3 Saturday
June 2023
2023 June 3
1444 Dhoul-Qida 14

കലോത്സവത്തിലെ ഇസ്ലാം ഭീതി


ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കൗമാര ഉത്സവം എന്ന ഖ്യാതി നേടിയി സംസ്ഥാന സ്‌കൂള്‍ കലോത്സവം സമാപിച്ചു. കോവിഡിന് ശേഷം വിപുലമായി നടന്ന കലോത്സവം എന്ന നിലയിലും കലാസ്വാദകരുടെ നാടായ കോഴിക്കോട്ടു വെച്ചാണ് നടന്നത് എന്ന നിലക്കും മാധ്യമചര്‍ച്ചകളില്‍ കലോത്സവം നിറഞ്ഞു നിന്നു.
എന്നാല്‍ കലോത്സവത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് വിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ തയ്യാറാക്കിയ സ്വാഗതഗാനം ഒട്ടേറെ വിമര്‍ശനങ്ങള്‍ വിളിച്ചുവരുത്തിയിട്ടുണ്ട്. ഇസ്ലാമിനെയും മുസ്ലിംകളെയും തീവ്രവാദത്തോട് ചേര്‍ത്തു നിര്‍ത്താനുള്ള ശ്രമങ്ങള്‍ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. ഒരു സര്‍ക്കാര്‍ സംവിധാനത്തിലൂടെ ഔദ്യോഗിക പരിവേഷത്തോടെയാണ് മുസ്ലിംകളെ തീവ്രവാദികളായി ചിത്രീകരിച്ചുകൊണ്ടുള്ള ആവിഷ്‌കാരം നടന്നിട്ടുള്ളത്.
ചുമതലയുള്ള ജനപ്രതിനിധികളും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും റിഹേഴ്‌സല്‍ കണ്ട് ബോധ്യപ്പെട്ടതിനുശേഷമാണ് ഉദ്ഘാടന സെഷനിലെ സാംസ്‌കാരിക പരിപാടികള്‍ ഉണ്ടാവുക. പ്രത്യേകിച്ച്, നാടകാവിഷ്‌കാരങ്ങള്‍ പോലെയുള്ളത് സൂക്ഷ്മമായ രാഷ്ട്രീയ സന്ദേശങ്ങള്‍ കൂടി ഉള്‍ച്ചേര്‍ന്നതായിരിക്കുന്നതുകൊണ്ട് അത്തരത്തിലുള്ള മോണിറ്ററിംഗ് സ്വാഭാവികമാണ്. പക്ഷെ, അങ്ങനെ ബോധ്യപ്പെട്ടതിനു ശേഷമാണ് ഈ സ്വാഗതഗാന ദൃശ്യാവിഷ്‌കാരവും എന്നത് ഏറെ ഗൗരവമുള്ള കാര്യമാണ്.
കഫിയ്യ ധരിച്ച മുസ്ലിം തീവ്രവാദി എന്ന ഇമേജ് ആവിഷ്‌കരിക്കുന്നത് കേരളീയ പൊതുബോധത്തില്‍ സ്വാഭാവികമായി തീര്‍ന്നു എന്നാണോ നാം കരുതേണ്ടത്? റിഹേഴ്‌സല്‍ കണ്ട ഒരാള്‍ക്കും ഈ അഭിനയത്തിലെ മുസ്ലിം വിരുദ്ധത ബോധ്യപ്പെട്ടില്ല എങ്കില്‍ കേരളത്തിന്റെ രാഷ്ട്രീയ സംസ്‌കാരം അടിയന്തര ചികിത്സ ആവശ്യപ്പെടുന്നുണ്ട്. ഇസ്ലാമോഫോബിയ തീര്‍ത്തും സ്വാഭാവികമായി മാറിയോ? കേരളീയ പൊതുബോധത്തെ സംബന്ധിച്ച് നിരവധി വിമര്‍ശങ്ങള്‍ നേരത്തെ തന്നെയുണ്ട്. എന്നിരുന്നാലും, ഔദ്യോഗിക സംവിധാനങ്ങളിലും രാഷ്ട്രീയ സൂക്ഷ്മത പുലര്‍ത്തേണ്ട സന്ദര്‍ഭങ്ങളിലും അത് മുസ്ലിം വിരുദ്ധമാണ് എന്നു വീണ്ടും വീണ്ടും സ്ഥാപിക്കപ്പെടുന്നത് അത്ര ശുഭകരമല്ല.
