ആത്മീയ ചൂഷണം തിരിച്ചറിയണം – ഐ എസ് എം

കണ്ണൂര്‍ ജില്ലാ ഐ എസ് എം കാമ്പയിന്റെ സമാപന സമ്മേളനം കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന വൈസ് പ്രസിഡന്റ് ശംസുദ്ദീന്‍ പാലക്കോട് ഉദ്ഘാടനം ചെയ്യുന്നു.
കണ്ണൂര്‍: മതപരമായ അറിവിന്റെയും അവബോധത്തിന്റെയും അഭാവമാണ് മുസ്‌ലിം സമൂഹത്തിലെ ദുര്‍ബല വിശ്വാസികളെ ആഭിചാര പ്രവര്‍ത്തനങ്ങളിലെത്തിക്കുന്നതെന്നും സാധാരണക്കാരെ ചതിക്കുഴിയില്‍ വീഴ്ത്തുന്ന ആത്മീയ ചൂഷണം തിരിച്ചറിയണമെന്നും ഐ എസ് എം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ‘ആത്മീയത വാണിഭമല്ല വിമോചനമാണ്’ കാമ്പയിന്റെ സമാപന സമ്മേളനം ആവശ്യപ്പെട്ടു. ആത്മീയതയെ കുറിച്ചു വികലമായ സങ്കല്പമുള്ളവരെ പൗരോഹിത്യ മേധാവിത്വം സ്വാധീന വലയത്തിലാക്കി ചുഷണത്തിന് വിധേയമാക്കുകയാണ്. മതത്തോടും മതശാസനകളോടും പ്രതിബദ്ധതയില്ലാത്തവര്‍ പണ്ഡിതരിലും പുരോഹിതരിലുമുണ്ട്. സ്വന്തം താത്പര്യത്തിന് മതത്തെയും മത ചിഹ്നങ്ങളെയും ഇവര്‍ ദുരുപയോഗം ചെയ്യുകയാണ്. ഇസ്‌ലാമില്‍ പൗരോഹിത്യത്തിന്ന് സ്ഥാനമില്ലെന്നും പൗരോഹിത്യ ചൂഷണ തന്ത്രങ്ങളില്‍പ്പെട്ടു പോകരുതെന്നും സമ്മേളനം ആഹ്വാനം ചെയ്തു.
ഒന്നര മാസമായി നടന്നുവന്ന കാമ്പയിന്റെ സമാപന സമ്മേളനം കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന വൈസ് പ്രസിഡന്റ് ശംസുദ്ദീന്‍ പാലക്കോട് ഉദ്ഘാടനം ചെയതു. ഐ എസ് എം ജില്ലാ പ്രസിഡന്റ് സഹദ് ഇരിക്കൂര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി റസല്‍ കക്കാട്, കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന സെക്രട്ടറിമാരായ ഡോ. ജാബിര്‍ അമാനി, ഇസ്മയില്‍ കരിയാട്, ജില്ലാ സെക്രട്ടറി ഡോ. അബ്ദുല്‍ജലീല്‍ ഒതായി, എം ജി എം ജില്ലാ സെക്രട്ടറി ടി പി റുസീന, ഐ എസ് എം സംസ്ഥാന വൈസ് പ്രസിഡന്റ് റാഫി പേരാമ്പ്ര, റിഹാസ് പുലാമന്തോള്‍, എം എസ് എം ജില്ലാ പ്രസിഡന്റ് ഫായിസ് കരിയാട്, ഐ ജി എം ജില്ലാ സെക്രട്ടറി ഷാന ഏഴോം, ജസീല്‍ പൂതപ്പാറ പ്രസംഗിച്ചു.