മധ്യസ്ഥ ചര്‍ച്ചകള്‍ ചെവികൊള്ളാതെ ഇസ്രായേല്‍
വെടിനിര്‍ത്തല്‍ അവസാനിപ്പിച്ച് ഇസ്രായേല്‍ ഗസ്സയില്‍ ആക്രമണം പുനരാരംഭിച്ചപ്പോള്‍ ‘പുതിയ റൗണ്ട് കൂട്ടക്കൊലക്ക് തുടക്കം കുറിച്ചു’വെന്ന ഇറാന്റെ പ്രതികരണം അന്വര്‍ഥമാക്കുംവിധം ഗസ്സ യിലുടനീളം മനുഷ്യക്കുരുതി. വടക്കന്‍ ഗസ്സയിലേതുപോലെ മുഴുനീള ബോംബിങ്ങിനൊപ്പം കര, നാവിക ആക്രമണവും തങ്ങള്‍ ലക്ഷ്യമിടുന്നുവെന്ന് ഇസ്രായേല്‍ സേന തന്നെ പ്രസ്താവിച്ചിരിക്കുകയാണ്.
വെടിനിര്‍ത്തല്‍ നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ച മധ്യസ്ഥ രാജ്യങ്ങളുടെ ശ്രമങ്ങള്‍ ഫലം കാണാതെ പോയതിനു പിന്നിലും ഇസ്രായേലിന്റെ വിപുല ലക്ഷ്യങ്ങളാണെന്നാണ് സൂചന. മധ്യസ്ഥര്‍ മുന്നോട്ടുവെച്ച ചില നിര്‍ദേശങ്ങളില്‍ വ്യക്തതയുണ്ടായിരുന്നുവെന്നും മൂന്നെണ്ണം സ്വീകരിച്ചുവെന്നും എന്നാല്‍ ഇസ്രായേല്‍ എല്ലാം നിരസിച്ചെന്നും മുതിര്‍ന്ന ഹമാസ് നേതാവ് ഉസാമ ഹംദാന്‍ പറഞ്ഞതില്‍നിന്ന് കാര്യങ്ങള്‍ വ്യക്തമാണ്.
അതേസമയം, ഗസ്സയിലും വെസ്റ്റ് ബാങ്കിലും സാധാരണ ജനങ്ങളെ ലക്ഷ്യമിട്ടുള്ള ഇസ്രായേല്‍ ആക്രമണത്തിനുള്ള മറുപടിയായി തങ്ങള്‍ ഇസ്രായേല്‍ നഗരങ്ങള്‍ ആക്രമിച്ചുവെന്ന് ഹമാസ് തങ്ങളുടെ ട്വിറ്റര്‍ ചാനലിലൂടെ അറിയിച്ചു. അതിര്‍ത്തിയിലെ ഇസ്രായേല്‍ പട്ടണങ്ങളില്‍ ആക്രമണം നടത്തിയതായി ഇസ്‌ലാമിക് ജിഹാദും അവകാശപ്പെട്ടു.