മലബാര്‍ സമരത്തെ ചുരുക്കി കെട്ടുന്നവര്‍ക്കെതിരെ പ്രതിരോധം അനിവാര്യം: ഐ എസ് എം
കോഴിക്കോട്: ബ്രിട്ടീഷ് വിരുദ്ധ പോരാട്ട ചരിത്രത്തിലെ അവിസ്മരണീയ ഏടായ മലബാര്‍ സമരത്തെ മാപ്പിള ലഹളയായി ചുരുക്കി കെട്ടി ചരിത്രത്തെ വക്രീകരിക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ ചരിത്രപരമായ പ്രതിരോധം അനിവാര്യമാണെന്ന് ഐ എസ് എം കോഴിക്കോട് സൗത്ത് ജില്ലാ സമിതി സംഘടിപ്പിച്ച ചരിത്ര ബോധന സദസ്സ് ആഹ്വാനം ചെയ്തു. ചരിത്രത്തില്‍ മായം ചേര്‍ത്ത് തങ്ങള്‍ക്ക് അപരവത്കരിക്കേണ്ട വിഭാഗങ്ങളെ വികലമായി അവതരിപ്പിച്ച് ഒറ്റപ്പെടുത്തുന്ന പ്രവണത വര്‍ധിക്കുകയാണ്. ഫാസിസ്റ്റുകളുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ച് ചരിത്ര നിര്‍മിതി നടത്തിക്കൊടുക്കുന്ന ഒറ്റുകാരായ ചരിത്രകാരന്മാരെ തിരിച്ചറിയേണ്ടതുണ്ട്. ഇന്ത്യയുടെ സ്വാതന്ത്ര്യസമര ചരിത്രത്തിലെ സവിശേഷമായ മത സാഹോദര്യത്തിന്റെയും സഹിഷ്ണുതയുടെയും പാഠങ്ങള്‍ പുതുതലമുറക്ക് പകര്‍ന്ന് കൊടുക്കാന്‍ ശ്രമങ്ങളുണ്ടാകണം. ചരിത്രത്തിന്റെ വര്‍ഗീയവത്കരണം ധ്രുവീകരണത്തിന് ആക്കം കൂട്ടുമെന്നതിനാല്‍ രാജ്യത്തിന്റെ കെട്ടുറപ്പ് ആഗ്രഹിക്കുന്നവര്‍ അത്തരം ശ്രമങ്ങളെ ചെറുത്ത് തോല്‍പിക്കണം.
കോഴിക്കോട് കോര്‍പ്പറേഷന്‍ മേയര്‍ ഡോ. ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. എഴുത്തുകാരന്‍ ഒ അബ്ദുല്ല, യൂത്ത്‌ലീഗ് സംസ്ഥാന ജന. സെക്രട്ടറി പി കെ. ഫിറോസ്, കേളു ഏട്ടന്‍ പഠന ഗവേഷണ കേന്ദ്രം ഡയറക്ടര്‍ കെ ടി കുഞ്ഞിക്കണ്ണന്‍, മലബാറിലെ പ്രമുഖ കോളജുകളിലെ ചരിത്രവിഭാഗം വകുപ്പ് തലവന്‍മാരായ ഡോ. ടി മുഹമ്മദലി, ഡോ. പ്രിയ, ഡോ. അജ്മല്‍ മുഈന്‍, ഡോ. മുസ്തഫ ഫാറൂഖ്, ഡോ. ഷിനോയ് ജസിന്‍ത്, ഡോ. പ്രിയദര്‍ശിനി, ഡോ. ജാബിര്‍ അമാനി പ്രഭാഷണം നടത്തി. ഐ എസ് എം സംസ്ഥാന ജന. സെക്രട്ടറി ഡോ. അന്‍വര്‍ സാദത്ത് മോഡറേറ്ററായി. ഫൈസല്‍ പാലത്ത് സ്വാഗതവും അക്ബര്‍ സാദിഖ് നന്ദിയും പറഞ്ഞു.