24 Friday
May 2024
2024 May 24
1445 Dhoul-Qida 16

ഇസ്‌ലാമിക കര്‍മശാസ്ത്ര പഠനം തുടക്കവും വികാസവും

അബ്ദുല്‍അലി മദനി


വിശുദ്ധ ഖുര്‍ആനും തിരുസുന്നത്തുമാണ് ഇസ്‌ലാമിക കര്‍മശാസ്ത്ര അറിവുകളുടെ ഉറവിടം. അവ രണ്ടും പ്രമാണങ്ങളാണെന്ന് പ്രഖ്യാപിച്ചു കൊണ്ടാണ് നബി(സ) വിടപറഞ്ഞത്. നിയമങ്ങള്‍ മുഴുവനും അവയുടെ ശാഖകളും തലനാരിഴകീറി വിശകലനം നടത്തുന്ന ശൈലിയിലല്ല ഖുര്‍ആന്‍ അവതരിച്ചത്.
ഖുര്‍ആനില്‍ പ്രതിപാദിക്കുന്ന മതനിയമങ്ങളെ വ്യക്തമാക്കലും അതിന്നാവശ്യമായ അതിര്‍വരമ്പുകള്‍ നിര്‍ദേശിക്കലും നബിചര്യയിലൂടെയാണ്. അതിനാല്‍ വിശ്വാസകര്‍മങ്ങളുടെ പരിധി നിര്‍ണയിക്കാന്‍ ഖുര്‍ആനും സുന്നത്തും തന്നെയാണ് അവലംബമാക്കേണ്ടത്.
ഇസ്‌ലാമിക ശരീഅത്ത് മനുഷ്യരുടെ ബുദ്ധിയില്‍ ഉരുത്തിരിഞ്ഞുണ്ടായതല്ല. എന്നാല്‍, മനുഷ്യബുദ്ധിയെ ഇസ്‌ലാമിക നിയമങ്ങള്‍ ഒരിക്കലും അകറ്റി നിര്‍ത്തുന്നുമില്ല. ബുദ്ധി. ചിന്ത, ഗവേഷണതല്പരത എന്നിവയെ ജീവസ്സുറ്റതാക്കുന്ന മതമാണ് ഇസ്‌ലാം. എന്നിരുന്നാലും, ഓരോരുത്തര്‍ക്കും അവരവരുടെ ബുദ്ധിക്കും യുക്തിക്കും സ്വീകര്യമായവ സ്വീകരിക്കാനും അസ്വീകാര്യമായതിനെ തള്ളിക്കളയാനും യഥേഷ്ടം ആര്‍ക്കും ഇസ്‌ലാം അനുവാദം നല്‍കിയിട്ടുമില്ല.
കാലാനുസൃതമായി, തിരുത്തപ്പെടേണ്ടതാണ് ഇസ്‌ലാമിക ശരീഅത്ത് എന്ന ഭൗതിക വാദികളുടെ ശബ്ദകോലാഹലങ്ങളെ മുസ്‌ലിംകള്‍ തള്ളികളയുന്നതും അതുകൊണ്ടുതന്നെയാണ്. കാരണം, മനുഷ്യരുടെ കേവല ബുദ്ധിക്കനുസൃതമായി ദൈവിക നിയമങ്ങളെ തിരുത്തിക്കൊണ്ടിരുന്നാല്‍ മതനിയമങ്ങളുടെ പവിത്രതയും ആത്മീയതയും കാലഹരണപ്പെടും.
മുഹമ്മദ് നബി(സ)ക്ക് മുമ്പ് കഴിഞ്ഞുപോയ പ്രവാചകന്മാരുടെ സമുദായങ്ങള്‍ക്കുണ്ടായ പരാജയ കാരണം, മതനിയമങ്ങള്‍ക്ക് അവര്‍ സ്വന്തമായ തിരുത്തലുകള്‍ നല്‍കിയതു കൊണ്ടാണെന്ന് കാണാം.
8പ്രവാചകന്‍ പഠിപ്പിച്ചിട്ടുള്ള ഒന്നിലും വകഭേദം വരുത്തേണ്ടതായി ഒന്നുമില്ല. കാരണം, പ്രവാചകചര്യ ദൈവിക നിയമങ്ങളുടെ വിശദാംശവും പ്രായോഗിക രൂപവുമാണ്. ഈ പരമസത്യത്തെ അംഗീകരിക്കാതെ ഒരാള്‍ക്കും ഇസ്‌ലാമിക വൃത്തത്തില്‍ നില്ക്കാനുമാവില്ല.
ഇസ്‌ലാമിക പ്രമാണങ്ങളെ അടിസ്ഥാനമാക്കി നടത്തുന്ന ഗവേഷണ പഠനങ്ങളെ സാങ്കേതികമായി ഇജ്തിഹാദെന്നും അതിന് പ്രാപ്തരായ ഗവേഷകരെ മുജ്തഹിദുകള്‍ എന്നും പറയുന്നു. ഖുര്‍ആന്‍, ഹദീസ്, അറബി ഭാഷ, ഇസ്‌ലാമിക ചരിത്രം എന്നീ അറിവുകളില്‍ അവഗാഹതയുള്ളവരാകണം മുജ്തഹിദുകള്‍. മാത്രമല്ല, മതത്തോട് പ്രതിബദ്ധതയുള്ളവരും ഭക്തി, ഗുണകാംക്ഷ, വിനയം, സൂക്ഷ്മത, ആത്മാര്‍ഥത, സത്യസന്ധത മുതലായ സദ്ഗുണങ്ങള്‍ കാത്ത് സൂക്ഷിക്കുന്നവരുമാകണം.
മതം ജീവസ്സുറ്റതായി നിലനില്‍ക്കണമെങ്കില്‍ ഇത് മനുഷ്യരുടെ ജീവിതവുമായി ഒട്ടിച്ചേര്‍ന്നു നില്‍ക്കുന്നതാകണം. ഇതിന്റെയര്‍ഥം ഗവേഷണങ്ങളിലൂടെ ഉരുത്തിരിയുന്ന അഭിപ്രായങ്ങളെല്ലാം മതത്തിന്റെ ഖണ്ഡിതവും അന്യൂനവുമായ അന്തിമ വാക്കാകുമെന്ന് ആരും ധരിക്കരുത്. മതനിയമങ്ങളെ കാലോചിതമായി പരിഷ്‌ക്കരിക്കാനുള്ളതല്ല ഇജ്തിഹാദ്. മറിച്ച്, മത തത്വങ്ങള്‍ മുന്നില്‍ നിരത്തി വെച്ചുകൊണ്ടുള്ള പഠനവും കണ്ടെത്തലുകളും മാത്രമാണ്.
മതം ഖണ്ഡിതമായി അറിയിച്ച വിശ്വാസകര്‍മങ്ങളിലൊന്നും ഇജ്തിഹാദിന്റെ ആവശ്യമില്ല. സാമൂഹിക വളര്‍ച്ച, നാഗരിക വികാസം എന്നിവക്കനുസൃതമായി പുതിയ തരം പ്രശ്‌നങ്ങള്‍ ഉടലെടുക്കുമ്പോള്‍ അവയെ മതത്തിന്റെ ചട്ടക്കൂട്ടില്‍ ഒതുക്കിനിര്‍ത്താനും മതം സജീവമായതാണെന്ന് അറിയിക്കാനും വേണ്ടിയുള്ളതാണത്.
