2 Wednesday
July 2025
2025 July 2
1447 Mouharrem 6

ഇസ്ലാം വിരുദ്ധര്‍ക്ക് മറുപടി പറയുമ്പോള്‍

പി കെ മൊയ്തീന്‍ സുല്ലമി


സാധാരണയായി ഖുര്‍ആന്‍കൊണ്ടും ഹദീസ് കൊണ്ടും സ്ഥിരപ്പെട്ട കാര്യങ്ങള്‍ക്ക മറുപടി പറയാന്‍ പ്രയാസമില്ല. അതുപോലെയുല്ല, ഇസ്്‌ലാമിക വിരുദ്ധരായ ആളുകളുടെ ചോദ്യങ്ങള്‍ക്കും പരിഹാസങ്ങള്‍ക്കും തെറ്റിദ്ദരിപ്പിക്കലുകള്‍ക്കും മറുപടി പറയുകയെന്നത്. അവരില്‍ നിന്നുണ്ടാകുന്ന ചോദ്യങ്ങളും വിമര്‍ശനങ്ങളും പലപ്പോഴും ‘ഇജ്തിഹാദി’പരവുമായിരിക്കും (ഗവേഷണം). വാദപ്രതിവാദം എന്നത് ഇസ്‌ലാമിക വിരുദ്ധമൊന്നുമല്ല. പക്ഷെ അതിന്റെ ലക്ഷ്യം പരിശുദ്ധമായിരിക്കണം. മറ്റുള്ളവരെ പരാജയപ്പെടുത്തലോ വ്യക്തിയുടെ കഴിവും പ്രഭാവവും മറ്റുള്ളവരെ ബോധ്യപ്പെടുത്തലോ ആയിരിക്കരുത്. അത്തംര വാദപ്രതിവാദങ്ങള്‍ ശിക്ഷാര്‍ഹങ്ങളായിരിക്കും. അല്ലാഹു അരുളി: ‘താങ്കള്‍ യുക്തിയോടുകൂടിയും സദുപദേശം മുഖേനയും താങ്കളുടെ രക്ഷിതാവിന്റെ മാര്‍ഗത്തിലേക്ക് താങ്കള്‍ ക്ഷണിച്ചുകൊള്ളുക. ഏറ്റവും നല്ല നിലയില്‍ അവരുമായി സംവാദം നടത്തുകയും ചെയ്യുക” (നഹ് ല്‍ 125)
മാനസിക വിശുദ്ധിയില്ലാത്ത സംവാദകന്‍ നരകത്തിന്നവകാശായിരിക്കുമെന്നാണ് നബി(സ) പഠിപ്പിച്ചത്. ശ്രദ്ധിക്കുക: ”പണ്ഡിതന്മാരോട് കിടപിടിക്കാന്‍ വേണ്ടിയും അറിവില്ലാത്തവരോട് തര്‍ക്കം നടത്താന്‍ വേണ്ടിയും ജനങ്ങളുടെ ശ്രദ്ധ തന്നിലേക്ക് ആകര്‍ഷിക്കാന്‍ വേണ്ടിയും വല്ലവനും വിജ്ഞാനം കരസ്ഥമാക്കുന്നപക്ഷം അല്ലാഹു അദ്ദേഹത്തെ നരകത്തില്‍ പ്രവേശിപ്പിക്കുന്നതാണ്” (തിര്‍മിദി, ഇബ്‌നുമാജ). അറിവ് എന്ന് പറയുന്നത് ആപേക്ഷികമാണ്. എല്ലാം അറിയുന്നവന്‍ അല്ലാഹു മാത്രമാണ്. അല്ലാഹു അരുളി: ”അറിവില്‍ നിന്ന് അല്പമല്ലാതെ നിങ്ങള്‍ക്ക് നല്‍കപ്പെട്ടിട്ടില്ല” (ഇസ്‌റാഅ് 85). മറ്റൊരു വചനം ഇപ്രകാരമാണ്. ”അറിവുള്ളവരുടെ മീതെയെല്ലാം എല്ലാം അറിയുന്നവനുണ്ട്” (യൂസുഫ് 76)
