13 Saturday
April 2024
2024 April 13
1445 Chawwâl 4

മുസ്‌ലിം വിരുദ്ധ പൊതുബോധം ചുട്ടെടുക്കുന്ന ഇടതുപക്ഷ തന്ത്രങ്ങള്‍

ഖാദര്‍ പാലാഴി


സിപി എം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന്‍ കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ പാര്‍ട്ടിയുടെ തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ സംസാരിക്കവെ ഒരു സാമുദായിക വെടി പൊട്ടിക്കുകയുണ്ടായി. കോണ്‍ഗ്രസിന്റെനേതൃനിരയില്‍മതന്യൂനപക്ഷങ്ങളെ പാടെഅവഗണിക്കുന്നുവെന്നായിരുന്നു ആ വെടി. ഇതേത്തുടര്‍ന്ന്രാഷ്ട്രീയനേട്ടത്തിനായി കോടിയേരിവര്‍ഗീയത ഇളക്കിവിടുന്നുവെന്നൊക്കെ അന്ന് വിമര്‍ശനമുണ്ടായി. മറ്റൊരു വിഷയം വന്നപ്പോള്‍ വിവാദം കെട്ടടങ്ങിയെങ്കിലും ആ കോടിയേരി സങ്കടത്തിന്റെ വിവിധ ഉപസങ്കടങ്ങള്‍ അന്തരീക്ഷത്തില്‍ ഇപ്പോഴും മുഴങ്ങിക്കൊണ്ടിരിക്കുന്നുണ്ട്.
കോടിയേരി പറഞ്ഞത് കേട്ടാല്‍ തോന്നുംസി പി എം നേതൃത്വത്തില്‍ മതന്യൂനപക്ഷങ്ങളുടെ ബഹളമാണെന്ന്. എന്നാല്‍ഇക്കാര്യം ചൂണ്ടിക്കാട്ടിയുള്ളഒരു ചോദ്യം പോലുംആരും അന്ന്ഉന്നയിച്ചില്ല. സി പി എം മെഷിനറികള്‍ വളര്‍ത്തിയെടുത്ത തെറ്റിദ്ധാരണയാണ് അതിന് കാരണം. ജാതിപരമോ മതപരമോ ആയ ചിന്ത ഏഴയലത്തു പോലുമില്ലാത്ത തികച്ചും വര്‍ഗരാഷ്ട്രീയാടിത്തറയില്‍ സംഘടിപ്പിക്കപ്പെട്ട ഒരു കൂട്ടമാണ് സി പി എം എന്നതാണ് ആ തെറ്റിദ്ധാരണ.
കോടിയേരിയുടെ ഈ പ്രസ്താവനയുടെ അടിസ്ഥാനത്തില്‍കേരളത്തില്‍ ഉടനീളമുള്ള സി പി എം ബ്രാഞ്ച്-ലോക്കല്‍-ഏരിയാ-ജില്ലാ സെക്രട്ടറിമാരുടെ ജാതിയും മതവും അന്വേഷിച്ചാലോ? ത്രിതല പഞ്ചായത്ത് അംഗങ്ങളുടെ സമുദായക്കണക്ക് എടുത്താലോ? പാര്‍ട്ടിക്ക് കീഴിലോ നിയന്ത്രണത്തിലോ ഉള്ള സംസ്ഥാനത്തെ സഹകരണ സംഘങ്ങള്‍ ഉള്‍പ്പെടെആയിരക്കണക്കിന്സ്ഥാപനങ്ങളിലെ പതിനായിരക്കണക്കിന് ജീവനക്കാരുടെ ജാതി-മത സ്റ്റാറ്റിസ്റ്റിക്‌സ് ശേഖരിച്ചാലോ?26.56% ഉള്ള മുസ്‌ലിംകള്‍ 100ല്‍ 5എങ്കിലുമുണ്ടാകുമോ? 18.38% ഉള്ള ക്രിസ്ത്യാനികള്‍ 100ല്‍ 15 എങ്കിലുമുണ്ടാകാനിടയുണ്ട്. 54.73% ഉള്ള ഹിന്ദുക്കള്‍ എത്രയുണ്ടെന്നും അതില്‍ പട്ടികജാതി-വര്‍ഗ പ്രാതിനിധ്യം എങ്ങനെയെന്നതുംഅന്വേഷിക്കുന്നത് കൗതുകമായിരിക്കും.
