ശുദ്ധമായ തൗഹീദിന്റെ വക്താക്കളാവുക – സഹല്‍ മുട്ടില്‍
കോഴിക്കോട്: ശുദ്ധമായ തൗഹീദിന്റെ പ്രചാരകരും വക്താക്കളുമാകാന്‍ ഐ എസ് എം പ്രവര്‍ത്തകര്‍ മുന്നോട്ട് വരണമെന്ന് ഐ എസ് എം സംസ്ഥാന പ്രസിഡന്റ് സഹല്‍ മുട്ടില്‍ ആഹ്വാനം ചെയ്തു. ഐ എസ് എം സംസ്ഥാന പ്രവര്‍ത്തക സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഉത്തരാധുനികതയുടെ ജീവിത പരിസരങ്ങളില്‍ പോലും പൗരോഹിത്യവും വിശ്വാസ നിരാസത്തിന്റെ വക്താക്കളും സമൂഹത്തെ പിറകോട്ട് വലിക്കുകയാണ്. മനുഷ്യനെന്ന അഭിമാന ബോധത്തില്‍ നിന്നുകൊണ്ട് മറ്റാരുടെ മുന്നിലും തലകുനിക്കില്ലെന്ന ദൃഢനിശ്ചയമാണ് വിശ്വാസികള്‍ക്കുണ്ടാവേണ്ടത്. മനുഷ്യര്‍ സൃഷ്ടിക്കുന്ന സകല ഭയങ്ങളില്‍ നിന്നും അടിമത്തങ്ങളില്‍ നിന്നും ചൂഷണങ്ങളില്‍ നിന്നും മുക്തമാക്കുന്നതാണ് പ്രകൃതി മതത്തിന്റെ അന്തസ്സത്ത. മുഴുവന്‍ മനുഷ്യരും വിശ്വാസത്തിന്റെ നിര്‍ഭയത്വത്തിലേക്ക് വന്നുചേരാന്‍ തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന ട്രഷറര്‍ ഷരീഫ് കോട്ടക്കല്‍ അധ്യക്ഷത വഹിച്ചു. ജന.സെക്രട്ടറി ഡോ. കെ ടി അന്‍വര്‍ സാദത്ത് പ്രവര്‍ത്തന രേഖ അവതരിപ്പിച്ചു. എ പി മുഹമ്മദ് റാഫി, ജിസാര്‍ ഇട്ടോളി, മുഹ്‌സിന്‍ തൃപ്പനച്ചി, മിറാഷ്, ആസിഫ് പുളിക്കല്‍, വി പി ഷാനവാസ്, അയ്യൂബ് എടവനക്കാട് പ്രസംഗിച്ചു.