ഇസ്‌റായേല്‍ യാഥാര്‍ഥ്യമാവുന്നു
എം എസ് ഷൈജു
ബ്രിട്ടന്‍ പുലര്‍ത്തുന്ന ജൂത പക്ഷപാതമാണ് അറബികള്‍ക്ക് അവരോട് വിരോധമുണ്ടാകാന്‍ കാരണമായതെങ്കില്‍ തങ്ങളുടെ താത്പര്യങ്ങളെ ബ്രിട്ടന്‍ പൂര്‍ണമായി പിന്തുണക്കാത്തതിന്റെ നീരസം കൊണ്ടാണ് ജൂതര്‍ക്ക് അവരോട് എതിര്‍പ്പുണ്ടായത്. ജൂതര്‍ക്കൊപ്പം നില്‍ക്കുമ്പോഴും ഹഗാന പോലെയുള്ള തീവ്ര ജൂത സംഘടനകള്‍ നടത്തുന്ന അഴിഞ്ഞാട്ടങ്ങളോടും അക്രമങ്ങളോടും നിരാക്ഷേപം രാജിയാകാന്‍ ഒരു ഭരണകൂടമെന്ന നിലയില്‍ ബ്രിട്ടന് കഴിഞ്ഞിരുന്നില്ല. അത് മാത്രമല്ല, ഇസ്രായേല്‍ രൂപീകരണ വിഷയത്തില്‍ ബ്രിട്ടന്‍ എപ്പോഴും അവതരിപ്പിച്ചിരുന്നത് അറബികളെക്കൂടി മാനിച്ചുള്ള ദ്വിരാഷ്ട്ര പദ്ധതികളായിരുന്നു. ഇത് രണ്ടും ജൂതര്‍ക്ക് അസ്വീകാര്യമായാണ് അനുഭവപ്പെട്ടത്. ഇങ്ങനെ പലവിധ കാരണങ്ങള്‍ കൊണ്ട് ബ്രിട്ടനെ വിട്ട് അമേരിക്കയുമായി പുതിയൊരു ചങ്ങാത്തത്തിന് ജൂതര്‍ ശ്രമമാരംഭിച്ചു. ഒന്നാം ലോക യുദ്ധാനന്തരമുള്ള ലോക സാഹചര്യങ്ങള്‍ വളര്‍ത്തിക്കൊണ്ട് വന്ന ഒരു രാജ്യമാണ് അമേരിക്ക. രണ്ടാം ലോക യുദ്ധം കഴിഞ്ഞതോടെ ബ്രിട്ടനെയും പിന്തള്ളി അമേരിക്ക ലോക നേതൃത്വത്തില്‍ സ്ഥാനം പിടിക്കുകയായിരുന്നു. ഒന്നാം ലോക യുദ്ധം ആരംഭിക്കുന്നതിന് മുമ്പ് തന്നെ അമേരിക്കയിലെ വന്‍ സാമ്പത്തിക ശക്തിയായി അവിടുത്തെ ജൂതന്മാര്‍ മാറിക്കഴിഞ്ഞിരുന്നു. യുദ്ധ മുഖത്ത് നിന്ന ബ്രിട്ടനെ സമ്പന്ന ജൂത സമൂഹം നിര്‍ലോഭമായാണ് സാമ്പത്തിക പിന്‍ബലം നല്‍കി സഹായിച്ചത്. ഒരര്‍ഥത്തില്‍ ആ പിന്തുണക്കുള്ള പ്രത്യുപകാരമാണ് ബ്രിട്ടന്‍ അവരോട് പുലര്‍ത്തിയ പക്ഷപാതപരമായ കൂറ്. ലോകത്തെ വന്‍ സാമ്പത്തിക സ്രോതസായ ജൂത സമൂഹവുമായുള്ള ഒരു ചങ്ങാത്തത്തിന് അമേരിക്കയും തത്പരരായിരുന്നു. അമേരിക്കന്‍ ചങ്ങാത്തം വഴി ഒരുവേള ബ്രിട്ടന്റെ പിന്തുണയില്ലാതെ തന്നെ ഇസ്രായേല്‍ രൂപീകരിക്കാന്‍ തങ്ങള്‍ക്ക് സാധിക്കുമെന്ന ആത്മവിശ്വാസത്തിലെത്താന്‍ ജൂതര്‍ക്ക് സാധിക്കുകയും ചെയ്തു.