ഇത്തരം കണക്കെടുക്കുക എന്നത് ഹിമാലയന്‍ ടാസ്‌കാണ്. ഏറ്റവും എളുപ്പം ചെയ്യാവുന്നത് സംസ്ഥാന സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ശമ്പളവും പെന്‍ഷനും അലവന്‍സുകളും നല്‍കുന്ന ബോര്‍ഡ്-കോര്‍പറേഷന്‍-കമ്പനി-അക്കാദമി നിയമനങ്ങളും കേരളത്തിലെ നൂറോളം വകുപ്പുകളിലെ കരാര്‍-ദിവസക്കൂലി നിയമനങ്ങളുമാണ്.
ഇങ്ങനെയുള്ള അന്വേഷണത്തില്‍ നമുക്ക്നിശ്ചയമായും കിട്ടുന്ന ഉത്തരമുണ്ട്. അത് ഒരു വിഭാഗത്തിന്റെ ജനസംഖ്യക്ക് അപ്പുറമുള്ള പ്രാതിനിധ്യത്തിന്റെയും മറ്റൊരു വിഭാഗത്തിന്റെ നാമമാത്രമായുള്ള പ്രാതിനിധ്യത്തിന്റെയും ഞെട്ടിക്കുന്ന കണക്കായിരിക്കും.
പക്ഷേ, വിവേചനത്തിന്റെ ഈ പടുകൂറ്റന്‍ കണക്ക് പുറത്തുവന്നാലും സി പി എമ്മിന് അതിനു കൃത്യമായ മറുപടിയുണ്ട്: ”ഇത്തരം കാര്യങ്ങളില്‍ ജാതിയും മതവും നോക്കുന്നത് വര്‍ഗീയ തീവ്രവാദികളുടെ പതിവാണ്. കേരളത്തിന്റെ മതനിരപേക്ഷ പാരമ്പര്യത്തെ വെല്ലുവിളിക്കുകയാണവര്‍ ചെയ്യുന്നത്.ഞങ്ങള്‍ ഇത്തരം ചിന്തകള്‍ക്ക് അതീതമായി കാര്യങ്ങളെ നോക്കിക്കാണുന്നവരാണ്”എന്നൊക്കെയായിരിക്കും അത്.
സാക്ഷാല്‍ ഈ സി പി എം നേതൃത്വം തന്നെയായിരുന്നു ഒരു തെരഞ്ഞെടുപ്പുകാലത്ത് കുഞ്ഞൂഞ്ഞ്- കുഞ്ഞാലിക്കുട്ടി-കുഞ്ഞുമാണി പ്രചാരണത്തിലൂടെ വോട്ടുകൊയ്ത്ത് നടത്തിയത്. ക്രിസ്ത്യന്‍ വര്‍ഗീയത വളര്‍ന്നു പന്തലിക്കാന്‍പന്തലൊരുക്കിയത്. ഒരേ നാവു കൊണ്ട് മതനിരപേക്ഷതയുടെഗിരിപ്രഭാഷണം നടത്തുകയും അതേ നാവു കൊണ്ട് സാമുദായികത പ്രസംഗിക്കുകയുംമറ്റൊരു വേദിയില്‍ പോയി ആര്‍ എസ് എസില്‍ നിന്ന് ന്യൂനപക്ഷങ്ങള്‍ നേരിടുന്ന ഭീഷണി മുന്നറിയിപ്പ് ഉയര്‍ത്തുകയും സ്വന്തം വേദിയില്‍ നിന്ന് മുസ്‌ലിം വിരുദ്ധ പൊതുബോധം സൃഷ്ടിക്കുകയും സ്വന്തം കൈകള്‍ കൊണ്ടുതന്നെ വിവേചനത്തിന്റെ കൊടുംകൃത്യങ്ങള്‍ ചെയ്തുമാണ് സി പി എം കേരളത്തില്‍ വിചിത്ര രാഷ്ട്രീയം പയറ്റുന്നത്.
സംസ്ഥാന സ്‌കൂള്‍ കലോത്സവവേദിയില്‍ സംഘി പശ്ചാത്തലമുള്ളവര്‍ മുസ്‌ലിം തീവ്രവാദിയെ ഒരുക്കിയത് സംസ്ഥാനത്ത്സി പി എം വളര്‍ത്തിക്കൊണ്ടുവന്ന മുസ്‌ലിം വിരുദ്ധ പൊതുബോധത്തിന്റെ ഒരു ബൈ പ്രൊഡക്റ്റ് മാത്രമായിരുന്നു. അതുകൊണ്ടാണ് റിഹേഴ്‌സലില്‍ എം എല്‍ എക്കും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്കും അതില്‍ അസ്വാഭാവികത തോന്നാതിരുന്നത്. അന്ന് നടന്നത് ഡ്രസ് റിഹേഴ്‌സലായിരുന്നു എന്നൊരു ദുര്‍ബലവാദം കൊണ്ടുവന്നിരുന്നെങ്കിലും അത് പൊളിഞ്ഞ് പാളീസായി.ഉദ്ഘാടന ദിവസം മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും മറ്റനേകം സി പി എം രാഷ്ട്രീയക്കാരുംഈ ആവിഷ്‌കാരം കണ്ട്കയ്യടിക്കുകയും സമ്മാനം നല്‍കി ‘വണ്‍സ് മോര്‍’ വിളിക്കുകയുമാണല്ലോ ചെയ്തത്.
