10 Friday
January 2025
2025 January 10
1446 Rajab 10

ഇസ്‌ലാമിക പ്രമാണങ്ങളും പണ്ഡിതന്മാരും

പി കെ മൊയ്തീന്‍ സുല്ലമി


ഇസ്‌ലാമിന്റെ പ്രധാന പ്രമാണങ്ങള്‍ ഖുര്‍ആനും സുന്നത്തുമാണെന്ന് നമുക്കറിയാം. അവക്കെതിരില്‍ സ്വഹാബികളുടെയോ ഇമാമുകളുടെയോ അഭിപ്രായങ്ങള്‍ വന്നാല്‍ അവ പരിഗണിക്കപ്പെടില്ല. സ്വഹാബികളുടെയും ഇമാമുകളുടെയും അഭിപ്രായങ്ങളെക്കാള്‍ താഴെയാണ് സാധാരണ പണ്ഡിതന്മാരുടെ അഭിപ്രായങ്ങള്‍ക്കുള്ള സ്ഥാനം. ഖുര്‍ആന്‍ വ്യാഖ്യാനിക്കുന്നതില്‍ പോലും പണ്ഡിതന്മാര്‍ക്ക് (മുഫസ്സിറുകള്‍ക്ക്) അഞ്ചാം സ്ഥാനമാണുള്ളത്.
ഇബ്‌നുകസീര്‍(റ) പറയുന്നു: ”ഖുര്‍ആന്‍ വിശദീകരിക്കപ്പെടേണ്ടത് ഖുര്‍ആന്‍ കൊണ്ടു തന്നെയാണ്. പിന്നീട് പ്രസിദ്ധമായ (സ്വഹീഹായ) ഹദീസുകള്‍ കൊണ്ടാണ്. പിന്നീട് സ്വഹാബികളുടെ വാക്കുകള്‍ കൊണ്ടും. അതിനു ശേഷം താബിഉകളുടെ പ്രസ്താവനകള്‍ കൊണ്ടുമാണ്.” (മുഖദ്ദിമ, മുഖ്തസ്വര്‍ ഇബ്‌നുകസീര്‍ 1:3)
മുഫസ്സിറുകളുടെ (പണ്ഡിതന്മാരുടെ) അഭിപ്രായങ്ങള്‍ക്ക് ഖുര്‍ആന്‍ വ്യാഖ്യാനിക്കുന്നതില്‍ അഞ്ചാം സ്ഥാനം മാത്രമേയുള്ളൂ. എന്നാല്‍ നമ്മുടെ സമൂഹത്തിന്റെ അവസ്ഥയെന്താണ്? മുസ്‌ലിംകളില്‍ പെട്ട പലരും ഒരു വിഷയത്തില്‍ ആദ്യമായി ഉദ്ധരിക്കുന്ന തെളിവ് പണ്ഡിതന്മാരുടേതായിരിക്കും. ഖുര്‍ആനും ഹദീസും സ്വഹാബത്തിന്റെയും താബിഉകളുടെയും അഭിപ്രായങ്ങളും തള്ളപ്പെടുന്ന അവസ്ഥയാണ് കണ്ടുവരുന്നത്. പലരും ഖുര്‍ആനിനെയും സ്വഹീഹായ ഹദീസുകളെയും എതിര്‍ക്കാനും തള്ളാനും ഉദ്ധരിക്കാറുള്ളത് പണ്ഡിതാഭിപ്രായങ്ങളാണ് എന്ന ദുരവസ്ഥയുമുണ്ട്.
അദൃശ്യമായ നിലയില്‍ ഖൈറും ശര്‍റും വരുത്തിവെക്കാന്‍ പല അന്ധവിശ്വാസങ്ങള്‍ക്കും സാധിക്കുമെന്ന ഖുര്‍ആന്‍ വചനങ്ങള്‍ക്കും സ്വഹീഹായ ഹദീസുകള്‍ക്കും വിരുദ്ധമായ ആശയങ്ങളെ സ്ഥാപിച്ചെടുക്കാന്‍ അത്തരക്കാര്‍ ഉപയോഗപ്പെടുത്തുന്നത് പണ്ഡിതാഭിപ്രായങ്ങളെയായിരിക്കും. എത്ര വലിയ പണ്ഡിതനായിരുന്നാലും അയാള്‍ പാപസുരക്ഷിതനല്ല. വ്യക്തിപരമായ താല്പര്യങ്ങളോ സംഘടനാ താല്പര്യങ്ങളോ അബദ്ധങ്ങളോ ഇല്ലാത്തവരായി അധിക പേരെയും കണ്ടെത്താന്‍ സാധ്യമല്ല. അതൊക്കെ മനുഷ്യസഹജമാണുതാനും.
