28 Thursday
March 2024
2024 March 28
1445 Ramadân 18

ഇസ്‌ലാമിക പാരന്റിംഗ് ‘നിങ്ങള്‍ അവര്‍ക്ക് മാതൃക ആയിരിക്കുക’

മന്‍സൂര്‍ ഒതായി


കുട്ടികളില്ലാത്ത ലോകം നമുക്ക് സങ്കല്പിക്കാന്‍ പ്രയാസമാണ്. കുടുംബത്തിന്റെ ഇമ്പവും കുളിര്‍മയുമാണ് മക്കള്‍. അവരുടെ സാന്നിധ്യമുണ്ടാവുമ്പോള്‍ വീടകങ്ങള്‍ സജീവമാകും. അവരുടെ അഭാവത്താല്‍ വീടുറങ്ങിപ്പോകുന്നു. ദമ്പതികള്‍ തമ്മിലുള്ള അങ്ങേയറ്റത്തെ സ്‌നേഹവും കരുണയും മക്കളിലൂടെ പകര്‍ന്ന് വളര്‍ന്ന് വികസിക്കുന്നു. മക്കള്‍ ജീവിതത്തിന്റെ അഴകും അലങ്കാരവുമാണെന്ന് വിശുദ്ധ ഖുര്‍ആന്‍ സൂചിപ്പിക്കുന്നു. ‘സ്വത്തും സന്താനങ്ങളും ഐഹിക ജീവിതത്തിലെ അലങ്കാരമാകുന്നു’ (അല്‍കഹ്ഫ് 46).
ഏതൊരു വസ്തുവിന്റെയും ഭംഗിയും അലങ്കാരവും നിലനിര്‍ത്താന്‍ നിരന്തര ശ്രദ്ധയും കരുതലും വേണമെന്നതില്‍ തര്‍ക്കമില്ല. ജീവിതത്തില്‍ വര്‍ണം നിറക്കുന്ന മക്കളെ ശുദ്ധ പ്രകൃതിയോടെ വളര്‍ത്തുന്നതില്‍ മാതാപിതാക്കള്‍ക്ക് വലിയ ഉത്തരവാദിത്തമുണ്ട്.
കുട്ടികളുടെ ശാരീരിക മാനസിക ആരോഗ്യം ഉറപ്പു വരുത്താനും അവരുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കുമായി ഇന്ന് നിരവധി സംഘടനകള്‍ പ്രവര്‍ത്തിക്കുന്നു. ഇവയെല്ലാം പ്രവര്‍ത്തനമാരംഭിച്ചത് ഈയടുത്ത നൂറ്റാണ്ടിലാണ്. എന്നാല്‍ വിശുദ്ധ ഖുര്‍ആന്‍ നൂറ്റാണ്ടുകള്‍ക്ക് മുമ്പു തന്നെ കുട്ടിയുടെ അവകാശങ്ങളെക്കുറിച്ച് ലോകത്തെ ഉണര്‍ത്തിയിട്ടുണ്ട്. ലിംഗ വിവേചനത്തിന്റെ പേരില്‍ ഇന്നും പെണ്‍കുട്ടികള്‍ കൊലചെയ്യപ്പെടുന്ന സാഹചര്യത്തില്‍ ഖുര്‍ആനിന്റെ താക്കീത് നിത്യപ്രസക്തമാണ്. ‘താന്‍ എന്ത് കുറ്റത്തിനാണ് കൊല ചെയ്യപ്പെട്ടതെന്ന് (ജീവനോടെ) കുഴിച്ചു മൂടപ്പെട്ട പെണ്‍കുട്ടിയോട് ചോദിക്കപ്പെടുമ്പോള്‍’ (തക്‌വീര്‍ 8,9). കുട്ടികളുടെ എണ്ണം വര്‍ധിച്ചാല്‍ കുടുംബക്ഷേമം നഷ്ടമാവുമെന്നും അതിനാല്‍ സന്താന നിയന്ത്രണമാണ് സന്തുഷ്ട കുടുംബത്തിന്റെ മാര്‍ഗമെന്നും (മൂഢസിദ്ധാന്തം) പ്രചരിപ്പിക്കുന്ന ഒരു ലോകത്താണ് നാമിന്ന് ജീവിക്കുന്നത്. ഇവിടെയാണ് വിശുദ്ധ വേദം കുട്ടികളുടെ ജന്മാവകാശത്തെക്കുറിച്ച് സമൂഹത്തോട് വിളംബരം ചെയ്തത്. ‘ദാരിദ്ര്യത്താല്‍ നിങ്ങള്‍ നിങ്ങളുടെ കുഞ്ഞുങ്ങെള കൊന്നുകളയരുത്. നാമാണ് അവര്‍ക്കും നിങ്ങള്‍ക്കും ഉപജീവനം നല്‍കുന്നത്’ (അല്‍ഇസ്‌റാഅ് 31)