ഉദാഹരണമായി, അഞ്ചുനേരത്തെ നമസ്‌കാരം രണ്ട് സമയത്താക്കി ചുരുക്കാനോ, വര്‍ഷത്തിലൊരിക്കല്‍ അനുഷ്ഠിക്കുന്ന വ്രതം വര്‍ഷത്തില്‍ രണ്ട് പ്രാവശ്യമാക്കാനോ സകാത്തും സദഖയും നല്‍കാതിരിക്കാന്‍ പഴുതുകള്‍ കണ്ടെത്താനോ അല്ലാഹു അല്ലാത്തവരെ വിളിച്ച് തേടാനും പ്രാര്‍ഥിക്കാനും വഴിപാടുകള്‍ നല്‍കാനും വഴികണ്ടെത്താനോ, പ്രവാചകന്‍ പഠിപ്പിച്ചു തന്നിട്ടില്ലാത്ത അനാചാരങ്ങളെ നല്ലതാക്കി പ്രചരിപ്പിക്കാനോ വേണ്ടിയുള്ളതല്ല ഇജ്തിഹാദ്. മറിച്ച്, നമസ്‌കാരങ്ങള്‍ നിര്‍വഹിക്കേണ്ട സമയമായപ്പോള്‍ വിശാലമായ മരുഭൂമിയിലോ, വഴിയറിയാത്ത വനാന്തരങ്ങളിലോ ബഹിരാകാശത്തോ എത്തിപ്പെട്ടയാള്‍ക്ക് അതെങ്ങനെ നിര്‍വഹിക്കാന്‍ കഴിയുമെന്ന് ചിന്തിക്കാനും, വ്രതാനുഷ്ഠാനം, സകാത്ത് എന്നിവയെക്കുറിച്ചുള്ള തെറ്റിദ്ധാരണകളകറ്റാനും സകാത്തും സദഖയും കൂടുതല്‍ കാര്യക്ഷമവും പ്രായോഗികവുമാക്കാനും വേണ്ടിയുള്ള ചിന്തകളാണ് ഗവേഷണങ്ങളിലൂടെ രൂപപ്പെടേണ്ടത്.
ഒന്നുകൂടി വ്യക്തമാക്കിയാല്‍, യാഥാസ്ഥിതികര്‍ പ്രചരിപ്പിക്കുന്നതുപോലെ ജുമുഅ ഖുതുബ ജനങ്ങള്‍ക്ക് മനസ്സിലായില്ലെങ്കിലും അറബിയില്‍ തന്നെയാകണമെന്നതിന് ന്യായം കണ്ടെത്തുന്നതുപോലെയോ, സ്ത്രീകള്‍ ജുമുഅ ജമാഅത്തുകളില്‍ പങ്കെടുക്കാന്‍ പാടില്ലാത്ത വിധമാക്കാന്‍ പഴുത് അന്വേഷിക്കുന്നതിനോ ഇസ്‌ലാമികമായി ഇജ്തിഹാദെന്ന് പറയുകയില്ല. ഇജ്തിഹാദിന്റെ വാതില്‍ കൊട്ടിയടക്കപ്പെട്ടതാണെന്നും അതൊരിക്കലും തുറക്കാവതല്ലെന്നും വാദിക്കുന്ന ഇത്തരക്കാര്‍ മതവിരുദ്ധമായ പല ആശയങ്ങളും പ്രചരിപ്പിക്കാന്‍ സ്വയം ഗവേഷണം നടത്തുന്നതായി നാം കാണുന്നുമുണ്ട്. ഇത് വിരോധാഭാസമാണ്.
ആയതിനാല്‍, മതദര്‍ശനങ്ങളെ ചൈതന്യവത്താക്കാനുതകുന്ന പഠനങ്ങള്‍ നടത്തുന്നയാള്‍ ശരീഅത്തിന്റെ വ്യക്തമായ പ്രമാണങ്ങളെപ്പറ്റിയും സ്ഥലകാല സമയസാഹചര്യ വ്യത്യാസങ്ങള്‍ക്കനുസൃതമായി അവയെ തുലനം ചെയ്യാന്‍ (ഖിയാസ്) കഴിവുള്ളവനായിരിക്കണം. കാരണങ്ങള്‍ക്കും നിമിത്തങ്ങള്‍ക്കും ശരിയായ സാമ്യതയുള്ളതിനോടല്ലാതെ പ്രശ്‌നങ്ങളെ തുലനം ചെയ്യാന്‍ പാടില്ലാത്തതുമാണ്.
