28 Saturday
June 2025
2025 June 28
1447 Mouharrem 2

ഇസ്‌ലാം പഠിപ്പിക്കുന്ന കരുണയുടെ ഗൃഹപാഠങ്ങള്‍

എ ജമീല ടീച്ചര്‍


കരുണ, സഹിഷ്ണുത മുതലായ സദ്ഗുണങ്ങള്‍ അല്ലാഹു മനുഷ്യനില്‍ നിക്ഷേപിച്ച ചില അനുഗ്രഹങ്ങളില്‍ പെട്ടതാണ്. ചിലരില്‍ അവയുടെ തോത് കൂടിയും കുറഞ്ഞുമിരിക്കുമെങ്കിലും മനുഷ്യരിലെല്ലാം പൊതുവെ ഈ ഗുണങ്ങള്‍ കാണാം. അത് മനസ്സിലാക്കണമെങ്കില്‍ മനുഷ്യനെപ്പറ്റിയുള്ള പഠനം വെറും ശരീരത്തില്‍ മാത്രം ചുരുക്കിക്കൂടാ. പരിണാമ പ്രക്രിയയിലെവിടെയോ വെച്ച് രൂപാന്തരപ്പെട്ട കേവല ജന്തു മാത്രമാണ് മനുഷ്യനെന്ന നിഗമനവും ശരിയല്ല. മണ്ണും വിണ്ണും കൂടിച്ചേര്‍ന്നതാണ് മനുഷ്യന്‍. അവന്റെ സൃഷ്ടിപ്പിന്റെ കാരണക്കാരനാകട്ടെ, സര്‍വശക്തനായ അല്ലാഹുവുമാണ്. കാര്യകാരണബന്ധത്തിന്റെ അടിസ്ഥാനത്തില്‍ ഭാഗഭാക്കായത് മാതാപിതാക്കളും.
ഈ അടിസ്ഥാനത്തില്‍ ചിന്തിക്കുമ്പോഴാണ് സ്‌നേഹം, കരുണ, ദയ, സഹിഷ്ണുത മുതലായ ഗുണങ്ങളുടെ ആവശ്യകത മനുഷ്യനു ബോധ്യപ്പെടുന്നത്. ഈ ബോധം ഇല്ലെങ്കില്‍ പിന്നെ അവന് ജന്തുസമാനം ജീവിച്ച് ചത്തൊടുങ്ങിപ്പോയാല്‍ മതിയാകും. പരലോകത്ത് അതിന് സമാനമായ നരകശിക്ഷ അവന്‍ അനുഭവിക്കേണ്ടിവരികയും ചെയ്യും.
ഈ നരകത്തില്‍ നിന്നുള്ള മോചനമാണ് ഇസ്‌ലാം മനുഷ്യന് നല്‍കുന്ന ഏറ്റവും മഹനീയമായ കാരുണ്യം. ഇസ്‌ലാം കാരുണ്യത്തിന്റെ മതമാണ് എന്നു പറയുന്നതും അതുകൊണ്ടാണ്. ‘പ്രവാചകരേ, താങ്കളെ നാം ലോക ജനതയ്ക്ക് കാരുണ്യമായിട്ടല്ലാതെ അയച്ചിട്ടില്ല’ എന്ന ഖുര്‍ആന്‍ വചനവും അതാണ് സൂചിപ്പിക്കുന്നത്. അതോടൊപ്പം ഭൗതിക ജീവിതത്തില്‍ മനുഷ്യര്‍ പരസ്പരം കാണിക്കേണ്ട കാരുണ്യത്തെക്കുറിച്ചും ഇസ്‌ലാം സൂചിപ്പിക്കുന്നുണ്ട്. നബി തിരുമേനി(സ)യുടെ വാക്ക് ഇമാം തിര്‍മിദി റിപ്പോര്‍ട്ട് ചെയ്യുന്നു:
‘കരുണ കാണിക്കുന്നവരേ, അല്ലാഹു നിങ്ങളോട് കരുണ കാണിക്കുന്നതാണ്. ഭൂമിയില്‍ ഉള്ളവര്‍ക്ക് നിങ്ങള്‍ കരുണ ചെയ്യുവിന്‍. എന്നാല്‍ ഉപരിലോകത്തുള്ളവന്‍ നിങ്ങളോട് കരുണ ചെയ്യുന്നതാണ്.’ ഫലസ്തീനില്‍ ഇസ്രായേല്‍ ആയിരങ്ങളെ കൊന്നൊടുക്കിക്കൊണ്ടിരിക്കുമ്പോഴും സ്വന്തം ബന്ധനത്തില്‍ ഉണ്ടായിരുന്ന രണ്ട് ഇസ്രായേലി വനിതകളെ മാതൃകാപരമായി വിട്ടയക്കുന്നത് സോഷ്യല്‍ മീഡിയകളില്‍ നാം കണ്ടു. അവര്‍ക്ക് ഭക്ഷണം നല്‍കുകയും അവരോട് മാന്യമായി പെരുമാറുകയും ചെയ്തുകൊണ്ടായിരുന്നു ആ വിട്ടയക്കല്‍. ഇസ്‌ലാം പ്രതിനിധാനം ചെയ്യുന്ന കാരുണ്യത്തിന്റെയും സഹിഷ്ണുതയുടെയും ഉദാത്തമായ മാതൃക തന്നെയാണിത്.
