8 Sunday
September 2024
2024 September 8
1446 Rabie Al-Awwal 4

ഇസ്‌ലാം വിമര്‍ശകരുടെ പൊള്ളവാദങ്ങള്‍

സയ്യിദ് സുല്ലമി


സ്വതന്ത്ര ചിന്തകര്‍, എക്‌സ് മുസ്‌ലിം കൂട്ടായ്മക്കാര്‍, എസ്സന്‍സ് ഗ്ലോബല്‍ ടീമുകാര്‍, യുക്തിവാദികള്‍, നിരീശ്വരവാദികള്‍ തുടങ്ങി വിവിധ നാമധേയങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വിഭാഗങ്ങള്‍ പ്രധാനമായും ആക്രമണം നടത്തുന്നത് ഇസ്‌ലാമിനെയും പ്രവാചകനെയും വിശുദ്ധ ഖുര്‍ആനെയുമൊക്കെയാണ്. മറ്റുള്ള മത-ജാതിവിഭാഗങ്ങളുടെ ദുരാചാരങ്ങളും വൈകല്യം നിറഞ്ഞ വിശ്വാസങ്ങളും ഇവര്‍ക്ക് പൊതുവെ വിഷയമാകാറില്ല. ഫാസിസ്റ്റുകളോടും ഹിന്ദുത്വവാദികളോടു പോലും മൃദുസമീപനം പുലര്‍ത്തുന്ന ഇവര്‍ക്ക് കൂടുതല്‍ ഇഷ്ടം ഇസ്‌ലാമിക അടയാളങ്ങളെ പരിഹസിക്കലാണ്.
കേവലം വിമര്‍ശനം മാത്രമല്ല അവര്‍ അഴിച്ചുവിടുന്നത്. പ്രവാചകനെ തേജോവധം ചെയ്യുക, വ്യക്തി അധിക്ഷേപങ്ങള്‍ ചൊരിയുക, ഇസ്‌ലാമിനെ തറനിലവാരത്തില്‍ വികൃതമായി ചിത്രീകരിച്ചുകൊണ്ടിരിക്കുക എന്നിവയാണ്. എന്നാല്‍ വിശുദ്ധ ഖുര്‍ആനിന്റെ വെളിച്ചം ഹൃദയാന്തരാളങ്ങളില്‍ ദൃഢമായിക്കഴിഞ്ഞവര്‍ ഇവരുടെ ട്രാപ്പില്‍ ഒരിക്കലും വീഴില്ല.
നബി(സ) ക്രൂരതയുടെ മുഖമാണ്, യുദ്ധക്കൊതിയനാണ്, രക്തദാഹിയാണ് എന്നിങ്ങനെ ഇസ്‌ലാം വിമര്‍ശകര്‍ പറയാറുണ്ട്. അതിന് ഉദാഹരണമായി അസത്യങ്ങളായ പലതും എഴുന്നള്ളിക്കും. അക്കൂട്ടത്തില്‍ പെട്ട ഒന്നാണ് പിഞ്ചുകുഞ്ഞിന് മുലപ്പാല്‍ നല്‍കിക്കൊണ്ടിരുന്ന സ്ത്രീയെ നബി വധിച്ചുവെന്നത്. എന്നാല്‍ നബി കാരുണ്യത്തിന്റെ പ്രവാചകനാണെന്ന് അദ്ദേഹത്തിന്റെ ജീവിതം നോക്കിയാല്‍ അറിയാന്‍ കഴിയും. മൃഗങ്ങളോടും പക്ഷികളോടും കരുണ കാണിക്കാന്‍ അദ്ദേഹം ഉദ്‌ബോധിപ്പിക്കുകയും മാതൃക കാണിക്കുകയും ചെയ്തു.