പിറന്നുവീഴുന്ന കുഞ്ഞിന് പാലൂട്ടേണ്ടതിന്റെ പ്രാധാന്യവും ആവശ്യകതയും ബോധ്യപ്പെടുത്താന്‍ അന്താരാഷ്ട്ര തലത്തില്‍ ആഗസ്ത് മാസത്തിലെ ആദ്യആഴ്ച കാമ്പയില്‍ സംഘടിപ്പിക്കപ്പെടുന്നുണ്ട്. (World Breast feeding week WBW). സ്വന്തം മക്കള്‍ക്ക് പാലൂട്ടണമെന്ന ഉത്തരവാദിത്തം പരിഷ്‌കൃത രാജ്യങ്ങളെ പഠിപ്പിക്കാന്‍ WBW ആചരിക്കാന്‍ തുടങ്ങിയത് 1992ലാണ്. മുലപ്പാല്‍ കുഞ്ഞിന്റെ അവകാശമാണ്, രണ്ട് വര്‍ഷക്കാലം കുഞ്ഞുങ്ങളെ പാലൂട്ടണമെന്ന് വിശുദ്ധ ഖുര്‍ആന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ‘മാതാക്കള്‍ തങ്ങളുടെ സന്തതികള്‍ക്ക് രണ്ട് വര്‍ഷം പൂര്‍ണമായും മൂലയൂട്ടണം’ (അല്‍ബഖറ 233)
കുട്ടികളുടെ സമഗ്രമായ വളര്‍ച്ചയിലും വികാസത്തിലും അവരുടെ അവകാശങ്ങള്‍ പൂര്‍ത്തീകരിച്ച് നല്‍കല്‍ അനിവാര്യമാണ് എന്ന് ശിശു മനശ്ശാസ്ത്രം പഠിപ്പിക്കുന്നു. ഈ ആശയത്തിലേക്ക് വെളിച്ചം വീശുന്നതാണ് മേല്‍ പ്രസ്താവിച്ച ദിവ്യവചനങ്ങള്‍. കുട്ടിയുടെ ശാരിരികവും മാനസികവും ബുദ്ധിപരവുമായ വികാസത്തിനും വൈകാരിക സാമൂഹ്യ വളര്‍ച്ചയ്ക്കും ശൈശവം മുതല്‍ യൗവനം വരെ തുടര്‍ച്ചയായി നല്‍കുന്ന ശിക്ഷണവും പിന്തുണയുമാണ് ഫലപ്രദമായ രക്ഷാകര്‍തൃത്വം (effective parenting)
മക്കളെ നന്നായി വളര്‍ത്തി മിടുക്കരാക്കാന്‍ ഓരോ മാതാവും പിതാവും മോഹിക്കുന്നു. സല്‍സ്വഭാവികളും നാടിനും വീടിനും നന്മ ചെയ്യുന്നവരുമായ സന്താനങ്ങളെയാണ് രക്ഷിതാക്കള്‍ ആഗ്രഹിക്കുന്നത്. വര്‍ഷങ്ങളോളം കുട്ടികളില്ലാതിരുന്ന പ്രവാചകരും പ്രാര്‍ഥിച്ച സന്ദര്‍ഭത്തില്‍ നല്ല കുഞ്ഞുങ്ങളെയാണ് ആവശ്യപ്പെട്ടത്. സകരിയ്യാ നബി(അ)യുടെ പ്രാര്‍ഥന ഖുര്‍ആന്‍ പറയുന്നത് കാണുക: ‘എന്റെ രക്ഷിതാവേ, എനിക്ക് നീ നിന്റെ പക്കല്‍ നിന്ന് ഒരു ഉത്തമ സന്താനത്തെ നല്‌കേണമേ’ (ആലുഇംറാന്‍ 38)