ഇമാം മുസ്‌ലിം രിവായത്ത് ചെയ്യുന്ന നബിവചനം കാണുക: ‘നബി(സ) അരുളി: അല്ലാഹുവിന്റെ ദാസന്മാരില്‍ കരുണ ചെയ്യുന്നവരോടാണ് അല്ലാഹു കരുണ കാണിക്കുക. സഹിഷ്ണുതയും വിട്ടുവീഴ്ചാ മനഃസ്ഥിതിയും ഉള്ളവര്‍ക്കേ ഇങ്ങനെ പരസ്പരം കരുണ കാണിക്കാനാവുകയുള്ളൂ. ഹൃദയം കടുത്തവനില്‍ നിന്ന് അല്ലാഹു കാരുണ്യം ഊരിയെടുക്കും.’
ജൂതന്മാരെക്കുറിച്ച് വിശുദ്ധ ഖുര്‍ആന്‍ പറയുന്നത് ഇപ്രകാരമാണ്: ‘പിന്നീട് അതിനു ശേഷവും നിങ്ങളുടെ ഹൃദയങ്ങള്‍ കടുപ്പമായി. അപ്പോള്‍ അത് ശില പോലെയാണ്. അഥവാ അതിനെക്കാളും കഠിനമാണ്. തീര്‍ച്ചയായും ശിലകളില്‍ നിന്നുതന്നെ ചിലവയില്‍ നിന്ന് അരുവികള്‍ പൊട്ടിയൊഴുകാറുണ്ട്. സ്വയം പിളരുകയും എന്നിട്ട് അതില്‍ നിന്ന് ജലം പുറപ്പെടുകയും ചെയ്യുന്നവയും അവയിലുണ്ട്’ (അല്‍ബഖറ 74).
കരുണയുടെ നനവില്ലാത്ത ഇത്തരം മനുഷ്യരുടെ ഹീനകൃത്യങ്ങള്‍ ജൂതന്മാരില്‍ നിന്ന് ഇന്നും ലോകം കണ്ടുകൊണ്ടിരിക്കുന്ന നേര്‍ക്കാഴ്ചകളാണല്ലോ. ഇത്തരം കഠിനഹൃദയം ഒരു മുസ്‌ലിമിനൊരിക്കലും ഉണ്ടാവാന്‍ പാടില്ലാത്തതാണ്. നാം കരുണ കാണിക്കേണ്ടതായ സന്ദര്‍ഭങ്ങള്‍ ഇസ്‌ലാം പ്രത്യേകം പറയുന്നുമുണ്ട്.
കുട്ടികളോട്
കുട്ടികള്‍ക്ക് കരുണയും സ്‌നേഹവും നല്‍കാന്‍ ഇസ്‌ലാം പ്രത്യേകം നിര്‍ദേശിക്കുന്നുണ്ട്. നബി(സ) കുട്ടികള്‍ക്ക് കരുണ പകര്‍ന്നുകൊടുക്കാന്‍ അവരെ എടുക്കുകയും ചുംബിക്കുകയും ചെയ്യാറുണ്ടായിരുന്നു. ഇമാം ബുഖാരി ഉദ്ധരിക്കുന്ന ഒരു ഹദീസില്‍ ഇങ്ങനെ കാണാം: ‘നബി(സ) അലി(റ)യുടെ പുത്രന്‍ ഹസനെ ചുംബിച്ചു.
