ജാതി സെന്‍സസ് നടത്തണം – ഐ എസ് എം സാമൂഹ്യബോധനം
കോഴിക്കോട്: കേരളത്തില്‍ ജാതി സെന്‍സസ് നടത്തണമെന്നും വിഭവ വിതരണത്തിലെ അസന്തുലിതാവസ്ഥ പരിഹരിക്കണമെന്നും ഐ എസ് എം സാമൂഹ്യബോധനം ആവശ്യപ്പെട്ടു. കൃത്യമായ ഡാറ്റകളില്ലാതെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ സാധ്യമല്ല. ജാതി സെന്‍സസിലൂടെ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന വിഭവ വിതരണത്തിലെ അനീതി കണ്ടെത്താന്‍ കഴിയും. അതുവഴി അധികാര കേന്ദ്രങ്ങളില്‍ ജനസംഖ്യാനുപാതികമായ പ്രാതിനിധ്യം ഉറപ്പുവരുത്താന്‍ സാധിക്കുകയും ചെയ്യും. ‘ഇന്‍ഡ്യാ’ സഖ്യം ജാതിസെന്‍സസ് നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അത് ഏറ്റെടുക്കാന്‍ കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ തയ്യാറാവാത്തത് സവര്‍ണ പ്രീണനം മൂലമാണെന്നും ഐ എസ് എം സാമൂഹ്യബോധനം അഭിപ്രായപ്പെട്ടു.
പ്രശസ്ത ചിന്തകന്‍ സണ്ണി എം കപിക്കാട് വിഷയാവതരണം നടത്തി. ഐ എസ് എം സംസ്ഥാന പ്രസിഡന്റ് സഹല്‍ മുട്ടില്‍, ശരീഫ് കോട്ടക്കല്‍, ഡോ. സുഫ്‌യാന്‍ അബ്ദുസ്സത്താര്‍, ജിസാര്‍ ഇട്ടോളി, ഷാനവാസ് ചാലിയം, ഫാസില്‍ ആലുക്കല്‍ എന്നിവര്‍ ചര്‍ച്ചക്ക് നേതൃത്വം നല്‍കി.