ഇസ്‌റാഈലിന് നിരീക്ഷക പദവി നല്‍കാനുള്ള തീരുമാനം ആഫ്രിക്കന്‍ യൂണിയന്‍ റദ്ദാക്കി

ഇസ്‌റാഈലിന് നിരീക്ഷക പദവി നല്‍കാനുള്ള തീരുമാനം ആഫ്രിക്കന്‍ യൂണിയന്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു. ഇസ്‌റാഈലിനെ സംഘടനയില്‍ ഉള്‍പ്പെടുത്തിയാല്‍ 55 അംഗ കോണ്ടിനെന്റല്‍ സമിതിക്കുള്ളില്‍ അഭൂതപൂര്‍വമായ വിള്ളല്‍ ഉണ്ടാവുമെന്ന ഭീഷണി ഉയര്‍ന്നതാണ് അധികൃതരെ ഇതിന് പ്രേരിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്. ”ഇസ്‌റാഈലിനെ ഉള്‍പ്പെടുത്തണമോ എന്ന ചോദ്യം ഇപ്പോള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുന്നു. പകരം പ്രശ്‌നം പഠിക്കാന്‍ ഒരു കമ്മിറ്റി രൂപീകരിക്കും” -കഴിഞ്ഞ ദിവസം അഡിസ് അബാബയില്‍ നടന്ന ആഫ്രിക്കന്‍ യൂണിയന്‍ വാര്‍ഷിക ഉച്ചകോടിയുടെ സമാപന ദിവസം നയതന്ത്രജ്ഞന്‍ പറഞ്ഞു. ശക്തമായ അംഗരാജ്യങ്ങളുമായി, പ്രത്യേകിച്ച് ദക്ഷിണാഫ്രിക്കയുമായി, സമവായത്തിലൂടെ ഇസ്‌റാഈലുമായുള്ള ബന്ധം സാധാരണമാക്കാന്‍ കഴിയില്ല. ഇത് സമിതിക്കുള്ളിലെ അപൂര്‍വമായ തര്‍ക്കവിഷയമാണന്നും ആഫ്രിക്കന്‍ യൂണിയന്‍ കമ്മീഷന്‍ ചെയര്‍മാനായ മൂസ ഫാക്കി മഹ്മൂദ് പറഞ്ഞു. അതിനാല്‍ തന്നെ ഇസ്‌റാഈലിന്റെ അക്രഡിറ്റേഷന്‍ താല്‍ക്കാലികമായി റദ്ദാക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
