24 Wednesday
July 2024
2024 July 24
1446 Mouharrem 17

പുസ്തക പ്രസാധന രംഗത്ത് ലോകത്തോളം വളര്‍ന്ന മലയാളി

പി കെ കോയ ഹാജി / ശംസുദ്ദീന്‍ പാലക്കോട്


മലേഷ്യയിലെ ഇസ്‌ലാമിക് ബുക് ട്രസ്റ്റിന്റെ സ്ഥാപകന്‍ പി കെ കോയ ഹാജി ശബാബ് വാരികക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ നിന്ന്.

കുടുംബം
കണ്ണൂര്‍ ജില്ലയിലെ മാട്ടൂലിലെ പടിഞ്ഞാറെ കളത്തിന്റവിട തറവാട്ടംഗമാണ് പി കെ കോയ ഹാജി എന്ന കോയക്കുട്ടി സാഹിബ്. പ്രദേശത്തെ ആദ്യകാല നവോത്ഥാന സാരഥിയും പണ്ഡിതനുമായ പരേതനായ വി വി മുഹമ്മദ് മൗലവിയുടെ ഭാര്യാസഹോദരനാണ്. കോയ സാഹിബ് പതിനെട്ടാം വയസ്സില്‍ നാട് വിട്ടതാണ്. ഭാര്യ മാട്ടൂല്‍ സ്വദേശിയാണ്. അഞ്ച് മക്കളുണ്ട്. നാലു പെണ്ണും ഒരാണും. മക്കളില്‍ രണ്ടു പേര്‍ അഡ്വക്കറ്റുമാരാണ്. കോയയും കുടുംബവും മലേഷ്യയിലാണ് സ്ഥിരതാമസം. വല്ലപ്പോഴും മാത്രമേ ജന്മനാട്ടില്‍ വരാറുള്ളൂ. നാട്ടില്‍ വരുമ്പോഴൊക്കെ ധാരാളം സന്ദര്‍ശകര്‍ അദ്ദേഹത്തെ കാണാനെത്താറുണ്ട്. ലോക പ്രശസ്ത ഗ്രന്ഥകാരനും പുസ്തക പ്രസാധകനുമാണ് അദ്ദേഹം.

മലേഷ്യയിലേക്ക്
പതിനെട്ടാം വയസ്സില്‍ നാടു വിടുമ്പോള്‍ കോയ സാഹിബിന്റെ വിദ്യാഭ്യാസം അന്നത്തെ പത്താം ക്ലാസായിരുന്നു. മദ്രാസിലേക്കാണ് ആദ്യം പോയത്. അവിടെ പല ജോലികളും ചെയ്തു. ഇതിനിടയില്‍ ഡിഗ്രി പരീക്ഷ എഴുതിയെടുത്തു. പ്രസ്സുമായി ബന്ധപ്പെട്ട ചില അറിവുകളും സ്വായത്തമാക്കി. മദ്രാസില്‍ നിന്ന് സിംഗപ്പൂര്‍, മലേഷ്യ എന്നിവിടങ്ങളിലൊക്കെ പിന്നീട് യാത്ര ചെയ്തു. മറ്റു പല രാജ്യങ്ങളും സന്ദര്‍ശിച്ചു. മലേഷ്യയാണ് അദ്ദേഹത്തിന്റെ കര്‍മകേന്ദ്രം. അവിടത്തെ ഉയര്‍ന്ന ഒരു ധനകാര്യ സ്ഥാപനത്തില്‍ 25 വര്‍ഷം ജോലി ചെയ്തു.

ഇസ്‌ലാമിക് ബുക് ട്രസ്റ്റ്
ഇസ്‌ലാമിക് ബുക് ട്രസ്റ്റ് എന്നാണ് കോയ സാഹിബിന്റെ പ്രസാധനാലയത്തിന്റെ പേര്. മലേഷ്യയിലെ മുന്‍നിര പ്രസാധകരില്‍ ഒന്നാണിത്. ഖുര്‍ആന്‍, ഹദീസ്, ഫിഖ്ഹ്, ചരിത്രം, ജീവചരിത്രം, നബിയും സഹാബിമാരും, സോഷ്യോളജി, മതതാരതമ്യ പഠനം, തത്വശാസ്ത്രം, രാഷ്ട്രമീമാംസ തുടങ്ങി ഇസ്‌ലാമിക വിജ്ഞാന മേഖലയുടെ ഏതാണ്ടെല്ലാ തലങ്ങളിലേക്കും റഫറന്‍സായി ഉപയോഗിക്കാന്‍ സാധിക്കുന്ന വൈവിധ്യപൂര്‍ണവും വിപുലവുമായ ചെറുതും വലുതുമായ ഇസ്‌ലാമിക ഗ്രന്ഥങ്ങള്‍ ഇദ്ദേഹം ഇസ്‌ലാമിക് ബുക് ട്രസ്റ്റിലൂടെ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇസ്‌ലാം ഇന്‍ ചൈന എന്ന ബൃഹത്തായ പുസ്തകവും ഈ കൂട്ടത്തിലുണ്ട്. അല്ലാമാ യൂസുഫ് അലിയുടെ ഇംഗ്ലീഷിലുള്ള ലോക പ്രശസ്തമായ ഖുര്‍ആന്‍ പരിഭാഷ ഭാഷാപരമായി നവീകരിച്ച് പ്രസിദ്ധീകരിച്ചു. ഇതിന് വലിയ സ്വീകാര്യതയും പ്രചാരവും ലഭിച്ചു. റിട്ടയര്‍മെന്റിനു ശേഷവും പുസ്തകപ്രസാധനരംഗത്ത് സജീവമാണ്.