കലോത്സവ വേദിയില്‍ വേഷം കൊണ്ടാണ് തീവ്രവാദിയെ ഉണ്ടാക്കിയതെങ്കില്‍ കേവലം പേരു കൊണ്ടല്ലേ ആവിക്കല്‍തോട് സമരത്തില്‍ സി പി എം സെക്രട്ടറി തീവ്രവാദി സാന്നിധ്യംആവര്‍ത്തിച്ചുറപ്പിച്ചത്? ഗെയില്‍ സമരത്തില്‍ അവരെ കണ്ടെത്തിയത്? വിഴിഞ്ഞത്ത് പക്ഷേ പേരും വേഷവും വേറിട്ടതായിട്ടും തീവ്രവാദി അസാന്നിധ്യം അര്‍ഥശങ്കക്കിടയില്ലാത്ത വിധമാണ് പ്രഖ്യാപിച്ചത്. അതേസമയം കലോത്സവ വേദിയിലെ തീവ്രവാദിയാക്രമണം ആമൂലാഗ്രം നെറ്റ്‌വര്‍ക്കുള്ള പാര്‍ട്ടിയുടെസെക്രട്ടറി വളരെ വൈകിയാണ് അറിഞ്ഞതുപോലും!
കുടുക്കില്‍ നിന്ന് രക്ഷപ്പെടാന്‍ സി പി എം ആരെയും ബലി കൊടുക്കും എന്നതിന്റെ തെളിവായിരുന്നു സ്‌കൂള്‍ കലോത്സവ വേദിയിലെ ദൃശ്യാവിഷ്‌കാരം കൊണ്ടുണ്ടായ പരിക്ക് പോത്തിറച്ചി കൊണ്ട് മറയ്ക്കാന്‍ പാര്‍ട്ടി നടത്തിയ ശ്രമം.നോണ്‍വെജ് ചര്‍ച്ച ഹലാല്‍ ഭക്ഷണത്തിലെത്തുകയും എങ്ങാണ്ടോ കിടന്ന മുസ്‌ലിംകളെ പ്രതിയാക്കുകയും ചെയ്‌തെങ്കിലും കെ പി എ മജീദും കെ എം ഷാജിയും ചാടിവീണ് ഷാജന്‍ സ്‌കറിയയുടെയും ആര്‍ വി ബാബുവിന്റെയും അന്നം മുടക്കിക്കളഞ്ഞു. ചര്‍ച്ച വീണ്ടും ദൃശ്യാവിഷ്‌കാരത്തിലേക്ക് തിരിച്ചെത്തിയപ്പോഴാണ് അന്വേഷണ പ്രഖ്യാപനവും മാതാ പേരാമ്പ്രയുടെ വിലക്കുമുണ്ടായത്.
നിലപാട് വൈരുധ്യങ്ങള്‍ അവസാനിക്കുന്നില്ല. ജോണ്‍ ബ്രിട്ടാസിന്റെ നേതൃത്വത്തിലുള്ള മുസ്‌ലിം സംരക്ഷണസേന മുജാഹിദ് സമ്മേളനത്തിന്റെ നിയന്ത്രണം ഏറ്റെടുത്തെങ്കിലും ഒരു മദനിക്കും ഒരുസ്വലാഹിക്കും ഒരു കിലോമീറ്റര്‍ അപ്പുറമുള്ള ആ എയ്ഡഡ് സ്‌കൂളിലെ ഹിജാബ് വിലക്കില്‍ ഈ സംരക്ഷണസേന തിരിഞ്ഞോടിയ കാര്യം ഓര്‍മിപ്പിക്കാനായില്ല. കര്‍ണാടകയില്‍ പോയി ഹിജാബ് സ്വാതന്ത്ര്യത്തിനു വേണ്ടി സംസാരിച്ച മുഖ്യമന്ത്രിയുടെ പാര്‍ട്ടിയോ ഡിഫിയോ എസ് എഫ് ഐയോ ഹിജാബ് അവകാശത്തിനു വേണ്ടി ഒരു വരി മുദ്രാവാക്യം പോലും മുഴക്കിയില്ല. പതിവു പോലെ അത് മുസ്‌ലിം വിദ്യാര്‍ഥി സംഘടനകളുടെ മാത്രം ഉത്കണ്ഠയായി അവസാനിച്ചു.
തെരഞ്ഞെടുപ്പാവുമ്പോള്‍ റൂട്ട്മാര്‍ച്ച് നടത്തുന്ന ഈ മുസ്‌ലിം സംരക്ഷണസേന രണ്ടാം ടേമില്‍ റിലീസ് ചെയ്ത് വന്‍ ബോക്‌സോഫീസ് വിജയമാക്കിയപടമാണ് ‘പിന്‍വലിക്കല്‍ മഹാമഹം.’ വഖ്ഫ് ബോര്‍ഡ് നിയമനം പി എസ് സിക്ക് വിടല്‍, ജെന്‍ഡര്‍ ന്യൂട്രല്‍ വസ്ത്രം, കുടുംബശ്രീ പ്രതിജ്ഞ, ശ്രീറാം വെങ്കിട്ടരാമന്റെ നിയമനം, സ്‌കൂള്‍ സമയമാറ്റം, പാഠ്യപദ്ധതി അങ്ങനെ പലതും. ഈ സമുദായത്തിന് തുള്ളിച്ചാടാന്‍ പക്ഷേ ഇതൊക്കെ മതി. എന്ന് മാത്രമല്ല, ഈ പിന്‍വലിക്കല്‍ ആഘോഷിക്കാന്‍ ബസും കാറും വിളിച്ച് അവര്‍ മുതലക്കുളത്തേക്കും കടപ്പുറത്തേക്കും മാര്‍ച്ച് ചെയ്യുകയും ചെയ്യും. സര്‍ക്കാര്‍ ഖജനാവിലെത്തുന്നഎല്ലാവരുടെയും നികുതിപ്പണം എങ്ങനെ വിതരണം ചെയ്യപ്പെടുന്നുവെന്ന് നോക്കാനാവാത്ത വിധംതലേക്കെട്ടുള്ളതും ഇല്ലാത്തവരുമായ നേതൃത്വം ഷണ്ഡീകരിക്കപ്പെട്ടിരിക്കുന്നു.
ഏതായാലും സി പി എമ്മിന്റെ കൂടി പങ്കാളിത്തത്തോടെ നിര്‍മിച്ചെടുത്ത മുസ്‌ലിം വിരുദ്ധ പൊതുബോധം ചിലപ്പോഴൊക്കെ പരസ്പരപൂരകമായുംചിലപ്പോഴൊക്കെ പോരാടിയും രംഗത്തുവരുന്ന കാഴ്ച നാം കാണുന്നു. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മുക്ത ഭാരതം ഉയര്‍ത്തിയ എന്‍ ഡി എക്ക് കേരളത്തില്‍ 15.64% വോട്ടാണ് കിട്ടിയത്. അഥവാ31,71,792 പേര്‍ അവര്‍ക്ക് വോട്ട് ചെയ്തു. യു ഡി എഫിന് 19 സീറ്റും എല്‍ ഡി എഫിന് ഒരു സീറ്റും കിട്ടി. നൂറോളം മണ്ഡലത്തില്‍ യു ഡി എഫ് ഭൂരിപക്ഷം നേടി. 2021ല്‍ എല്‍ ഡി എഫ് പ്രചരിപ്പിച്ചത് യു ഡി എഫ് ജയിച്ചാല്‍ കുഞ്ഞാലിക്കുട്ടി ഉപമുഖ്യമന്ത്രിയാവുമെന്നായിരുന്നു. അതിനു ഫലമുണ്ടായി. എന്‍ ഡി എയുടെ വോട്ട് ഷെയര്‍ 12.36% ആയി കുറഞ്ഞു. ആകെ വോട്ടും കുറഞ്ഞു. 25,82,289 ആയി. എല്‍ ഡി എഫിന് 99 സീറ്റ് കിട്ടി. ബി ജെ പിക്കാര്‍ ബി ജെ പിക്കാര്‍ക്കു തന്നെയാവും വോട്ട് ചെയ്തിരിക്കുക. എന്നാല്‍ ഇരുകൂട്ടര്‍ക്കും മാറിമാറി വോട്ട് ചെയ്യുന്നവരുടെ എണ്ണം കേരളത്തില്‍ കൂടിവരികയാണ് എന്നാണ് ഇത് സൂചിപ്പിക്കുന്നത്. കുഞ്ഞാലിക്കുട്ടി ഉപമുഖ്യമന്ത്രിയാവുന്ന അപകടകരമായ സാഹചര്യം ഒഴിവാക്കാനാണ് ഈ മുസ്‌ലിം വിരുദ്ധ പൊതു ഇടനാഴിയിലുള്ളവര്‍ ശ്രമിക്കുന്നത്.
