ഇസ്രായേല്‍ വധിച്ച ഷിറീന്‍ അബൂആഖിലക്ക് മാധ്യമ അവാര്‍ഡ്

അധിനിവേശ ഇസ്രായേലി സൈന്യത്തിന്റെ വെടിയേറ്റ് കൊല്ലപ്പെട്ട അല്‍ജസീറ മാധ്യമ പ്രവര്‍ത്തക ഷിറീന്‍ അബൂആഖിലക്ക് നാഷണല്‍ പ്രസ് ക്ലബ് പ്രസിഡന്റ് അവാര്‍ഡ്. മാധ്യമപ്രവര്‍ത്തനത്തിലെ ഷിറീന്‍ അബൂആഖിലയുടെ സംഭാവനകള്‍ മുന്‍നിര്‍ത്തിയാണ് അവാര്‍ഡ്. ഇസ്രായേല്‍ സൈന്യം കൊലപ്പെടുത്തിയ ഷിറീന്‍ അബൂആഖിലയ്ക്കു വേണ്ടി സഹോദര പുത്രിയായ ലിന അബൂആഖിലയാണ് വാഷിങ്ടണ്‍ ഡിസിയില്‍ നടന്ന പരിപാടിയില്‍ അവാര്‍ഡ് സ്വീകരിച്ചത്. മാധ്യമപ്രവര്‍ത്തകര്‍ നിറഞ്ഞുനിന്ന സദസ്സ് ലിന അബൂആഖിലയെ വലിയ കൈയടിയോടെയാണ് സ്വീകരിച്ചത്. ”ഇത് സ്വീകരിക്കാന്‍ ഷിറീന്‍ ഇവിടെ ഉണ്ടായിരുന്നെങ്കിലെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. എന്നാല്‍, ഞങ്ങള്‍ക്ക് അവരെ പെട്ടെന്ന് നഷ്ടമായി. മാധ്യമ പ്രവര്‍ത്തനത്തിനിടെ ഇസ്രായേല്‍ സൈനികന്‍ അവരെ വെടിവെച്ച് കൊലപ്പെടുത്തിയത് സങ്കടകരമാണ്. എന്റെ നല്ല സുഹൃത്തും എന്റെ റോള്‍മോഡലും എന്റെ പ്രചോദനവുമായ അമ്മായിയുടെ പേരില്‍ ഈ അവാര്‍ഡ് സ്വീകരിക്കുന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു- ലിന അബൂആഖില പറഞ്ഞു.
കഴിഞ്ഞ മെയ് മാസത്തില്‍ അധിനിവേശ വെസ്റ്റ്ബാങ്കില്‍ വെച്ചാണ് ഇസ്രായേലി സൈന്യത്തിന്റെ വെടിയേറ്റ് യു എസ് പൗരയായ ഷിറീന്‍ അബൂആഖില കൊല്ലപ്പെടുന്നത്. ഷിറീന്റെ കൊലപാതകത്തിനെതിരെ അന്താരാഷ്ട്ര തലത്തില്‍ വലിയ വിമര്‍ശനം ഉയരുകയും, സ്വതന്ത്ര അന്വേഷണം വേണമെന്ന ആവശ്യം ശക്തമാവുകയും ചെയ്തിരുന്നു.