വായന
മലേഷ്യയിലെ അദ്ദേഹത്തിന്റെ ലൈബ്രറിയില്‍ ഏഴായിരത്തിലധികം പുസ്തകങ്ങളുണ്ട്. കഴിഞ്ഞ 50 വര്‍ഷത്തെ അധ്വാനവും സമ്പാദ്യവും എന്ന നിലക്ക് ഇത് സന്തോഷം നല്‍കുന്ന അനുഭവമാണെന്ന് അദ്ദേഹം പറയുന്നു. ഈ ഗ്രന്ഥസമുച്ചയം പൊതുസമൂഹത്തിനുകൂടി ഉപയോഗിക്കാനും ഉപകാരപ്പെടാനും പറ്റുന്ന ഒരു സംവിധാനത്തെ പറ്റിയാണ് ഇപ്പോഴത്തെ ആലോചന. മുഹമ്മദ് അമാനി മൗലവിയുടെ ‘വിശുദ്ധ ഖുര്‍ആന്‍ വിവരണം’ അദ്ദേഹം സാധാരണ വായിക്കാറുള്ള തഫ്‌സീറാണ്. അതിന്റെ വിവരണത്തിലെ ഭാഷ തനത് രീതിയില്‍ തന്നെ നിലനില്‍ക്കുന്നതാണ് അതിന്റെ പ്രസക്തി. ഭാഷ നവീകരിക്കേണ്ടതുണ്ടോ എന്ന് ചോദിച്ചാല്‍, ആയത്തുകളുടെ പരിഭാഷയില്‍ മാത്രമേ അതിന്റെ ആവശ്യമുള്ളൂ. തഫ്‌സീറുകളൊന്നും ഖുര്‍ആനല്ലല്ലോ. അതിനാല്‍ അതത് കാലഘട്ടത്തിലെ ഭാഷാശൈലിയില്‍ തന്നെ വായിക്കാനും മനസ്സിലാക്കാനും നിലനിര്‍ത്താനുമാണ് ശ്രമിക്കേണ്ടത് എന്ന് അദ്ദേഹം വ്യക്തമാക്കുന്നു.

സാഹോദര്യം
വളര്‍ത്തുക

ഹജ്ജ് മാസം നമ്മോട് വിടപറയുകയാണ്. ലോകത്തിനു പൊതുവിലും മുസ്‌ലിംകള്‍ക്ക് പ്രത്യേകിച്ചും ഹജ്ജിലും അറഫയിലും സാഹോദര്യത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും സന്ദേശമുണ്ട്. പക്ഷേ, നമ്മുടെ നാട്ടില്‍ മിക്കവരും സംഘടനാ പക്ഷപാതിത്വത്തിലാണുള്ളത്. പരസ്പരം കാഫിറും മുശ്‌രിക്കുമാക്കുന്ന രീതി ഇവിടെ കൂടുതലായി കണ്ടുവരുന്നു. മറ്റെവിടെയും ഇങ്ങനെ കാണുന്നില്ല. ഒരേ ഖുര്‍ആനിലും ഒരേ പ്രവാചകനിലും വിശ്വസിച്ചിട്ടും ഇങ്ങനെ പരസ്പരം കാഫിറും മുശ്‌രിക്കുമാക്കുന്നത് സംഘടനാ പക്ഷപാതിത്വം കൊണ്ടാണ്. അഹ്‌ലുസ്സുന്നത്തി വല്‍ ജമാഅത്ത് എന്നത് വാക്കില്‍ മാത്രം പോരാ. അത് ജീവിതത്തില്‍ ഇല്ലാത്തതാണ് പ്രശ്‌നത്തിന്റെ മൂലകാരണം. ആരാധനാ കാര്യങ്ങളില്‍ സ്‌നേഹവും സഹവര്‍ത്തിത്തവും നമുക്ക് കാണാന്‍ കഴിയുന്നു. ഹജ്ജ് വേളയില്‍ സ്‌നേഹവും സാഹോദര്യവും നിലനിര്‍ത്താന്‍ കഴിയുന്നുണ്ടെങ്കില്‍ നാട്ടിലെ ജീവിതത്തിലും അത് സാധിക്കേണ്ടതാണ്.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x