അപ്പോള്‍ നബിയുടെ അരികത്ത് അഖ്‌റഅ്(റ) എന്ന സ്വഹാബി ഇരിക്കുന്നുണ്ടായിരുന്നു. എനിക്ക് പത്ത് സന്താനങ്ങളുണ്ടായിട്ടും ഒരുവനെപ്പോലും ഞാന്‍ ചുംബിച്ചിട്ടില്ല. അപ്പോള്‍ നബി അദ്ദേഹത്തോട് പറഞ്ഞു: കരുണ ചെയ്യാത്തവന് കരുണ ലഭിക്കുകയില്ല.’ അത്തരം കുട്ടികള്‍ വളര്‍ച്ചയുടെ പടവുകള്‍ കയറി യുവാക്കളാകുമ്പോള്‍ ക്രൂരന്മാരും കഠിനഹൃദയരുമാകുമെന്ന് മനഃശാസ്ത്രം സിദ്ധാന്തിക്കുന്നുണ്ട്. നമസ്‌കരിക്കുന്ന സമയത്തുപോലും കുട്ടികള്‍ അടുത്തുവന്നാല്‍ നമസ്‌കാരത്തിന് ഭംഗം വരാത്ത വിധത്തില്‍ നബി കുട്ടികളെ എടുത്ത് സ്‌നേഹം നല്‍കാറുണ്ടായിരുന്നുവെന്ന് ഇമാം ബുഖാരി ഉദ്ധരിക്കുന്നുണ്ട്. ഏറ്റവും മഹത്തായ ഒരു തത്വമാണ് നബി ഇതിലൂടെ മാനവികതയ്ക്ക് നല്‍കുന്നത്.
രക്ഷിതാക്കള്‍ എത്ര ഗഹനമായ കാര്യം ചെയ്തുകൊണ്ടിരിക്കുകയാണെങ്കിലും കുഞ്ഞുമക്കള്‍ അടുത്തുവന്നാല്‍ അവരെ അവഗണിക്കരുത്. മാത്രമല്ല അവരെ ഒെന്നടുത്ത് സ്‌നേഹം പ്രകടിപ്പിച്ചുകൊണ്ടാണ് അവരെ സൂത്രത്തില്‍ മാറ്റിനിര്‍ത്തേണ്ടത്. കാരണം മുതിര്‍ന്നവരുടെ ജോലിയുടെ പ്രാധാന്യമൊന്നും കുട്ടികള്‍ക്ക് അറിഞ്ഞുകൂടല്ലോ. അവരെ ശ്രദ്ധിക്കാതെ വിട്ടാല്‍ തങ്ങളെ മാതാപിതാക്കള്‍ അവഗണിച്ചുവോ എന്ന ചിന്തയായിരിക്കും അവരിലുണ്ടാവുക. പ്രവാചകന്‍ പ്രസംഗപീഠത്തിലിരിക്കുന്ന സമയത്തുപോലും മകളുടെ കുട്ടികള്‍ കയറിവന്നാല്‍ തിരുമേനി പ്രസംഗപീഠത്തില്‍ നിന്നിറങ്ങിവന്ന് അവരോട് കരുണ കാണിക്കാറുണ്ടായിരുന്നതായി ഇബ്‌നുമാജ റിപ്പോര്‍ട്ട് ചെയ്യുന്ന ഹദീസില്‍ കാണാം.
മൃഗങ്ങളോട്
മുആവിയ നിവേദനം ചെയ്യുന്നു: ‘ഒരു മനുഷ്യന്‍ പറഞ്ഞു: അല്ലാഹുവിന്റെ പ്രവാചകരേ, ആടിനോടുള്ള സ്‌നേഹം കാരണം ഞാന്‍ അതിനെ അറുക്കുന്നത് ഒഴിവാക്കാറുണ്ട്. അപ്പോള്‍ നബി(സ) പറഞ്ഞു: നീ അതിനോട് കരുണ കാണിച്ചുവെങ്കില്‍ അല്ലാഹു നിന്നോടും കരുണ കാണിക്കുന്നതാണ്’ (ഹാകിം).
മൃഗങ്ങളോടു പോലും കാരുണ്യം കാണിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുകയാണ് നബി ചെയ്യുന്നത്. അതുപോലെ മറ്റൊരു ഹദീസില്‍ ഇങ്ങനെ കാണാം: ഇബ്‌നു അബ്ബാസ് (റ) നിവേദനം ചെയ്യുന്നു: ‘മുഖത്ത് ചൂടുവെച്ച ഒരു കഴുതയുടെ അരികിലൂടെ നടന്നുപോകുമ്പോള്‍ നബി പറഞ്ഞു: അതിനെ ചൂടുവെച്ചവനെ അല്ലാഹു ശപിച്ചിരിക്കുന്നു’ (മുസ്‌ലിം).