പ്രസിദ്ധമായ ഒരു തിരുമൊഴി ഇങ്ങനെയാണ്: ‘പച്ചക്കരളുള്ള എല്ലാ ജീവജാലങ്ങളോടും നന്മ ചെയ്യുന്നതിന് പ്രതിഫലമുണ്ട്.’ ‘ദാഹിച്ചു വലഞ്ഞ നായക്ക് കുടിനീര് നല്‍കിയ വ്യക്തിക്ക് സ്വര്‍ഗമുണ്ടെന്നും പുറത്തു പോയി ഭക്ഷണം കഴിക്കാന്‍ പോലും അനുവദിക്കാതെ പൂച്ചയെ ബന്ധിച്ച സ്ത്രീ നരകത്തിലാണെന്നും’ അവിടന്ന് വ്യക്തമാക്കി. മാതാപിതാക്കളോടും മുതിര്‍ന്നവരോടും കുട്ടികളോടും രോഗികളോടും ഗര്‍ഭിണികളോടും ആദരവും നന്മയും കാണിക്കണമെന്ന് നിരന്തരം ആഹ്വാനം ചെയ്തു ലോകത്തിന് കാരുണ്യമായ പ്രവാചകന്‍.
തന്നെ വധിച്ചുകളയാന്‍ പര്യാപ്തമായ നിലയില്‍ വിഷം പുരട്ടിയ ആട്ടിറച്ചി തയ്യാര്‍ ചെയ്ത് സദ്യയൊരുക്കിയ ജൂത സ്ത്രീ, ആ ഭക്ഷണം കഴിച്ചത് കാരണം അന്‍സാരിയായ സഹാബി ബിശ്‌റുബ്‌നുല്‍ ബറാഅക്ക് ജീവന്‍ നഷ്ടമായി. അത്രയും അപകടകാരിയായ ഈ സ്ത്രീയെ ഞങ്ങള്‍ വധിക്കട്ടേ എന്ന് സഹാബികള്‍ നബിയോട് ചോദിച്ചു. അപ്പോള്‍ അദ്ദേഹം അരുത് എന്നാണ് പറഞ്ഞത്! ഇക്കാര്യം പ്രസിദ്ധ ഹദീസ് ഗ്രന്ഥം ബുഖാരിയില്‍ 2617-ാം നമ്പറില്‍ കാണാവുന്നതാണ്. തന്നെ ഹനിച്ചുകളയാന്‍ ശ്രമിച്ചവരോട് വിട്ടുവീഴ്ച കാണിച്ച പ്രവാചകന്‍ എത്ര മഹാന്‍!
പിഞ്ചുകുഞ്ഞിന് മുലപ്പാല്‍ നല്‍കിക്കൊണ്ടിരുന്ന അസ്മാ ബിന്‍ത് മര്‍വാന്‍ എന്ന സ്ത്രീയെ നബി വധിച്ചുവെന്ന സംഭവം ഒരു വ്യാജ നിര്‍മിതമായ വചനത്തിലുള്ളതാണ്. ഇക്കാര്യം മുസ്‌നദുശ്ശിഹാബ് എന്ന ഗ്രന്ഥത്തിലും ഇമാം വാഖിദിയുടെ അല്‍മഗാസിയിലും കാണാം. ഇതിന്റെ നിവേദക പരമ്പരയില്‍ മുഹമ്മദുബ്‌നുല്‍ ഹജ്ജാജ് അല്ലഖ്മി എന്ന വ്യക്തിയുണ്ട്. അദ്ദേഹത്തെ കുറിച്ച് ഹദീസ് നിദാനശാസ്ത്ര പണ്ഡിതര്‍ പറയുന്നത് നോക്കൂ. ഇമാം ബുഖാരി പറഞ്ഞു: ‘വെറുക്കപ്പെട്ട ഹദീസ് പറയുന്നവനാണ്’, ഇബ്‌നു അദിയ്യ് പറഞ്ഞു: ‘ഹരീസ എന്ന ഭക്ഷണത്തിന്റെ ഹദീസ് കളവ് കെട്ടി നിര്‍മിച്ച വ്യക്തി’, ഇമാം ദാറഖുത്‌നി പറഞ്ഞു: അയാള്‍ കള്ളം പറയുന്നവനാണ്. ഇമാം ഇബ്‌നു മഈന്‍ പറഞ്ഞു: ‘മ്ലേഛനായ കള്ളം എഴുന്നള്ളിക്കുന്നവന്‍’ (മീസാനുല്‍ ഇഅ്തിദാല്‍).
