3 Tuesday
December 2024
2024 December 3
1446 Joumada II 1

ഇസ്രായേലില്‍ നെതന്യാഹുവിനെതിരെ വന്‍ പ്രതിഷേധം


ബിന്യമിന്‍ നെതന്യാഹുവിന്റെ സര്‍ക്കാറിനെതിരെ ഇസ്രായേലില്‍ വന്‍ പ്രതിഷേധം. ഗസ്സയിലുള്ള ബന്ദികളെ മോചിപ്പിക്കണമെന്നും തെരഞ്ഞെടുപ്പ് നേരത്തെയാക്കണമെന്നും ആവശ്യപ്പെട്ടാണ് 70ഓളം സ്ഥലങ്ങളില്‍ പ്രതിഷേധം അരങ്ങേറിയത്. ശനിയാഴ്ചയായിരുന്നു വിവിധ സ്ഥലങ്ങളിലെ പ്രതിഷേധം. ഒക്ടോബര്‍ ഏഴിലെ ഹമാസിന്റെ ആക്രമണത്തെ തുടര്‍ന്ന് രൂപംകൊണ്ട് ‘ചേഞ്ച് ജനറേഷന്‍’ എന്ന പ്രസ്ഥാനത്തിന്റെ നേതൃത്വത്തിലാണ് പ്രതിഷേധം അരങ്ങേറിയത്. ഇസ്രായേലില്‍ ഭരണമാറ്റം ഉണ്ടാവണമെന്നതും പ്രതിഷേധക്കാരുടെ പ്രധാന ആവശ്യമായിരുന്നുവെന്ന് ടൈംസ് ഓഫ് ഇസ്രായേല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഒരു ലക്ഷത്തോളം ആളുകള്‍ വിവിധയിടങ്ങളില്‍ പ്രതിഷേധത്തിന്റെ ഭാഗമായെന്നാണ് റിപ്പോര്‍ട്ട്. ബന്ദികളാക്കപ്പെട്ടവരുടെ കുടുംബങ്ങളും പ്രതിഷേധത്തില്‍ പങ്കെടുത്തു. പ്രതിഷേധക്കാര്‍ ഉയര്‍ത്തിയ ബാനറുകളില്‍ നെതന്യാഹുവിനെ ഇസ്രായേലിനെ തകര്‍ത്തയാളെന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. ബന്ദികളെ ഉടന്‍ തിരിച്ചെത്തിക്കണമെന്നും അല്ലെങ്കില്‍ തങ്ങളുടേതായ രീതിയില്‍ അത് ചെയ്യുമെന്നും ബാനറുകളില്‍ പറയുന്നു. ടെല്‍ അവീവില്‍ പ്രതിഷേധക്കാര്‍ അണിനിരന്നതോടെ പ്രധാന സ്ട്രീറ്റ് അടച്ചിടേണ്ടി വന്നിരുന്നു. ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹുവിന്റെ വീടിന് മുന്നിലും ജനങ്ങള്‍ എത്തി. ഒക്ടോബര്‍ ഏഴിന് ശേഷം ഗസ്സയില്‍ ഇസ്രായേല്‍ സേന നടത്തിയ ആക്രമണങ്ങളില്‍ ഇതുവരെ 34,600 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. 77,800 പേര്‍ക്ക് പരിക്കേറ്റു. വലിയ രീതിയില്‍ ഗസ്സയിലെ അടിസ്ഥാന സൗകര്യവും ഇസ്രായേല്‍ തകര്‍ത്തു. യു എന്നിന്റെയും അന്താരാഷ്ട്ര നീതിന്യായ കോടതിയുടേയും ആവര്‍ത്തിച്ചുള്ള മുന്നറിയിപ്പുകളുണ്ടായിട്ടും അതൊന്നും ചെവിക്കൊള്ളാന്‍ ഇസ്രായേല്‍ തയാറായിട്ടില്ല.

Back to Top