16 Sunday
March 2025
2025 March 16
1446 Ramadân 16

സൗഹൃദാന്തരീക്ഷം തകര്‍ക്കുന്നവര്‍ക്കെതിരെ കേരളീയ സമൂഹം ഒന്നിക്കണം -ഐ എസ് എം


കോഴിക്കോട്: രാജ്യത്തിനുതന്നെ മാതൃകയായ കേരളത്തിന്റെ സൗഹാര്‍ദവും സഹവര്‍ത്തിത്വവും തകര്‍ക്കാനുള്ള നീക്കങ്ങളെ മലയാളികള്‍ ഒറ്റക്കെട്ടായി ചെറുത്ത് തോല്‍പ്പിക്കണമെന്ന് ഐ എസ് എം സംസ്ഥാന കമ്മിറ്റി കോഴിക്കോട്ട് സംഘടിപ്പിച്ച മാനവ മൈത്രി സമ്മേളനം ആഹ്വാനം ചെയ്തു. ജാതിയുടെയും മതത്തിന്റെയും പേര് പറഞ്ഞ് വിദ്വേഷ പ്രചാരണം നടത്തി സമുദായങ്ങളെ തമ്മിലടിപ്പിച്ചു ഛിദ്രതയുണ്ടാക്കുന്ന ശക്തികള്‍ക്കെതിരില്‍ മുഖം നോക്കാതെ പ്രതികരിക്കാന്‍ സമുദായ നേതൃത്വങ്ങള്‍ മുന്നോട്ടു വരണം. വര്‍ഗീയ-തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നവരെ മതസമുദായ കൂട്ടായ്മകളില്‍ നിന്നും ആരാധനാലയങ്ങളുടെ പരിസരങ്ങളില്‍ നിന്നും അകറ്റിനിര്‍ത്താന്‍ വിശ്വാസികള്‍ സജ്ജമാകണമെന്നും സമ്മേളനം ആഹ്വാനം ചെയ്തു.
സമുദായങ്ങള്‍ തമ്മിലുള്ള ഐക്യവും സഹവര്‍ത്തിത്വവും കേരളത്തിന്റെ അഭിമാനകരമായ പാരമ്പര്യമാണ്. ലൗ ജിഹാദ്, നര്‍കോട്ടിക് ജിഹാദ് പോലുള്ള ഇല്ലാക്കഥകള്‍ പ്രചരിപ്പിച്ച് സാമൂഹികാന്തരീക്ഷം കലുഷമാക്കി ഛിദ്രത വളര്‍ത്താന്‍ ആരെയും അനുവദിക്കരുത്. ആരാധനാലയങ്ങളില്‍ നിന്ന് സ്‌നേഹഭാഷണങ്ങള്‍ക്കു പകരം വിദ്വേഷഭാഷണങ്ങളുയരുന്നത് ആശങ്കാജനകമാണ്. മതങ്ങള്‍ക്കിടയില്‍ പരസ്പര തിരിച്ചറിവിനുതകും വിധമുള്ള കൂട്ടായ്മകള്‍ വളര്‍ത്തിയെടുക്കാന്‍ മത-സാംസ്‌കാരിക-രാഷ്ട്രീയ നേതൃത്വങ്ങള്‍ മുന്നോട്ടു വരണം.
രാജ്യവ്യാപകമായി ന്യൂനപക്ഷങ്ങള്‍ക്കു നേരെ നടക്കുന്ന വംശീയാതിക്രമങ്ങള്‍ രാജ്യത്തിന്റെ ബഹുസ്വരതക്കു നേരെയുള്ള വെല്ലുവിളിയാണ്.
ന്യൂനപക്ഷ ജനവിഭാഗങ്ങളുടെ ആരാധനാലയങ്ങള്‍ക്കും പുരോഹിതന്മാര്‍ക്കും കന്യാസ്ത്രീകള്‍ക്കുമെതിരെയുള്ള അതിക്രമങ്ങള്‍ അമര്‍ച്ച ചെയ്യാന്‍ ഭരണകൂടം തയ്യാറല്ലെന്നിരിക്കെ കോടതി നേരിട്ട് ഇടപെടണം. 1991-ലെ ആരാധനാലയ നിയമം മറികടന്ന്, സംഘപരിവാറിന്റെ വിദ്വേഷ രാഷ്ട്രീയത്തിന് കൂട്ടു നില്‍ക്കുന്ന നിയമ വ്യവസ്ഥ ആപത്കരമാണ്. ബഹുമാനപ്പെട്ട കോടതികള്‍ തന്നെ നിയമ വ്യവസ്ഥയെ വെല്ലുവിളിക്കുന്നത് ഒട്ടും നീതീകരിക്കാവതല്ലെന്നും സമ്മേളനം വ്യക്തമാക്കി. സൗഹൃദ കേരളം കാമ്പയിന്‍ വെബ്‌സൈറ്റ് ംംം. ീൌവൃൗറമസലൃമഹമാ.രീാ സമ്മേളനത്തില്‍ പ്രകാശനം ചെയ്തു.
സമ്മേളനം കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന ജനറല്‍ സെക്രട്ടറി സി പി ഉമര്‍ സുല്ലമി ഉദ്ഘാടനം ചെയ്തു. യൂത്ത്‌ലീഗ് സംസ്ഥാന ജന.സെക്രട്ടറി പി കെ ഫിറോസ്, കെ ഇ എന്‍ കുഞ്ഞഹമ്മദ്, റവ. ഫാദര്‍ ഡോ. ജെറോം ചിങ്ങന്തറ, ജുബിന്‍ ബാബു (ശാന്തിഗിരി ആശ്രമം), വിവേക് (ശാന്തിഗിരി ആശ്രമം), അഡ്വ. കെ പി ബിനൂബ്, ഡോ. ജാബിര്‍ അമാനി, ആസിഫലി കണ്ണൂര്‍, ഐ എസ് എം സംസ്ഥാന പ്രസിഡന്റ് സഹല്‍ മുട്ടില്‍, ജന.സെക്രട്ടറി ഡോ. കെ ടി അന്‍വര്‍ സാദത്ത്, ഡോ. സുഫ്‌യാന്‍ അബ്ദുസ്സത്താര്‍, റിഹാസ് പുലാമന്തോള്‍ വിവിധ സെഷനുകളില്‍ സംസാരിച്ചു.