അങ്ങനെ ഒരു സംഭവം വെറും കള്ളക്കഥയാണ്. കള്ളക്കഥകള്‍ പറഞ്ഞുകൊണ്ടാണ് പ്രവാചകനെ അവര്‍ ക്രൂരനായി ചിത്രീകരിച്ചുകൊണ്ടിരിക്കുന്നത്. എന്നു മാത്രമല്ല, യുദ്ധഘട്ടത്തില്‍ പോലും സ്ത്രീകളെ വധിക്കരുത് എന്ന് നബി പ്രത്യേകമായി ഉപദേശം നല്‍കിയിരുന്നു (അബൂദാവൂദ് 2669).
ഖുര്‍ആന്‍
നബിയുടെ രചനയോ?

ഇസ്‌ലാം വിമര്‍ശകര്‍ ഉയര്‍ത്തുന്ന മറ്റൊരു അര്‍ഥശൂന്യമായ വാദമാണ് വിശുദ്ധ ഖുര്‍ആന്‍ മുഹമ്മദ് നബിയുടെ രചനയാണെന്ന്. സത്യം കണ്ടാല്‍ അത് അംഗീകരിക്കാനും സ്വീകരിക്കാനും വൈമനസ്യം കാണിക്കാത്ത കപടരഹിതമായ മനസ്സുകള്‍ക്ക് ഒരാവര്‍ത്തി വിശുദ്ധ ഖുര്‍ആന്‍ വായിച്ചാല്‍ അത് ദൈവിക ഗ്രന്ഥമാണെന്നും അമാനുഷികമായ അദ്ഭുതമാണെന്നും വ്യക്തമാകും. ‘ഉറങ്ങുന്നവരെ വിളിച്ചുണര്‍ത്താം, എന്നാല്‍ ഉറക്കം നടിക്കുന്നവരെ വിളിച്ചുണര്‍ത്താന്‍ കഴിയില്ല’ എന്ന വാക്യം പോലെ, വിശുദ്ധ ഖുര്‍ആന്‍ സത്യമെങ്കിലും അത് സ്വീകരിക്കുന്ന പ്രശ്‌നമില്ല എന്ന മുന്‍വിധിയോടെ അത് വായിക്കുന്നവര്‍ക്ക് അതിന്റെ നന്മ ഉള്‍ക്കൊള്ളാന്‍ സാധിക്കില്ല.
വിശുദ്ധ ഖുര്‍ആന്‍ ഒരിക്കലും മനുഷ്യസൃഷ്ടിയോ മുഹമ്മദ് നബിയുടെ രചനയോ അല്ലെന്ന് തെളിയിക്കുന്നതായ ശതക്കണക്കിന് സൂക്തങ്ങള്‍ അതിനകത്തുണ്ട്. ശാസ്ത്ര ഗവേഷണം നടത്തി കണ്ടെത്തുന്ന എത്രയെത്രെ കാര്യങ്ങളാണ് വിശുദ്ധ ഖുര്‍ആന്‍ വ്യക്തമായി പറഞ്ഞിരിക്കുന്നത്! നബിയാകട്ടെ ശാസ്ത്ര ഗവേഷണ സ്ഥാപനങ്ങളിലെന്നല്ല, പ്രാഥമിക വിദ്യാലയത്തില്‍ പോലും പോയിട്ടില്ല. പ്രവാചകന്‍ നിരക്ഷരനായിരുന്നു. എന്നിട്ട് എങ്ങനെ ആധുനിക ശാസ്ത്രത്തിന് വഴങ്ങുന്ന കാര്യം വിശുദ്ധ ഖുര്‍ആന്‍ 1400 വര്‍ഷം മുമ്പ് പറഞ്ഞു?