ഓരോ കാലഘട്ടങ്ങളിലും സംഭവങ്ങള്‍ വ്യത്യസ്ത രീതിയിലാണുണ്ടാവുക. അതിനാല്‍ തെളിവുകളെ അതാത് സന്ദര്‍ഭങ്ങളിലെ സംഭവങ്ങളുമായി ബന്ധപ്പെടുത്താനും അതുവഴി സങ്കീര്‍ണതകള്‍ അകറ്റാനും മുജ്തഹിദിന് സാധിക്കേണ്ടതുണ്ട്. അപ്പോള്‍ മാത്രമേ, മതാധ്യാപനങ്ങള്‍ മനുഷ്യജീവിതവുമായി ബന്ധപ്പെട്ടു നില്‍ക്കുന്നതാവുകയുള്ളൂ.
ഇസ്‌ലാമിക കര്‍മശാസ്ത്ര പഠനങ്ങളില്‍ വ്യാപൃതരായിട്ടുള്ള ഗവേഷകരെല്ലാം ഈ വിധത്തിലുള്ള തുലനം ചെയ്യല്‍ (ഖിയാസ്) അവലംബിക്കുന്നവരാണ്. കൂടാതെ, മനുഷ്യരുടെ പൊതുനന്മയും കൂടി പരിഗണിക്കേണ്ടതായി വന്നേക്കാം. അത്തരം സന്ദര്‍ഭങ്ങളില്‍ ബുദ്ധിക്കും ചിന്തക്കും സ്ഥാനമുണ്ടാകുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.
ഖുര്‍ആനും സുന്നത്തും കൈവശമുണ്ടെങ്കിലും തെളിവുകളുടെ അര്‍ഥതലങ്ങളും ആശയങ്ങളും പൂര്‍ണമായുള്‍ക്കൊണ്ട് തീരുമാനങ്ങളും ഫത്‌വകളും(പണ്ഡിതവിധി) നല്‍കാന്‍ എല്ലാവര്‍ക്കും കഴിഞ്ഞുകൊള്ളണമെന്നില്ല. എങ്കിലും എല്ലാവര്‍ക്കും അവലംബിക്കാനുതകുന്ന ചില അടിസ്ഥാന മാനദണ്ഡങ്ങള്‍ വേണ്ടതുണ്ട്. നബി(സ)യുമായി സഹവസിച്ചിരുന്ന പ്രശസ്തരായ സ്വഹാബികളിലൂടെ അത്തരം അടിസ്ഥാന നിയമങ്ങള്‍ ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. അബൂബക്കര്‍(റ), ഉമര്‍(റ), അലി(റ), ഇബ്‌നുമസ്ഊദ്(റ), അബ്ദുല്ലാഹിബ്‌നു ഉമര്‍(റ), ഇബ്‌നുഅബ്ബാസ്(റ) മുതലായവര്‍ അതില്‍ പെട്ടവരാണ്.
നബി(സ)യുടെ വിയോഗാനന്തരം മുസ്‌ലിംകളുടെ വഴികാട്ടിയായി നേതൃനിരയിലെത്തിയ മഹാന്മാരുടെ ഉജ്വലവിജയങ്ങളുടെ ഫലമായി ഇസ്‌ലാമിക നാടുകളുടെ അതിരുകള്‍ വിസ്തൃതമായി. ഇസ്‌ലാമിനെ പ്രൗഢമായതും കരുത്തുറ്റതുമാക്കുകയെന്നതായിരുന്നു അവരുടെ ലക്ഷ്യം.
ഉത്തമനൂറ്റാണ്ടുകാരെന്ന് പ്രവാചകന്‍ വിശേഷിപ്പിച്ച അവ ഉദാത്തമായ നിലപാടാണ് ഈ രംഗത്ത് കൈക്കൊണ്ടത്. പ്രശ്‌നങ്ങള്‍ ഉടെലടുക്കുമ്പോള്‍ ചോദിച്ചറിഞ്ഞും കൂടിയാലോചന നടത്തിയുമാണ് പരിഹാരം കാണാന്‍ അവര്‍ ശ്രമിച്ചത്. കാരണം, അവര്‍ നബി(സ)യില്‍ നിന്ന് നേരിട്ട് മതകാര്യങ്ങള്‍ പഠിച്ചെടുത്തവരും അവിടുത്തെ ശിക്ഷണത്തില്‍ വളര്‍ന്നവരും ഇസ്‌ലാമിന് ഊടുംപാവും നെയ്‌തെടുത്തവരുമാണ്.
