9 Friday
January 2026
2026 January 9
1447 Rajab 20

കയ്യൂക്കുള്ളവര്‍ കാര്യക്കാരാകുന്ന ലോകക്രമം ആപത്കരം: ഐ എസ് എം


പുളിക്കല്‍: കയ്യൂക്കുള്ളവര്‍ കാര്യക്കാരാകുന്ന ലോകക്രമം ആപത്കരമാണെന്നും സുരക്ഷിതമായ ജീവിതം ഓരോ മനുഷ്യന്റെയും അവകാശമാണെന്നും ഐ എസ് എം സംസ്ഥാന കൗണ്‍സില്‍ മീറ്റ് അഭിപ്രായപ്പെട്ടു. പുളിക്കല്‍ എബിലിറ്റി ക്യാമ്പസില്‍ നടന്ന കൗണ്‍സില്‍ എബിലിറ്റി ഫൗണ്ടേഷന്‍ ചെയര്‍മാന്‍ കെ അഹമ്മദ്കുട്ടി ഉദ്ഘാടനം ചെയ്തു. ഐ എസ് എം സംസ്ഥാന പ്രസിഡന്റ് സഹല്‍ മുട്ടില്‍ അധ്യക്ഷത വഹിച്ചു.
യുക്രൈന് മേല്‍ റഷ്യ നടത്തുന്ന യുദ്ധം ലോക സമാധാനത്തിനും സമ്പദ് വ്യവസ്ഥക്കും ഭീഷണിയാണ്. മധ്യസ്ഥ നയതന്ത്ര ചര്‍ച്ചകളിലൂടെ പരിഹരിക്കേണ്ട വിഷയങ്ങള്‍ യുദ്ധങ്ങളിലേക്കെത്തുമ്പോള്‍ ആയുധ സൈനിക ശേഷിയുള്ളവര്‍ പറയുന്നത് മറ്റുള്ളവര്‍ അനുസരിക്കണമെന്ന സ്ഥിതിവിശേഷമാണ് ഉണ്ടാവുന്നത്. മൂന്നാം ലോക രാജ്യങ്ങളുടെ സമ്പദ്‌വ്യവസ്ഥ താറുമാറാക്കുന്ന യുദ്ധ ഭീകരതക്കെതിരെ മുഴുവന്‍ മനുഷ്യരും ഒന്നിക്കണമെന്നും ഐ എസ് എം ആവശ്യപ്പെട്ടു.
അടുത്ത ആറു മാസത്തേക്കുള്ള പ്രവര്‍ത്തന പദ്ധതികള്‍ക്ക് കൗണ്‍സില്‍ അംഗീകാരം നല്‍കി. മണ്ഡലം തലങ്ങളില്‍ ഇത്തിബാഅ്, പ്രവര്‍ത്തകരുടെ മാനവശേഷി വികസിപ്പിക്കുന്നതിനുള്ള പ്രത്യേക പരിപാടി തുടങ്ങിയവ സംഘടിപ്പിക്കും. സംസ്ഥാന ജന. സെക്രട്ടറി ഡോ. അന്‍വര്‍ സാദത്ത്, ഡോ. സുഫ്‌യാന്‍ അബ്ദുസ്സത്താര്‍, റാഫി പേരാമ്പ്ര, മുഹ്‌സിന്‍ തൃപ്പനച്ചി, റഫീഖ് നല്ലളം, ജിസാര്‍ ഇട്ടോളി, വി പി ഷാനവാസ്, ആസിഫ് പുളിക്കല്‍, അയ്യൂബ് എടവനക്കാട്, യൂനുസ് ചെങ്ങര, മുഹമ്മദ് മിറാഷ് പ്രസംഗിച്ചു.

Back to Top