ലോകത്ത് അറിയപ്പെടുന്ന പണ്ഡിതനാണ് ഇബ്‌നുതൈമിയ്യ(റ). മരണാനന്തരം തല്‍ഖീന്‍ ചൊല്ലിക്കൊടുക്കാമെന്ന ഹദീസ് ദുര്‍ബലമാണെന്നാണ് ഭൂരിപക്ഷ ഹദീസ് നിദാനശാസ്ത്ര പണ്ഡിതന്മാരും രേഖപ്പെടുത്തിയിട്ടുള്ളത്. എന്നാല്‍ തല്‍ഖീന്‍ അനുവദനീയമാണ് എന്നാണ് ഇബ്‌നു തൈമിയയുടെ ഫത്‌വ. (ഫതാവല്‍കുബ്‌റാ 1:232)
ഭൂരിപക്ഷം ഹദീസ് പണ്ഡിതന്മാരും ബറാഅത്ത് രാവിന്റെ ശ്രേഷ്ഠതകളെ കുറിക്കുന്ന ഹദീസുകള്‍ ദുര്‍ബലമോ നിര്‍മിതമോ ആയി കണക്കാക്കുന്നു. എന്നാല്‍ ഇബ്‌നു തൈമിയ്യ രേഖപ്പെടുത്തുന്നു: ”ബറാഅത്ത് രാവ് ശ്രേഷ്ഠമാക്കപ്പെട്ടതാകുന്നു.” (ഇഖ്തിളാഉസ്സ്വിറാത്വില്‍ മുസ്തഖീമി 2:136:137).
മുസ്വ്ഹഫ് സ്പര്‍ശിക്കാന്‍ വുദ്വൂ നിര്‍ബന്ധമാണെന്ന ഹദീസ് ദുര്‍ബലമാണ്. സ്വഹീഹായ ഹദീസുകള്‍ക്ക് വിരുദ്ധവുമാണ്. എന്നാല്‍ ഇബ്‌നു തൈമിയ്യയുടെ ഫത്‌വ ഇപ്രകാരമാണ്: മുസ്വ്ഹഫ് സ്പര്‍ശിക്കാന്‍ വുദ്വൂ നിര്‍ബന്ധമാണ്. (ഫതാവല്‍കുബ്‌റ 1:150)
ഇത്തരം ഫത്‌വകള്‍ അദ്ദേഹം നല്‍കിയിട്ടുള്ളത് ഹന്‍ബലീ മദ്ഹബിനെ അടിസ്ഥാനമാക്കിയാണ്. ഫതാവല്‍ കുബ്‌റാ എന്ന ഗ്രന്ഥം ഇബ്‌നു ഹജറുല്‍ ഹൈതമിക്കുമുണ്ട്. അദ്ദേഹം ശാഫിഈ മദ്ഹബുകാരനാണ്.
വിശുദ്ധ ഖുര്‍ആനല്ലാത്ത ഹദീസ് ഗ്രന്ഥങ്ങളിലും തഫ്‌സീറുകളിലും ഫിഖ്ഹീ ഗ്രന്ഥങ്ങളിലും നിരവധി അഭിപ്രായങ്ങള്‍ കണ്ടെത്താന്‍ സാധിക്കും. അതൊക്കെ പണ്ഡിതന്മാര്‍ക്ക് വരുന്ന വീക്ഷണ വ്യത്യാസങ്ങളാണ്. പണ്ഡിതന്മാര്‍ മറ്റുള്ളവരില്‍ നിന്നും റിപ്പോര്‍ട്ടു ചെയ്യുന്ന കാര്യങ്ങളില്‍ സുബദ്ധങ്ങളും അബദ്ധങ്ങളും കണ്ടെത്താന്‍ കഴിയും.