മതപരമായ വിഷയങ്ങളിലുള്ള ഇജ്തിഹാദിന്റെ പ്രാരംഭ ഘട്ടമായിരുന്നു അത്. ഇന്ന് നാം അനുഭവിക്കുന്ന സാങ്കേതിക വിദ്യകളും ഉപകരണങ്ങളുമില്ലെങ്കിലും ഐഹികവും പാരത്രികവുമായ നേട്ടങ്ങള്‍ പ്രാപിക്കാന്‍ സാധിക്കുമെന്ന് തെളിയിച്ചവരാണവര്‍. എന്നാല്‍ അവരുടെ ശേഷം മുസ്‌ലിം ലോകത്ത് ഇജ്തിഹാദിന്റെ ആവശ്യമില്ലെന്ന് അവരാരും പറഞ്ഞിട്ടുമില്ല. സ്വഹാബികളുടെ ഐക്യപ്പെടല്‍ ‘ഇജ്മാഉസ്സഹാബ’ എന്നറിയപ്പെടുന്ന ഒരടിസ്ഥാന രേഖയായ പരിഗണിക്കപ്പെടുകയും ചെയ്തു. ഖുര്‍ആനും സുന്നത്തും അവലംബമാക്കിത്തന്നെയുള്ളതായിരുന്നു അവരുടെ ഇജ്മാഅ്.
ഇജ്മാഉം ഖിയാസും ഖുര്‍ആനില്‍ നിന്നും സുന്നത്തില്‍ നിന്നും വേറിട്ടു നില്ക്കുന്നവയല്ല. ആയതിനാല്‍ ഖുര്‍ആനിലേക്കും സുന്നത്തിലേക്കും മടങ്ങണമെന്ന നബി(സ)യുടെ കല്പനയിവിടെ സാക്ഷാത്കരിക്കപ്പെടുകയാണ് ചെയ്യുന്നത്.
സ്വഹാബികള്‍ക്കു ശേഷം പിന്‍തലമുറക്കാരായ താബിഉകള്‍ രംഗത്ത് വന്നു. അവരുടെ തൊട്ടുപിറകിലായി ഗവേഷണപടുക്കളായ ഇമാമുകളും പ്രത്യക്ഷപ്പെട്ടു. ഈ വിധം മുസ്‌ലിം ലോകത്ത് സംഭവിച്ച ഇജ്തിഹാദിന് നാല് പ്രത്യേക ഘട്ടങ്ങളുള്ളതായി നമുക്ക് കാണാം. 1 നബി(സ)യുടെ കാലഘട്ടം, 2. സ്വഹാബികളുടെ കാലം, 3 താബിഉകളുടെ കാലം, 4. ഇമാമുകളുടെ കാലഘട്ടം.
ഇസ്‌ലാമിക കര്‍മശാസ്ത്ര അറിവുകളെ ഉജ്വലമാക്കാന്‍ വേണ്ടി സദുദ്ദേശപൂര്‍വം നടത്തപ്പെട്ടിട്ടുള്ള ചിന്തകളും ഗവേഷണങ്ങളും വൈജ്ഞാനിക വീക്ഷണങ്ങളുടെ വേലിയേറ്റങ്ങള്‍ തന്നെയാണുണ്ടാക്കിയത്. ഗവേഷകരായ പണ്ഡിതന്മാരുടെ ബുദ്ധികള്‍ ഒന്നിനൊന്ന് കിടപിടിക്കത്തക്കതായിരുന്നു. എന്നാല്‍ ഇതൊന്നും ഇസ്‌ലാം മതത്തെ തിരുത്തിയെഴുതാനോ, കക്ഷിതിരിഞ്ഞ് തമ്മിലടിക്കാനോ തത്വദീക്ഷയില്ലാത്ത കലഹങ്ങള്‍ ഉണ്ടാക്കാനോ ആയിരുന്നില്ല.
