ഇസ്‌ലാമോഫോബിയ അമേരിക്കയില്‍ മില്യണ്‍ ഡോളര്‍ വ്യവസായം
നാസിം അഹ്മദ്/ വിവ. ഡോ. സൗമ്യ പി എന്‍
ലോകമാസകലം ഇസ്‌ലാമോഫോബിയ നിരീക്ഷിക്കുന്നതിനും നേരിടുന്നതിനുമായി ഒരു സ്റ്റേറ്റ് ഡിപാര്‍ട്ട്‌മെന്റ് ഓഫിസ് ഉണ്ടാക്കുന്നതിനുള്ള ബില്ലിനെ പിന്തുണച്ചുകൊണ്ട് അമേരിക്കയിലെ സെനറ്റ് അംഗങ്ങള്‍ വോട്ട് ചെയ്തു. ജനപ്രതിനിധി സഭയിലെ അംഗങ്ങള്‍ പാര്‍ട്ടി അനുസരിച്ചു വോട്ട് ചെയ്യുന്നതുകൊണ്ട് പത്തു സീറ്റ് ഭൂരിപക്ഷമുള്ള ഡെമോക്രാറ്റുകള്‍ നേരിയ ഭൂരിപക്ഷത്തില്‍ നിയമത്തിനു വിജയം ഉറപ്പാക്കി എന്നത് ഇസ്‌ലാമിന്റെയും മുസ്‌ലിംകളുടെയും കാര്യത്തില്‍ യു എസില്‍ നിലനില്‍ക്കുന്ന കടുത്ത അഭിപ്രായ ഭിന്നതയാണ് കാണിക്കുന്നത്.
റിപബ്ലിക് പ്രതിനിധികള്‍ ബില്ലിനെ ശക്തമായി എതിര്‍ത്തു. ചിലര്‍ പരാജയത്തിലുള്ള തങ്ങളുടെ അരിശം സമൂഹമാധ്യമങ്ങളിലൂടെ സ്ഥിരം ഇസ്ലാമോഫോബിക് ശൈലിയില്‍ പ്രകടിപ്പിച്ചു. 2001 സപ്തംബര്‍ 11-ലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിനു ശേഷം സാധാരണമായിത്തീര്‍ന്നതും വളര്‍ന്നുവരുന്നതുമായ മുസ്‌ലിം വിരുദ്ധ മനോഭാവം അമേരിക്കക്ക് ഉയര്‍ത്തുന്ന വെല്ലുവിളികള്‍ എത്ര വലുതാണെന്നതിന് ഇനിയും സ്ഥിരീകരണം ആവശ്യമെങ്കില്‍ അതിന് ഉതകുന്നതാണ് മുസ്‌ലിം വിരുദ്ധ പ്രസ്താവനകളും ആഖ്യാനങ്ങളും നിറഞ്ഞ ആ പോസ്റ്റുകള്‍.
ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങിനെ പോലുള്ളവരും മിഡില്‍ ഈസ്റ്റിലെ പല ഭരണകൂടങ്ങളും അമേരിക്കയുടെ ഭീകരതയ്ക്ക് എതിരായ യുദ്ധം മാതൃകയായി സ്വീകരിച്ചിട്ടുണ്ട്. ശരീഅത്തിന്റെ വ്യാപനത്തെക്കുറിച്ചുള്ള ഗൂഢാലോചനാ സിദ്ധാന്തങ്ങളും മുസ്‌ലിംവിരുദ്ധമായ ഭീതി പരത്തലും അമേരിക്കയില്‍ മാത്രമല്ല ലോകമെമ്പാടുമുള്ള സമൂഹങ്ങളില്‍ ആഴത്തില്‍ വേരൂന്നിയിരിക്കുന്നു. ഇപ്പോഴത്തെ യു എസ് ഭരണകൂടത്തിന്റെ ഇസ്‌ലാമോഫോബിയ നേരിടാനുള്ള ശ്രമങ്ങളുടെ ഗൗരവതക്കുള്ള തെളിവ് അമേരിക്കന്‍ തീരങ്ങളിലെ ഇസ്‌ലാമോഫോബിയ വ്യാപാരികളും ഇസ്രായേലും തമ്മിലുള്ള കൂട്ടുകെട്ട്- നേരിടുന്നതില്‍ കാണിക്കുന്ന ഗൗരവത്തില്‍ തന്നെയുണ്ട്.