സങ്കീര്‍ണമായ ഇന്നത്തെ ചുറ്റുപാടില്‍ മക്കളെ നല്ല വ്യക്തികളാക്കി വളര്‍ത്തല്‍ വളരെ ശ്രമകരവുമാണ്. (parenting is hard, bu-t very rewarding). മക്കളെ ബുദ്ധിമുട്ടി വളര്‍ത്തിയാല്‍ അതിന്റെ പ്രയോജനം ലഭിക്കുമെന്നതില്‍ ഒട്ടും സംശയമില്ല. ഇസ്‌ലാമിക വീക്ഷണത്തില്‍ പാരന്റിംഗിന് രണ്ട് തലമുണ്ട്. ഒന്ന്, സന്തോഷത്തിന്റെയും സംതൃപ്തിയുടെയും ഭാഗം (ഭൗതികതലം). രണ്ട്, പുണ്യത്തിന്റെയും പ്രതിഫലത്തിന്റെയും മാര്‍ഗം (പാരത്രിക വശം). ഒരു വ്യക്തി മരിച്ചു കഴിഞ്ഞാലും നിലയ്ക്കാത്ത പ്രതിഫലത്തിന്റെ പാതയായിട്ടാണ് റസൂല്‍(സ) സദ്‌വൃത്തരായ സന്തതിയുടെ നിഷ്‌കളങ്ക പ്രാര്‍ഥനയെ പരിഗണിച്ചത്.
അല്ലാഹുവിന്റെ സമ്മാനമായി ലഭിച്ച സന്താനങ്ങളെ മികച്ച പൗരന്മാരായി വളര്‍ത്തിയെടുക്കാന്‍ ഖുര്‍ആനും ഹദീസും ധാരാളം നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. കുട്ടിക്ക് നല്‍കാവുന്ന മുന്തിയ സമ്മാനമായിട്ടാണ് പ്രവാചകന്‍ മികച്ച ശിക്ഷണത്തെ വിശേഷിപ്പിച്ചത്. ആധുനിക മനശ്ശാസ്ത്ര പ്രകാരം ഗര്‍ഭസ്ഥ ശിശു രൂപപ്പെടുന്നതു മുതല്‍ പാരന്റിംഗ് ആരംഭിക്കുന്നു. എന്നാല്‍ ഇസ്‌ലാമിക വീക്ഷണത്തില്‍ നല്ല രക്ഷിതാവിനെ അഥവാ ജീവിതപങ്കാളിയെ തെരഞ്ഞെടുക്കുന്നതു മുതല്‍ പാരന്റിംഗ് പ്രസക്തമാവുന്നു.
ഇണയെ തെരഞ്ഞെടുക്കുമ്പോള്‍ മറ്റു മാനദണ്ഡങ്ങളെക്കാള്‍ എപ്പോഴും മുന്‍ഗണന നല്‍കേണ്ടത് ധാര്‍മിക നിഷ്ഠയ്ക്കും സാംസ്‌കാരിക മഹിമയ്ക്കുമായിരിക്കണമെന്നാണ് പ്രവാചക അധ്യാപനം. ശുദ്ധപ്രകൃതിയില്‍ പിറന്നുവീഴുന്ന കുട്ടിയെ മിടുക്കനാക്കുന്നതിലും കൊള്ളരുതാത്തവനാക്കുന്നതിലും മാതാപിതാക്കള്‍ക്കുള്ള പങ്ക് വളരെ ശക്തമാണ്. ഈ മനശ്ശാസ്ത്ര തത്വം മുഹമ്മദ് നബി(സ) കൃത്യമായി പറഞ്ഞിട്ടുണ്ട്. ‘കുട്ടികള്‍ ശുദ്ധ പ്രകൃതിയിലാണ് ജനിക്കുന്നത്. അവരെ ജൂതരോ ക്രിസ്ത്യാനികളോ അഗ്നി ആരാധകരോ ആക്കുന്നത് അവരുടെ മാതാപിതാക്കളാണ്'( ബുഖാരി)
കുട്ടികളുടെ പ്രകൃതവും പ്രത്യേകതകളും തിരിച്ചറിഞ്ഞ് അവരിലേക്കിറങ്ങി ചെല്ലുമ്പോഴാണ് ഫലപ്രദമായ രക്ഷാകര്‍തൃത്വം (parenting) സാധ്യമാവുന്നത്. കുട്ടികള്‍ സ്വാഭാവികമായ പ്രകൃതത്തില്‍ ആത്മവിശ്വാസത്തോടെ വളരാന്‍ വേണ്ട മനശ്ശാസ്ത്ര സമീപനങ്ങളാണ് നബിതിരുമേനി(സ) തന്റെ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കിയത്. ഉദാഹരണത്തിന്, കുട്ടികളെ കേവലം കുട്ടിയായി കാണാതെ വ്യക്തിയായി പരിഗണിച്ച് പെരുമാറണമെന്നാണ് പാരന്റിംഗ് സൈക്കോളജി.