മനുഷ്യരുടെ എല്ലാ കഴിവുകള്‍ക്കും പരിധിയും പരിമിതിയും ഉള്ളതുപോലെ അറിവിനും പരിധിയും പരിമിതിയുമുണ്ട്. അപ്പോള്‍ നാം ഇവിടെ ഉദേദേശിക്കുന്നത് ഓരോ വിഷയത്തിലുമുള്ള സാമാന്യ അറിവാണ്. ഇന്ന് ഫത്‌വകള്‍ പോലും പുറപ്പെടുവിക്കുന്നത് ഒരു കിതാബ് തെറ്റുകൂടാതെ വായിക്കാന്‍പോലും അറിയാത്തവരാണ്. നബി(സ) പറഞ്ഞു: ”അല്ലാഹു വിജ്ഞാനം പിടിച്ചെടുക്കുന്നത് പണ്ഡിതന്മാരെ മരിപ്പിച്ചുകൊണ്ടായിരിക്കും. അവാസനം ഒരു പണ്ഡിതനും അവശേഷിക്കാത്ത അവസഥ വരും. അങ്ങനെ ജനങ്ങള്‍ അറിവില്ലാത്തവരെ നേതാക്കളായി തെരഞ്ഞെടുക്കും. അവരോട് ജനങ്ങള്‍ ഫത്‌വ ചോദിക്കും. അറിവില്ലാതെ അവര്‍ ഫത് വ കൊടുക്കും. അങ്ങനെ അവര്‍ സ്വയം വഴിപിഴക്കുകയും മറ്റുള്ളവരെ വഴിപിഴപ്പിക്കുകയും ചെയ്യും” (ബുഖാരി)
ഇസ്്‌ലാമിക വിരുദ്ധര്‍ക്ക് മറുപടി പറയുന്നവരില്‍ ചിലരെങ്കിലും മേല്‍ രേഖപ്പെടുത്തിയ വിഭാഗത്തില്‍ പെട്ടവരാണ് എന്നതാണ് ഏറെ സങ്കടകരം. ഇസ്്‌ലാമിന്റെ ശത്രുക്കളോട് വിജ്ഞാനപരമായി ഏറ്റുമുട്ടുന്നവര്‍ക്ക് വേണ്ട ഗുണം സാമാന്യമായ മതവിജ്ഞാനവും ഭൗതിക വിജ്ഞാനവും ആത്മാര്‍ഥതയുമാണ്. മറിച്ച് പ്രസംഗവൈഭവമോ നീളന്‍ ഷര്‍ട്ടോ വലിയ താടിയോ അല്ല. സാധാരണക്കാര്‍ വിലകൊടുക്കുന്നത് ഇത്തരം കാര്യങ്ങള്‍ക്കാണ്.
ഇസ്‌ലാമിനെ വിമര്‍ശിക്കുന്നവരുടെ ലക്ഷ്യം പലതാണ്. അതില്‍ സംഘ്പരിവാരത്തിന്റെ സഹായം ലഭിക്കാന്‍ മുസ്‌ലിംകളില്‍ നിന്നുകൊണ്ടുതന്നെ ഇസ് ലാമിനെ എതിര്‍ക്കുന്നവരുണ്ട്. അത്തരക്കാര്‍ക്ക് മറുപടി പറഞ്ഞ് അവരെ ഉയര്‍ത്തിക്കാട്ടേണ്ട കാര്യമില്ല. ഇസ്‌ലാമിനെ മാത്രം വിമര്‍ശിക്കുന്ന യുക്തിക്കാരുണ്ട്. അവരുടെ ലക്ഷ്യം രണ്ടാണ്. ഒന്ന്, ഇസ്‌ലാമിനോടുള്ള പക തീര്‍ക്കുക. രണ്ട്, ഹൈന്ദവ വര്‍ഗീയവാദികളുടെ കയ്യടി വാങ്ങുക. എല്ലാ യുക്തിവാദികളുടെയും ലക്ഷ്യം ഇസ്‌ലാമിനെ മാത്രം എതിര്‍ക്കുകയെന്നതാണ്. ഇവരോടൊക്കെ അവസരോചിതം മറുപടി നല്‍കാന്‍ സാധിക്കേണ്ടതുണ്ട്. അതിന് വ്യത്യസ്തമായ അറിവുകള്‍ ആവശ്യമാണ്. ഇവിടെയാണ് ചെറിയമുണ്ടം അബ്ദുല്‍ഹമീദ് മദനിയുടെ നഷ്ടം നാം ഓര്‍ക്കുന്നത്. ഇവരോട് സംവാദം നടത്തുന്നവര്‍ക്ക് അറബിഭാഷയില്‍ സാമാന്യവിജ്ഞാനമുണ്ടായിരിക്കണം. വിശുദ്ധ ഖുര്‍ആനും ഹദീസുകളും സാമാന്യം മനപ്പാഠമുണ്ടായിരിക്കണം. ഖുര്‍ആന്‍ വചനങ്ങളുടെ അവതരണ സന്ദര്‍ഭങ്ങളും ഹദീസ് നിദാനശാസ്ത്രത്തില്‍ അത്യാവശ്യം അറിവും ഉണ്ടായിരിക്കണം.
ഇവര്‍ കാര്യമായി വിമര്‍ശനവിധേയമാക്കാറുള്ളത് ബഹുഭാര്യത്വവും പ്രവാചകന്റെ വിവാഹവും അടിമ സ്ത്രീകളുമായുള്ള ലൈംഗിക ബന്ധങ്ങളുമാണ്. അതൊക്കെ വിശദീകരിച്ചുകൊടുക്കണമെങ്കില്‍ മത ലൗകിക കാര്യങ്ങളില്‍ അത്യാവശ്യം അറിവും നല്ല ചിന്താശക്തിയും ആവശ്യമാണ്. ഇവരുടെ കാര്യമായ പണി ഖുര്‍ആന്‍ ദുര്‍വ്യാഖ്യാനവും നിര്‍മിത ദുര്‍ബല ഹദീസുകളും ചരിത്രത്തെ വളച്ചൊടിക്കലുമാണ്. അതുകൊണ്ട് തന്നെ യുക്തിവാദികളോടും ഇസ്‌ലാമിനെ എതിര്‍ക്കുന്നവരോടും സംവദിക്കണമെങ്കില്‍ ഖുര്‍ആന്‍, ഹദീസ് ചരിത്ര വിഷയങ്ങളില്‍ ആധികാരികമായ വിജ്ഞാനം ആവശ്യമാണ്. യുക്തിവാദവും ഇസ്‌ലാമോഫോബിയയും മുസ്‌ലിംകളുടെ എണ്ണം കാര്യമായി കുറക്കുന്നില്ലെങ്കിലും ആഗോള തലത്തില്‍ അവരുടെ പ്രവര്‍ത്തനങ്ങള്‍ വ്യക്തവും ശക്തവുമാണ്. ഇസ്‌ലാമിന്റെയും വിശുദ്ധ ഖുര്‍ആനിന്റെയും ഏത് കല്പനകളും അവര്‍ വക്രീകരിക്കാന്‍ തൂലികകളിലൂടെ ശ്രമം നടത്തിവരുന്നുണ്ടെന്ന് താഴെ വരുന്ന ഉദാഹരണങ്ങളിലൂടെ നമുക്ക് മനസ്സിലാക്കാവുന്നതാണ്. ഇറാനിലെ യുക്തിവാദിയാണ് അലിഡസ്‌നി എന്ന വ്യക്തി. അദ്ദേഹം ഇസ്‌ലാമിനെ വിമര്‍ശിക്കാന്‍ ഒരു ഗ്രന്ഥം തന്നെ എഴുതിയിട്ടുണ്ട്. പേര് ‘മുഹമ്മദ് നബി മറനീക്കിയപ്പോള്‍’ എന്നാണ്.
