26 Friday
July 2024
2024 July 26
1446 Mouharrem 19

ഇസ്ലാം ഭീതി പടര്‍ത്തരുത്‌


കൈവെട്ട് കേസ് വീണ്ടും വാര്‍ത്തയിലേക്ക് വന്നിരിക്കുകയാണ്. കേരള മുസ്ലിംകളെ സംബന്ധിച്ചേടത്തോളം പൊതുമണ്ഡലത്തില്‍ വലിയ പരിക്ക് സൃഷ്ടിച്ച സംഭവമാണത്. മുസ്ലിം സമുദായം മൊത്തമായി തന്നെ അതിനെ തള്ളിപ്പറഞ്ഞിട്ടുണ്ട് എന്നത് വാസ്തവമാണ്. എന്നിരുന്നാലും, ഇസ്ലാം ഭീതി പടര്‍ത്താനുള്ള ഒരു റഫറന്‍സ് പോയിന്റായി അത് ഇടക്കിടെ ഉയര്‍ന്നുവരുന്നു എന്നത് ഖേദകരമാണ്. ചില അവിവേകികളുടെ ക്രിമിനല്‍ വാസന ഒരു സമുദായത്തിന്റെ പേരിലേക്ക് വലിച്ചിഴക്കരുത് എന്നാണ് പ്രാഥമികമായി പറയാനുള്ളത്. പ്രവാചകനെ നിന്ദിച്ചു എന്ന പേരില്‍ നിയമം കയ്യിലെടുക്കാനോ ആക്രമണം നടത്താനോ മതപരമായോ ധാര്‍മികമായോ അവകാശമില്ല. കോടിക്കണക്കിന് വിശ്വാസികള്‍ ആദരിക്കുന്ന പ്രവാചകനെ ഏതെങ്കിലും തരത്തില്‍ നിന്ദിച്ചാല്‍ തന്നെ അതിന് മറുപടി കൊടുക്കേണ്ട വിധം ഇങ്ങനെയല്ല എന്ന് അക്കാലം തൊട്ട് തന്നെ മുസ്ലിം സമുദായം പറയുന്നതാണ്. ആ സംഭവത്തെ ഏതെങ്കിലും തരത്തില്‍ ന്യായീകരിക്കുന്ന ഒന്നും തന്നെ ഉണ്ടാകാന്‍ പാടില്ല.
പ്രവാചകന്റെ കാലം തൊട്ടെ പ്രവാചക നിന്ദയുണ്ട്. സര്‍ഗാത്മക പ്രതിരോധം കൊണ്ടാണ് പ്രവാചകന്‍ അധിക്ഷേപങ്ങളെ നേരിട്ടത്. വ്യക്തിവൈരാഗ്യമോ വിദ്വേഷമോ അദ്ദേഹം പ്രകടിപ്പിട്ടില്ല. അതുകൊണ്ട് തന്നെ, ഇക്കാലത്തും പ്രവാചക വിമര്‍ശനങ്ങളെ വൈജ്ഞാനിക തലത്തിലും പ്രവാചക നിന്ദയെ സര്‍ഗാത്മകമായും പ്രതിരോധിക്കാന്‍ നമുക്ക് സാധിക്കും. വിമര്‍ശനവും നിന്ദയും ഒന്നല്ല എന്നത് വസ്തുതയാണ്. പക്ഷെ, ഏത് ഘട്ടത്തിലായാലും നിലനില്‍ക്കുന്ന നിയമവ്യവസ്ഥയെ അട്ടിമറിക്കാനോ നിയമം കയ്യിലെടുക്കാനോ ആക്രമണം നടത്താനോ മതം അനുവാദം നല്‍കുന്നില്ല. മതപരമായ ഈ കല്‍പ്പന ഉള്ളതുകൊണ്ടാണ് മഹാഭൂരിപക്ഷം വരുന്ന വിശ്വാസികള്‍ പ്രവാചക നിന്ദയെ എതിര്‍ക്കുമ്പോഴും കൈവെട്ട് സംഭവത്തെ തള്ളിപ്പറയുന്നത്. എന്നാല്‍, വിരലിലെണ്ണാവുന്ന ചിലര്‍ നടത്തിയ അക്രമ പ്രവര്‍ത്തനങ്ങളുടെ പേരില്‍ മഹാഭൂരിപക്ഷം വരുന്ന വിശ്വാസികളുടെ മാര്‍ഗദര്‍ശനത്തെ പ്രാകൃതമെന്നും ഗോത്രീയമെന്നും വിളിക്കുന്നത് ബാലിശമാണ്. മതവിദ്യാഭ്യാസമാണ് ഈ തീവ്രവാദികളെ ഉണ്ടാക്കിയതെന്നും മദ്‌റസാ വിദ്യാഭ്യാസം തന്നെ നിര്‍ത്തലാക്കണമെന്നും വാദിക്കുന്നത് ബൗദ്ധിക സത്യസന്ധത ഇല്ലായ്മയാണ്. ന്യൂനാല്‍ ന്യൂനപക്ഷത്തിന്റെ ചെയ്തികളുടെ പേരില്‍ മതത്തെ ഒന്നടങ്കം ആക്രമിക്കുമ്പോള്‍, മതവിദ്യാഭ്യാസം നേടിയ മഹാഭൂരിപക്ഷം പേരുടെ സഹിഷ്ണുതാപരമായ നിലപാടിനോട് എന്ത് സമീപനമാണ് സ്വീകരിക്കുക?
മദ്‌റസ വിദ്യാഭ്യാസത്തിന് വേണ്ടി സര്‍ക്കാര്‍ പണം ചെലവഴിക്കുന്നുണ്ടെന്നും പൊതുജനങ്ങളുടെ നികുതിപ്പണം അതിനായി മാറ്റിവെക്കുന്നത് ശരിയല്ലെന്നും കൂട്ടത്തില്‍ പ്രചരിപ്പിക്കുന്നുണ്ട്. സംഘപരിവാരത്തിന്റെ നുണ ഫാക്ടറിയില്‍ ഉണ്ടായ, വാട്‌സാപ്പ് യൂണിവേഴ്‌സിറ്റിയിലൂടെ കറങ്ങിനടക്കുന്ന ഫേക്ക് ന്യൂസിനെ ആധികാരിക വാര്‍ത്ത എന്ന നിലയില്‍ മാധ്യമങ്ങള്‍ക്ക് മുമ്പില്‍ അവതരിപ്പിക്കുന്നത് മുസ്ലിം വിദ്വേഷ പ്രചരണമാണ്. നമ്മുടെ കണ്‍മുന്നിലുള്ള ഒരു യാഥാര്‍ഥ്യത്തെ ഇങ്ങനെയൊക്കെ വളച്ചൊടിക്കാന്‍ സാധിക്കുന്നവര്‍, നൂറ്റാണ്ടുകള്‍ക്ക് മുമ്പെ ജീവിച്ച പ്രവാചകന്റെ കാര്യത്തില്‍ അസംബന്ധങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ അത്ഭുതമില്ല. സംഘപരിവാറും യുക്തിവാദികളും ഒരുമിച്ച് ചേരുന്ന കണ്ണിയായി ഇസ്ലാം ഭീതി മാറിയിട്ടുണ്ട് എന്നതാണ് യാഥാര്‍ഥ്യം.
പ്രവാചകനെ ആരെങ്കിലും വിമര്‍ശിക്കുകയോ നിന്ദിക്കുകയോ ചെയ്താല്‍ അത് പ്രവാചകനോ ഇസ്ലാം മതത്തിനോ യാതൊരു കോട്ടവും സംഭവിക്കുകയില്ല. എന്നാല്‍, നിന്ദയും അവഹേളനവും ഭരണഘടനാ വിരുദ്ധമാണ്. അത് ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പരിധിക്ക് പുറത്താണ്. അത്തരം സംഭവങ്ങള്‍ക്കെതിരെ മാതൃകാപരമായ നിയമനടപടികളാണ് ഉണ്ടാവേണ്ടത്. വിമര്‍ശനത്തെ വൈജ്ഞാനികമായും നിന്ദയെ നിയമപരമായും നേരിടുകയാണ് വേണ്ടത്. ലോകത്തെ മുസ്ലിം ചരിത്രത്തില്‍ നിന്നുള്ള പ്രമാണബദ്ധമായ മാതൃകയും അത് തന്നെയാണ്.

2 1 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x