19 Saturday
April 2025
2025 April 19
1446 Chawwâl 20

കേരള പൊലീസിനെ സോഷ്യല്‍ ഓഡിറ്റിന് വിധേയമാക്കണം -ഐ എസ് എം


തിരൂര്‍: കേരള പൊലീസിന്റെ സംഘപരിവാര്‍ വിധേയത്വം കൂടുതല്‍ വ്യക്തമാകുന്ന സമകാലിക സാഹചര്യത്തില്‍ പൊലീസ് സേനയിലെ മുസ്‌ലിംവിരുദ്ധര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ കേരള സര്‍ക്കാര്‍ തയ്യാറാകണമെന്ന് ഐ എസ് എം സംസ്ഥാന ലീഡേഴ്‌സ് കോണ്‍ഫറന്‍സ് ആവശ്യപ്പെട്ടു. ആഭ്യന്തരവകുപ്പിനെ നാഗ്പൂരില്‍ നിന്ന് നിയന്ത്രിക്കുന്ന സ്ഥിതി മതേതര കേരളത്തിന് അപമാനമാണ്. കേരള പൊലീസിന്റെ നിഷ്പക്ഷത സംബന്ധിച്ച് ഒരു സോഷ്യല്‍ഓഡിറ്റ് നടത്താന്‍ സര്‍ക്കാര്‍ തയ്യാറാവണം. പൗരന്മാരുടെ ജീവനും സ്വത്തും അഭിമാനവും സംരക്ഷിക്കാന്‍ ബാധ്യതപ്പെട്ട പൊലീസ് സേനാംഗങ്ങള്‍ തന്നെ വിദ്വേഷ രാഷ്ട്രീയത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്നുവെന്നത് സര്‍ക്കാറിന് നേതൃത്വം നല്‍കുന്ന ഇടതുപക്ഷത്തിന്റെ പരാജയമാണ്.
കേരളത്തില്‍ പൊലീസ് സേനയുടെ തലപ്പത്തിരുന്നവരില്‍ മിക്കവരും ബി ജെ പിയിലെത്തുന്നത് ആസൂത്രിതമാണോ എന്ന് പരിശോധിക്കണം. നിലവില്‍ പൊലീസ് സേനയില്‍ തലപ്പത്തിരിക്കുന്നവരുടെ രാഷ്ട്രീയ ഇടപെടലുകളെ സര്‍ക്കാര്‍ ഗൗരവത്തോടെ കാണണം. ഇടതുപാര്‍ട്ടികള്‍ ഏതെങ്കിലും തരത്തില്‍ സംഘപരിവാറുമായി രഹസ്യബന്ധം സൂക്ഷിക്കുന്നത് മതേതര കേരളത്തോട് ചെയ്യുന്ന വഞ്ചനയാണ്. ന്യൂനപക്ഷ പ്രീണനമെന്ന സംഘപരിവാര്‍ പ്രചാരണത്തില്‍ ഇടത്‌സര്‍ക്കാറും വീണുപോയിട്ടുണ്ട് എന്നത് ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ പാപ്പരത്തമാണ് വെളിവാക്കുന്നത്. ഇടതുപാര്‍ട്ടികള്‍ തങ്ങളുടെ രാഷ്ട്രീയ പ്രസക്തി തിരിച്ചറിയണമെന്നും കേരള സര്‍ക്കാറിനെ സംഘപരിവാര്‍ മുക്തമാക്കണമെന്നും കോണ്‍ഫറന്‍സ് ആവശ്യപ്പെട്ടു.
കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന ട്രഷറര്‍ എം അഹമ്മദ്കുട്ടി മദനി ഉദ്ഘാടനം ചെയ്തു. വിവിധ സെഷനുകളില്‍ കെ എന്‍ എം സംസ്ഥാന സെക്രട്ടറി എന്‍ എം അബ്ദുല്‍ജലീല്‍, ഐ എസ് എം സംസ്ഥാന പ്രസിഡന്റ് സഹല്‍ മുട്ടില്‍, ജന. സെക്രട്ടറി ഡോ. കെ ടി അന്‍വര്‍ സാദത്ത്, ഡോ. ഇസ്മായില്‍ കരിയാട്, ഡോ. മുബശ്ശിര്‍ പാലത്ത്, ശരീഫ് തിരൂര്‍, വാരിഷ് ഐ മാക്‌സ് ഗോള്‍ഡ്, ഗഫൂര്‍ തിക്കോടി, ശരീഫ് കോട്ടക്കല്‍, അയ്യൂബ് എടവനക്കാട്, ഡോ. റജൂല്‍ ഷാനിസ്, ഫാസില്‍ ആലുക്കല്‍, ഷാനവാസ് ചാലിയം, മിറാഷ് അരക്കിണര്‍ പ്രസംഗിച്ചു.

Back to Top