5 Friday
December 2025
2025 December 5
1447 Joumada II 14

ഇസ്‌റയേലുമായുള്ള കരാറുകള്‍ റദ്ദാക്കണമെന്ന് ഗൂഗിള്‍, ആമസോണ്‍ ജീവനക്കാര്‍


ഇസ്രായേല്‍ സര്‍ക്കാരുമായും അവരുടെ സൈന്യവുമായുമുണ്ടാക്കിയ മുഴുവന്‍ കരാറുകളും റദ്ദാക്കണമെന്ന് ഗൂഗിള്‍, ആമസോണ്‍ ജീവനക്കാര്‍ ആവശ്യപ്പെട്ടു. 1.2 ബില്യണ്‍ ഡോളറിന്റെ കരാറില്‍ നിന്നും പിന്മാറണമെന്നാവശ്യപ്പെട്ട് 400ഓളം തൊഴിലാളികളടങ്ങുന്ന സംഘമാണ് കത്തെഴുതിയത്. 300 ആമസോണ്‍ കമ്പനിയിലെ ജീവനക്കാരും 90 ഗൂഗിള്‍ ജീവനക്കാരുമാണ് സംയുക്ത പ്രതിഷേധത്തില്‍ ഒപ്പുവെച്ചത്.
ഇസ്‌റയേലിന്റെ നിംബസ് എന്ന കമ്പനിയുമായുള്ള പ്രൊജക്റ്റുകള്‍ ഇരു കമ്പനികളും റദ്ദാക്കണമെന്നാണ് ആവശ്യം. ഇസ്‌റയേല്‍ സൈന്യത്തിനും സര്‍ക്കാരിനും ക്ലൗഡ് സര്‍വീസ് നല്‍കുന്നത് നിംബസാണ്. നിംബസുമായി കരാര്‍ ഒപ്പിടാനുള്ള ആമസോണിന്റെയും ഗൂഗിളിന്റെയും തീരുമാനത്തെ ഞങ്ങള്‍ അപലപിക്കുന്നു. ഞങ്ങളുടെ ഉപയോക്താക്കളെ ദോഷകരമായി ബാധിക്കുന്ന ഈ കരാറും ഭാവി കരാറുകളും നിരസിക്കാന്‍ അവരോട് ആവശ്യപ്പെടുകയാണ്. ഗാര്‍ഡിയന്‍ പത്രത്തില്‍ പ്രസിദ്ധീകരിച്ച കത്തില്‍ പറഞ്ഞു.
കരാര്‍ പ്രകാരം ക്ലൗഡ് സേവനങ്ങളെല്ലാം ഇസ്‌റയേലിലേക്ക് എത്തിക്കുമെന്നും , ഇത് ഫലസ്തീനികളുടെ വിവരങ്ങള്‍ നിയമവിരുദ്ധമായി ശേഖരിക്കാന്‍ അവരെ സഹായിക്കുമെന്നാണ് ആരോപണം. ഇതിനെതിരെ ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് അടക്കമുള്ള മനുഷ്യാവകാശ സംഘടനകള്‍ നേരത്തെ എതിര്‍പ്പ് അറിയിച്ചിരുന്നു.

Back to Top