്‍ ഇസ്‌റാഈലിനെ ചുറ്റിപ്പറ്റിയുള്ള തര്‍ക്കവിഷയങ്ങളില്‍ ഇരു ചേരിയായി വിഭജിക്കപ്പെട്ടിട്ടുണ്ടെന്ന് സര്‍വേ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. സര്‍വേയില്‍ പങ്കെടുത്ത 67 ശതമാനമായ ഭൂരിപക്ഷവും ഇസ്‌റാഈലിന്റെ ‘നിലനില്‍ക്കാനുള്ള അവകാശം’ നിഷേധിക്കുന്നത് യഹൂദ വിരുദ്ധമാണെന്ന് അഭിപ്രായപ്പെട്ടു. ജൂത വോട്ടര്‍മാര്‍ക്കിടയില്‍ നടത്തിയ സര്‍വേ പലതരത്തിലുള്ള അഭിപ്രായങ്ങളാണ് പ്രകടിപ്പിച്ചത്. 22 ശതമാനം പേര്‍ ഇസ്‌റാഈല്‍ ഫലസ്തീനികള്‍ക്കെതിരെ വംശഹത്യ ചെയ്യുന്നുവെന്ന് സമ്മതിക്കുന്നുണ്ട്.