ഇസ്രായേലിലേക്കുള്ള ആയുധ കയറ്റുമതി നിര്‍ത്തിവെച്ച് അമേരിക്ക
ഗസ്സാ യുദ്ധം ആരംഭിച്ച ശേഷം ആദ്യമായി ഇസ്രായേലിലേക്കുള്ള ആയുധ കയറ്റുമതി നിര്‍ത്തിവെച്ച് അമേരിക്ക. യു എസ് മാധ്യമങ്ങളെ ഉദ്ധരിച്ച് ടി ആര്‍ ടി വേള്‍ഡ് ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. യുദ്ധോപകരണ ഷിപ്‌മെന്റ് വൈകുന്നതില്‍ ഇസ്രായേലിന് ആശങ്കയുണ്ടാക്കുന്നുവെന്നും ഇതിന്റെ കാരണമെന്താണെന്ന് മനസ്സിലാകുന്നില്ലെന്നും ഇസ്രായേലി ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് യു എസ് ഡിജിറ്റല്‍ മീഡിയ കമ്പനിയായ ആക്‌സിയോസ് റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ഒക്ടോബറില്‍ ഗസ്സയില്‍ ഇസ്രായേല്‍ യുദ്ധം ആരംഭിച്ചതിനു ശേഷം ആദ്യമായാണ് തെല്‍അവീവിലേക്കുള്ള വെടിക്കോപ്പുകളുടെ കയറ്റുമതി അമേരിക്ക തടയുന്നത്. കയറ്റുമതി വൈകിയത് ഇസ്രായേല്‍ സര്‍ക്കാരിനുള്ളില്‍ കടുത്ത ആശങ്കയുണ്ടാക്കുകയും ഷിപ്‌മെന്റ് തടഞ്ഞുവയ്ക്കുന്നതിനു പിന്നിലെ കാരണം മനസ്സിലാക്കാന്‍ ഭ്രാന്തമായി ശ്രമിക്കുകയും ചെയ്തതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. സംഭവത്തില്‍ യുഎസ് സര്‍ക്കാരോ ഇസ്രായേല്‍ ഭരണകൂടമോ ഇതുവരെ പ്രതികരണങ്ങളൊന്നും നടത്തിയിട്ടില്ല.