തെറ്റായ സന്ദേശങ്ങള്‍ പ്രചരിപ്പിച്ചുകൊണ്ടുള്ള രാഷ്ട്രീയം ചിലപ്പോള്‍ കൈവിട്ടുപോകും എന്നതിന്റെ സൂചന കൂടിയാണ് 2021ലെ തെരഞ്ഞെടുപ്പ് നല്‍കിയത്. ബി ജെ പിക്ക് കെട്ടിവെച്ച കാശ് കിട്ടാത്ത 10 മണ്ഡലങ്ങളില്‍ അവര്‍ 27% മുതല്‍ 38% വരെ വോട്ട് നേടി. മഞ്ചേശ്വരം (37.7%), നേമം (35.54%), പാലക്കാട് (35.34%), കാസര്‍കോഡ് (34.88%), തൃശൂര്‍ (31.3%), മലമ്പുഴ (30.68%), ചാത്തന്നൂര്‍ (30.61%), കഴക്കൂട്ടം (29.06%), വട്ടിയൂര്‍ക്കാവ് (28.17%), തിരുവനന്തപുരം (27.29%) എന്നിവയാണിത്.
ഇതിനര്‍ഥം ഈ മണ്ഡലങ്ങളിലും മറ്റിടങ്ങളിലും എക്കാലവും സി പി എം അനുഭാവികളായിരുന്നവരും കോണ്‍ഗ്രസ് അനുഭാവികളായിരുന്നവരും ബി ജെ പിക്ക് ശങ്കയേതുമില്ലാതെ വോട്ട് ചെയ്യാന്‍ മാത്രം മനസ്സു പാകപ്പെടുത്തിയെന്നാണ്.
ഒരു കാര്യം സി പി എം ഉള്‍ക്കൊള്ളുന്നത് നന്ന്. കേരള ജനസംഖ്യയുടെ 26.56% ഉള്ള94 ലക്ഷം മുസ്‌ലിംകളില്‍ ബി ജെ പിക്ക് വോട്ട് ചെയ്തവര്‍നൂറിലധികം വരില്ല. 18.38% വരുന്ന ക്രിസ്ത്യന്‍ ജനവിഭാഗത്തില്‍ നിന്ന് ആയിരക്കണക്കിന് വോട്ടുകള്‍ പോയിട്ടുണ്ടാവും. അവശേഷിക്കുന്നതൊക്കെ 54.73% വരുന്ന ഹിന്ദു ജനവിഭാഗങ്ങളില്‍ നിന്നാണ്. ഈ വോട്ടുകളില്‍ നിങ്ങള്‍ക്ക് ചെയ്തിരുന്നവയില്‍നാള്‍ക്കുനാള്‍ ചോര്‍ച്ച കൂടിക്കൊണ്ടിരിക്കയാണ്. അതുകൊണ്ടുതന്നെ സി പി എമ്മിനെ രാഷ്ട്രീയ മാനക്കേടില്‍ നിന്ന് രക്ഷിക്കാനുള്ളത് സി പി എം കേഡര്‍ വോട്ടുകളും കുറച്ച് ക്രിസ്ത്യന്‍ വോട്ടുകളും മുസ്‌ലിം വോട്ടുകളുമാണ്.
ഹിന്ദു വോട്ടുകള്‍ ഇത്ര വേഗം ഇത്രയധികം ചോരാന്‍ നിങ്ങളുണ്ടാക്കുന്ന മുസ്‌ലിം വിരുദ്ധ പൊതുബോധം ഉണര്‍വിലും ഉറക്കത്തിലും പ്രവര്‍ത്തിക്കുന്നുണ്ട്. ഒളിച്ചുകടത്തപ്പെടുന്ന ആ പൊതുബോധ നിര്‍മിതി എത്രയും വേഗം നിര്‍ത്തിയില്ലെങ്കില്‍ അപകടകരമായ നാളുകളാണ്കാത്തിരിക്കുന്നത്. നിങ്ങളെയും നമ്മളെയും എല്ലാവരെയും.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x