ഖുര്‍ആനിനു ശേഷം ഏറ്റവും സ്വഹീഹായി അംഗീകരിച്ചുവരുന്നത് ബുഖാരിയുടെയും മുസ്‌ലിമിന്റെയും ഹദീസ് ഗ്രന്ഥങ്ങളാണ്. ഇവയില്‍ വന്ന ചില അബദ്ധങ്ങള്‍ ശ്രദ്ധിക്കുക. ”നബി(സ) ഇഹ്‌റാമിലായിരിക്കെ മൈമൂന(റ)യെ വിവാഹം കഴിച്ചു” (ബുഖാരി 1837). ഇമാം മുസ്‌ലിമിന്റെ ഹദീസ് മേല്‍പറഞ്ഞ ഹദീസിന് വിരുദ്ധമാണ്. ”ഇഹ്‌റാമില്‍ പ്രവേശിച്ച വ്യക്തി വിവാഹം കഴിക്കാനോ വിവാഹം കഴിക്കപ്പെടാനോ വിവാഹം അന്വേഷിക്കാനോ പാടുള്ളതല്ല.”(5:208) ഈ വിഷയത്തില്‍ പൊതുവെ മുസ്‌ലിംകള്‍ അംഗീകരിച്ചുപോരുന്നത് ഇമാം മുസ്‌ലിം ഉദ്ധരിച്ച ഹദീസിനെയാണ്.
ഗ്രഹണ നമസ്‌കാരത്തിലെ റൂകൂഇന്റെ വിഷയത്തിലും ബുഖാരിയും മുസ്‌ലിമും റിപ്പോര്‍ട്ടു ചെയ്ത ഹദീസുകളില്‍ ഭിന്നതയുണ്ട്. ”സൂര്യഗ്രഹണ നമസ്‌കാരത്തില്‍ നബി(സ) സ്വഹാബികളുമായി നമസ്‌കരിച്ചത് (രണ്ടു റക്അത്തിലും കൂടി) നാല് റുകൂഅ് നിര്‍വഹിച്ചു കൊണ്ടാണ്.” (ബുഖാരി 1064).
മുസ്‌ലിമിന്റെ ഹദീസ് ഇപ്രകാരമാണ്: ”സൂര്യഗ്രഹണ നമസ്‌കാരത്തില്‍ നബി(സ) (രണ്ട് റക്അത്തിലും കൂടി) എട്ട് റുകൂഅ് നിര്‍വഹിച്ചു.” (സ്വഹീഹു മുസ്‌ലിം 3:48). ഈ വിഷയത്തില്‍ മുസ്‌ലിംകള്‍ അംഗീകരിച്ചുവരുന്നത് ബുഖാരിയുടെ ഹദീസാണ്.
തഫ്‌സീറുകള്‍ പരിശോധിച്ചാല്‍ ഖുര്‍ആനിനും സുന്നത്തിനും സാമാന്യ ബുദ്ധിക്കും അംഗീകരിക്കാന്‍ പറ്റാത്ത പലതും കണ്ടെത്താന്‍ സാധിക്കും. അതില്‍ പെട്ടതാണ് സുലൈമാന്‍ നബി(അ) ബില്‍ഖീസ് രാജ്ഞിയുടെ കാണാന്‍ പാടില്ലാത്ത ഭാഗങ്ങള്‍ കാണാന്‍ വേണ്ടി പളുങ്കുകൊണ്ടുള്ള തടാകം നിര്‍മിച്ചു എന്നത്. ”കൊട്ടാരത്തില്‍ പ്രവേശിച്ചുകൊള്ളുക. നംല് 44 എന്നതിന്റെ വിവക്ഷ: അത് വെളുത്ത പളുങ്കുകൊണ്ട് നിര്‍മിക്കപ്പെട്ട ഒരു പരവതാനിയാണ്. അതിന്റെ താഴെ മത്സ്യം ഒഴുകി നടക്കുന്ന ആസ്വാദ്യകരമായ ജലമാണ്. ഇങ്ങനെ ഒരു സംവിധാനം സുലൈമാന്‍(അ) തെരഞ്ഞെടുക്കാന്‍ കാരണം അവളുടെ രണ്ട് കണങ്കാലുകളിന്മേലും കഴുതയുയെടേതു പോലുള്ള രോമങ്ങള്‍ ഉണ്ട് എന്ന് പറയപ്പെട്ടതു കൊണ്ടാണ്.” (ജലാലൈനി 2:441).