അതിനുള്ള ഉത്തരം വിശുദ്ധ ഖുര്‍ആന്‍ സര്‍വജ്ഞനായ സാക്ഷാല്‍ ദൈവത്തിന്റെ വചനങ്ങളായതുകൊണ്ട് മാത്രമാണ്. ഉദാഹരണം: അല്ലാഹു പറയുന്നു: ‘അതെ, നാം അവന്റെ വിരല്‍ത്തുമ്പുകളെ പോലും ശരിപ്പെടുത്താന്‍ കഴിവുള്ളവനാണ്’ (വി.ഖു: 75:4). എണ്ണമറ്റ കോടി ജനങ്ങള്‍, പക്ഷേ ഓരോ വ്യക്തിയുടെയും വിരല്‍ത്തുമ്പുകള്‍ പൂര്‍ണമായും വ്യത്യസ്തം! അതുകൊണ്ടുതന്നെ ഓരോ വ്യക്തിയെയും തിരിച്ചറിയാന്‍ വേണ്ടി ഭരണകൂടങ്ങള്‍ ഈ കാലഘട്ടത്തില്‍ പോലും ഉപയോഗിക്കുന്ന ഒന്നാണ് വിരലടയാളം. അല്ലാഹുവിന്റെ അത്യദ്ഭുതകരമായ സൃഷ്ടി മാഹാത്മ്യം. ഇക്കാര്യം ഏതെങ്കിലും മനുഷ്യരുടെയോ മുഹമ്മദ് നബിയുടെയോ രചനയല്ലെന്ന് വളരെ വ്യക്തം.
മകന്‍ മരണപ്പെട്ടാല്‍
പേരമക്കള്‍ക്ക്
സ്വത്തവകാശമില്ല

ഇസ്‌ലാമില്‍ പിതാവ് ജീവിച്ചിരിക്കെ മകന്‍ മരണപ്പെട്ടാല്‍ മകന്റെ മക്കള്‍ക്ക് അനന്തരാവകാശമില്ലെന്നും ഇത് ഇസ്‌ലാം അനീതിയുടെ മതമാണ് എന്നതിന് തെളിവാണെന്നും വിമര്‍ശകര്‍ പറയാറുണ്ട്. സത്യത്തില്‍ ഇത് മറ്റൊരു കളവാണ്. ഏതെങ്കിലും ഒരു കുടുംബത്തില്‍ പിതാവ് ജീവിച്ചിരിക്കെ മകന്‍ മരണമടഞ്ഞാല്‍ പേരമക്കളെ വഴിയാധാരമാക്കാന്‍ ഒരിക്കലും ഇസ്‌ലാം പറയുന്നില്ല.
ഇസ്‌ലാം നീതിയുടെയും നന്മയുടെയും കരുണയുടെയും മതമാണ്. ഇത്തരം സാഹചര്യത്തില്‍ വസിയ്യത്ത് എന്ന ഇസ്‌ലാമിക നന്മ പ്രയോഗിക്കുകയാണ് വേണ്ടത്. വസിയ്യത്ത് നിര്‍ബന്ധമാണ്. അല്ലാഹു പറയുന്നു: ‘നിങ്ങളിലാര്‍ക്കെങ്കിലും മരണം ആസന്നമാവുമ്പോള്‍, അയാള്‍ ധനം വിട്ടുപോകുന്നുണ്ടെങ്കില്‍ മാതാപിതാക്കള്‍ക്കും അടുത്ത ബന്ധുക്കള്‍ക്കും വേണ്ടി ന്യായപ്രകാരം വസിയ്യത്ത് ചെയ്യാന്‍ നിങ്ങള്‍ നിര്‍ബന്ധിതമായി കല്‍പിക്കപ്പെട്ടിരിക്കുന്നു. സൂക്ഷ്മത പുലര്‍ത്തുന്നവര്‍ക്ക് ഒരു കടമയത്രേ അത്’ (വി.ഖു. 2:180). ഈ സൂക്തം വസിയ്യത്ത് അനിവാര്യമാണെന്ന് പഠിപ്പിക്കുന്നു.
