മണിപ്പൂര്‍; അക്രമികളെ കയറൂരി വിടരുത് – ഐ എസ് എം

മഞ്ചേരി: മണിപ്പൂരില്‍ ആസൂത്രിതമായ കലാപത്തിന് നേതൃത്വം കൊടുത്ത അക്രമികളെ മാതൃകാപരമായി ശിക്ഷിക്കണമെന്നും എത്രയും വേഗം സമാധാനം പുനഃസ്ഥാപിക്കണമെന്നും ഐ എസ് എം സംസ്ഥാന എക്‌സിക്യൂട്ടീവ് ആവശ്യപ്പെട്ടു. ക്രമസമാധാനം ബാധ്യതയുള്ള ഭരണകൂടം നിഷ്‌ക്രിയമായി നില്‍ക്കരുത്. ഓരോ പ്രദേശങ്ങളിലും നീതിപൂര്‍വമായ ഇടപെടലിന് മുന്നിട്ടിറങ്ങണം. കലാപത്തില്‍ ജീവനും സ്വത്തും നഷ്ടപ്പെട്ടവര്‍ക്ക് തക്കതായ നഷ്ടപരിഹാരം നല്‍കാന്‍ ഭരണകൂടത്തിന് ബാധ്യതയുണ്ട്. സമാധാനം പുനഃസ്ഥാപിക്കുന്നതോടൊപ്പം ജീവനോപാധികള്‍ കൂടി ക്രമീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം.
ഏകീകൃത സിവില്‍കോഡ് മുന്നില്‍വെച്ച് സംഘപരിവാര്‍ നയിക്കുന്ന ധ്രുവീകരണ തന്ത്രങ്ങളെ തിരിച്ചറിഞ്ഞ് പ്രതിരോധിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ഇച്ഛാശക്തി കാണിക്കണം. രാജ്യത്തിന്റെ വൈവിധ്യവും ജനാധിപത്യവും ഭരണഘടനയുടെ അടിസ്ഥാന ഘടനയും തകര്‍ക്കാനുള്ള ശ്രമം മാത്രമാണ് ഏകീകൃത സിവില്‍കോഡിന് പിന്നിലുള്ളത്. രാജ്യത്തെ ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളുടെയും വ്യക്തിജീവിതത്തെ ബാധിക്കുന്ന സുപ്രധാന വിഷയത്തില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും നിലപാട് വ്യക്തമാക്കണമെന്നും ഐ എസ് എം ആവശ്യപ്പെട്ടു.
മഞ്ചേരി ഹാര്‍മണി സെന്ററില്‍ നടന്ന യോഗം കെ എന്‍ എം മര്‍കസുദ്ദഅ്‌വ മലപ്പുറം ഈസ്റ്റ് ജില്ലാ സെക്രട്ടറി അബ് ദുല്‍അസീസ് തെരട്ടമ്മല്‍ ഉദ്ഘാടനം ചെയ്തു. ഐ എസ് എം പ്രസിഡന്റ് സഹല്‍ മുട്ടില്‍ അധ്യക്ഷത വഹിച്ചു. അലി പത്തനാപുരം, റഫീഖ് നല്ലളം, ശരീഫ് കോട്ടക്കല്‍, ഡോ. സുഫ്‌യാന്‍ അബ്ദുസ്സത്താര്‍, ഷാനവാസ് പേരാമ്പ്ര, ജിസാര്‍ ഇട്ടോളി, അയ്യൂബ് എടവനക്കാട്, മുഹ്‌സിന്‍ തൃപ്പനച്ചി, യൂനുസ് ചെങ്ങര, റാഫി കുന്നുംപുറം പ്രസംഗിച്ചു. വിവിധ ജില്ലകളെ പ്രതിനിധീകരിച്ച് ജൗഹര്‍ അയനിക്കോട്, ലത്തീഫ് മംഗലശേരി, ഹാരിസ് ടി കെ എന്‍, ഫാദില്‍ കോഴിക്കോട്, ഡോ. സാബിത്ത് പാലക്കാട്, സഹദ് കൊല്ലം, സി എ അനീസ്, അദീബ് പൂനൂര്‍, റിഹാസ് പുലാമന്തോള്‍, ഫാസില്‍ ആലുക്കല്‍, ഡോ. ഷബീബ്, ഡോ. റജൂല്‍ ഷാനിസ് ചര്‍ച്ചയില്‍ പങ്കെടുത്തു.
