ഇസ്‌റാഈലില്‍ സര്‍ക്കാരിനെതിരെ വന്‍ പ്രതിഷേധം; നെതന്യാഹുവിനെ വഴിയില്‍ തടഞ്ഞു
ഇസ്‌റാഈലില്‍ മാസങ്ങളായി തുടരുന്ന സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം മൂര്‍ധന്യാവസ്ഥയില്‍. സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭവുമായി പതിനായിരങ്ങളാണ് കഴിഞ്ഞ ദിവസം തെല്‍അവീവില്‍ തെരുവിലിറങ്ങിയത്. ജുഡീഷ്യറിക്കു മേലുള്ള നെതന്യാഹു സര്‍ക്കാരിന്റെ പരിഷ്‌കരണമാണ് പ്രതിഷേധത്തിന്റെ പ്രധാന കാരണം. നെതന്യാഹുവിനെ വഴി തടയുന്നതു വരെയെത്തി പ്രതിഷേധം. ജുഡീഷ്യറിയെ മാറ്റിമറിക്കാനുള്ള ഇസ്രായേല്‍ സര്‍ക്കാരിന്റെ പദ്ധതികളില്‍ പ്രതിഷേധിച്ച് കഴിഞ്ഞയാഴ്ച ആയിരക്കണക്കിന് ആളുകള്‍ തെരുവിലിറങ്ങി. നിയമനിര്‍മാണ മേല്‍നോട്ടത്തിനുള്ള സുപ്രീം കോടതിയുടെ അധികാരങ്ങളില്‍ അസ്വീകാര്യമായ രീതിയില്‍ വെള്ളം ചേര്‍ക്കുന്നുവെന്ന് ആക്ഷേപിച്ച് കഴിഞ്ഞ രണ്ട് മാസമായി രാജ്യത്ത് നടന്ന പ്രക്ഷോഭ പരമ്പരയിലെ ഏറ്റവും പുതിയതാണ് കഴിഞ്ഞ ദിവസത്തേത്. തെല്‍അവീവിലെയും മറ്റ് നഗരങ്ങളിലെയും പ്രധാന കവലകള്‍ പ്രതിഷേധക്കാര്‍ തടഞ്ഞു. ചിലര്‍ ജുഡീഷ്യല്‍ മാറ്റങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ജറുസലേമിലെ ഓഫീസുകള്‍ക്ക് മുന്നിലും പ്രതിഷേധം സംഘടിപ്പിച്ചു.