2022 ജനുവരി മുതല്‍ ഇസ്രായേല്‍ പൊളിച്ചുനീക്കിയത് 36 ഫലസ്തീന്‍ വീടുകള്‍

2022 ന്റെ തുടക്കം മുതല്‍ ഇസ്രായേല്‍ സൈന്യം അരീഹയിലും ജോര്‍ദാന്‍ താഴ്‌വരയിലും 36 ഫലസ്തീന്‍ വീടുകള്‍ പൊളിച്ചതായി റിപോര്‍ട്ട്. ആക്ടിവിസ്റ്റുകളെ ഉദ്ധരിച്ച് മിഡില്‍ഈസ്റ്റ് മോണിറ്ററാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ഇതേ കാലയളവില്‍ 90ഓളം ഫലസ്തീന്‍ വീടുകള്‍ പൊളിക്കാന്‍ ഇസ്രായേല്‍ ലക്ഷ്യമിട്ടിരുന്നു. അധിനിവേശം വ്യാപിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയുള്ളതാണ് അരീഹയിലെയും ജോര്‍ദാന്‍ താഴ്‌വരയിലെയും ഇസ്രായേലിന്റെ പൊളിക്കല്‍ നടപടി. ആഗസ്ത് 16നും 29നും ഇടയില്‍ മാത്രം കിഴക്കന്‍ ജറൂസലമിലെയും വെസ്റ്റ്ബാങ്കിലെ ഏരിയ ‘സി’യിലെയും 55 ഫലസ്തീന്‍ കെട്ടിടങ്ങള്‍ ഇസ്രായേല്‍ സൈന്യം പൊളിച്ചുനീക്കുകയോ കണ്ടുകെട്ടുകയോ പൊളിക്കാന്‍ നിര്‍ബന്ധിക്കുകയോ ചെയ്തതായി യു എന്‍ ഓഫീസ് ഫോര്‍ ദി കോ -ഓര്‍ഡിനേഷന്‍ ഓഫ് ഹ്യൂമാനിറ്റേറിയന്‍ അഫയേഴ്‌സ് അറിയിച്ചിരുന്നു. തദ്ഫലമായി 31 കുട്ടികള്‍ ഉള്‍പ്പെടെ 61 പേര്‍ കുടിയൊഴിപ്പിക്കപ്പെടുകയും 200ഓളം പേരുടെ ഉപജീവനത്തെ ബാധിക്കുകയും ചെയ്തായി റിപ്പോര്‍ട്ടില്‍ ഒ സി എച്ച് എ വ്യക്തമാക്കി.