എന്നാല്‍ അറബികള്‍ പൂര്‍ണമായും നിസ്സഹായരായിരുന്നു. ഒരു തരത്തിലുള്ള അന്താരാഷ്ട്ര സഹായവും അവര്‍ക്ക് ലഭിച്ചില്ല. വ്യവസായ വിപ്ലവത്തിന് ശേഷം ലോകത്തുണ്ടായ അഭൂതപൂര്‍വമായ മുന്നേറ്റത്തിന്റെ വിദൂര ഗുണഭോക്താക്കളാകാന്‍ പോലും അവര്‍ക്ക് സാധിച്ചിരുന്നില്ല. അതിന്റേതായ ഒറ്റപ്പെടലിന്റെയും പിന്നാക്കാവസ്ഥയുടെയും ആനുഭാവികത അവരിലുണ്ടായിരുന്നു. തങ്ങളെ പിന്തുണക്കാന്‍ തങ്ങളല്ലാതെ മറ്റാരുമില്ലാത്ത നിസഹായതയിലാണ് അവരുള്ളതെന്ന് ഇതിനകം തന്നെ ഫലസ്തീനിലെ അറബികള്‍ തിരിച്ചറിഞ്ഞ് കഴിഞ്ഞിരുന്നു. ഫലസ്തീനിലെ അറബികളെ സഹായിക്കാന്‍ ബാധ്യതയുണ്ട് എന്ന് കരുതപ്പെട്ടിരുന്ന രാജ്യങ്ങള്‍ക്കൊന്നും സ്വന്തം നിലയില്‍ ഒരു തീരുമാനം പ്രഖ്യാപിക്കാനോ അതില്‍ ഉറച്ച് നില്‍ക്കാനോ കഴിയുന്ന സ്ഥിരത കൈവരിക്കാന്‍ കഴിഞ്ഞുമില്ല. ഒന്നാം ലോക യുദ്ധാനന്തരം നിലവില്‍ വന്ന ലീഗ് ഓഫ് നേഷന്‍സ് എന്ന അന്തര്‍ദേശീയ സംഘടനയെക്കൊണ്ട് ദ്വിരാഷ്ട്ര ഫോര്‍മുലയെ അംഗീകരിപ്പിക്കുന്നതില്‍ ബ്രിട്ടന്‍ വിജയിച്ചു. ഫലസ്തീനികളുടേത് മാത്രമായ ഒരു ദേശത്ത് ജൂതരെ ബലമായി കുടിയിരുത്തി അവര്‍ക്കായി തങ്ങളുടെ രാഷ്ട്രവും സംസ്‌കാരവും പൈതൃകവും വെട്ടി മുറിച്ച് നല്‍കിയിട്ട് തങ്ങളെ നിരാകരിക്കുന്നത് കൊടിയ അനീതിയും അപമാനവുമായാണ് അറബികള്‍ക്ക് അനുഭവപ്പെട്ടത്. പല തവണ അറബികളോട് ബ്രിട്ടന്‍ നടത്തിയ ചതി പ്രവര്‍ത്തികള്‍ മുന്‍ നിര്‍ത്തി ഫലസ്തീനികള്‍ ബ്രിട്ടനോടുള്ള അവരുടെ അവിശ്വാസം രേഖപ്പെടുത്തി. ഫലസ്തീന്‍ മണ്ണ് നഷ്ടപ്പെടുന്നത് അവരെ സംബന്ധിച്ചേടത്തോളം അചിന്ത്യമായിരുന്നു. അറബികള്‍ക്കെതിരില്‍ ബ്രിട്ടനും ജൂതസമൂഹവും സഖ്യ കക്ഷികളും ചേര്‍ന്ന് നടത്തുന്ന കുടിലതകള്‍ നിറഞ്ഞ അനീതിക്കെതിരെ ഒരു ബാഹ്യ സഹായത്തിനായി അറബികള്‍ കേണു.