പ്രസ്തുത പുസ്തകത്തില്‍ മുഴുവന്‍ പെരും നുണകളും അപവാദങ്ങളുമാണ്. നബി(സ) ബഹുദൈവാരാധന നടത്തി എന്നുവരെ ആ പുസ്തകത്തിലുണ്ട്. അതിപ്രകാരമാണ്: ‘നബി(സ) ലാത്തയെയും ഉസ്സയെയും പ്രശംസിക്കുകയും അവയ്ക്ക് സുജൂദ് ചെയ്യുകയും ചെയ്തു’ (മുഹമ്മദ് നബി മറനീക്കിയപ്പോള്‍ പേ. 37). സൂറത്ത് ഇസ്‌റാഇലെ 73 മുതല്‍ 76 വരെ വചനങ്ങള്‍ അതിനെ സംബന്ധിച്ചാണ് എന്നതാണ് അദ്ദേഹത്തിന്റെ അവകാശവാദം. മേല്‍ പറഞ്ഞത് കല്ലുവെച്ച നുണയാണെന്ന് സൂറത്ത് ഇസ്‌റാഇലെ മേല്‍വചനങ്ങളും അതിന്റെ വ്യാഖ്യാനങ്ങളും പരിശോധിച്ചാല്‍ ബോധ്യപ്പെടും. അതുകൊണ്ടുതന്നെ ഇത്തരം യുക്തിവാദികളുമായി സംവാദം നടത്തുന്നവര്‍ ഖുര്‍ആന്‍ മനപ്പാഠമുള്ളവരും അതിന്റെ അവതരണ സന്ദര്‍ഭങ്ങള്‍ അറിയുന്നവരുമായിരിക്കണം. രണ്ടാമതായി, പ്രസ്തുത ഗ്രന്ഥത്തില്‍ രേഖപ്പെടുത്തി: ”തലവെട്ടും എന്ന ഭീഷണിക്ക് വഴങ്ങിയാണ് അബൂസുഫ്‌യാന്‍ മുസ്‌ലിമായത്” (മുഹമ്മദ് നബി മറനീക്കിയപ്പോള്‍ പേജ് 52). ഇത് അതിലും വലിയ നുണയാണ്. അബൂസുഫ്‌യാന്‍ ഇസ്‌ലാമിന്റെ പ്രൗഢിയും ആള്‍ബലവും മനസ്സിലാക്കി ഇസ്‌ലാമിലേക്ക് കടന്നുവരികയാണുണ്ടായത്. രണ്ടാമതായി, അബൂസുഫ് യാന്റെ മകള്‍ നബി(സ)യുടെ പത്‌നിയും കൂടിയായിരുന്നു. സംവാദം നടത്തുന്നവര്‍ ശരിയായ ഇസ്‌ലാമിക ചരിത്രം പഠിച്ചവരാണെങ്കില്‍ മാത്രമേ മേല്‍ പറഞ്ഞതുപോലുള്ള അപവാദങ്ങള്‍ക്കും നുണകള്‍ക്കും മറുപടി പറയാന്‍ സാധിക്കൂ. പ്രസ്തുത പുസ്തകത്തില്‍ ഇസ് ലാം വാളുകൊണ്ട് പ്രചരിപ്പിക്കപ്പെട്ടതാണെന്നും രേഖപ്പെടുത്തിയിട്ടുണ്ട്. ”മക്കയിലിറങ്ങിയ ദിവ്യസന്ദേശങ്ങള്‍ക്കൊന്നും തന്നെ ഉദ്ദേശിച്ച ഫലം സിദ്ധിക്കുന്നില്ലെന്ന് കണ്ടപ്പോള്‍ ഒരേയൊരു മരുന്ന് വാള്‍ തന്നെയാണെന്ന് അദ്ദേഹത്തിന് തോന്നിയിരി ക്കണം” (പുസ്തകം പേജ് 81).