ആധുനിക ഇസ്‌ലാമിക പണ്ഡിതനായ സ്വാലിഹ് ഉസൈമീന്‍ രേഖപ്പെടുത്തുന്നു: ‘മാതാപിതാക്കള്‍ക്കും അടുത്ത ബന്ധുക്കള്‍ക്കും വസിയ്യത്ത് നിര്‍ബന്ധമാണെന്ന് ഉന്നതനായ അല്ലാഹു വ്യക്തമാക്കുന്നു. നിശ്ചയം അത് ഒരു കടമയാണ്, ഭക്തിയുടെ അടയാളങ്ങളില്‍ പെട്ടതുമാണ്’ (ഫതാവാ നൂറുന്‍ അലദ്ദര്‍ബ്).
മരണപ്പെട്ട മകന്റെ മക്കള്‍ക്കും ഭാര്യക്കും ഉചിതമായ സ്വത്ത് വസിയ്യത്ത് ചെയ്ത് അവരെ സംരക്ഷിക്കാന്‍ പിതാമഹന്‍ ബാധ്യസ്ഥനാണ്. ആകെ സ്വത്തിന്റെ മൂന്നിലൊന്ന് വരെ വസിയ്യത്തായി നല്‍കാമെന്നതാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. വസ്തുതകള്‍ ഇതായിരിക്കെ വിമര്‍ശകരുടെ ആ വാദവും എത്ര നിരര്‍ഥകം!
സ്ത്രീകളോട്
വിവേചനമോ?

ഇസ്‌ലാമില്‍ സ്ത്രീകള്‍ക്ക് അംഗീകാരമില്ല, അവരോട് ഇസ്‌ലാം അനീതി കാണിക്കുന്നു, കാരണം ഇസ്‌ലാം പുരുഷന്റെ പകുതി സ്വത്ത് മാത്രമേ സ്ത്രീക്ക് നല്‍കുന്നുള്ളൂ തുടങ്ങിയ ആരോപണങ്ങള്‍ വിമര്‍ശകര്‍ ഉന്നയിക്കാറുണ്ട്. വളരെ ബാലിശവും തെറ്റിദ്ധാരണാജനകവുമായ ആരോപണമാണിത്. യഥാര്‍ഥത്തില്‍ ഇസ്‌ലാം ഒരാളോടും അനീതി കാണിക്കുകയില്ല. സ്ത്രീകള്‍ക്ക് നീതിയും നന്മയും ചെയ്യാന്‍ പഠിപ്പിക്കുന്ന മതമാണ് ഇസ്‌ലാം. അനന്തര സ്വത്ത് വീതം വെക്കുന്ന ഇസ്‌ലാമിക രീതി കൃത്യമായി പഠിച്ചാല്‍ ഏതൊരാള്‍ക്കും ഈ വിമര്‍ശനം അവാസ്തവമാണെന്ന് തിരിച്ചറിയാന്‍ സാധിക്കും. കാരണം എത്രയോ സന്ദര്‍ഭങ്ങളില്‍ പുരുഷനെക്കാള്‍ സ്ത്രീകള്‍ക്ക് അവകാശം വരുന്നുണ്ട്. ചിലപ്പോള്‍ പുരുഷന്മാരുടെ വിഹിതം പോലെ തന്നെ സ്ത്രീകള്‍ക്കും ലഭിക്കുന്നു.