ആ വ്യാപാരം എത്രത്തോളം ഭീമമാണെന്ന് പ്രമുഖ മുസ്‌ലിം സംഘടനയായ കൗണ്‍സില്‍ ഓണ്‍ ഇസ്‌ലാമിക് റിലേഷന്‍സ് (CAIR) പുറത്തിറക്കിയ റിപ്പോര്‍ട്ട് വെളിവാക്കുന്നു. ‘ഇസ്‌ലാമോഫോബിയ ഇന്‍ ദ മെയിന്‍ സ്ട്രീം’ എന്ന റിപ്പോര്‍ട്ട് അനുസരിച്ച് യു എസില്‍ മാത്രം 2017-19 കാലയളവില്‍ ഇസ്‌ലാമോഫോബിയ നെറ്റ്‌വര്‍ക്കുകളിലേക്ക് 105,865,763 ഡോളര്‍ ഒഴുക്കിയെന്നു കാണാം. ഈ ഗ്രൂപ്പുകള്‍ തെറ്റായ വിവരങ്ങളും മുസ്‌ലിംകളെയും ഇസ്‌ലാമിനെയും സംബന്ധിച്ച ഗൂഢാലോചനാ സിദ്ധാന്തങ്ങളും പ്രചരിപ്പിച്ചുകൊണ്ട് ഇസ്‌ലാമോഫോബിയ നേരിടാന്‍ പ്രതീക്ഷിക്കുന്ന യു എസ് ജനപ്രതിനിധികളുടെ മുന്നിലെ വെല്ലുവിളി ഉയര്‍ത്തിക്കാണിച്ചു.
അടുത്ത കാലത്തായി റിപ്പബ്ലിക്കന്‍ പാര്‍ട്ടിയെ ഹൈജാക് ചെയ്തിരിക്കുന്ന വലതുപക്ഷ ക്രിസ്ത്യന്‍ ഇവാന്‍ജലിക്കല്‍ ഗ്രൂപ്പുകളും സന്നദ്ധ സംഘടനകളും അമേരിക്കയിലെ ഇസ്‌ലാമോഫോബിയ നെറ്റ്‌വര്‍ക്കിന് ധനസഹായം ചെയ്യുന്നവരില്‍ ആദ്യ സ്ഥാനങ്ങളിലുണ്ട്. അതുപോലെ ഇസ്രായേല്‍ അനുകൂല ജൂത സംഘടനകളും റിപ്പോര്‍ട്ടില്‍ പ്രമുഖ സ്ഥാനത്തുണ്ട്.
ഇസ്‌ലാമോഫോബിയ നെറ്റ്‌വര്‍ക്ക് എന്നത് തീവ്ര ഇസ്‌ലാം വിരുദ്ധ ദര്‍ശനം പങ്കുവെക്കുന്ന നടന്മാരുടെയും സംഘടനകളുടെയും വ്യക്തികളുടെയും കേന്ദ്രീകൃതമല്ലാത്ത കൂട്ടമാണ്. അവര്‍ ഇസ്‌ലാമിനും മുസ്‌ലിംകള്‍ക്കും ഗവണ്‍മെന്റിന്റെ നയങ്ങള്‍ക്കും എതിരായി പൊതുജനാഭിപ്രായം രൂപീകരിക്കുകയും ചെയ്യുന്നു. അതില്‍ മത-രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ഇസ്‌ലാമിനെയും മുസ്‌ലിംകളെയും വളച്ചൊടിക്കുന്ന രാഷ്ട്രീയക്കാരും ചിന്തകരും പണ്ഡിതരും മതവിഭാഗങ്ങളും ആക്റ്റിവിസ്റ്റുകളുമുണ്ട്. റിപ്പോര്‍ട്ട് അനുസരിച്ച്, വര്‍ഷങ്ങളായി ഈ വ്യവസായം ധനാഗമന സ്രോതസ്സായും രാഷ്ട്രീയ സഹായങ്ങള്‍ക്കായും മുഖ്യധാരയിലെ സേവന സംഘടനകളെ ആശ്രയിച്ചുവരുന്നു.
