22 Wednesday
October 2025
2025 October 22
1447 Joumada I 0

ഇസ്‌റാഈല്‍ ഭരണമാറ്റം ഫലസ്തീനിനെന്ത് നേട്ടം?

അബ്ദുശ്ശുക്കൂര്‍

അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ ഇസ്‌റാഈലില്‍ നെതന്യാഹു സര്‍ക്കാറിനു പകരം മറ്റൊരു സഖ്യകക്ഷി സര്‍ക്കാര്‍ വന്നിരിക്കുന്നു. സ്വാഭാവികമായും ഇസ്‌റാഈ ല്‍ തിരഞ്ഞെടുപ്പ് ഫലസ്തീനിന്റെ ഭാവിയെക്കൂടി സ്വാധീനിക്കുന്നതാണല്ലോ ഇക്കാലത്ത്. കള്ളന്‍ പോയി കൊള്ളക്കാരന്‍ വന്നു എന്ന നിലയിലേ ഈ മാറ്റത്തെ കാണാനാവൂ എന്നാണ് പുതിയ പ്രധാനമന്ത്രിയെക്കുറിച്ച് ഫലസ്തീന്‍ അനുകൂലികളുടെയൊക്കെ അടക്കം പറച്ചില്‍.
നെതന്യാഹുവിനേക്കാള്‍ തീവ്ര വലതുപക്ഷ നിലപാടുകളുള്ളയാളെന്ന് സ്വയം അവകാശപ്പെടുക കൂടി ചെയ്യുന്ന നഫ്താലി ബെന്നറ്റ് ഇസ്‌റാഈലിന്റെ തലപ്പത്ത് വരുമ്പോള്‍ ഫലസ്തീനെ കാത്തിരിക്കുന്നതെന്താകും എന്ന ആശങ്ക അലയടിക്കുന്നുണ്ട്
അമേരിക്കയില്‍ നിന്നുമെത്തിയ ജൂത മാതാപിതാക്കളുടെ മകനായ നഫ്താലി ബെന്നറ്റ് ഇസ്‌റാഈലി മിലിട്ടറിയില്‍ കമാന്‍ഡര്‍ സ്ഥാനം വഹിച്ചയാളാണ്. പിന്നീട് ടെക്‌നോളജി രംഗത്ത് സംരംഭകനായ അദ്ദേഹം ക്യോട്ട ഇന്‍ക് എന്ന പേയ്‌മെന്റ് സെക്യുരിറ്റി കമ്പനി സ്ഥാപിച്ചു. 145 മില്യണ്‍ ഡോളറിനാണ് ഈ കമ്പനിയെ ആര്‍ എസ് എ സെക്യൂരിറ്റി എല്‍ എല്‍ സി വാങ്ങിയത്.
2006 മുതല്‍ 2008 വരെ, അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന നെതന്യാഹുവിന്റെ ചീഫ് ഓഫ് സ്റ്റാഫായിരുന്നു ബെന്നറ്റ്. അസ്വാരസ്യങ്ങള്‍ ഉടലെടുത്തതോടെ നെതന്യാഹുവുമായി പിരിഞ്ഞ്, ജ്യൂയിഷ് സെറ്റിലേഴ്‌സ് കൗണ്‍സിലിന്റെ നേതൃസ്ഥാനത്തേക്ക് ബെന്നറ്റ് നീങ്ങി. 2012-ല്‍ സജീവ രാഷ്ട്രീയത്തിലേക്കിറങ്ങിയ ബെന്നറ്റ് മതകാര്യം, വിദ്യാഭ്യാസം, പ്രതിരോധം, ധനകാര്യം, ആഭ്യന്തരം എന്നീ വിവിധ വകുപ്പുകളില്‍ മന്ത്രിയായിരുന്നു.
2019-ലാണ് ബെന്നറ്റ് പാര്‍ട്ടി രൂപീകരിക്കുന്നത്. നെതന്യാഹുവിനേക്കാള്‍ തീവ്ര വലതുപക്ഷ നിലപാടുകള്‍ പുലര്‍ത്തുന്നവരാണ് നഫ്താലി ബെന്നറ്റും അദ്ദേഹത്തിന്റെ യമീന പാര്‍ട്ടിയും. ഫലസ്തീനെ ഒരു തരത്തിലും അംഗീകരിക്കാത്ത ഒരു ജൂത മതസംഘടന കൂടിയാണ് യമീന. ഫലസ്തീന്‍ ഇന്ന് ലോകത്തിലെ ഏറ്റവും വലിയ ഭീകരവാദ സംഘടനയായി മാറിക്കഴിഞ്ഞുവെന്നാണ് ബെന്നറ്റ് ഒരിക്കല്‍ പറഞ്ഞത്.
