ഇസ്‌റാഈല്‍: വിവാദ ജൂതരാഷ്ട്ര നിയമത്തെ ശരിവെച്ച് സുപ്രീംകോടതി

ഇസ്‌റാഈലിനെ ജൂത ജനതയുടെ ദേശരാഷ്ട്രമായി കാണുന്ന വിവാദ നിയമം സുപ്രീംകോടതി ശരിവെച്ചു. ന്യൂനപക്ഷങ്ങളോട് വിവേചനം കാണിക്കുന്നുവെന്ന എതിരാളികളുടെ വാദത്തെ തള്ളിയാണ് സുപ്രീംകോടതിയുടെ വിധി. ദേശരാഷ്ട്ര നിയമമെന്ന് വിളിക്കപ്പെടുന്നതിലെ പോരായ്മകള്‍ വിധിന്യായത്തില്‍ കോടതി അംഗീകരിച്ചു. എന്നാല്‍, മറ്റ് നിയമങ്ങളില്‍ വിവരിക്കപ്പെടുന്ന ഇസ്‌റാഈലിന്റെ ജനാധിപത്യ സ്വഭാവത്തെ ഇത് നിരാകരിക്കുന്നില്ലെന്ന് കോടതി വ്യക്തമാക്കി. നിയമനിര്‍മാണം തികച്ചും ഇസ്‌റാഈലിന്റെ നിലനില്‍ക്കുന്ന ജൂത സ്വഭാവത്തെ സംരക്ഷിക്കുന്നതാണെന്ന് 2018-ലെ നിയമത്തെ അനുകൂലിക്കുന്നവര്‍ അവകാശപ്പെട്ടു. രാജ്യത്തെ ജനസംഖ്യയുടെ 20 ശതമാനം വരുന്ന ഇസ്‌റാഈലിലെ ഫലസ്തീന്‍ ന്യൂനപക്ഷങ്ങളുടെ നിലവാരത്തെ ഇത് കൂടുതല്‍ അധോഗതിയിലെത്തിക്കുമെന്ന് നിയമത്തെ വിമര്‍ശിക്കുന്നവര്‍ ചൂണ്ടിക്കാണ്ടി. കോടതി ശരിവെച്ച നിയമം ഭൂരിപക്ഷ വിഭാഗത്തില്‍ പെടാത്തവരെ പൂര്‍ണമായും മാറ്റിനിര്‍ത്തും. ഈ നിയമത്തിന്റെ വിവേചനപരവും വംശീയവുമായ സ്വഭാവം തുറന്നുകാട്ടുന്നതിന് അന്താരാഷ്ട്ര തലത്തില്‍ തുടര്‍ന്നും പ്രവര്‍ത്തിക്കുമെന്ന് നിയമത്തെ അസാധുവാക്കാന്‍ ശ്രമിച്ച ഫലസ്തീന്‍ മനുഷ്യാവകാശ വിഭാഗമായ അദാല പറഞ്ഞു. ഇസ്‌റാഈലിലെ ഫലസ്തീനികള്‍ക്ക് വോട്ട് ചെയ്യുന്നതിനുള്ള അവകാശമുണ്ട്. വിവിധ തൊഴിലുകളില്‍ നല്ലതുപോലെ അവരുടെ പ്രാതിനിധ്യവുമുണ്ട്. എന്നിരുന്നാലും, വീട് നിര്‍മാണം, തൊഴില്‍ വിപണി തുടങ്ങിയ മേഖലകളില്‍ വളരെയധികം വിവേചനം ഫലസ്തീനികള്‍ ഇസ്‌റാഈലില്‍ നേരിടുന്നുണ്ട്.