പ്രവാചകന്‍ കുട്ടികളെ ഏറെ പരിഗണിക്കുകയും ആദരിക്കുകയും ചെയ്തിരുന്നു. കുട്ടികളുടെ സമീപം നടന്ന് പോയപ്പോള്‍ അദ്ദേഹം അവരോട് സലാം പറഞ്ഞു. ഒരിക്കല്‍ ഒരു സദസ്സില്‍ ഭക്ഷണം വിതരണം ചെയ്യേണ്ടി വന്നപ്പോള്‍ വലതു വശത്തു ഒരു കുട്ടിയും ഇടതുവശത്ത് മുതിര്‍ന്ന അനുചരന്മാരും. നബിചര്യയനുസരിച്ച് വലതുവശത്തുള്ളവര്‍ക്കാണ് മുന്‍ഗണന. എന്നാലും മുതിര്‍ന്നവരെ മാനിക്കണമെന്നതിനാല്‍ അവനോട് തിരുമേനി അനുവാദം ചോദിച്ചു. കുട്ടി പറഞ്ഞു: ഞാന്‍ എന്റെ അവകാശം വിട്ടുകൊടുക്കില്ല. ഈ കുട്ടിയെക്കുറിച്ച് ‘മര്യാദയില്ലാത്തവന്‍’ എന്ന് അവിടുന്ന് പറഞ്ഞില്ല. പകരം അവന് ആദ്യം നല്‍കി. കൂട്ടത്തില്‍ മുതിര്‍ന്നവര്‍ ആദരിക്കപ്പെടേണ്ടവരാണെന്ന മൗന സന്ദേശവും.
കുട്ടികളുടെ അടിസ്ഥാന ആവശ്യങ്ങള്‍ (basic needs of children) പൂര്‍ത്തീകരിച്ച് അവരോട് ഇടപഴകി ജീവിക്കുന്നതിലൂടെ അവരെ കഴിവുറ്റവരാക്കന്‍ സാധിക്കുമെന്നാണ് ഗവേഷണ പഠനങ്ങള്‍ തെളിയിക്കുന്നത്. ഭാരിച്ച പ്രബോധന ദൗത്യവും ഭരണ ചുമതലയുമുണ്ടായിട്ടും കുട്ടികളോടൊത്ത് കളിക്കാനും അവരെ സന്തോഷിപ്പിക്കാനും റസൂല്‍(സ) സമയം കണ്ടെത്തി. കുട്ടികള്‍ക്ക് വിലപിടിപ്പുള്ള കളിക്കോപ്പുകളേക്കാള്‍ സന്തോഷം നല്‍കുന്നത് അവരോടൊത്ത് സമയം ചെലവഴിക്കുമ്പോഴാണ് എന്ന് മനശ്ശാസ്ത്രജ്ഞര്‍ പറയുന്നു. കൈക്കുഞ്ഞുങ്ങെള മുഖഭാവങ്ങള്‍ കൊണ്ട് രസിപ്പിച്ചു റസൂല്‍(സ). കുഞ്ഞുങ്ങളെ ചുമലിലേറ്റിയും അവരുടെ കൂടെ ഒട്ടകമായും കളിച്ചുകൊണ്ട് അനുചരന്മാര്‍ക്ക് മാതൃക കാണിച്ചു. ബാലന്മാര്‍ക്ക് വേണ്ടി മത്സരങ്ങള്‍ സംഘടിപ്പിച്ചു. അവര്‍ക്ക് സമ്മാനങ്ങള്‍ നല്‍കി പ്രോത്സാഹിപ്പിച്ചു.