സുലൈമാന്‍(അ) ഒരു പ്രവാചകനാണെന്ന പരിഗണന പോലും നല്‍കിയില്ലെന്നാണ് വസ്തുത. യഥാര്‍ഥത്തില്‍ സുലൈമാന്‍ നബി(അ) അപ്രകാരം സംവിധാനിക്കാന്‍ കാരണം തന്റെ മഹത്വവും പ്രതാപവുമാണ്. രാജ്ഞി ഇസ്‌ലാമിലേക്ക് വരണം എന്നതായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. ഇത് വിജയിക്കുകയും ചെയ്തു.
ഇമാം സ്വാവി സൂറത്ത് ഫാത്വിറിലെ എട്ടാമത്തെ വചനത്തിന് നല്‍കിയ വ്യാഖ്യാനം ശ്രദ്ധിക്കുക: ”ഈ വചനം ഖവാരിജുകളെ സംബന്ധിച്ചാണെന്ന് പറയപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇന്ന് ഹിജാബില്‍ അവര്‍ക്ക് തുല്യമായ ഒരു കക്ഷിയുണ്ട്. അവരുടെ പേരാണ് വഹ്ഹാബികള്‍. അവര്‍ വിചാരിക്കുന്നത് അവര്‍ സത്യത്തിലാണ് എന്നാണ്. അറിയുക, അവര്‍ കപടന്മാരാണ്. പിശാച് അവരുടെ മേല്‍ സ്വാധീനം ചെലുത്തുകയും അല്ലാഹുവെക്കുറിച്ച് അവരെ മറപ്പിക്കുകയും ചെയ്തിരിക്കുന്നു.” (സ്വാവി 2:288)
ഇവിടെ വഹ്ഹാബികള്‍ എന്നതു കൊണ്ടുദ്ദേശിക്കുന്നത് മുഹമ്മദുബ്‌നു അബ്ദില്‍ വഹ്ഹാബാണ്. ഖുര്‍ആന്‍ അവതരിച്ച് നൂറ്റാണ്ടുകള്‍ കഴിഞ്ഞതിന് ശേഷം ജനിച്ച അദ്ദേഹവും ഖുര്‍ആന്‍ വചനവും തമ്മില്‍ യാതൊരു ബന്ധവും ഇല്ലെന്ന് ആര്‍ക്കാണ് അറിഞ്ഞു കൂടാത്തത്? ഇത് ദുര്‍വ്യാഖ്യാനമാണെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമുണ്ടാകുമെന്ന് തോന്നുന്നില്ല.
കര്‍മശാസ്ത്ര ഗ്രന്ഥങ്ങള്‍ പരിശോധിച്ചാല്‍ ഒരുപാട് അബദ്ധങ്ങള്‍ കണ്ടെത്താന്‍ സാധിക്കും. ശക്തമായ ലഹരിയുണ്ടാക്കുന്ന വസ്തുക്കള്‍ പതിവാക്കാതെ അല്പം കഴിക്കുന്നതിന് വിരോധമില്ലെന്ന് ഹനഫീ മദ്ഹബ് പറയുന്നു. ”അവീന്‍ കറുപ്പ് പോലുള്ള വസ്തുക്കള്‍ പതിവാക്കാത്ത നിലയില്‍ അല്പം കഴിക്കല്‍ കറാഹത്താകുന്നു” (ഫത്ഹുല്‍ മുഈന്‍ 1:322).
