29 Friday
November 2024
2024 November 29
1446 Joumada I 27

ഇസ്‌ലാം ഇസ്‌ലാഹ് പാരമ്പര്യത്തിന്റെ വായന

ഡോ. ജാബിര്‍ അമാനി


ഇസ്‌ലാം എന്ന ദൈവീക മതത്തിന്റെ സന്ദേശങ്ങള്‍ മാനവ സമൂഹത്തിലേക്ക് പ്രബോധനം ചെയ്യുന്ന ഉന്നത ദൗത്യത്തിന്റെ ചുരുക്കപ്പേരുകൂടിയാണ് ഇസ്വ്‌ലാഹ്. പ്രവാചകരും തുടര്‍ന്ന് ഖലീഫമാരും പരിഷ്‌കര്‍ത്താക്കളും നിര്‍വഹിച്ച മഹത്തായ ബാധ്യത. മതത്തിന്റെ പരിശുദ്ധി സ്വീകരിച്ച് വ്യക്തിയെ സംസ്‌കരിച്ചൊരുക്കുന്ന പ്രവാചകര്‍ നിര്‍വഹിച്ച ധര്‍മ സമരത്തെ ഇസ്വ്‌ലാഹ് എന്ന് ഖുര്‍ആന്‍ പരിചയപ്പെടുത്തി. (വി.ഖു. 11:88) വേദ ഗ്രന്ഥത്തിന്റെ അടിസ്ഥാനത്തില്‍ ശരിയായ ഇസ്്ലാമിക ജീവിതം നയിക്കുന്ന ‘മുസ്വ്ലിഹീന്‍’ എന്ന് ഖുര്‍ആന്‍ പരാമര്‍ശിക്കുന്നുണ്ട്.
വേദഗ്രന്ഥത്തെ മുറുകെ പിടിക്കുകയും പ്രാര്‍ഥന(നമസ്‌കാരം) മുറപോലെ നിര്‍വഹിക്കുകയും ചെയ്തവരാരാരോ ആ സല്‍കര്‍മകാരികള്‍ക്കുള്ള(മുസ്വ്‌ലിഹീന്‍) പ്രതിഫലം നാം നഷ്ടപ്പെടുത്തിക്കളയുകയില്ല തീര്‍ച്ച.(7:10) ജീവിതത്തില്‍ സംഭവിച്ച തിന്മകളില്‍ നിന്ന് പശ്ചാത്തപിച്ച് സംസ്‌കൃതമായ മതജീവിതം – മുസ്്ലിമായിത്തീരല്‍- നയിക്കുന്നതിനെയും (5:32) (4:146) ഇസ്വ്‌ലാഹുമായി ബന്ധിപ്പിച്ചാണ് ഖുര്‍ആന്‍ പ്രസ്താവിച്ചത്. ഇസ്‌ലാമും ഇസ്വ്‌ലാഹും തമ്മിലുള്ള ജീവിത, ദൗത്യങ്ങളിലെ പാരസ്പര്യമാണ് ഈ ആശയങ്ങള്‍ സൂചിപ്പിക്കുന്നത്. വ്യക്തി-സാമൂഹിക രംഗങ്ങളില്‍ ഇസ്‌ലാമിക ആശയ ആദര്‍ശങ്ങളുടെ സംസ്ഥാപനം നിര്‍വഹിക്കുന്നതിന്(ഇസ്വ്ലാഹിന്) ചുമതലയേല്‍പ്പിക്കപ്പെട്ടവരാണല്ലോ പ്രവാചകര്‍. പ്രവാചകര്‍ എല്ലാവരും ലക്ഷ്യത്തില്‍ ഊന്നി ആശയങ്ങളില്‍ ഏകരൂപം ഉള്‍ക്കൊണ്ട്, പ്രബോധന കാര്യങ്ങളില്‍(ഇസ്വ്‌ലാഹ്) വിവിധ വഴികള്‍ സ്വീകരിച്ചവരായിരുന്നു. മൂസാ നബി(അ)യുടെ പ്രബോധന രീതിയും ശൈലിയും രൂപവുമല്ല ഇബ്റാഹീം നബി(അ)യുടേത്.