ആഗോള രാഷ്ട്രീയം പുതിയൊരു ദശാസന്ധിയിലേക്ക് പ്രവേശിക്കുന്ന കാലഘട്ടമായിരുന്നു അത്. ജര്‍മനി പുതിയൊരു കുതിപ്പ് നടത്തി ലോക ശ്രദ്ധയിലേക്ക് വന്നു. ഇന്ന് നാം തിരിഞ്ഞ് നോക്കുമ്പോള്‍ കാണുന്ന ഒരു മുഖഛായയായിരുന്നില്ല നാസി ജര്‍മനിക്ക് അന്നത്തെ സമകാലിക ലോകത്ത് ഉണ്ടായിരുന്നത്. മനുഷ്യ കുലത്തിലെ ഒരിരുണ്ട അധ്യായമാണ് ഹിറ്റ്‌ലറുടെ നേതൃത്വത്തില്‍ ജര്‍മനി എഴുതിക്കൊണ്ടിരുന്നതെന്ന ബോധ്യം അന്ന് രൂപപ്പെട്ടിരുന്നില്ല. ഫാഷിസം എന്നൊരു പ്രത്യയ ശാസ്ത്രത്തെക്കുറിച്ചോ അതില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്ന ഹിംസാത്മകമായ വംശവെറിയെ സംബന്ധിച്ചോ ഒരു മുന്‍ധാരണയും ലോകത്തിന് ഉണ്ടായിരുന്നില്ല. ബ്രിട്ടന് എതിരില്‍ ലോകത്ത് വളര്‍ന്ന് വരുന്ന ഒരു വന്‍ ശക്തിയെന്ന പരിവേഷത്തിലാണ് നാസി ജര്‍മനി അന്നത്തെ സമകാലിക ലോകത്ത് ശ്രദ്ധിക്കപ്പെട്ടത്. ബ്രിട്ടനോട് ശത്രുതയുള്ള ലോകരാജ്യങ്ങളും ലോക നേതാക്കളും നാസി ജര്‍മനിയോട് ബന്ധം സ്ഥാപിക്കാന്‍ ശ്രമിച്ചു. ബ്രിട്ടനെ നേരിടാന്‍ സഹായകമാകുന്ന ഒരു വന്‍ ശക്തിയെന്ന നിലയിലാണ് ഈ ബന്ധങ്ങളൊക്കെ ഉണ്ടായത്. ബ്രിട്ടന്‍ അടക്കമുള്ള മറ്റ് പാശ്ചാത്യ ശക്തികള്‍ക്ക് ജര്‍മനിയുടെ വളര്‍ച്ചയില്‍ വലിയ ആശങ്കയുമുണ്ടായിരുന്നു. ഈ പശ്ചാത്തലത്തിലാണ് ബ്രിട്ടനെ എതിരിടുന്ന ലോകത്തെ വിവിധ കോളനി വിരുദ്ധ പ്രക്ഷോഭങ്ങളുടെ സമരനായകര്‍ ഹിറ്റ്ലറുമായും ജര്‍മനിയുമായും ബന്ധം സ്ഥാപിക്കുന്നത്. ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ പോലും അങ്ങനെയൊരു ബന്ധമുണ്ട്. ബ്രിട്ടനെതിരില്‍ സായുധ പോരാട്ടം എന്ന ആശയത്തില്‍ വിശ്വസിച്ച സുഭാഷ് ചന്ദ്ര ബോസടക്കമുള്ള ഇന്ത്യന്‍ നേതാക്കള്‍ ഹിറ്റ്ലറുമായി ബന്ധം സ്ഥാപിക്കുന്നതിന് നിദാനമായത് ഇത്തരം രാഷ്ട്രീയ കാരണങ്ങളാണ്.
ഫലസ്തീന്‍ വിമോചനപ്പോരാട്ടങ്ങളുടെ ആസൂത്രണങ്ങള്‍ അക്കാലത്ത് മുഖ്യമായും കേന്ദ്രീകരിക്കപ്പെട്ടിരുന്നത് ഫ്രഞ്ച് അധീനതയിലുള്ള ലബനാനിലായിരുന്നു. ബ്രിട്ടനെ ഭയന്ന് ലബനാനില്‍ ഒളിച്ച് താമസിച്ച ഖുദ്സ് മുഫ്തി അമീനുല്‍ ഹുസൈനിയായിരുന്നു അക്കാലത്തെ പോരാട്ട നായകന്‍. ജര്‍മനിയുമായി ഒരു രാഷ്ട്രീയ ബന്ധം സ്ഥാപിക്കുന്നത് ഫലസ്തീന്‍ വിമോചനപ്പോരാട്ടങ്ങള്‍ക്ക് വലിയ ഗുണം ചെയ്യുമെന്ന് അമീനുല്‍ ഹുസൈനി കരുതി. ഫലസ്തീനിലെ പോരാട്ട രംഗത്ത് നിറഞ്ഞ് നില്‍ക്കുന്ന വിവിധ നേതാക്കളെ അമീനുല്‍ ഹുസൈനി തന്റെ പദ്ധതികള്‍ ബോധ്യപ്പെടുത്തി. ബ്രിട്ടനോടും ജൂതരോടും വിരോധം പുലര്‍ത്തുന്ന ജര്‍മനിയുടെ പിന്തുണ ലഭിക്കുന്നത് വഴി ഫലസ്തീനിന്റെ വിമോചനപ്പോരാട്ടങ്ങള്‍ വിജയം കാണുമെന്ന് അവര്‍ വിശ്വസിക്കുകയും ചെയ്തു. പക്ഷെ ആ ബന്ധത്തിന് പിന്നീടവര്‍ വലിയ വില കൊടുക്കേണ്ടി വന്നുെവന്നത് മറ്റൊരു ചരിത്രം.
