24 Friday
May 2024
2024 May 24
1445 Dhoul-Qida 16

ഇസ്ലാം ഫലസ്തീനിലേക്ക്‌

എം എസ് ഷൈജു


എ ഡി 571-ല്‍ അറേബ്യയില്‍ മുഹമ്മദ് നബി ജനിച്ചു. അബ്രഹാം പ്രവാചകന്റെ ആദ്യ പുത്രനായ ഇസ്മാഈല്‍ പ്രവാചകന്റെ വംശമാണ് അറബികള്‍ എന്നാണ് വിശ്വാസം. അബ്രഹാമിന്റെ രണ്ടാമത്തെ പുത്രന്‍ ഇസ്ഹാഖിന്റെ വംശമാണല്ലോ യഹൂദര്‍. അതുകൊണ്ട് അറബികളും യഹൂദരും സഹോദര ജനതകളാണെന്നാണ് കരുതപ്പെടുന്നത്.
അറേബ്യയിലാണ് ജനിച്ചതെങ്കിലും മുഹമ്മദ് നബിയുടെ ജീവിതവും ദൗത്യവും ഫലസ്തീന്റെ പിന്നീടുള്ള ചരിത്രത്തിലും വികാസത്തിലും നിര്‍ണായകമായ ഇടപെടലുകള്‍ നടത്തിയിട്ടുണ്ട്. 40 വയസ്സുവരെ തികച്ചും സാധാരണക്കാരനായി മക്കയില്‍ ജീവിച്ച അദ്ദേഹം പ്രവാചകത്വ പരമ്പരയുടെ അവസാന കണ്ണിയാണെന്നാണ് ഇസ്‌ലാമിക വിശ്വാസം. ആ പ്രവാചക പരമ്പര ഇസ്‌റാഈലി പാരമ്പര്യങ്ങളുമായി കണ്ണി ചേരുന്നതുമാണ്. പക്ഷെ ജൂതരോ അവരില്‍ നിന്ന് തന്നെ രൂപപ്പെട്ട ക്രിസ്തു മതമോ മുഹമ്മദ് നബിയുടെ പ്രവാചക ദൗത്യത്തെ അംഗീകരിക്കുകയോ തങ്ങളുടെ പ്രവാചക ശൃംഖലകളുടെ തുടര്‍ച്ചയായി അദ്ദേഹത്തെ പരിഗണിക്കുകയോ ചെയ്തില്ല.
അക്കാലത്തെ അറബികള്‍ ഇസ്‌റാഈല്‍ ജനതയെപ്പോലെ നാഗരികരായിരുന്നില്ല. ഇസ്‌റാഈല്യരില്‍ ഉണ്ടായിരുന്നത് പോലെ പ്രവാചകന്മാരോ പുരോഹിതരോ അവരില്‍ ഉണ്ടായില്ല. വൈദേശികമായ ആക്രമണങ്ങള്‍ കാര്യമായൊന്നും അവര്‍ക്ക് നേരെ സംഭവിച്ചുമില്ല. അബ്രഹാം പ്രവാചകന്‍ നിര്‍മിച്ച കഅ്ബ ദേവാലയമായിരുന്നു അവരുടെ സാംസ്‌കാരിക സ്തൂപം. അതിനെ ചുറ്റിപ്പറ്റി ജീവിച്ച അറബി ഗോത്രത്തിലായിരുന്നു മുഹമ്മദ് നബി ജനിച്ചത്. ഒരു വര്‍ത്തക ഗോത്രമായിരുന്നു അത്. വര്‍ത്തകരായിരുന്നത് കൊണ്ട് തന്നെ ഇസ്‌റാഈല്യരെ സംബന്ധിച്ചും ബാഹ്യ ലോകത്ത് നടക്കുന്ന മറ്റ് പല സംഗതികളെക്കുറിച്ചും അവര്‍ക്ക് സാമാന്യമായ ധാരണകളുണ്ടായിരുന്നു. എങ്കിലും അബ്രഹാമീ പാരമ്പര്യത്തിന്റെ ഊക്കും വീറും പ്രകടിപ്പിച്ച് തികഞ്ഞ ഗോത്രപാരമ്പര്യത്തില്‍ തന്നെ അവര്‍ ജീവിച്ച് പോരുകയായിരുന്നു.