എന്നാല്‍ പിന്നീട് ഗവേഷണരംഗം ശുഷ്‌കമാവുകയും അന്ധമായ അനുകരണ ഭ്രമം (തഖ്‌ലീദ്) പിടികൂടുകയും അതുവഴി പാര്‍ട്ടികളും തര്‍ക്കങ്ങളും സംഘട്ടനങ്ങളും വിശ്വാസികള്‍ക്കിടയില്‍ ഉണ്ടാവുകയും ചെയ്തുവെന്നത് നിഷേധിക്കാനാവില്ല.
മുസ്‌ലിംകള്‍ക്കിടയില്‍ മദ്ഹബീ പക്ഷപാതിത്വത്തിന് വേരോട്ടമുണ്ടായത് അങ്ങനെയാണ്. മുജ്തഹിദുകളായ ഇമാമുകളുടെ വീക്ഷണങ്ങള്‍ക്ക് അനുസൃതമായി രൂപപ്പെട്ട ചിന്താധാരയാണ് മദ്ഹബുകള്‍ എന്നതുകൊണ്ട് വിവക്ഷിക്കുന്നത്.
നബ(സ)യുടെ കാലഘട്ടത്തില്‍ സ്വഹാബികള്‍ പ്രവാചകനെ മുന്‍കടന്ന് ഗവേഷണം നടത്തേണ്ടതായ അവസരങ്ങള്‍ ഉണ്ടായിരുന്നില്ല. തന്നെയുമല്ല, പ്രവാചകനെ മറികടന്ന് അവരവരുടെ വീക്ഷണങ്ങള്‍ അവതരിപ്പിക്കണമെന്ന ചിന്ത തന്നെ അവര്‍ക്കുണ്ടായിട്ടില്ല. കാരണം വഹ്‌യ് (ദിവ്യബോധനം) അവതരിച്ചുകൊണ്ടിരുന്ന സന്ദര്‍ഭമായിരുന്നു അത്.
എന്നാലും അപൂര്‍വം ചില ഘട്ടങ്ങളില്‍ പ്രവാചക സന്നിധിയില്‍ നിന്നകന്ന് വിദൂര സ്ഥലങ്ങളിലെത്തിപ്പെട്ടാല്‍ ഇജ്തിഹാദ് ആവശ്യമാവുകയും ചെയ്തിട്ടുണ്ട്. ഇത്തരം ഘട്ടങ്ങളിലുണ്ടായിരുന്ന വീക്ഷണവ്യത്യാസങ്ങള്‍ സങ്കീര്‍ണതകളുണ്ടാക്കാതെ പരിഹരിച്ചെടുക്കാന്‍ നബി(സ)യുടെ വിധിയിലേക്ക് അവര്‍ സര്‍വാത്മനാ മടങ്ങിയിരുന്നു.
ഇന്ന് നാം അനുഭവിക്കുന്ന ഭിന്നതകളുടെ ദുരന്തങ്ങള്‍ ദൂരീകരിക്കാന്‍ സാധിക്കാതെയാകുന്നത് സ്വന്തം താല്പര്യങ്ങള്‍ മാറ്റിനിര്‍ത്തി നബി(സ)യുടെ തീര്‍പ്പിലേക്ക് മടങ്ങുന്നില്ലെന്നതു തന്നെയാണ്. സ്വഹാബികള്‍ അങ്ങനെയായിരുന്നില്ല. അവര്‍ നിരുപാധികം നബി(സ)യെ അനുസരിച്ചിരുന്നു.