ഉദാഹരണമായി മുമ്പത്തെ ഒരു പഠനം കണ്ടെത്തിയത് 1096 സംഘടനകള്‍ ഇസ്‌ലാമോഫോബിയ നെറ്റ്‌വര്‍ക്കിലെ 39 ഗ്രൂപ്പുകളെ 2014-16 കാലയളവില്‍ 1.5 ബില്യന്‍ ഡോളര്‍ ഫണ്ട് ചെയ്തിട്ടുണ്ട് എന്നാണ്. സംഭാവനകളുടെ ഈ നിലയ്ക്കാത്ത ഉറവിടമാണ് മുസ്‌ലിം വിരുദ്ധതയും ഇസ്‌ലാമോഫോബിക് സന്ദേശങ്ങളും മുഖ്യധാരയിലുള്ള രാഷ്ട്രീയവും നിയമപരവും വിദ്യാഭ്യാസപരവും മാധ്യമസംബന്ധിയുമായ മേഖലകളില്‍ ഒരു വ്യാപക സാന്നിധ്യമായിത്തീര്‍ന്നതിനു കാരണം. ഈ റിപ്പോര്‍ട്ട് കാണിക്കുന്നത്, വര്‍ഷങ്ങളായി സംഭാവന നല്‍കുന്നവരോ സംഘടനകളോ പൊതുസമൂഹമോ പോലും അറിയാതെ ഈ നെറ്റ്‌വര്‍ക്ക് അമേരിക്കയിലെ പേരുകേട്ട ധര്‍മസ്ഥാപനങ്ങളില്‍ നിന്നുപോലും സാമ്പത്തികവും രാഷ്ട്രീയവുമായ സഹായങ്ങള്‍ സ്വീകരിച്ചുവരുന്നു എന്നാണ്.
റിപ്പോര്‍ട്ട് അനുസരിച്ച് ഫണ്ട് ചെയ്യുന്നവരുടെ പട്ടികയില്‍ ഏറ്റവും മുകളിലുള്ളതില്‍ ഒന്ന് ആന്‍ഡേഴ്‌സണ്‍ ഫാമിലി ഫൗണ്ടേഷനാണ്. അത് ഫിഡെലിറ്റി ചാരിറ്റബിള്‍ ഗിഫ്റ്റ് ഫണ്ട് ഫൗണ്ടേഷന്‍ എന്നതിന് രണ്ടാമതായി വന്നു. അതാണ് ഏഴു ലക്ഷത്തോളം ഡോളര്‍ ഇസ്‌ലാമോഫോബിക് നെറ്റ്‌വര്‍ക്കിലെ ഗ്രൂപ്പുകള്‍ക്ക് 2017-നും 2019-നും ഇടയില്‍ കൊടുത്തത്. അതിന്റെ സ്ഥാപകനായ ഷെല്‍ഡണ്‍ ജി അടേല്‍സണ്‍ ഇസ്രായേലിന്റെ വലിയ അനുകൂലിയാണ്. യു എസ് മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രധാന ദാതാവായ അടെല്‍സണിന്റെ സമ്പത്ത് ജി ഒ പി യെ കടുത്ത ഫലസ്തീന്‍ വിരോധികളാക്കി മാറ്റുകയും, അമേരിക്കയും ഇസ്രായേലിലെ തീവ്ര വലതുപക്ഷവും തമ്മില്‍ ഒരു വ്യത്യാസവുമില്ലെന്ന് ഉറപ്പുവരുത്തുകയും ചെയ്തു. എനിക്ക് ഒരു വിഷയമേയുള്ളൂ, അത് ഇസ്രായേലാണ് എന്ന് അടെല്‍സണ്‍ പറഞ്ഞതായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. 2017-നും 2019-നുമിടയില്‍ അദ്ദേഹത്തിന്റെ ഫൗണ്ടേഷന്‍ നാല് മില്യണ്‍ ഡോളറിനടുത്ത് മുസ്‌ലിം വിരുദ്ധ ഗ്രൂപ്പുകള്‍ക്ക് നല്‍കി.