ദരിദ്രര്‍
കഷ്ടത അനുഭവിക്കുന്ന മനുഷ്യരോട് കരുണ കാണിക്കാന്‍ ഇസ്‌ലാം മതം പ്രത്യേകം നിര്‍ദേശിക്കുന്നുണ്ട്. നരകവാസികളും ദീനിനെ കളവാക്കുന്നവരുമായവരുടെ സ്വഭാവത്തെക്കുറിച്ച് ഖുര്‍ആന്‍ ഇപ്രകാരം പറയുന്നു: ‘ദരിദ്രര്‍ക്ക് ആഹാരം നല്‍കുന്നതിന് അവര്‍ പ്രേരണ നല്‍കാത്തവരുമാണ്’ (സൂറഃ അല്‍മാഊന്‍).
ഭക്ഷണം സാധുക്കള്‍ക്ക് നല്‍കാത്തവരെ മാത്രമല്ല, അതിനു മറ്റുള്ളവരെ പ്രേരിപ്പിക്കുകയും ചെയ്യുന്നില്ല എന്നുള്ളതാണ് മതത്തെ കളവാക്കുന്നതിന്റെ ലക്ഷണമായി ഖുര്‍ആന്‍ ഇവിടെ കുറ്റപ്പെടുത്തുന്നത്. നമുക്കു ചുറ്റും ഇതുപോലുള്ള ഒരുപാട് മനുഷ്യരുണ്ട്. ഉണ്ണാനില്ലാത്തവര്‍, ഉടുക്കാനില്ലാത്തവര്‍, അന്തിയുറങ്ങാന്‍ ഒരു കൂര പോലുമില്ലാത്തവര്‍- ഇത്തരക്കാരെ കണ്ടില്ലെന്ന് നടിച്ചുകൊണ്ട് മുസ്‌ലിമായ മനുഷ്യന് ഒരിക്കലും മുന്നോട്ടുപോകാന്‍ സാധ്യമല്ല.
അവനവന്റെ കഴിവിന്റെ തോതനുസരിച്ച് അത്തരക്കാരെ സഹായിക്കണം. മറ്റുള്ളവരോട് സഹായിക്കാന്‍ പ്രോത്സാഹിപ്പിക്കുകയും വേണം. ദാരിദ്ര്യം മാത്രമല്ല, ധനവും അല്ലാഹുവിന്റെ പരീക്ഷണമാണ്. പരലോകത്തില്‍ അല്ലാഹുവിന്റെ മുമ്പില്‍ കണക്ക് ബോധിപ്പിക്കേണ്ട പരീക്ഷണം. മനുഷ്യജീവിതം ഒരു പരീക്ഷണാലയമാണ്. ജനനം മുതല്‍ മരണം വരെ നീണ്ടുനില്‍ക്കുന്ന പരീക്ഷണം. മനുഷ്യ ജന്മത്തിന്റെ ലക്ഷ്യമാണീ പരീക്ഷണം. മനുഷ്യന് നല്‍കിയിട്ടുള്ള കഴിവുകളും യോഗ്യതകളും അനുഗ്രഹങ്ങളുമെല്ലാം ഈ പരീക്ഷണത്തിനുള്ള ഉപാധികളും ഉപകരണങ്ങളുമാകുന്നു.
ഖുര്‍ആന്‍ സൂറതുദ്ദഹ്‌റില്‍ ഉണര്‍ത്തിയത് ഇതിനെ വായിക്കാം: ‘നാം മനുഷ്യനെ മിശ്രിത ശുക്ലത്തില്‍ നിന്ന് സൃഷ്ടിച്ചത് അവനെ പരീക്ഷിക്കാന്‍ വേണ്ടിയാകുന്നു. അതുകൊണ്ട് നാം അവനെ കാഴ്ചയും കേള്‍വിയുമുള്ളവനാക്കിയിരിക്കുന്നു. നാം അവന് മാര്‍ഗദര്‍ശനം നല്‍കിയിട്ടുമുണ്ട്. ഒന്നുകില്‍ അവന് സ്രഷ്ടാവിനോട് നന്ദിയുള്ളവനാകാം. അല്ലെങ്കില്‍ നന്ദികെട്ടവനുമാകാം’ (അദ്ദഹ്‌റ് 1-3).