സ്വാഗതഗാന ആവിഷ്‌കാരം തയ്യാറാക്കാന്‍ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയ വ്യക്തിയുടെ രാഷ്ട്രീയ പശ്ചാത്തലം തന്നെ വിമര്‍ശനവിധേയമാണ്. സംഘ്പരിവാര്‍ രാഷ്ട്രീയത്തോട് പരസ്യമായ വിധേയത്വം പുലര്‍ത്തുന്ന ഒരാള്‍ക്ക് എങ്ങനെയാണ് ഇടതുപക്ഷ സര്‍ക്കാറിന് കീഴിലെ സാംസ്‌കാരിക പരിപാടിക്ക് നേതൃത്വം കൊടുക്കാന്‍ അവസരം ലഭിക്കുന്നത്? ഇതും ചര്‍ച്ച ചെയ്യേണ്ടതാണ്. ഇപ്പോള്‍ കേരളം ഭരിച്ചുകൊണ്ടിരിക്കുന്ന ഇടതുപക്ഷ സര്‍ക്കാറിന് കൃത്യമായ രാഷ്ട്രീയ നിലപാടുകള്‍ ഉണ്ടാവുമെന്നാണ് നാം കരുതേണ്ടത്. ഇടതുപക്ഷം എന്ന പേര് തന്നെ ഒരു രാഷ്ട്രീയ നിലപാടാണല്ലോ.
എന്നാല്‍, ഇടതുപക്ഷത്തിന്റെ സാംസ്‌കാരിക നിലപാട് എന്നത് ഇവിടത്തെ സംഘ്പരിവാര്‍ രാഷ്ട്രീയത്തെ സഹായിക്കാനുള്ളതാണോ? മുസ്ലിം വിരുദ്ധത പേറുന്ന മനസ്സുകള്‍ക്ക് എങ്ങനെയാണ് ഇടതുപക്ഷ സാംസ്‌കാരിക ഭൂമികയില്‍ ഇടം ലഭിക്കുന്നത്? ഇടതു രാഷ്ട്രീയത്തോട് ആഭിമുഖ്യമില്ലാത്ത, അതേ സമയം സംഘ്പരിവാര്‍ വിരുദ്ധരും കോണ്‍ഗ്രസ് സഹയാത്രികരുമായ ഒരു സാംസ്‌കാരിക പ്രവര്‍ത്തകനും ഈ സര്‍ക്കാറിന്റെ കാലത്ത് അറിയാതെ പോലും ഇടം ലഭിക്കുന്നില്ല. കോണ്‍ഗ്രസ് സഹയാത്രികരായതിന്റെ പേരില്‍ സാംസ്‌കാരിക-സാഹിത്യ മേഖലകളില്‍ അവഗണിക്കപ്പെടുന്നുണ്ടെന്ന് പലരും പരാതി പറയുകയും ചെയ്തിട്ടുണ്ട്.
എന്നാല്‍ സംഘ്പരിവാര്‍ രാഷ്ട്രീയത്തോട് ആഭിമുഖ്യം പുലര്‍ത്തുന്നവര്‍ക്ക് ഇടത് സാംസ്‌കാരിക ഭൂമികയില്‍ കയറിനില്‍ക്കാന്‍ പറ്റുന്നു എന്നത് ഗുരുതരമായ രാഷ്ട്രീയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തിന്റെ പേരില്‍ മുഴങ്ങുന്ന മുദ്രാവാക്യങ്ങള്‍ വായുവില്‍ ലയിച്ചു ചേരാനുള്ളത് മാത്രമാണോ? അതിന്റെ ബൗദ്ധികവും സാംസ്‌കാരികവുമായ ഗുണഫലങ്ങള്‍ ലഭിക്കേണ്ടത് ഇത്തരം മേഖലകളിലാണ്.
ഇസ്ലാമോഫോബിയ പടര്‍ത്താന്‍ തല്‍പരകക്ഷികള്‍ ശ്രമിക്കുന്നു എന്നിരിക്കെ, അതിനോട് രാഷ്ട്രീയ സൂക്ഷ്മത പുലര്‍ത്തേണ്ട ഇടതുപക്ഷ സാംസ്‌കാരിക രംഗം മൂകസാക്ഷിയായി നില്‍ക്കുന്നത് ആ പ്രത്യയശാസ്ത്രത്തെ ബാധിച്ചിരിക്കുന്ന അനാരോഗ്യത്തിന്റെ തെളിവാണ്. മുസ്ലിംകളെ തീവ്രവാദികളായി ചിത്രീകരിക്കാന്‍ കലോത്സവ വേദിയില്‍ ഇടം ഒരുക്കിയ മുഴുവന്‍ ആളുകള്‍ക്കെതിരെയും നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. ഇടതുപക്ഷത്തിന് അതിന്റെ ധാര്‍മിക ബാധ്യതയുണ്ട്.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x