2017-19 കാലയളവില്‍ മൊത്തം മൂന്നു മില്യണ്‍ ഡോളര്‍ അടെല്‍സണ്‍ ഫൗണ്ടേഷന്‍ മിഡില്‍ ഈസ്റ്റ് മീഡിയ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന് (MEMRI) സംഭാവന ചെയ്തു. റിപ്പോര്‍ട്ട് അനുസരിച്ച് ങഋങഞക അറബിക്, പേര്‍ഷ്യന്‍ മാധ്യമങ്ങളെ തെരഞ്ഞെടുത്തതും വളച്ചൊടിച്ചതുമായ വിവര്‍ത്തനങ്ങള്‍ നല്‍കി ഉദ്ധരിക്കുന്നതിന് പ്രശസ്തമാണ്. ഇങ്ങനെ തെരഞ്ഞെടുത്തു പ്രസിദ്ധീകരിക്കുന്നതുവഴി മുസ്‌ലിംകളെയും അറബികളെയും ജന്മനാ അക്രമികളും യുക്തിഹീനരുമായി ചിത്രീകരിക്കാനാണ് ഈ സംഘടന ശ്രമിക്കുന്നത്. സി എന്‍ എന്നിന്റെ അറബിക് വിഭാഗവും അവരുടെ പരിപാടികള്‍ക്ക് ങഋങഞകയുടെ വിവര്‍ത്തനത്തില്‍ ഗുരുതരമായ പ്രശ്‌നങ്ങള്‍ കണ്ടെത്തിയിട്ടുണ്ടത്രേ.
പട്ടികയില്‍ മൂന്നാമതുള്ള ജ്യൂയിഷ് കമ്മ്യൂണല്‍ ഫണ്ടും ഇസ്‌ലാമോഫോബിയ നെറ്റ്‌വര്‍ക്കില്‍ ഉള്‍പ്പെട്ട കുപ്രസിദ്ധമായ ചില ഗ്രൂപ്പുകള്‍ക്ക് മൂന്നു മില്യണിലധികം ഡോളര്‍ സംഭാവന നല്‍കിയിട്ടുണ്ട്. അത് അമേരിക്കന്‍ ഫ്രീഡം ഡിഫന്‍സ് ഇനീഷ്യേറ്റിവിന് (AFDI) അമ്പതിനായിരം ഡോളര്‍ സംഭാവന നല്‍കി. അഎഉക മുസ്‌ലിംകളെ പ്രാകൃതരെപ്പോലെ ചിത്രീകരിച്ചു പത്രപരസ്യം നല്‍കിയവരും ദുഷ്‌പേരുള്ള അതിതീവ്ര മുസ്‌ലിം വിരുദ്ധ വെറുപ്പ് പരത്തുന്ന കൂട്ടരായി അറിയപ്പെടുന്നവരുമാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. പ്രസ്തുത സംഘടനയുടെ പ്രസിഡന്റായ പമേല ഗെല്ലെര്‍ അറിയപ്പെടുന്ന ഒരു ഇസ്‌ലാമോഫോബാണ്.
