ഇസ്ലാമോ ഫോബിയക്കെതിരെ രംഗത്തുവന്ന യൂറോപ്യന്‍ വനിതക്ക് വിമര്‍ശനം
മുസ്ലിം വിദ്വേഷത്തിനെതിരെ പോരാടാന്‍ ആഹ്വാനം ചെയ്ത് വീഡിയോ പങ്കുവെച്ച യൂറോപ്യന്‍ കമ്മീഷന്‍ കോഓഡിനേറ്റര്‍ മരിയോണ്‍ ലാലിസിനെതിരെ വിമര്‍ശനം. അന്താരാഷ്ട്ര ഇസ്ലാമോഫോബിയ വിരുദ്ധ ദിനത്തോടനുബന്ധിച്ച് തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ അറബി ഭാഷയില്‍ പങ്കുവെച്ച വീഡിയോ ക്ലിപ്പിനെതിരെയാണ് ഫ്രഞ്ച് രാഷ്ട്രീയ പ്രവര്‍ത്തകരും ആക്ടിവിസ്റ്റുകളും രംഗത്തുവന്നത്. മുസ്ലിംകള്‍ക്കെതിരായ അക്രമവും വിദ്വേഷവും യൂറോപ്യന്‍ യൂണിയന്റെ മൂല്യങ്ങളുമായി ഒത്തുപോകുന്നില്ലെന്ന് മരിയോണ്‍ ലാലിസ് പറഞ്ഞു. അക്രമ-പ്രകോപന പ്രവര്‍ത്തനങ്ങള്‍ മുസ്ലിം സമൂഹത്തിന് യൂറോപ്യന്‍ യൂണിയനില്‍ അരക്ഷിതബോധം സൃഷ്ടിക്കും. ഇന്ന് യൂറോപ്പില്‍, മുസ്ലിം സ്ത്രീകള്‍ നേരിടുന്ന വിവേചനവും പീഡനവും എനിക്ക് നന്നായി അറിയാം. ഇത് ഇവിടെയുള്ള മറ്റ് ചില സമൂഹത്തിന് നേരെയുമുണ്ട്. യൂറോപ്യന്‍ സിവില്‍ സൊസൈറ്റി സംഘടനകളുടെ സഹായത്തോടെ ഞാന്‍ വിശ്രമില്ലാതെ പ്രവര്‍ത്തിക്കും -മരിയോണ്‍ കൂട്ടിച്ചേര്‍ത്തു. മുസ്ലിം സമൂഹത്തിനെതിരെ നടക്കുന്ന വിവേചനങ്ങള്‍ക്കും വിദ്വേഷത്തിനുമെതിരെ നിഷ്പക്ഷമായ വിവരങ്ങള്‍ ശേഖരിക്കേണ്ടതുണ്ടെന്നും അവര്‍ പറഞ്ഞു. യൂറോപ്യന്‍ യൂണിയന്‍ മോശമായ അവസ്ഥയില്‍ നിന്ന് കൂടുതല്‍ മോശമായിക്കൊണ്ടിരിക്കുകയാണ്. യൂണിയനിലെ അംഗീകൃത ഭാഷയല്ലാതിരുന്നിട്ടും, അറബിയില്‍ വീഡിയോ പങ്കുവെച്ചത് അതിന്റെ തെളിവാണെന്ന് റെസ്റ്റോറേഷന്‍ ഫ്രാന്‍സ് പാര്‍ട്ടിയുടെ നേതാവ് ദാമിയന്‍ റിയോ വിമര്‍ശിച്ചു.