ആദര്‍ശ പിതാവായി അംഗീകരിച്ച് ഇബ്റാഹീം മാതൃക പിന്‍പറ്റാന്‍ മുഹമ്മദ് നബി(സ) യോട് ഖുര്‍ആന്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. എന്നാല്‍ അവരുടെ പ്രബോധന ശൈലീ രൂപം വൈവിധ്യങ്ങള്‍ ഉള്‍ക്കൊള്ളുന്നതായിരുന്നു. വിഗ്രഹാരാധനയുടെ യാഥാര്‍ഥ്യം ബോധ്യപ്പെടുത്താന്‍ ഇബ്റാഹീം നബി(അ) സ്വീകരിച്ച മാര്‍ഗമായിരുന്നില്ലല്ലോ മുഹമ്മദ് നബി(സ) സ്വീകരിച്ചത്. പ്രവാചകരുടെ ദൗത്യം ഒന്നാണെങ്കിലും മുഅ്ജിസത്തുകള്‍, പ്രബോധന ദൗത്യ നിര്‍വഹണ രീതികള്‍ വ്യത്യസ്തവും കാലബന്ധിതവുമായിരുന്നു. അത്ഭുതങ്ങളും മായാജാലങ്ങലും വില്‍പനക്ക് വെക്കുന്ന കാലത്ത് അവയെ വെല്ലുന്ന മുഅ്ജിസത്തുമായി മൂസാ നബി(അ) നിയോഗിതനാവുമ്പോള്‍, സാഹിത്യ ലോകത്ത് അതികായന്മാര്‍ വിപ്ലവം തീര്‍ക്കുന്ന അറേബ്യയില്‍ അത്യത്ഭുതകരമായ സാഹിത്യ സൃഷ്ടികൂടിയായ ‘ഖുര്‍ആനു’ മായി മുഹമ്മദ് നബിയും പ്രവാചകനായി വരുന്നു.
മതത്തിന്റെ ആദര്‍ശ ആശയാടിത്തറകള്‍ എക്കാലത്തും ഒന്നായിത്തീരുന്നതോടൊപ്പം പ്രബോധനങ്ങള്‍ കാലബന്ധിതമായി നവീകരിക്കപ്പെട്ടിരുന്നുവെന്നതാണ് ചരിത്രം മനസ്സിലാക്കിത്തരുന്നത്. ഇസ്വ്ലാഹ് കാലത്തേയും കാലം ശരിയായ ഇസ്വ്ലാഹിനേയും തേടേണ്ടതുണ്ട് എന്നര്‍ഥം. നന്മ കല്‍പിക്കുകയെന്ന ദൗത്യം (ഇസ്വ്ലാഹ്) കാലബന്ധിതമാവാതെ വരുന്നതിനെ ഖുര്‍ആന്‍ വിമര്‍ശന വിധേയമാക്കുകയും മനുഷ്യന്റെ നഷ്ടമായി പരിചയപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. (103: 13)
ഇസ്വ്ലാഹിന്റെ രീതിശാസ്ത്രവും ആശയാടിത്തറയും ഇസ്്ലാമായിരിക്കുക തന്നെ വേണം. പാശ്ചാത്യ ജ്ഞാന സങ്കല്‍പ്പങ്ങളും യുക്തി ബോധങ്ങളും യൂറോപ്യന്‍ റിനൈന്‍സ്മെന്റുകളും സാമൂഹിക മാറ്റങ്ങളും നവോത്ഥാന കാഴ്ചപ്പാടുകളില്‍ വലിയ മാറ്റം ഉണ്ടാക്കിയിട്ടുണ്ട്. യാഥാസ്ഥിതിക സമീപനം സ്വീകരിച്ച് മതാശയങ്ങളെ അന്ധവിശ്വാസാചാരങ്ങളില്‍ തള്ളിവിട്ടിരുന്ന മത സമൂഹങ്ങളും പ്രസ്ഥാനങ്ങളും വരെ ‘നവോത്ഥാന’ ത്തിന്റെ മുന്നണിപ്പോരാളികളും വക്താക്കളുമായി രംഗത്ത് വരുന്നത് സമകാല സമൂഹത്തില്‍ കാണാം.