അല്ലാഹുവിന് മനുഷ്യന്റെ നന്ദിയുടെയും ഔദാര്യത്തിന്റെയും ആവശ്യമില്ല. അവന്‍ ആരുടെയും ആശ്രയം ആവശ്യമില്ലാത്തവനാണ്. മനുഷ്യന്‍ നന്ദി ചെയ്ത് ജീവിച്ചാല്‍ അതിന്റെ ഗുണം അവനു തന്നെയാണ്. പരലോകത്ത് സ്വര്‍ഗവാസികളില്‍ ഉള്‍പ്പെടും, ഇല്ലെങ്കില്‍ നിത്യനരകമായിരിക്കും അവന്റെ വാസസ്ഥലം.
സഹജീവികളെ സ്‌നേഹിക്കുക, അവരോട് കരുണ കാണിക്കുക, വിട്ടുവീഴ്ച കാണിക്കേണ്ട സ്ഥലങ്ങളില്‍ സഹിഷ്ണുത പാലിക്കുക- ഇതെല്ലാം ഇസ്‌ലാം നല്‍കുന്ന കാരുണ്യത്തിന്റെ പാഠഭാഗങ്ങളാണ്. വൈവാഹിക ജീവിതത്തിലും നബി സഹിഷ്ണുതയുടെയും കരുണയുടെയും ഉദാത്ത മാതൃകയായിരുന്നു.
ഒരിക്കല്‍ സൈനബ്(റ) നബിക്ക് കുറച്ച് ഭക്ഷണസാധനങ്ങള്‍ കൊടുത്തയച്ചു. അദ്ദേഹം അപ്പോള്‍ ഉണ്ടായിരുന്നത് ആഇശ(റ)യുടെ വീട്ടിലായിരുന്നു. ആഇശക്ക് അതത്ര പിടിച്ചില്ല. അവര്‍ പാത്രത്തിന് ഒരൊറ്റത്തട്ട്. പാത്രം പൊട്ടിയുടഞ്ഞു. ഭക്ഷണസാധനങ്ങള്‍ നിലത്ത് ചിതറിക്കിടന്നു. നബി ഏറെ സഹിഷ്ണുതയോടെ ആ ഭക്ഷണസാധനങ്ങള്‍ പെറുക്കിയെടുത്തു. ആഇശയെ വഴക്ക് പറഞ്ഞതുമില്ല. അതു കണ്ട ആഇശക്ക് പശ്ചാത്താപമുണ്ടായി. അവര്‍ നബിയോട് മാപ്പ് ചോദിച്ചു. ഒരു ഭാര്യയുമായിത്തന്നെ പൊരുത്തപ്പെട്ട് പോകാന്‍ പ്രയാസപ്പെടുന്ന മനുഷ്യര്‍ക്കിടയില്‍ ഒമ്പത് ഭാര്യമാര്‍ക്കിടയില്‍ യാതൊരു അലോസരങ്ങളുമില്ലാതെ ജീവിച്ച് മരിച്ചുപോകാന്‍ സാധിച്ചത് തിരുമേനിയുടെ ഏറ്റവും മുന്തിയ സഹിഷ്ണുതാ മനോഭാവം കൊണ്ടായിരുന്നു.
രോഗികള്‍
രോഗികളോടും അങ്ങേയറ്റത്തെ കാരുണ്യം കാണിക്കാന്‍ തിരുമേനിക്ക് സാധിച്ചിരുന്നു. കുഷ്ഠരോഗികളുടെ കൂടെ തിരുമേനി ഒരു പാത്രത്തില്‍ നിന്ന് ഭക്ഷിക്കാറുണ്ടായിരുന്നു (തിര്‍മിദി). നബി രോഗികളെ സന്ദര്‍ശിക്കും. അവരോട് സുഖവിവരങ്ങള്‍ അന്വേഷിക്കും. രോഗശമനത്തിനു വേണ്ടി പ്രാര്‍ഥിക്കും. അവരെ തൊട്ട് തലോടിക്കൊണ്ടിരിക്കും. ഇതൊക്കെയും പ്രവാചകന്റെ ദിനചര്യകളില്‍ പെട്ടതായിരുന്നു.

Back to Top