1941ല്‍ അമീനുല്‍ ഹുസൈനി ജര്‍മനിയിലെത്തി ഹിറ്റ്ലറുമായി കൂടിക്കാഴ്ച നടത്തി. ബ്രിട്ടനെതിരെ തങ്ങള്‍ നടത്തുന്ന സ്വാതന്ത്ര്യ പോരാട്ടങ്ങള്‍ക്ക് പിന്തുണയഭ്യര്‍ഥിച്ചു. രണ്ടാം ലോകയുദ്ധത്തിനായി അപ്പോള്‍ ലോകരാഷ്ട്രീയം തയാറെടുപ്പ് നടത്തുകയായിരുന്നു. ഫലസ്തീന്‍ വിപ്ലവത്തിന് ജര്‍മനിയും ഇറ്റലിയുമടങ്ങുന്ന അച്ചുതണ്ട് ശക്തികള്‍ സമ്പൂര്‍ണമായ പിന്തുണ പ്രഖ്യാപിച്ചു. ബ്രിട്ടനെതിരെയുള്ള പോരാട്ടത്തില്‍ തങ്ങള്‍ക്ക് ശക്തനായ ഒരു പങ്കാളിയെ ലഭിച്ചതില്‍ ഫലസ്തീനികള്‍ സന്തുഷ്ടരായിരുന്നു. താമസിയാതെ രണ്ടാം ലോകയുദ്ധം ആരംഭിച്ചു. ലോകം മുഴുവന്‍ അച്ചുതണ്ട് ശക്തികളുടെ അധീനതയിലേക്ക് നീങ്ങുമെന്നാണ് ലോകമെങ്ങുമുള്ള രാഷ്ട്രീയ നിരീക്ഷകര്‍ കരുതിയത്. അത്രമാത്രം പ്രഹര ശേഷിയോടെയാണ് ജര്‍മനിയുടെ നേതൃത്വത്തില്‍ അച്ചുതണ്ട് ശക്തികള്‍ കുതിച്ച് കൊണ്ടിരുന്നത്. ഫലസ്തീനിലെ ബ്രിട്ടീഷ് വിരുദ്ധ പോരാട്ടങ്ങള്‍ ശക്തിപ്പെടുത്തുന്നതിനായി ജര്‍മനി ആയുധങ്ങളും സേനാ വ്യൂഹവും ലിബിയ വഴി ഫലസ്തീനിലേക്ക് അയച്ച് കൊണ്ടിരുന്നു. രണ്ടാം ലോകയുദ്ധം കഴിയുമ്പോള്‍ ബ്രിട്ടീഷ് ഭരണം ഫലസ്തീനില്‍ നിന്ന് നിഷ്‌കാസിതമാകുമെന്നും പകരം ജര്‍മനിയുടെ സഹായത്തോടെ സ്വതന്ത്ര ഫലസ്തീന്‍ രൂപീകരിക്കപ്പെടുമെന്നുമാണ് ഫലസ്തീനികള്‍ ഉറച്ച് വിശ്വസിച്ചിരുന്നത്.
ഇസ്രായേല്‍ രാഷ്ട്ര രൂപീകരണമെന്ന അജണ്ട ആരംഭിച്ചത് മുതല്‍ ഓരോ ഘട്ടത്തിലും ലക്ഷ്യത്തിലേക്ക് മുന്നേറിക്കൊണ്ടിരുന്ന ജൂതരുടെ ആത്മവിശ്വാസത്തിന് മങ്ങലേറ്റ ഒരേയൊരു ഘട്ടം ഫലസ്തീന്‍ വിമോചനപ്പോരാട്ടം ജര്‍മനിയുമായി കൈകോര്‍ത്തപ്പോള്‍ മാത്രമായിരുന്നു. അറബികളെ മയപ്പെടുത്താനായി ബ്രിട്ടന്‍ ബാല്‍ഫര്‍ പ്രഖ്യാപനം മരവിപ്പിക്കാന്‍ കൂടി തീരുമാനമെടുത്തത്തോടെ ജൂതര്‍ ആശങ്കാവിഹ്വലരായി. ലോകത്തെല്ലായിടത്തുമുള്ള ജൂതര്‍ നാസികളാല്‍ ക്രൂരമായ പീഡനങ്ങള്‍ക്കിരയാകുന്നതില്‍ ആഗോള ജൂത സമൂഹം ഭയഗ്രസ്ഥരായിരുന്നു. സ്വന്തം രാഷ്ട്രമുണ്ടാക്കി സുരക്ഷിതരായില്ലെങ്കില്‍ ലോകത്ത് നിന്ന് ജൂതര്‍ നിഷ്‌കാസിതരാകുമെന്ന് അവര്‍ പരസ്പരം ബോധ്യപ്പെടുത്തി. അതിനായി 1942ല്‍ അമേരിക്കയിലെ ബാള്‍ട്രിമോറില്‍ അവര്‍ സമ്മേളിച്ചു. അമേരിക്കന്‍ പാര്‍ട്ടികളായ ഡമോക്രാറ്റുകളും റിപ്പബ്ലിക്കന്‍മാരും ജൂതര്‍ക്ക് പൂര്‍ണമായ പിന്തുണ നല്‍കി. ജൂതരുടെ വിഷയത്തില്‍ അലംഭാവം കാണിക്കരുതെന്ന് അമേരിക്ക ബ്രിട്ടനോട് ആവശ്യപ്പെട്ടു. രണ്ട് കാര്യങ്ങളാണ് അമേരിക്ക ബ്രിട്ടനോട് ആവശ്യപ്പെട്ടത്. ഒന്ന് ബാല്‍ഫര്‍ പ്രഖ്യാപനം മരവിപ്പിച്ച തീരുമാനം തിരുത്തുക. രണ്ട്, നാസി പീഡനങ്ങളില്‍ നിന്ന് രക്ഷ തേടിയെത്തുന്ന യൂറോപ്പിലെ ജൂതര്‍ക്ക് ഫലസ്തീനില്‍ അഭയം നല്‍കുക. ഇത് രണ്ടും ബ്രിട്ടന് സമ്മതിക്കേണ്ടി വന്നു. കാരണം അമേരിക്കയുടെ പിന്തുണ ലോകയുദ്ധത്തില്‍ ബ്രിട്ടന് അനുപേക്ഷ്യമായിരുന്നു.
രണ്ടാം ലോകയുദ്ധത്തില്‍ ഫലസ്തീനികള്‍ ജര്‍മന്‍ പക്ഷത്ത് ചേര്‍ന്ന് നിന്നത് ഒരു പിഴവായിരുന്നുവെന്ന് വേണമെങ്കില്‍ വിലയിരുത്താം. പക്ഷെ അതില്‍ അവരെ കുറ്റം പറയാന്‍ ബാഹ്യ ലോകത്തിന് ഒരു ന്യായവുമില്ല. കാരണം ബ്രിട്ടനും അമേരിക്കയും ചേര്‍ന്ന് അവര്‍ക്ക് മേല്‍ നടപ്പിലാക്കാന്‍ ശ്രമിച്ചത് അതുവരെ ലോകം ദര്‍ശിച്ചിട്ടില്ലാത്ത വിധമുള്ള ഒരു രാഷ്ട്രീയ അനീതിയാണ്. ഒരു ജനതയെ അവര്‍ പിറന്ന നാട്ടില്‍ നിന്ന് പുറന്തള്ളാനും തുരത്തിയോടിക്കാനുമായി ആസൂത്രിതമായ നീക്കം നടക്കുമ്പോള്‍ ലോകത്തെ ഏതൊരു ജനതയും ചെയ്യുന്നതേ അവരും ചെയ്തുള്ളൂ. ഒന്നാം ലോകയുദ്ധത്തില്‍ ഒട്ടും അവധാനതയില്ലാതെയാണ് തുര്‍ക്കി കേന്ദ്രീയ ശക്തികള്‍ക്കൊപ്പം അണിചേര്‍ന്ന് യുദ്ധം ചെയ്തതെങ്കില്‍ അനുപേക്ഷണീയമായ കാരണങ്ങള്‍ കൊണ്ടാണ് രണ്ടാം ലോക യുദ്ധത്തില്‍ അച്ചുതണ്ട് ശക്തികള്‍ക്കൊപ്പം ഫലസ്തീന്‍ ചേര്‍ന്ന് നിന്നത്. പക്ഷേ യുദ്ധം അവസാനിക്കുമ്പോള്‍ നാസി ജര്‍മനിയും അച്ചുതണ്ട് ശക്തികളും നാമാവശേഷമായിപ്പോയി. ജര്‍മനിയുടെ സഹായത്തോടെ സ്വതന്ത്ര ഫലസ്തീന്‍ രൂപീകരിക്കുക എന്ന ഫലസ്തീനികളുടെ സ്വപ്‌നം കരിഞ്ഞുണങ്ങി ചാമ്പലായി. ജര്‍മനിക്കൊപ്പം നിന്ന ജപ്പാന്‍, ഇറ്റലി എന്നീ രാജ്യങ്ങളും ലോകത്ത് അവരെ പിന്തുണച്ച രാഷ്ട്രീയ മുന്നേറ്റങ്ങളും വലിയ പ്രതിസന്ധിയില്‍ അകപ്പെട്ടു പോയി.