സംഭാവന ലഭിച്ചവരില്‍ പല ഫലസ്തീന്‍ വിരുദ്ധ ഗ്രൂപ്പുകളുമുണ്ട്. ഇസ്രായേല്‍ അനുകൂല സമ്മര്‍ദ ഗ്രൂപ്പായ കമ്മിറ്റി ഫോര്‍ ആക്യുറസി ഇന്‍ മിഡില്‍ ഈസ്റ്റ് റിപ്പോര്‍ട്ടിങ് ഇന്‍ അമേരിക്കക്ക് (CAMERA) 2017-19 കാലത്ത് നാല് മില്യനിലധികം ഗ്രാന്റ് ലഭിച്ചു. കനത്ത സംഭാവനകള്‍ ലഭിച്ച മറ്റൊരു കുപ്രസിദ്ധ മുസ്‌ലിം വിരുദ്ധ ഗ്രൂപ്പാണ് മിഡില്‍ ഈസ്റ്റ് ഫോറം (MEF). അതിന്റെ സ്ഥാപകനായ ഡാനിയേല്‍ പൈപ്‌സ് അവര്‍ക്ക് ലഭിച്ച രണ്ട് മില്യന്‍ ഡോളര്‍ ഇസ്‌ലാമിനെ സ്വതവേ അക്രമാസക്തമായ ദര്‍ശനമായും സാമ്രാജ്യത്വ വിശ്വാസമായും ചിത്രീകരിക്കാനായി വിനിയോഗിച്ചു എന്ന് റിപ്പോര്‍ട്ട് പറയുന്നു. വാഷിങ്ടണിലെ നിയോകോണ്‍ ലോബി ഗ്രൂപ്പുകള്‍ ഏറ്റവുമധികം ഫണ്ട് ലഭിച്ചവരില്‍ പെടും.
ദി ഫൗണ്ടേഷന്‍ ഫോര്‍ ഡിഫന്‍സ് ഓഫ് ഡെമോക്രസീസ് (FDD) പത്തു മില്യണ്‍ ഡോളറിനടുത്ത് 2017നും 2019നുമിടയില്‍ സംഭാവനയായി നേടി. FDD ഭീകരതക്കെതിരായ യുദ്ധം എന്ന ആഖ്യാനവും അനുബന്ധ നയങ്ങളും മുന്നോട്ടുകൊണ്ടുപോകുന്നു. FDD സീനിയര്‍ ഫെലോ ആയ ആന്‍ഡ്രൂ മക്കാര്‍ത്തി നാഷണല്‍ റിവ്യൂവില്‍ എഴുതി: ”ബുഷ് ഭരണകൂടം ഇസ്രായേല്‍ പ്രശ്‌നം പരിഹരിക്കുന്നതിനായി ദ്വിരാഷ്ട്ര പരിഹാരം ഉണ്ടാക്കിയെടുക്കുന്നതിനായി ശ്രമിക്കുന്നതുവഴി രക്തസാക്ഷിത്വത്തെ ആരാധിക്കുന്ന പ്രാകൃതര്‍ക്ക് രാഷ്ട്രം നല്‍കണമെന്ന് നിര്‍ബന്ധം പിടിക്കുകയാണ്.”