സുദീര്‍ഘമായ ഒരു വര്‍ത്തക ജീവിതത്തിന്റെ സാംസ്‌കാരികവും സാമൂഹികവുമായ മൂലധനം മുഹമ്മദ് നബിക്കുണ്ടായിരുന്നു. റോമന്‍ അധിനിവിഷ്ട പ്രദേശങ്ങളിലൂടെയുള്ള ദീര്‍ഘവും നിരന്തരവുമായ യാത്രകളും താമസങ്ങളും മുഹമ്മദ് നബിയുടെ ജീവിത കാഴ്ചപ്പാടുകളെ വലിയ നിലയില്‍ സ്വാധീനിച്ചിരുന്നു. കാര്യങ്ങളെ സ്വതന്ത്രമായി വീക്ഷിക്കാനും വിശകലനം ചെയ്യാനുമുള്ള ഒരു ശേഷി അദ്ദേഹം ആര്‍ജിച്ചിരുന്നു. നേതൃഗുണവും വിശകലന ശേഷിയും പ്രകടിപ്പിച്ച അദ്ദേഹം ഉയര്‍ന്ന ജീവിത വീക്ഷണം കൊണ്ട് സ്വന്തം ഗോത്രത്തിനുള്ളില്‍ സര്‍വാംഗീകൃതനായിരുന്നു. പക്ഷെ നാല്‍പതാം വയസിലെ പ്രവാചകത്വ ലബ്ധിയോടെ കാര്യങ്ങള്‍ തകിടം മറിഞ്ഞു. ഗോത്ര പാരമ്പര്യങ്ങള്‍ക്ക് എതിര് നില്‍ക്കുന്ന മുഹമ്മദ് നബിയോട് ആ ജനത കഠിനമായ ശത്രുത പുലര്‍ത്തി. യഹൂദര്‍ യേശു ക്രിസ്തുവിനെ തിരസ്‌കരിച്ചത് പോലെ സ്വന്തം ഗോത്രം മുഹമ്മദ് നബിയെയും തിരസ്‌കരിച്ചു. പക്ഷെ പിന്നീട് ആ ഗോത്രത്തെയും ആ ജനതയെയും മാത്രമല്ല ആ ഭൂപ്രദേശത്തെ മുഴുവന്‍ സ്വന്തം നിലപാടുകളില്‍ കൊണ്ടുവരാന്‍ മുഹമ്മദ് നബിക്ക് സാധിച്ചു. അത് തന്നില്‍ അര്‍പ്പിതമായ ദൈവിക ദൗത്യമാണെന്നും അദ്ദേഹം വിശ്വസിച്ചു.
ഇസ്‌ലാമിക ചരിത്രത്തിലെ ഏറ്റവും സുപ്രധാനങ്ങളായ രണ്ട് സംഭവങ്ങളാണ് ഇസ്‌റാഅ്, മിഅ്‌റാജ് എന്നീ പേരുകളില്‍ അറിയപ്പെടുന്ന മുഹമ്മദ് നബിയുടെ അമാനുഷികമായ യാത്രകള്‍. മക്കയിലെ കഅ്ബയില്‍ നിന്ന് ഒറ്റ രാത്രി കൊണ്ട് ഫലസ്തീനിലെ പൗരാണിക ദേവാലയത്തിലേക്കും അവിടെ നിന്ന് ആകാശത്തിലേക്കും മുഹമ്മദ് നബി യാത്ര ചെയ്തു എന്നാണ് പ്രമാണങ്ങളില്‍ പറയുന്നത്. ഇസ്‌ലാമിനെ യഹൂദ പാരമ്പര്യവുമായി ഇഴചേര്‍ക്കുന്ന ഒരു സംഭവമാണിത്. മുഹമ്മദ് നബിയും യഹൂദ ജനതക്കിടയില്‍ പല കാലങ്ങളിലായി വന്ന പ്രവാചകന്മാരും തമ്മില്‍ ആ രാത്രിയില്‍ സന്ധിച്ചു. ഈ സംഭവം നബി(സ)യുടെ ആത്മീയ അനുഭവമായിരുന്നുവെന്നും അഭിപ്രായമുണ്ട്.