തുറന്ന ആശയ വിനിമയമാണ് പാരന്റിംഗ് സൈക്കോളജിയില്‍ കുട്ടികളുടെ ഉയര്‍ച്ചക്ക് ആവശ്യമായ ഒരു ഘടകം (effective communication is the foundation of effective parenting). മക്കളുമായി ഊഷ്മള ബന്ധം സ്ഥാപിക്കാന്‍ സ്‌നേഹവും അടുപ്പവും പ്രതിഫലിക്കുന്ന നാമങ്ങള്‍ കൊണ്ടാണ് പ്രവാചകര്‍ അവരെ സംബോധന ചെയ്തതു തന്നെ. എന്റെ പൊന്നുമോനേ…, കുഞ്ഞുമോനേ എന്ന് വിളിച്ചുകൊണ്ടാണ് മുഴുവന്‍ ദൂതന്മാരും സന്താനങ്ങളോട് സംവദിച്ചത്. മകനെ അറുക്കാന്‍ സ്വപ്‌നം കണ്ട ഇബ്‌റാഹീം നബി(അ) ദൈവകല്പന നടപ്പാക്കും മുമ്പ് മകനോട് അഭിപ്രായം ആരായുന്ന രംഗം ഖുര്‍ആനില്‍ കാണാം. ‘എന്റെ കുഞ്ഞുമകനേ, നിന്നെ അറുക്കണമെന്ന് ഞാന്‍ സ്വപ്‌നത്തില്‍ കാണുന്നു. അതുകൊണ്ട് നോക്കൂ. നീ എന്താണ് അഭിപ്രായപ്പെടുന്നത്?’ (വി.ഖു 37:102)
കുട്ടികളോട് സംസാരിക്കുമ്പോള്‍ അവര്‍ക്കിഷ്ടപ്പെട്ട കാര്യങ്ങള്‍ ചോദിച്ചു കൊണ്ടാണ് മുഹമ്മദ് നബി(സ) അവരുമായി ചങ്ങാത്തമുണ്ടാക്കിയത്. കുരുവി കുഞ്ഞിനെ കൗതുകത്തോടെ വളര്‍ത്തിയിരുന്ന ഉമൈര്‍ എന്ന കുട്ടിയോട് തിരുമേനി ചോദിച്ചത്. ഉമൈറേ, നിന്റെ കുരുവിക്കുഞ്ഞിന്റെ വിശേഷമെന്താണ്? എന്നായിരുന്നു. നര്‍മം കലര്‍ത്തിയും ചിന്തനീയമായ ഉപമകളിലൂടെയും റസൂല്‍(സ) കുട്ടികളോട് സംസാരിച്ചതും ചരിത്രത്തില്‍ കാണാം.
പാരന്റിംഗിലെ പ്രഥമവും പ്രധാനവുമായ കാര്യം മക്കള്‍ക്ക് മാതൃകയാവുക എന്നതാണ്. (Be the role model). കുട്ടികളുടെ ആദ്യവിദ്യാലയമാണ് കുടുംബാന്തരീക്ഷം. മാതാപിതാക്കളുടെയും കുടുംബാംഗങ്ങളുടെയും ജീവിതമാണ് അവര്‍ പകര്‍ത്തുന്നത്. മുതിര്‍ന്നവരുടെ ഉപദേശത്തേക്കാള്‍ ഫലപ്രദമാവുക മാന്യമായ അവരുടെ മാതൃകയാണ്. മലിനമായ ചുറ്റുപാടില്‍ നിന്നും മക്കളെ രക്ഷിക്കാന്‍ ബോധപൂര്‍വം മികച്ച മാതൃകകള്‍ അവര്‍ക്ക് നല്കണം. സ്‌നേഹത്തിന്റെയും വാത്സല്യത്തിന്റെയും വികാരങ്ങള്‍ ആവോളം ആസ്വദിച്ച് കരുത്തുറ്റ തലമുറ വളര്‍ന്നുവരണം. അതിനുള്ള മതിയായ അവസരങ്ങള്‍ നല്‍കലാണ് മികച്ച പാരന്റിംഗ്. ‘നിങ്ങള്‍ കുട്ടികളെ സ്‌നേഹിക്കുകയും അവരോട് കരുണ കാണിക്കുകയും ചെയ്യുക. അവരോട് വാഗ്ദാനം ചെയ്താല്‍ പാലിക്കുക’ (അത്ത്വഹാവി)

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x