ഇസ്‌റാഈലിലേക്ക് ആദ്യമായി വക്താവിനെ നിയോഗിച്ച് ബഹ്‌റൈന്‍

ചരിത്രത്തിലാദ്യമായി ഇസ്‌റാഈലിലേക്ക് തങ്ങളുടെ ഔദ്യോഗിക വക്താവിനെ നിയമിച്ച് ബഹ്‌റൈന്‍. കഴിഞ്ഞ വര്‍ഷം ഇസ്‌റാഈലുമായുണ്ടാക്കിയ നയതന്ത്ര ബന്ധം സാധാരണ വത്കരിക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഖാലിദ് യൂസുഫ് അല്‍ ജലഹ്മയെയാണ് കഴിഞ്ഞ ദിവസം ബഹ്‌റൈന്‍ തെല്‍ അവീവിലേക്ക് ഔദ്യോഗികമായി നിയോഗിച്ചത്. യു എസിലെ ബഹ്‌റൈന്‍ എംബസിയിലെ വിദേശകാര്യ മന്ത്രാലയം ഡെപ്യൂട്ടി ചീഫായിരുന്നു ഇദ്ദേഹം. ഇസ്‌റാഈല്‍ വിദേശകാര്യ മന്ത്രി ഗബി അഷ്‌കനാസി ഇദ്ദേഹത്തിന്റെ നിയമനം അംഗീകരിച്ചതായി ടൈംസ് ഓഫ് ഇസ്‌റാഈല്‍ റിപ്പോര്‍ട്ട് ചെയ്തു. ഇരു രാജ്യങ്ങളും കഴിഞ്ഞയാഴ്ച ഇതു സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തിയിരുന്നു. തെല്‍അവീവില്‍ ഒരു എംബസി സ്ഥാപിക്കാന്‍ ബഹ്‌റൈന്‍ ടീം വരും ആഴ്ചകളില്‍ ഇസ്‌റാഈലില്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. യു എ ഇ അടുത്തിടെ ഇസ്‌റാഈലിലേക്ക് അവരുടെ വക്താവിനെ നിയമിച്ചിരുന്നു. സപ്തംബര്‍ 15-നാണ് വൈറ്റ്ഹൗസില്‍ വെച്ച് യു എ ഇ, ബഹ്‌റൈന്‍ രാഷ്ട്ര നേതാക്കള്‍ ഇസ്‌റാഈലുമായുള്ള നയതന്ത്ര കരാറില്‍ ഒപ്പുവെച്ചത്. അബ്രഹാം ഉടമ്പടി എന്നാണ് കരാറിന് പേര് നല്‍കിയിരിക്കുന്നത്.