യുദ്ധം അവസാനിച്ചതോടെ ഫലസ്തീനികളുടെ പ്രതിഷേധങ്ങള്‍ മുഴുവന്‍ ബ്രിട്ടന്റെയും അമേരിക്കയുടെയും വിജയാരവങ്ങളില്‍ മുങ്ങിപ്പോയി. അവരെ ആരും പരിഗണിച്ചില്ല. യുദ്ധത്തിന് മുമ്പ് ഫലസ്തീനിലെ ജൂത ജനസംഖ്യ അറുപതിനായിരം മാത്രമായിരുന്നെങ്കില്‍ യുദ്ധകാലത്ത് മാത്രം ഒരു ലക്ഷത്തോളം പുതിയ കുടിയേറ്റങ്ങള്‍ നടന്നു. 1947ല്‍ ഫലസ്തീന്‍ വിടാന്‍ ബ്രിട്ടന്‍ തീരുമാനമെടുത്തു. ഫലസ്തീനെ അറബികള്‍ക്കും ജൂതന്മാര്‍ക്കുമായി വിഭജിച്ച് രണ്ട് രാജ്യങ്ങളാക്കുക, ജറുസലേം നഗരത്തെ രണ്ട് കൂട്ടര്‍ക്കും നല്‍കാതെ ഒരു അന്താരാഷ്ട്രാ കൗണ്‍സിലിന്റെ മേല്‍നോട്ടത്തില്‍ വിടുക. ഇതായിരുന്നു ബ്രിട്ടന്റെ വിഭജന നിര്‍ദേശം.
ലീഗ് ഓഫ് നേഷന്‍സ് സ്വീകരിച്ച നിലപാടിന്റെ തുടര്‍ച്ച തന്നെയാണ് രണ്ടാം ലോകയുദ്ധത്തിന് ശേഷം നിലവില്‍ വന്ന ഐക്യരാഷ്ട്ര സഭയും സ്വീകരിച്ചത്. 1947 നവംബര്‍ 11ന് ഫലസ്തീന്‍ എന്ന രാജ്യത്തെ രണ്ടായി പകുത്ത് ഒന്ന് അറബികള്‍ക്കും മറ്റൊന്ന് ജൂതര്‍ക്കുമായി നല്‍കാനുള്ള പ്രമേയം ഐക്യരാഷ്ട്ര സഭ വോട്ടിനിട്ടു. മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ പ്രമേയം അംഗീകരിക്കപ്പെട്ടു. ഫലസ്തീനിലെ അപ്പോഴത്തെ ജൂത ജനസംഖ്യ 32 ശതമാനത്തോളമായി വളര്‍ന്ന് കഴിഞ്ഞിരുന്നു. രണ്ടാം ലോകയുദ്ധാനന്തരം ഫലസ്തീനിലേക്ക് ജൂതരുടെ അനുസ്യൂതമായ ഒഴുക്കായിരുന്നു.