ഒരാള്‍ മരണപ്പെടുകയും അദ്ദേഹത്തിന് മക്കളായി ആണ്‍മക്കളും പെണ്‍മക്കളും ഉണ്ടാവുകയും ചെയ്താല്‍ ഒരാണിന് രണ്ട് സ്ത്രീയുടെ ഓഹരിയെന്നതാണ്. അത് അനീതിയല്ല. കാരണം ഇസ്‌ലാം കുടുംബത്തിന്റെ സാമ്പത്തിക ബാധ്യത പുരുഷന്റെ മേലാണ് ചുമത്തിയത്. ഒരു സ്ത്രീ ജോലി ചെയ്തു കിട്ടുന്ന ധനം തന്റെ ഭര്‍ത്താവിനും മക്കള്‍ക്കും വേണ്ടി ചെലവഴിക്കുന്നില്ലങ്കില്‍ അവള്‍ അതിന്റെ പേരില്‍ കുറ്റക്കാരിയല്ല. എന്നാല്‍ ഒരു പുരുഷന്‍ തന്റെ ഇണക്കും മക്കള്‍ക്കും വേണ്ടിയുള്ള സാമ്പത്തിക ചെലവുകള്‍ നിര്‍വഹിക്കണം. ഭക്ഷണം, ചികിത്സ, വസ്ത്രം തുടങ്ങിയവയ്ക്കു വേണ്ടിയുള്ള പണം അദ്ദേഹമാണ് ചെലവഴിക്കേണ്ടത്. അതായത് സാമ്പത്തിക ബാധ്യത അവളുടെ ഉത്തരവാദിത്തമല്ല. എന്നിട്ടും അവള്‍ക്ക് പുരുഷന്റെ പകുതി സ്വത്ത് നല്‍കി ഇസ്‌ലാം അവളെ ആദരിക്കുകയും അവള്‍ക്ക് നന്മ ചെയ്യുകയും ചെയ്യുന്നു.
ഒരു ഉദാഹരണത്തിലൂടെ ഇത് ലളിതമനോഹരമായി മനസ്സിലാക്കാം: ‘ഒരു പിതാവ് തന്റെ മകനെയും മകളെയും അല്‍പം ദൂരത്തുള്ള ഒരു കോളജിലേക്ക് ചില പഠനകാര്യങ്ങള്‍ അന്വേഷിക്കാന്‍ വേണ്ടി അയക്കുന്നു. മകന് ആയിരം രൂപയും മകള്‍ക്ക് അഞ്ഞൂറ് രൂപയും നല്‍കി അദ്ദേഹം പറയുന്നു: രണ്ടു പേരുടെയും യാത്രക്കും ഭക്ഷണത്തിനും പ്രധാന ആവശ്യങ്ങള്‍ക്കും മകന്റെ അടുത്ത് നല്‍കിയതില്‍ നിന്ന് ചെലവഴിക്കണം. അവര്‍ ആ നിര്‍ദേശം സ്വീകരിക്കുകയും പോയി വരുകയും ചെയ്യുന്നു.’ ഈ സംഭവത്തില്‍ അദ്ദേഹം തന്റെ മകളോട് അനീതി കാണിച്ചുവെന്ന് ഒരാളും പറയില്ല. കാരണം ചെലവുകള്‍ മകന്റെ മേലാണ് പിതാവ് ചുമത്തിയത്. ഇതുതന്നെയാണ് ഇസ്‌ലാമിക അനന്തരാവകാശ നിയമത്തില്‍ ഉള്ളതും. സ്ത്രീക്ക് സാമ്പത്തിക ബാധ്യതകള്‍ നല്‍കിയിട്ടില്ല, എന്നിട്ടും അവള്‍ക്ക് സ്വത്തുവിഹിതം നല്‍കിയ മതമാണ് ഇസ്‌ലാം

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x