സമയാ സമയങ്ങളില്‍ പരിഷ്‌കരിക്കുകയും പുതുക്കുകയും ചെയ്യുന്ന ജീവിത വീക്ഷണങ്ങളും ദര്‍ശനങ്ങളും കാഴ്ചപ്പാടുകളുമാണ് ആധുനിക കാലത്ത് നാം കാണുന്നത്.
ഏതുതരം മാറ്റങ്ങളേയും എടുത്തണിയുകയല്ല, മറിച്ച് കാലത്തോടൊപ്പം ജീവിക്കുന്ന ഒരു സമൂഹത്തിന് മുന്‍പില്‍ കാലാതിവര്‍ത്തിയായ ഒരാശയത്തെ ‘ഇസ്്വലാഹിന്റെ’ ദൗത്യത്തിന് ഉപയോഗപ്പെടുത്തുമ്പോള്‍ തികച്ചും കാലഹരണപ്പെട്ട മാര്‍ഗങ്ങള്‍ ഫലപ്രാപ്തി നല്‍കുകയില്ല. ഇസ്വ്ലാഹിന്റെ ആദിമ വിശുദ്ധി ചോര്‍ന്ന് പോവാതെ, കാലത്തെ ഗുണപരമായി ഉള്‍ക്കൊണ്ട് കര്‍മ മണ്ഡലത്തെ തയ്യാറാക്കേണ്ടത് പരിഷ്‌ക്കരണ പ്രസ്ഥാനങ്ങളുടെ അനിവാര്യമായ ചുമതലയാണ്. അല്ലാത്ത പക്ഷം ഇസ്വ്ലാഹ് അതിന്റെ വിപരീതമായ ‘ഇഫ്സാദി’നേയാവും രൂപപ്പെടുത്തുക (7: 56, 85)
ഇസ്്ലാം എന്ന ദൈവീക സന്മാര്‍ഗ ദര്‍ശനം(ഹുദ) മനുഷ്യര്‍ക്ക് ജീവിതത്തിന്റെ സമഗ്ര രംഗങ്ങളിലും വിശ്വാസ്യതയും നിലനില്‍പ്പും പരിശുദ്ധിയും പ്രദാനം ചെയ്യുന്നതാണെന്ന ഔന്നിത്യ ബോധം പകരാന്‍ പ്രസ്തുത സമീപനം അനിവാര്യമാണ്. അത്തരം ദൗത്യ നിര്‍വഹണങ്ങളെ ‘അഖ്്ലാനികള്‍’ എന്ന ടാഗ് ലൈനിലല്ല മറിച്ച് മംഗളാശംസകള്‍ നേര്‍ന്നാണ് പ്രവാചകന്‍ അഭിസംബോധന ചെയ്തത്. (ബദഅല്‍ ഇസ്‌ലാമു മഗരീബന്‍.. മുസ്്ലിം 370). റാബിത്വത്തുല്‍ ആലമുല്‍ ഇസ്്ലാം ഈ രംഗത്ത് മികച്ച പഠനങ്ങള്‍ നിര്‍വഹിച്ചിട്ടുണ്ട്. (മുജ്തമഉല്‍ മുസ്്ലിം, ത്വവാബിത്ത്വ് വല്‍ മുതഅയ്യിറാത്ത്, 2012 മക്ക)
നവോത്ഥാനവും
കാലവും

ഇസ്വ്‌ലാഹ് ആശയ കേന്ദ്രീകൃതമാവുന്നത് പോലെ തന്നെ കാലബന്ധിതവുമായിരിക്കുമ്പോഴാണ് ഗുണപരതയും സാമൂഹിക പരിവര്‍ത്തനവും ലഭ്യമാവുകയുള്ളൂ. ഓരോ കാലഘട്ടങ്ങളിലും മതവും മനുഷ്യരും സമൂഹവും അന്വേഷിക്കുന്നതും തേടുന്നതുമായ മേഖലങ്ങളില്‍ ഫലപ്രദമായ പ്രായോഗിക ഉത്തരങ്ങള്‍ കൊടുക്കാന്‍ ‘പരിഷ്‌കരണങ്ങള്‍ക്ക്’ സാധ്യമായിരിക്കണം. മത സന്ദേശത്തെയല്ല പരിഷ്‌കരിക്കേണ്ടതും നവീകരിക്കേണ്ടതും. കാരണം അത് കാലാതിവര്‍ത്തിത്തമുള്ളതാണ്. മതവേദ പരാമര്‍ശങ്ങുടെ പുനര്‍വായന ശരിയല്ല. ഖുര്‍ആനിന്റെ പുനര്‍ വായന എന്നൊന്നില്ല.
