ഫാസിസ്റ്റ് വിരുദ്ധ പോരാട്ടം നിര്‍വീര്യമാക്കരുത് – ഐ എസ് എം

പരപ്പനങ്ങാടി: ഫാസിസ്റ്റ് വിരുദ്ധ പോരാട്ടം നിര്‍വീര്യമാക്കുന്ന തന്ത്രങ്ങള്‍ക്ക് മുസ്‌ലിം സംഘടനകള്‍ നിന്നുകൊടുക്കരുതെന്ന് ഐ എസ് എം സംസ്ഥാന പ്രവര്‍ത്തക സമിതി യോഗം ആവശ്യപ്പെട്ടു. ആര്‍ എസ് എസുമായി ചില മുസ്‌ലിം സംഘടനകള്‍ നടത്തിയ ചര്‍ച്ചയുടെ വിശദാംശങ്ങള്‍ പുറത്ത് വിടാന്‍ അവര്‍ തയ്യാറാവണം. ആര്‍ എസ് എസ് ഹിന്ദുസമൂഹത്തെ പ്രതിനിധീകരിക്കുന്നവരാണ് എന്ന തരത്തിലുള്ള വ്യാഖ്യാനങ്ങള്‍ ഹിന്ദുസമൂഹത്തെ അപമാനിക്കലാണ്. മുസ്‌ലിം കര്‍തൃത്വത്തിലുള്ള രാഷ്ട്രീയ പാര്‍ട്ടികളെ മാറ്റിനിര്‍ത്തിക്കൊണ്ടുള്ള ആര്‍ എസ് എസിന്റെ ചര്‍ച്ചകള്‍ ദുരൂഹമാണ്. ഇക്കാര്യത്തില്‍ ചര്‍ച്ചയില്‍ പങ്കെടുത്ത മുസ്‌ലിം സംഘടനകള്‍ നിലപാട് വ്യക്തമാക്കണമെന്നും ഐ എസ് എം ആവശ്യപ്പെട്ടു.
കേരളത്തിന്റെ വംശീയ മുന്‍വിധികള്‍ക്ക് അടിയന്തര ചികിത്സ നല്‍കണം. നിറത്തിന്റെ പേരില്‍ മോഷണമാരോപിച്ച് ആള്‍ക്കൂട്ടം വിചാരണ ചെയ്യുന്ന സംഭവങ്ങള്‍ കേരളത്തിന് അപമാനമാണ്. വയനാട്ടിലെ ആദിവാസി യുവാവ് വിശ്വനാഥന്റെ മരണത്തിന് ഉത്തരവാദികളായവരെ മാതൃകാപരമായി ശിക്ഷിക്കണമെന്നും ഐ എസ് എം ആവശ്യപ്പെട്ടു.
കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന സെക്രട്ടറി പി സുഹൈല്‍ സാബിര്‍ ഉദ്ഘാടനം ചെയ്തു. ഐ എസ് എം സംസ്ഥാന വൈസ്പ്രസിഡന്റ് അയ്യൂബ് എടവനക്കാട് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജന. സെക്രട്ടറി ഡോ. കെ ടി അന്‍വര്‍ സാദത്ത് പദ്ധതികള്‍ വിശദീകരിച്ചു. ശരീഫ് കോട്ടക്കല്‍, ഷാനവാസ് ചാലിക്കര, മുഹ്‌സിന്‍ തൃപ്പനച്ചി, ജിസാര്‍ ഇട്ടോളി, മിറാഷ് കോഴിക്കോട്, വി പി ഷാനവാസ്, റാഫി കുന്നുംപുറം, കെ ടി ഗുല്‍സാര്‍ പ്രസംഗിച്ചു.