ചരിത്രപരമായി നോക്കുകയാണെങ്കില്‍ ഇസ്‌റാഅ് നടക്കുന്ന കാലത്ത് ജറൂസലം ക്രിസ്ത്യന്‍ ആധിപത്യത്തിലാണ്. അക്കാലത്ത് അവിടെ ഒരു ദേവാലയം നിലനിന്നിരുന്നില്ല. അതിനും നൂറ്റാണ്ടുകള്‍ക്ക് മുമ്പ് തന്നെ റോമന്‍ ചക്രവര്‍ത്തി ഈ ദേവാലത്തെ സമ്പൂര്‍ണമായും തകര്‍ത്ത് നിരപ്പാക്കിയിട്ടുണ്ടായിരുന്നു. ആ ദേവാലയത്തിനുള്ളില്‍ മുഹമ്മദ് നബി നമസ്‌കാരം നടത്തി എന്നാണ് വിശ്വാസം.
ഈ സംഭവത്തോടെയാണ് ഇസ്‌ലാമില്‍ അഞ്ച് നേരത്തെ നിര്‍ബന്ധ നമസ്‌കാരം ആരംഭിക്കുന്നത്. തുടര്‍ന്ന് മുസ്ലിംകള്‍ക്ക് അവരുടെ നമസ്‌കാരത്തിന്റെ ഭൗമ ദിശയായി/ ഖിബ്ലയായി ജറൂസലം ദേവാലയത്തെ മുഹമ്മദ് നബി നിശ്ചയിച്ച് നല്‍കുകയും ചെയ്തു. അല്ലാഹുവിന്റെ കല്പനപ്രകാരമാണ് പിന്നീട് ഖിബ്‌ല മാറ്റമുണ്ടായത്. ആദ്യ ഖിബ്‌ല ബൈതുല്‍മുഖദ്ദസ് ആയിരുന്നു.
ഏതാണ്ട് കഅ്ബ നിര്‍മിച്ച കാലത്ത് തന്നെ ഇബ്‌റാഹീം നബി ഫലസ്തീനില്‍ ഇസ്ഹാഖിനെ പാര്‍പ്പിച്ച സ്ഥലത്ത് നിര്‍മിച്ചതാണ് ഈ ദേവാലയത്തിന്റെ ആദിമരൂപം എന്നാണ് അറബികളുടെ വിശ്വാസം. കഅ്ബയും മദീനയില്‍ മുഹമ്മദ് നബി പിന്നീട് നിര്‍മിച്ച പള്ളിയും കഴിഞ്ഞാല്‍ മുസ്‌ലിംകള്‍ ഏറ്റവും വിശുദ്ധമായി കാണുന്നത് ഫലസ്തീനിലെ ഈ ദേവാലയമാണ്.
മുഹമ്മദ് നബിയുടെ മരണ ശേഷം ഇസ്‌ലാമിക സാമ്രാജ്യം കൂടുതല്‍ വിപുലമായിക്കൊണ്ടിരുന്നു. ഇസ്‌ലാം ഒരേ സമയം ഒരു ആത്മീയ ധാരയും ഒരു രാഷ്ട്രീയ ധാരയുമായാണ് അക്കാലങ്ങളില്‍ നിലകൊണ്ടത്. ഭരണാധിപന്മാര്‍ രാജ്യം വിസ്തൃതമാക്കുമ്പോള്‍ മതവും മതം വിസ്തൃതമാക്കുമ്പോള്‍ സാമ്രാജ്യവും വളര്‍ന്ന് കൊണ്ടിരുന്നു. എ ഡി 634-ല്‍ ഖലീഫ അബൂബക്കര്‍ സിദ്ദീഖ് റോമിലേക്ക് സൈനികയാത്ര നടത്തി. സിറിയ അക്കാലത്ത് റോമന്‍ അധീനതയിലായിരുന്നു. സിറിയ പിടിച്ചെടുക്കാനുള്ള തീരുമാനവുമായാണ് അബൂബക്കര്‍ സര്‍വ സജ്ജമായ ഒരു പടയെ അങ്ങോട്ടേക്കയച്ചത്. ആദ്യകാല ഇസ്ലാമിക ചരിത്രത്തിലെ യുദ്ധ തന്ത്രജ്ഞനും പോരാളിയുമായിരുന്ന ഖാലിദ് ബിന്‍ വലീദായിരുന്നു സേനാധിപന്‍. അതി ഗംഭീരമായ ഏതാനും യുദ്ധങ്ങള്‍ക്ക് ശേഷം മുസ്‌ലിം സൈന്യം സിറിയ കീഴടക്കി. റോമന്‍ സാമ്രാജ്യത്തോട് പോരടിച്ച് വിജയം നേടിയത് മുസ്ലിം സൈന്യത്തിന്റെ ആത്മവിശ്വാസത്തെയും പോരാട്ട വീര്യത്തെയും പതിന്മടങ്ങ് വര്‍ധിപ്പിച്ചു.