ജനസംഖ്യയെ മാനദണ്ഡമാക്കിയാല്‍, 32 ശതമാനം വരുന്ന ജൂതര്‍ക്ക് 45 ശതമാനം ഭൂമിയും 68 ശതമാനം വരുന്ന അറബികള്‍ക്ക് 46 ശതമാനം ഭൂമിയും ലഭിക്കത്തക്ക വിധമാണ് ഇസ്രായേല്‍ എന്ന രാഷ്ട്രത്തിന്റെ അതിര്‍ത്തികള്‍ നിര്‍ണയിച്ചത്. ജറുസലേം ഉള്‍പ്പെടുന്ന 9 ശതമാനം ഭൂമി ഐക്യരാഷ്ട്ര സഭയുടെ കീഴിലിലുള്ള ഒരു അന്തര്‍ദേശീയ കൗണ്‍സിലിന്റെ കീഴിലുമാക്കി. ഈ പ്രഖ്യാപനം നടക്കുമ്പോള്‍ ഫലസ്തീന്റെ മൊത്തം വിസ്തൃതിയുടെ 6.5 ശതമാനം ഭൂമി മാത്രമേ ജൂതരുടെ അധീനതയില്‍ ഉണ്ടായിരുന്നുള്ളൂ എന്ന് നാം ഓര്‍ക്കണം. നിര്‍ണയിക്കപ്പെട്ടിരിക്കുന്ന ബാക്കി ഭൂമി മുഴുവന്‍ മുസ്‌ലിംകളും ക്രിസ്ത്യാനികളുമായ അറബികളുടെ കൈവശമിരിക്കുന്ന പാരമ്പര്യ ഭൂമിയായിരുന്നു. അത് അവരില്‍ നിന്ന് പിടിച്ചെടുത്താണ് ഇസ്രായേല്‍ ഉണ്ടാക്കാന്‍ പോകുന്നത്.
ഐക്യരാഷ്ട്ര സഭ കൈക്കൊണ്ട തീരുമാനത്തില്‍ ജൂതര്‍ ഒട്ടും തൃപ്തരായിരുന്നില്ല. കാരണം അവരുടെ പൗരാണിക ദേവാലയം നിലനിന്നതെന്ന് അവര്‍ വിശ്വസിക്കുന്ന ജറുസലേം നഗരം ഇല്ലാതെയുള്ള ഒരു ഇസ്രായേലാണ് അവര്‍ക്ക് ലഭിച്ചിരിക്കുന്നത്. ഇതില്‍ സിയോണിസ്റ്റുകള്‍ അസ്വസ്ഥരായിരുന്നു. എങ്കിലും നിലവിലെ സാഹചര്യത്തില്‍ ഐക്യരാഷ്ട്രസഭ കൈക്കൊള്ളുന്ന തീരുമാനത്തോട് യോജിക്കാതിരിക്കുന്നത് ബുദ്ധിയല്ല എന്ന തീരുമാനത്തിലാണ് ഒടുവില്‍ അവര്‍ എത്തിയത്.
മറുഭാഗത്ത് ഫലസ്തീന്‍ ജനതയുടെ സ്ഥിതി കൂടുതല്‍ പ്രതിസന്ധിയിലേക്ക് നീങ്ങുകയായിരുന്നു. ഐക്യരാഷ്ട്ര സഭ ദ്വി രാഷ്ട്ര ഫോര്‍മുലക്ക് നല്‍കിയ അംഗീകാരത്തെ അവര്‍ പൂര്‍ണമായും തള്ളിക്കളഞ്ഞു. ഫലസ്തീന്‍ മണ്ണിനെ വിഭജിച്ച് ജൂത ജനതക്ക് പങ്ക് വെച്ച് കൊടുക്കുന്ന രാഷ്ട്രീയ അനീതിയെ ഒരിക്കലും അംഗീകരിക്കില്ല എന്ന നിലപാടാണ് അവര്‍ സ്വീകരിച്ചത്.
അറബ് ലീഗ് ഫലസ്തീനികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചു. സായുധ വിപ്ലവത്തിലൂടെ ഫലസ്തീന്‍ പൂര്‍ണമായും പിടിച്ചെടുക്കാനുള്ള തീരുമാനവുമായി ഈജിപ്തില്‍ നിന്ന് ഇഖ്വാനുല്‍ മുസ്ലിമൂന്‍ എന്ന ഇസ്ലാമിസ്റ്റ് സംഘടനയുടെ സൈനിക വളണ്ടിയര്‍മാര്‍ ഫലസ്തീനിലേക്ക് മാര്‍ച്ച് ചെയ്തു. അറബ് ലീഗിന്റെ സേനയും ആയുധങ്ങളും ഫലസ്തീന്‍ വിമോചന സേനക്ക് ലഭിച്ചു. ബ്രിട്ടന്‍ പിന്മാറുന്ന മുറക്ക് ഫലസ്തീന്‍ പിടിച്ചെടുക്കുക എന്നൊരു തീരുമാനത്തിലായിരുന്നു ഫലസ്തീന്‍ പോരാട്ട മുന്നണി. അറബികളുടെ ഭാഗത്ത് നിന്ന് ഇത്രയൊക്കെ നടക്കുമ്പോള്‍ അതിന്റെ പത്ത് മടങ്ങ് ബാഹ്യ പിന്തുണ നിര്‍ദ്ദിഷ്ട ഇസ്രായേല്‍ രാഷ്ട്രത്തിന് ലഭിക്കുന്നുണ്ടായിരുന്നു. 250 ബില്യന്‍ ഡോളറിന്റെ സഹായമാണ് അമേരിക്കയിലെ ജൂതന്മാര്‍ മാത്രം ഇസ്രായേലിന് നല്‍കിയത്.