ഇസ്‌റാഈലും ഫലസ്തീനും രണ്ട് സ്വതന്ത്ര രാജ്യങ്ങളായി നിലനില്‍ക്കുക എന്ന ‘ടു സ്റ്റേറ്റ്’ തിയറി അംഗീകരിക്കാത്ത ബെന്നറ്റ് ഫലസ്തീനെ സ്വതന്ത്രരാജ്യമായി അംഗീകരിക്കുന്നത്, ഇസ്‌റാഈല്‍ ആത്മഹത്യ ചെയ്യുന്നതിന് തുല്യമാണെന്നാണ് പറഞ്ഞത്. ലോകം മുഴുവന്‍ സമ്മര്‍ദ്ദം ചെലുത്തിയാലും തങ്ങള്‍ ആത്മഹത്യയിലേക്ക് നീങ്ങില്ലെന്നും ബെന്നറ്റ് പറഞ്ഞിരുന്നു.
1967-ലെ യുദ്ധത്തിലൂടെ ഇസ്‌റാഈല്‍ അധിനിവേശം നടത്തിയ വെസ്റ്റ്ബാങ്കിലെ ഭാഗങ്ങള്‍ ഇസ്‌റാഈലിനോട് കൂട്ടിച്ചേര്‍ക്കണമെന്നാണ് ബെന്നറ്റിന്റെ നയം. നേരത്തെ ബെന്നറ്റിന്റെ നിര്‍ദേശ പ്രകാരം കൂടിയാണ് നെതന്യാഹു വെസ്റ്റ് ബാങ്ക് അനക്‌സേഷന്‍ ആരംഭിക്കുന്നത്.
ബെന്നറ്റിന്റെ ഏറ്റവും വിവാദമായ പ്രസ്താവനകളിലൊന്നുണ്ടായത് 2013-ലാണ്. തീവ്രവാദികളെ വിചാരണക്കൊന്നും കാത്തുനില്‍ക്കാതെ കൊന്നുകളയണമെന്നായിരുന്നു ബെന്നറ്റ് പറഞ്ഞത്. പ്രസ്താവന വിവാദമായപ്പോള്‍ പിന്‍വലിക്കാനോ മാപ്പ് പറയാനോ തയ്യാറാകാതിരുന്ന ബെന്നറ്റ്, കുറെ അറബികളെ താന്‍ ഈ കൈ കൊണ്ട് കൊന്നിട്ടുണ്ടെന്നും പറഞ്ഞിരുന്നു.
തീവ്രമതവാദികളും മതേതരവാദികളും വലതുപക്ഷവും ഇടതുപക്ഷവുമെല്ലാം ചേര്‍ന്ന, സ്വതന്ത്ര ഫലസ്തീനെ അംഗീകരിക്കുകയും അതിശക്തമായി എതിര്‍ക്കുകയും ചെയ്യുന്ന എട്ട് പാര്‍ട്ടികള്‍ ചേര്‍ന്ന സഖ്യമാണ് നെതന്യാഹുവിനെ പുറത്താക്കി ഇസ്‌റാഈലില്‍ അധികാരത്തിലെത്തുന്നത്.
നിലവില്‍ നെതന്യാഹുവിനെ പുറത്താക്കുക എന്ന ലക്ഷ്യത്തോടെ വ്യത്യസ്ത ചേരികളിലുള്ളവര്‍ അണിനിരക്കുന്ന കൂട്ടുകക്ഷി സര്‍ക്കാരിന് പാര്‍ലമെന്റില്‍ കൃത്യം 61 അംഗങ്ങളുടെ പിന്തുണയാണുള്ളത്.
വരും വര്‍ഷങ്ങളില്‍ ഏതെങ്കിലും പാര്‍ട്ടിയുമായി ഭിന്നിപ്പുണ്ടായാല്‍ അധികാരത്തില്‍ നിന്ന് പുറത്താകാനുള്ള സാധ്യതയുള്ളതിനാല്‍ ബെന്നറ്റ് തന്റെ തീവ്രനിലപാടുകള്‍ നടപ്പില്‍ വരുത്താന്‍ ശ്രമിക്കില്ലെന്നാണ് പൊതുവെ ഉയര്‍ന്നിട്ടുള്ള അഭിപ്രായം. അതു മാത്രമാണ് ഏക ആശ്വാസവും.

Back to Top