അബൂബക്കറിന് ശേഷം ഭരണമേറ്റെടുത്ത ഖലീഫ ഉമര്‍ ദീര്‍ഘ ദര്‍ശിയും യാഥാര്‍ഥ്യ ബോധവുമുള്ള ഒരു തികഞ്ഞ ഭരണാധികാരിയായിരുന്നു. അസാമാന്യമായ സ്ഥൈര്യവും പ്രത്യുല്പന്നമതിത്വവും പ്രകടിപ്പിച്ച ഉമര്‍ ഇസ്ലാമിക സാമ്രാജ്യത്തെ അതി ഗംഭീരമായാണ് വിപുലീകരിച്ചത്. ജറൂസലം/ ഖുദ്‌സ് ഇസ്ലാമിക സാമ്രാജ്യത്തിന്റെ സുപ്രധാനമായ ഒരു ലക്ഷ്യമായിരുന്നു. മുഹമ്മദ് നബി ഇസ്‌റാഅ് നടത്തിയ, മുന്‍ പ്രവാചകന്മാര്‍ക്ക് നേതൃത്വം നല്‍കി നമസ്‌കരിച്ച, മുസ്‌ലിംകളുടെ ആദ്യ ഖിബ്‌ലയായ, ഇസ്‌ലാം മൂന്നാമത്തെ വിശുദ്ധ ദേവാലയമായി കണക്കാക്കുന്ന മസ്ജിദുല്‍ അഖ്‌സ നിലകൊള്ളുന്ന പ്രദേശങ്ങളിലും സത്യമതത്തിന്റെ പ്രകാശം എത്തണമെന്നും മുസ്‌ലിംകള്‍ ആഗ്രഹിച്ചു. ഖലീഫ ഉമര്‍ ശക്തിമത്തായ ഒരു സൈന്യവ്യൂഹത്തെ അതിനായി ഖുദ്‌സിലേക്ക് നിയോഗിച്ചു.
ഫലസ്തീനിലെ റോമന്‍ സൈന്യവുമായി ഉമറിന്റെ സേന അതിശക്തമായ പോരാട്ടം നടത്തി. ജറൂസലം പ്രദേശം മാത്രമായിരുന്നു ക്രിസ്ത്യന്‍ പാത്രിയാര്‍ക്കീസിന്റെ നേതൃത്വത്തിനു കീഴില്‍ ഒരു സമ്പൂര്‍ണ ക്രൈസ്തവ മേഖലയായിരുന്നത്. ഫലസ്തീന്റെ ഇതര മേഖലകള്‍ ബൈസാന്തിയന്‍ ചക്രവര്‍ത്തിയുടെ ഭരണത്തിന്‍ കീഴിലായിരുന്നു. ഫലസ്തീന്റെ ഓരോ മേഖലയും കീഴടക്കി മുസ്‌ലിം സേന ജറൂസലം ലക്ഷ്യമാക്കി കുതിച്ചു കൊണ്ടിരുന്നു. ഒടുവില്‍ അവര്‍ ജറൂസലം നഗരത്തിന്റെ കവാടത്തിനടുത്ത് തമ്പടിച്ചു. രക്തച്ചൊരിച്ചില്‍ കൂടാതെ നഗരം കീഴടക്കണമെന്നാണ് മുസ്‌ലിംസേന ആഗ്രഹിച്ചത്. മുസ്‌ലിം സേനയുടെ കരുത്തിന് മുന്നില്‍ പ്രതിരോധം അസംഭവ്യമാണെന്ന് മനസിലാക്കിയ പാത്രിയാര്‍ക്കീസ് സന്ധിക്ക് തയാറാണെന്ന് സേനാ നേതൃത്വത്തെ അറിയിച്ചു. കൂട്ടത്തില്‍ ഒരു ഉപാധിയും വെച്ചു. ഖലീഫ ഉമര്‍ നേരിട്ടെത്തി സന്ധി അംഗീകരിക്കണമെന്നതായിരുന്നു അത്. വിവരമറിഞ്ഞ ഉമര്‍ ജറൂസലം യാത്രക്ക് സന്നദ്ധനായി.