ഐക്യരാഷ്ട്ര സഭ അംഗീകരിച്ചതോടെ ഇസ്രായേല്‍ എന്ന രാഷ്ട്രം തത്വത്തില്‍ നിലവില്‍ വന്നു കഴിഞ്ഞിരുന്നു. ഒരു പ്രഖ്യാപനം മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളു. നിര്‍ദ്ദിഷ്ട ഇസ്രായേലിന്റെ അതിര്‍ത്തികളായി ഐക്യരാഷ്ട്ര സഭ നിശ്ചയിച്ച സ്ഥലങ്ങളില്‍ നിന്ന് അറബ് അഭയാര്‍ഥി പ്രവാഹം ആരംഭിച്ചു. നിര്‍ദ്ദിഷ്ട ഇസ്രായേലിന്റെ 80 ശതമാനത്തിലധികം സ്ഥലങ്ങളും അറബികള്‍ വസിക്കുന്ന സ്ഥലങ്ങളായിരുന്നു.
അക്രമങ്ങളും കലാപങ്ങളും നടത്തി അവിടങ്ങളിലെ അറബികളെ ആട്ടിയോടിക്കാനുള്ള നീക്കങ്ങള്‍ ആഭ്യന്തരമായി നടത്തുകയും എന്നാല്‍ തങ്ങള്‍ക്ക് അനുവദിച്ച് കിട്ടിയ സ്ഥലങ്ങളില്‍ തുടരാന്‍ തീരുമാനിക്കുന്ന അറബ് വംശക്കാരുടെ പൗരത്വം ജനാധിപത്യപരമായി തങ്ങള്‍ ഉറപ്പാക്കും എന്ന് ആഗോള വേദികളില്‍ പറഞ്ഞുമാണ് ഇസ്രായേല്‍ എന്ന രാഷ്ട്രം അവരുടെ ഭീകരതകളുടെ ചരിത്രം ആരംഭിക്കുന്നത്.
ഫലസ്തീനികളുടെ അറബ് രാജ്യം രൂപീകരിക്കാന്‍ ഐക്യരാഷ്ട്ര സഭ അവരെ നിര്‍ബന്ധിച്ചു. എന്നാല്‍ തങ്ങളുടെ ഭൂമി മുഴുവന്‍ ഇസ്രായേലിന് പകുത്ത് കൊടുത്തും ഖുദ്സ് നഷ്ടപ്പെടുത്തിക്കൊണ്ടുമുള്ള ഒരു പദ്ധതിക്കും തയാറല്ല എന്ന ശക്തമായ നിലപാടാണ് ഫലസ്തീനികള്‍ ആവര്‍ത്തിച്ചത്. ബ്രിട്ടന്‍ ഒഴിഞ്ഞ് തന്നാല്‍ മതിയെന്നും തങ്ങളുടെ കാര്യം തങ്ങള്‍ നോക്കിക്കൊള്ളാമെന്നും അവര്‍ തിരിച്ചടിച്ചു.
അറബ് ലീഗും ഇതര അറബ് രാഷ്ട്രങ്ങളും തങ്ങളുടെ രക്ഷകരാകുമെന്നാണ് അവര്‍ പ്രതീക്ഷിച്ചത്. ദ്വിരാഷ്ട്ര പദ്ധതിയെ തള്ളികളഞ്ഞത് കൊണ്ട് ഇസ്രായേല്‍ രൂപീകരിക്കപ്പെട്ടപ്പോഴും ഫലസ്തീനികള്‍ക്കായി ഒരു രാജ്യമോ ഭരണകൂടമോ ഉണ്ടായില്ല. യഥാര്‍ഥത്തില്‍ അവരെ അരക്ഷിതരാക്കി തെരുവില്‍ നിര്‍ത്തിയിട്ടാണ് ബ്രിട്ടന്‍ മടങ്ങിപ്പോയത്. അന്ന് അവര്‍ നിന്ന അതേ തെരുവില്‍ തന്നെയാണ് അവരുടെ തലമുറകള്‍ ഇന്നും നില്‍ക്കുന്നത്.
(തുടരും)