ഇസ്‌ലാമില്‍ ബലാല്‍ക്കാരമില്ലെന്ന് ഡസന്‍ കണക്കില്‍ ഖുര്‍ആന്‍ വചനങ്ങള്‍ പ്രസ്താവിച്ചിട്ടുണ്ട്. അതുകൊണ്ട് ഏതെങ്കിലും ഖുര്‍ആന്‍ പരിഭാഷ വായിച്ച വ്യക്തികളോട് ഇത്തരം ഭീമാബദ്ധം പറയാനൊക്കുമോ? യുദ്ധരംഗത്തുപോലും മര്യാദകള്‍ പാലിച്ച മതമാണ് ഇസ് ലാം. ഏത് മതത്തിലാണ് യുദ്ധരംഗത്തുപോലും മര്യാദ പാലിക്കാന്‍ കല്പിക്കപ്പെടുന്നത്. മറ്റൊരു ആരോപണം ഇപ്രകാരമാണ്: ”മദീനയില്‍ എത്തിയതിനുശേഷം യുദ്ധം ആരംഭിച്ചത് സമ്പത്തിനുവേണ്ടിയാണ്” (പേജ് 114).
നബി(സ)യുടെ വീടുകളില്‍ മാസങ്ങളോളം തീ മൂട്ടാറുണ്ടായിരുന്നില്ല എന്നാണ് ഹദീസുകള്‍ നമ്മെ പഠിപ്പിക്കുന്നത്. അവിടുന്ന് മരണപ്പെട്ടപ്പോള്‍ ഭാര്യ ആഇശ(റ) നബി(സ)യുടെ രണ്ട് പഴയ വസ്ത്രങ്ങള്‍ ഉയര്‍ത്തിക്കൊണ്ട് ഇപ്രകാരം പ്രസ്താവിച്ചു: ”നബി(സ)യുടെ റൂഹ് പിടിക്കപ്പെട്ടത് ഈ രണ്ട് വസ്ത്രങ്ങളിലാണ്. അവിടുത്തെ പടയങ്കി ഒരു യഹൂദിക്ക് പണയം വെക്കുകയും ചെയ്തിരുന്നു”. നബി(സ) മരണപ്പെടുമ്പോള്‍ ആകെയുണ്ടായിരുന്ന സമ്പാദ്യം പണയം വെക്കപ്പെട്ട ഒരു പടയങ്കി മാത്രമായിരുന്നുവെന്ന് നമുക്ക് മനസ്സിലാക്കാം. സംവാദം നടത്തുന്നവര്‍ ഇത്തരം ഹദീസുകള്‍ നിര്‍ബന്ധമായും പഠിക്കുകയും മനസ്സിലാക്കുകയും ചെയ്യണം.
‘മുഹമ്മദ് നബി മറനീക്കിയപ്പോള്‍’ എന്ന പുസ്തകം ഇറാന്‍ കാരനായ അലി ഡസ്‌നി പേര്‍ഷ്യന്‍ ഭാഷയില്‍ എഴുതിയതാണ്. അതിന്റെ മലയാള പരിഭാഷയില്‍ കണ്ടതാണ് ഇവിടെ കുറിച്ചത്. അതുപോലെ ഹദീസെന്ന പേരില്‍ ഇസ്‌ലാമിനും അതിന്റെ സംസ്‌കാരത്തിനും യോജിക്കാത്ത പലതും നബിവചനം എന്ന പേരില്‍ നിര്‍മിക്കപ്പെട്ടിട്ടുണ്ട്. ഹദീസ് നിദാനശാസ്ത്രം പഠിച്ചവര്‍ക്കേ അത് തിരിച്ചറിയാന്‍ കഴിയൂ. അതിനാല്‍ സംവാദത്തിലേര്‍പ്പെടുന്നവര്‍ ഹദീസ് നിദാനശാസ്ത്രം മനസ്സിലാക്കേണ്ടതാണ്. അന്യമതക്കാരുമായി സംവാദം നടത്തുന്നവര്‍ അവരുടെ വേദങ്ങളോ ഉപനിഷത്തുക്കളോ മനസ്സിലാക്കേണ്ടതാണ്. ദൈവനിഷേധികളുമായോ ദൈവത്തിന്റെ ദൃഷ്ടാന്തങ്ങളെ ദുഷിച്ച് പറയുന്നവരുമായോ സംവാദത്തിലേര്‍പ്പെടുന്നവര്‍ വളരെയധികം സൂക്ഷിക്കേണ്ടതാണ്. കാരണം, ഒരു കാര്യം നിഷേധിക്കാന്‍ തെളിവുകള്‍ നിരത്തേണ്ട ആവശ്യമില്ല. അതേ കാര്യം സ്ഥാപിക്കാന്‍ തെളിവുകള്‍ ആവശ്യമാണുതാനും. അതുകൊണ്ടായിരിക്കാം ദൈവനിഷേധികളുമായി സംവാദം നടത്താന്‍ ഇസ് ലാം പ്രോത്സാഹിപ്പിക്കാതിരുന്നത്. അല്ലാഹു അരുളി: ”അല്ലാഹുവിന്റെ വചനങ്ങള്‍ നിഷേധിക്കപ്പെടുന്ന തും പരിഹസിക്കപ്പെടുന്നതും നിങ്ങള്‍ കേട്ടാല്‍ അത്തരക്കാര്‍ മറ്റു വല്ല വര്‍ത്തമാനത്തിലും പ്രവേശിക്കുന്നതുവരെ നിങ്ങള്‍ അവരോടൊപ്പം ഇരിക്കരുതെ ന്നും അങ്ങനെ ഇരിക്കുന്നപക്ഷം നിങ്ങളും അവരെപ്പോലെതന്നെ ആയിരിക്കുമെന്നും ഈ ഗ്രന്ഥത്തില്‍ അല്ലാഹു നിങ്ങള്‍ക്ക് അവതരിപ്പിച്ചുതന്നിട്ടുണ്ടല്ലോ?” (നിസാഅ് 140)
ഈ വിഷയത്തില്‍ വന്ന മറ്റൊരു വചനം: ”നമ്മുടെ ദൃഷ്ടാന്തങ്ങളെ അപഹസിക്കുന്നതില്‍ മുഴുകിയവരെ നീ കണ്ടാല്‍ അവര്‍ മറ്റു വല്ല വര്‍ത്തമാനത്തിലും പ്രവേശിക്കുന്നതുവരെ നീ അവരില്‍ നിന്ന് തിരിഞ്ഞുകളയുക. ഇനി വല്ലപ്പോഴും നിന്നെ പിശാച് മറപ്പിച്ചുകളയുന്ന പക്ഷം ഓര്‍മ വന്നതിനുശേഷം അക്രമികളായ ആ ആളുകളുടെ കൂടെ നീ ഇരിക്കരുത്” (അന്‍ആം 68) മേല്‍ പറഞ്ഞ വചനങ്ങള്‍കൊണ്ട് യുക്തിവാദികളുമായി സംവാദം നടത്തല്‍ നിഷിദ്ധമാകുന്നില്ല. കാരണം ഖുര്‍ആനിലെ ചില വചനങ്ങള്‍ മറ്റു ചില വചനങ്ങളുടെ വിശദീകരണവും കൂടിയാണ്. സംവാദം നടത്താം എന്ന് മറ്റു വചനങ്ങളിലൂടെ അല്ലാഹു നിര്‍ദേശിച്ചിട്ടുണ്ട്. ഇത്രയും എഴുതാന്‍ കാരമം ചില യുക്തിവാദികളും ക്രിസതീയ നേതാക്കളും മുസ് ലിംകളില്‍ സംവാദം നടത്തുന്നവരെക്കുറിച്ച് ഫേസ്ബുക്കിലും യു ട്യൂബിലും അവരുടെ അറിവില്ലായ്മയെക്കുറിച്ച് ദുഷിച്ചുപറയുന്നത് കേട്ടതുകൊണ്ടാണ്. ചിലരെക്കുറിച്ചെങ്കിലും അക്കാര്യത്തില്‍ സൂക്ഷ്മത പുലര്‍ത്തേണ്ടതുണ്ട് എന്ന് തോന്നിയതുകൊണ്ടുമാണ്.

Back to Top