മേല്‍പ്പറഞ്ഞതിനു പുറമേ പതിറ്റാണ്ടുകളായി വെറുപ്പിന്റെ മില്യണ്‍ ഡോളര്‍ വ്യവസായത്തെ നിലനിര്‍ത്തുന്നതിനു പുറമേ സമൂഹത്തില്‍, മുസ്‌ലിംകളെ ലക്ഷ്യംവെച്ചുള്ള ആക്രമണങ്ങളും പള്ളികള്‍ക്കു നേരെയുള്ള ആക്രമണങ്ങളും സ്‌കൂളുകളില്‍ മുസ്‌ലിംകളെ ശല്യപ്പെടുത്തലും ട്രംപിന്റെ കാലത്തു വര്‍ധിച്ചുവന്ന, മുഖ്യധാരാ മാധ്യമങ്ങളിലും രാഷ്ട്രീയത്തിലും മുസ്‌ലിം വിരുദ്ധ സന്ദേശങ്ങള്‍ നല്‍കുന്നതും ഉള്‍പ്പെടെ നിത്യജീവിതത്തില്‍ ഇസ്‌ലാമോഫോബിയ മുസ്‌ലിംകളെ നേരിട്ട് ബാധിക്കുന്ന സംഭവങ്ങളും റിപ്പോര്‍ട്ട് രേഖപ്പെടുത്തുന്നു. ഇതി ലെ കണ്ടെത്തലുകള്‍ എത്രത്തോളം സമൂഹത്തില്‍ ഇസ്‌ലാമോഫോബിയ മുഖ്യധാരയുടെ ഭാഗമായി സ്വീകാര്യമായിത്തീര്‍ന്നിരിക്കുന്നു എന്നു കാണിക്കുന്നു.
ജീവകാരുണ്യ സംഘടനകളോട്, വെറുപ്പ് വളര്‍ത്തുന്നതിനെതിരായി വ്യക്തമായ നയങ്ങളും നടപടിക്രമങ്ങളും നിലവില്‍ കൊണ്ടുവരുന്നതുവഴി, തങ്ങളുടെ ഫണ്ടുകള്‍ വെറുപ്പുല്‍പാദന ഗ്രൂപ്പുകളിലേക്ക് എത്തുന്നില്ലെന്ന് ഉറപ്പു വരുത്തണമെന്ന് റിപ്പോര്‍ട്ടിന്റെ ശുപാര്‍ശകളില്‍ നിര്‍ദേശിക്കുന്നു. ഗ്രാന്റ് നല്‍കുന്നതിനുള്ള പ്രക്രിയകള്‍ പരിശോധിക്കുന്നു. തങ്ങള്‍ മനഃപൂര്‍വമോ അല്ലാതെയോ ഇസ്‌ലാമോഫോബിയ നെറ്റ്‌വര്‍ക്ക് ഗ്രൂപ്പുകള്‍ക്ക് പണം എത്തിക്കുന്നുണ്ടോ എന്ന് അന്വേഷിക്കാന്‍ സംഘടനകളോട് ആവശ്യപ്പെടുന്നു.
അമേരിക്കന്‍ ജനപ്രതിനിധികള്‍ ലോകമെങ്ങും പടരുന്ന ഇസ്‌ലാമോഫോബിയ കൈകാര്യം ചെയ്യുന്നതിനായി ബില്ല് പാസാക്കി ആഴ്ചകള്‍ക്കു ശേഷം എത്തിയ ഈ റിപ്പോര്‍ട്ട്, ഭീകരതയ്ക്ക് എതിരായ യുദ്ധം ആരംഭിച്ചു രണ്ട് പതിറ്റാണ്ടായിട്ടും അമേരിക്ക മുസ്‌ലിം വിരുദ്ധ ഗ്രൂപ്പുകളുടെ വിളഭൂമിയാണെന്ന് ഓര്‍മപ്പെടുത്തുകയാണ്. നല്ല ഉദ്ദേശ്യത്തോടെ പാസാക്കിയതാണെങ്കിലും കോണ്‍ഗ്രസിലെ ഡെമോക്രാറ്റ് അംഗങ്ങള്‍ അമേരിക്കന്‍ സമൂഹത്തിലെ മുസ്‌ലിം വിരുദ്ധ വംശീയത എന്ന വിഷം നീക്കാത്തിടത്തോളം, അത് തെരഞ്ഞെടുപ്പ് വിജയത്തിലേക്കല്ല, പരാജയത്തിലേക്ക് നയിക്കുന്ന മാര്‍ഗമായി തീരാത്തിടത്തോളം ആ ബില്‍ അര്‍ഥശൂന്യമായിരിക്കും.