എന്നാല്‍ ഇന്ന്, അന്ധമായ അനുകരണ ഭ്രമക്കാര്‍ ഖുര്‍ആനിനും സുന്നത്തിനും എതിരായത് അവരുടെ ഇമാമുകള്‍ പറഞ്ഞാല്‍ ഇമാമുകളുടെ അഭിപ്രായത്തിനാണ് മുന്‍ഗണന കൊടുക്കേണ്ടതെന്ന നിലപാടുകാരാണ്. തഖ്‌ലീദ് കൊണ്ടുണ്ടായ ദുരന്തമാണിത്. ഇജ്തിഹാദ്, തഖ്‌ലീദ്, ഇത്തിബാഅ് എന്നീ മൂന്ന് അവസ്ഥകളില്‍ ഇജ്തിഹാദിന് കഴിഞ്ഞില്ലെങ്കിലും തഖ്‌ലീദിനെ (അനുകരണം) മാറ്റിനിര്‍ത്തി ഇത്തിബാഇലേക്ക് മടങ്ങുകയെങ്കിലും വേണം. ഇത്തിബാഅ് എന്നാല്‍ പ്രാമാണികമായ തെളിവുകളെ അനുധാവനം ചെയ്യുക എന്നതാണ്.
സ്വഹാബികള്‍ സര്‍വാത്മനാ നബി(സ)യുടെ വിധിയെ സ്വീകരിച്ചിരുന്നവരായിരുന്നു എന്നതിനുള്ള ഒരു ഉദാഹരണം ഇതാണ്. അഥവാ, അംറുബ്‌നുല്‍ ആസ്വ്(റ)വിന്റെ നേതൃത്വത്തില്‍ നബി(സ) നിയോഗിച്ചയച്ച സംഘത്തിലുള്ളവര്‍ക്ക് ഉണ്ടായത്. യാത്രക്കിടയില്‍ അവരില്‍ ചിലര്‍ക്ക് നിര്‍ബന്ധ കുളി നിര്‍വഹിക്കേണ്ട കാരണമുണ്ടായി. നമസ്‌കാര സമയം അടുത്തുകൊണ്ടിരിക്കുന്നു. എന്നാല്‍ കുളിക്കാനാവശ്യമായ വെള്ളം ലഭിക്കാന്‍ പ്രയാസം. കാലാവസ്ഥയാണെങ്കില്‍ തണുപ്പും. തത്സമയം അവര്‍ തയമ്മും ചെയ്ത് നമസ്‌കരിച്ചു. പിന്നീട് കുളിക്കാനുള്ള വെള്ളം ലഭിച്ചപ്പോള്‍ അവരില്‍ ചിലര്‍ നേരത്തെ നിര്‍വഹിച്ച നമസ്‌കാരം കുളിച്ച് വൃത്തിയായ ശഷം വീണ്ടും ആവര്‍ത്തിച്ചു. ചിലര്‍ അങ്ങനെ ചെയ്തതുമില്ല. ഈ സംഭവം നബി(സ) അറിഞ്ഞപ്പോള്‍ ഇരുവിഭാഗത്തെയും ശരിവെക്കുകയാണുണ്ടായത്.
രണ്ടാമത് മടക്കി നമസ്‌കരിച്ചവര്‍ കൂടുതല്‍ സൂക്ഷ്മത പുലര്‍ത്തിയെന്നും അങ്ങനെ ചെയ്യാത്തവര്‍ ആക്ഷേപാര്‍ഹരല്ലെന്നും അറിയിച്ചു. നിന്ന് തയമ്മും ചെയ്ത് നമസ്‌കരിച്ചവര്‍ അവരുടെ നമസ്‌കാരം മടക്കേണ്ടതില്ലെന്നും അവര്‍ പഠിച്ചെടുത്തു. ഇവിടെ പ്രശ്‌നം പരിഹരിക്കപ്പെട്ടുവെന്ന് മാത്രമല്ല, ഉല്‍കൃഷ്ടമായൊരു മാതൃക മുസ്‌ലിംകള്‍ക്ക് പഠിപ്പിച്ചു കൊടുക്കുകയും ചെയ്തു. ഗുണകാംക്ഷയും ഹൃദയവിശാലതയും ഉള്ളവര്‍ക്കേ ഇത്തരം വിധികള്‍ അംഗീകരിക്കാന്‍ കഴിയൂ.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x