ശാഫിഈ മദ്ഹബ് പ്രകാരം ഭാര്യക്ക് രോഗമായാല്‍ ചികിത്സിക്കേണ്ട ബാധ്യത ഭര്‍ത്താവിനില്ല. ”ഭാര്യക്ക് സുഗന്ധം, സുറുമ എന്നിവ വാങ്ങിക്കൊടുക്കേണ്ട ചുമതല ഭര്‍ത്താവിനില്ല. രോഗത്തിനുള്ള മരുന്നും ഡോക്ടറുടെ ഫീസും നല്‍കേണ്ട ബാധ്യതയും ഇല്ല.” (ഫത്ഹുല്‍ മുഈന്‍ 297).
ഒരു പെണ്ണിനെ കണ്ണാടിയിലൂടെ നോക്കുന്നതില്‍ വിരോധമില്ലെന്ന് ഫത്ഹുല്‍ മുഈനില്‍ പറയുന്നു. ”അന്യ സ്ത്രീകളെ നോക്കല്‍ ഹറാമാകുന്നു. എന്നാല്‍ കണ്ണാടി പോലുള്ളതിലൂടെ നോക്കുന്നതില്‍ വിരോധമില്ല.” (ഫത്ഹുല്‍ മുഈന്‍ 171)
വിശുദ്ധ ഖുര്‍ആനും തിരുസുന്നത്തും അറിഞ്ഞു കൊണ്ടു തന്നെ പരസ്യമായി ലംഘിക്കുന്നവരാണ് സമസ്തക്കാരും അന്ധമായി അവരെ അനുകരിച്ചു പോരുന്ന യാഥാസ്ഥിതികരും. അവര്‍ക്കെതിരില്‍ യാതൊരു മനസ്സാക്ഷിക്കുത്തും ഇല്ല. അവരുടെ തെറ്റുകള്‍ ചൂണ്ടിക്കാണിക്കുന്നവരെ അവര്‍ നരകക്കാരായി പ്രഖ്യാപിക്കും. ഉദാഹരണം: ”നബി(സ) അരുളിയതായി ജാബിര്‍(റ) പറയുന്നു: ഖബ്ര്‍ കുമ്മായമിടുന്നതും അതിന്മേല്‍ ഇരിക്കുന്നതും അതിന്മേല്‍ എടുപ്പുണ്ടാക്കുന്നതും വലുപ്പം കൂട്ടുന്നതും ഖബ്‌റിന്മേല്‍ എഴുതിവെക്കുന്നതും നബി(സ) നിരോധിച്ചിരിക്കുന്നു.” (മുസ്‌ലിം, അബൂദാവൂദ്)
ഇമാം ശാഫിഈ(റ) പ്രസ്താവിച്ചതായി ഇമാം നവവി(റ) രേഖപ്പെടുത്തുന്നു: ”ഇമാം ശാഫിഈ(റ) അല്‍ഉമ്മ് എന്ന ഗ്രന്ഥത്തില്‍ രേഖപ്പെടുത്തുന്നു: മക്കയിലെ മതനേതാക്കള്‍ കെട്ടിപ്പൊക്കിയ ഖബ്‌റുകള്‍ പൊളിച്ചു മാറ്റാന്‍ കല്പിക്കുന്നതായി ഞാന്‍ കണ്ടു. കെട്ടിപ്പൊക്കിയ ഒരു ഖബ്‌റും സമമാക്കാതെ വിടരുത് എന്ന നബിവചനം കെട്ടിപ്പൊക്കിയ ഖബറുകളെ പൊളിച്ചുനീക്കണം എന്നതിനെ ബലപ്പെടുത്തുന്നു.” (ശറഹു മുസ്‌ലിം 4:43)
‘കെട്ടിപ്പൊക്കിയ ഖബ്‌റുകള്‍ കപട വിശ്വാസികള്‍ മുസ്‌ലിംകള്‍ക്കെതിരില്‍ നിര്‍മിച്ച പള്ളിയായ ‘മസ്ജിദു ദ്വിറാറിനെ’ക്കാള്‍ അപകടം പിടിച്ചതാണെന്ന്’ ഇബ്‌നു ഹജറുല്‍ ഹൈതമി(റ) രേഖപ്പെടുത്തിയിട്ടുണ്ട്. (സവാജിര്‍ 1:149)
സ്ത്രീകള്‍ അന്യപുരുഷന്മാര്‍ പങ്കെടുക്കുന്ന ജുമുഅ ജമാഅത്തില്‍ പങ്കെടുക്കല്‍ ഹറാമാണെന്ന സമസ്തക്കാരുടെ ഫത്‌വ അതിനേക്കാള്‍ അപകടം പിടിച്ചതാണ്. ഇമാം ബുഖാരി, ഇബ്‌നുമാജ തുടങ്ങിയവര്‍ ഈ വിഷയത്തില്‍ നൂറുകണക്കില്‍ ഹദീസുകള്‍ റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. പ്രസ്തുത ഹദീസുകളെ ഇവര്‍ തള്ളുകയാണ് ചെയ്യുന്നത്.