ഇസ്‌ലാമിക ചരിത്രത്തില്‍ ജാജ്വലമായി നില്‍ക്കുന്ന ഒരധ്യായമാണ് ഖലീഫ ഉമറിന്റെ ഖുദ്‌സ് യാത്രയും ഖുദ്‌സ് വിമോചനവുമായി ബന്ധപ്പെട്ട് അദ്ദേഹം കൈക്കണ്ട വിവിധ നടപടികളും. ഇസ്‌ലാമിക ചരിത്രത്തില്‍ ഖുദ്‌സിനുള്ള സ്ഥാനം അത്രമേല്‍ വലുതായതാണ്. ദിവസങ്ങള്‍ നീണ്ട യാത്രക്കൊടുവില്‍ ഉമര്‍ ജറൂസലം നഗരത്തിന്റെ കവാടത്തിലെത്തി. ചരിത്ര പ്രസിദ്ധമായ ഒരു ഉടമ്പടി അദ്ദേഹവും പാത്രിയാര്‍ക്കീസും തമ്മില്‍ നടത്തി.
പരമാവധി മാന്യമായും രക്തരൂഷിതമല്ലാതെയും കീഴടങ്ങുക എന്നതല്ലാതെ പാത്രിയാര്‍ക്കീസിന്റെ മുമ്പില്‍ മറ്റ് മാര്‍ഗങ്ങളില്ലായിരുന്നു. തുടര്‍ന്ന് ജറൂസലം നഗരത്തിന്റെ കവാടം അദ്ദേഹത്തിന് മുന്നില്‍ തുറക്കപ്പെട്ടു. ഖുദ്‌സ് അഥവാ ജറൂസലം നഗരം അതോടെ ഇസ്‌ലാമിക സാമ്രാജ്യത്തിന് കീഴിലായി. ക്രിസ്ത്യാനികളെയും അവരുടെ ആരാധനാലയങ്ങളെയും സംരക്ഷിക്കുന്ന ചുമതല ഇസ്‌ലാമിക രാഷ്ട്രം ഏറ്റെടുത്തു. പകരം ക്രിസ്ത്യാനികള്‍ നികുതി നല്‍കണം. ജറൂസലം നഗരത്തില്‍ ജൂതര്‍ പ്രവേശിക്കാന്‍ പാടില്ല എന്ന ഉത്തരവും ഖലീഫ ഉമര്‍ പുറപ്പെടുവിച്ചു.
അന്ന് തയ്യാറാക്കിയ ഉടമ്പടിയുടെ പ്രതി ഇന്നും ജറൂസലമിലെ ക്രിസ്ത്യന്‍ കേന്ദ്രമായ ഉയര്‍ത്തെഴുന്നേല്‍പ് പള്ളിക്കുള്ളില്‍ സൂക്ഷിക്കപ്പെട്ടിട്ടുണ്ട്. ഒരു കാലഘട്ടത്തിന്റെ ചരിത്രത്തെ നമ്മള്‍ വായിക്കുമ്പോള്‍ അന്നത്തെ സാഹചര്യങ്ങളെയും നടപ്പ് രീതികളെയും അക്കാലത്തെ നൈതിക ബോധങ്ങളെയുമാണ് നാം പശ്ചാത്തലമാക്കേണ്ടത്. അങ്ങനെ വായിക്കുമ്പോഴാണ് ജറൂസലമില്‍ ഉമര്‍ നടത്തിയ സൈനിക ഇടപെടല്‍ മാന്യവും ഉല്‍കൃഷ്ടവുമായിരുന്നു എന്ന് നമുക്ക് അംഗീകരിക്കേണ്ടി വരുന്നത്.