ഇബ്‌നുമാജയുടെ റിപ്പോര്‍ട്ട് ഇപ്രകാരമാണ്: ”അല്ലാഹുവിന്റെ ദാസികളായ സ്ത്രീകള്‍ അല്ലാഹുവിന്റെ പള്ളിയില്‍ നമസ്‌കരിക്കുന്നതിനെ നിങ്ങള്‍ തടയരുത്” (ഇബ്‌നുമാജ).
”സ്ത്രീകള്‍ക്കും ജുമുഅ നിര്‍ബന്ധമില്ലാത്തവര്‍ക്കും ജുമുഅക്ക് വരുന്നതാണ് ഉത്തമം.” (അല്‍ഉമ്മ് 1:168)
”സ്ത്രീകള്‍ ജുമുഅയില്‍ പങ്കെടുക്കല്‍ അനുവദനീയമാണ് എന്നതില്‍ ഇജ്മാഅ് ഉണ്ട്. (ശറഹുല്‍ മുഹദ്ദബ് 4:484)
ക്രിസ്തുമതത്തില്‍ പെട്ട സാധാരണക്കാര്‍ മനസ്സിലാക്കിയത് പണ്ഡിതന്മാര്‍ക്കും പുരോഹിതന്മാര്‍ക്കും ഹലാലും ഹറാമും തീരുമാനിക്കാനും മതനിയമങ്ങള്‍ നിര്‍മിക്കാനും അധികാരവും അവകാശവും ഉണ്ട് എന്നതാണ്. ഏകദേശം അതേ വിശ്വാസം തന്നെയാണ് സമസ്തക്കാരായ സാധാരണ മുസ്‌ലിംകള്‍ക്കുള്ളതും. പക്ഷെ ഇത്തരം വിശ്വാസം ശിര്‍ക്കാണെന്ന് അവര്‍ മനസ്സിലാക്കിയിട്ടില്ല.
അദിയ്യുബ്‌നു ഹാതിം(റ) ഒരിക്കല്‍ നബി(സ)യുടെ അടുത്തു വന്നപ്പോള്‍ അവിടുന്ന് താഴെ വരുന്ന വചനം പാരായണം ചെയ്യുകയായിരുന്നു. ”അവര്‍ അവരുടെ പണ്ഡിതന്മാരെയും പുരോഹിതന്മാരെയും അല്ലാഹുവിന് പുറമെ റബ്ബുകളായി സ്വീകരിച്ചു” (തൗബ: 31). അദിയ്യ്(റ) പറഞ്ഞു: അല്ലാഹുവിന്റെ ദൂതരേ, ഞങ്ങള്‍ അവരെ ആരാധിക്കാറില്ല. നബി(സ) ചോദിച്ചു: അവര്‍ അല്ലാഹു ഹലാലാക്കിയതിനെ ഹറാമാക്കുകയും ഹറാമാക്കിയതിനെ ഹലാലാക്കുകയും നിങ്ങളത് അംഗീകരിച്ചുകൊടുക്കുകയും ചെയ്യാറില്ലേ? അദിയ്യ്(റ) പറഞ്ഞു: അതെ. നബി(സ) പറഞ്ഞു: അതു തന്നെയാണ് നിങ്ങള്‍ അവര്‍ക്ക് ചെയ്യുന്ന ആരാധന.” (തിര്‍മിദി, അഹ്മദ്)

Back to Top