പാത്രിയാര്‍ക്കീസിനൊപ്പം ഉയിര്‍ത്തെഴുന്നേല്‍പിന്റെ പള്ളിയില്‍ ഉമര്‍ ചര്‍ച്ചക്കിരിക്കുമ്പോള്‍ നമസ്‌കാര സമയം അറിയിക്കപ്പെട്ടു. പള്ളിക്കുള്ളില്‍ നമസ്‌കരിക്കാന്‍ തന്നെ പാത്രിയാര്‍ക്കീസ് ക്ഷണിച്ചപ്പോള്‍ അതിനെ സ്‌നേഹപൂര്‍വം നിരസിച്ച് കൊണ്ട് ഉമര്‍ പറഞ്ഞ മറുപടിയും ഇസ്‌ലാമിക ചരിത്രത്തിലെ ഒരു തിളങ്ങുന്ന സംഭവമാണ്. തന്റെ പേരില്‍ ഭാവി മുസ്‌ലിംകള്‍ ഒരവകാശവാദം ഈ പള്ളിയിന്മേല്‍ ഉന്നയിക്കാന്‍ ഇട വരേണ്ട എന്നായിരുന്നു ഉമറിന്റെ മറുപടി. പകരം ഉമര്‍ ആവശ്യപ്പെട്ടത് ഖുദ്‌സിലെ പഴയ ദേവാലയം കാണിച്ച് കൊടുക്കാനായിരുന്നു. റോമാക്കാര്‍ തകര്‍ത്ത് നിരപ്പാക്കിയ പൗരാണിക ദേവാലയം നില നിന്ന സ്ഥലം പാത്രിയാര്‍ക്കീസ് ഉമറിന് കാണിച്ച് കൊടുത്തു. കുതിരാലയവും കുപ്പത്തൊട്ടിയുമായി കിടന്ന ആ പ്രദേശം ഉമറും മുസ്‌ലിംകളും ചേര്‍ന്ന് വൃത്തിയാക്കി. അവിടെ നമസ്‌കാരം നിര്‍വഹിച്ച ഉമര്‍ വിശാലവും മനോഹരവുമായ ഒരു പള്ളി ആ സ്ഥാനത്ത് നിര്‍മിക്കുകയും ചെയ്തു.
മുന്‍ പ്രവാചകന്മാരുടെ പാരമ്പര്യവുമായി മുഹമ്മദ് നബി ഇസ്‌ലാമിനെ കണ്ണി ചേര്‍ത്ത ദാര്‍ശനിക സൗന്ദര്യത്തിന് ഉമര്‍ സാക്ഷാത്കാരം നടത്തുകയായിരുന്നു. മസ്ജിദുല്‍ അഖ്‌സ എന്ന ഇസ്‌ലാമിന്റെ മൂന്നാമത്തെ വിശുദ്ധ ദേവാലയം സാക്ഷാത്കരിക്കപ്പെടാന്‍ ഉമറിന്റെ കാലത്തിനാണ് അവസരമുണ്ടായത്. സുദീര്‍ഘമായ ഒരു കാലം ഖുദ്‌സും മസ്ജിദുല്‍ അഖ്‌സയും ഇസ്‌ലാമിക സാമ്രാജ്യത്തിന് കീഴില്‍ തുടര്‍ന്നു.
ഉമറിന്റെ മരണശേഷം ഇസ്‌ലാമിക സാമ്രാജ്യത്തില്‍ ആഭ്യന്തര കുഴപ്പങ്ങള്‍ തലപൊക്കി. മുഹമ്മദ് നബിയുടെ പിതൃവ്യപുത്രനും ജാമാതാവുമായ അലിയുടെ കാലമായപ്പോള്‍ ഇസ്‌ലാമിക ഖിലാഫത്ത് രണ്ടായി പിളര്‍ന്നു. തുടര്‍ന്ന് പൊതുവിലുള്ള സാമ്രാജ്യ വിസ്തൃതിക്കൊപ്പം ആഭ്യന്തര കലഹങ്ങളും മൂര്‍ച്ഛിച്ചു. അമവികള്‍, അബ്ബാസികള്‍, ഫാഥിമികള്‍, തുലൂനികള്‍, ഖാറാമിത്തകള്‍, സല്‍ജൂഖീകള്‍ തുടങ്ങി അനേകം ഭരണകൂടങ്ങള്‍ പരസ്പരം പോരടിച്ചും അല്ലാതെയുമൊക്കെ ഇസ്‌ലാമിക ലോകത്ത് ഭരണം നടത്തി. എ ഡി 1036-ല്‍ സ്‌പെയിന്‍ ഭരിച്ചിരുന്ന അമവി ഭരണകൂടം തകര്‍ന്നു. ഒന്നിലധികം ഖിലാഫത്തുകള്‍ ഇസ്‌ലാമിക ലോകത്ത് ഉണ്ടായി. പലതും പരസ്പരം ശത്രുത പുലര്‍ത്തി. ഇസ്‌ലാമിക ലോകത്തിന്റെ ശക്തി ക്ഷയിക്കാന്‍ തുടങ്ങുകയായിരുന്നു.
(തുടരും)

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x