പുനര്‍വായിക്കപ്പെടുകയെന്നാല്‍ പൂര്‍ണത വരാതിരിക്കുന്നത് എന്ന് കൂടി താല്‍പര്യമുണ്ട്. നവീകരിക്കേണ്ടതില്ല, പരിഷ്‌കരിക്കേണ്ടതും ഇല്ല. എന്നാല്‍ സമകാല വായനയാവാം. വേദഗ്രന്ഥാശയങ്ങളെ ജീവിക്കുന്ന കാലവുമായി ബന്ധിപ്പിച്ച് വായിക്കുകയും ആവിഷ്‌കരിക്കുകയും ചെയ്യാം. അപ്പോഴാണ് സന്ദേശങ്ങള്‍ ‘ലൈവായി’ മാറുക. കാലം താല്‍പര്യപ്പെടുന്ന പുതിയ ചോദ്യങ്ങള്‍ക്ക് കാലത്തെ അതിജീവിക്കുന്ന വേദഗ്രന്ഥത്തിന്റെ ആശയത്തിലിരുന്ന് ഗവേഷണാത്മകമായി (ഇജ്തിഹാദ്) സമീപിക്കലാണ് കാലം തേടുന്ന നവോത്ഥാനം. എന്നാല്‍ ഇസ്‌ലാഹിനും ഇജ്തിഹാദിനും കൃത്യവും വ്യക്തവുമായ രീതിശാസ്ത്രം ഉണ്ട്. അവ അനുധാവനം ചെയ്യാതെ വ്യക്തികളുടെ യുക്തിക്കും ചിന്തക്കും താല്‍പര്യങ്ങള്‍ക്കുമനുസൃതമായി വ്യാഖ്യാനങ്ങള്‍ ചമച്ച് അവ ‘ഇജ്തിഹാദായി’ ഒളിച്ച് കടത്തുന്നത് ഇസ്വ്ലാഹല്ല, ഇഫ്സാദാണ്.
പുനര്‍ വായനകളില്‍ വ്യക്തികളാണ് ഔന്നത്യം തേടുന്നതും മഹത്വമുള്ളവരാവുന്നതും. ഒരുവേള അത്തരം വായനകളവതരിപ്പിക്കുന്നവരെ ‘അമരമായി’ പോലും പരിചയപ്പെടുത്താറുണ്ട്. എന്നാല്‍ കാലവും മനുഷ്യരുടെ ചിന്തകളുമൊക്കെ നവീകരിച്ച് കൊണ്ടിരിക്കുന്നതിനാല്‍, പലപ്പോഴും വ്യക്തിവാദങ്ങള്‍ തിരുത്തുവാനും തള്ളിക്കളയാനുമൊക്കെ ധാരാളം സാധ്യതകള്‍ ഉണ്ട്.
വിവിധ കാലങ്ങളില്‍ രൂപപ്പെടുന്ന പ്രശ്നങ്ങളും പരിഹാരം ലഭ്യമാവേണ്ട കാര്യങ്ങളും പിന്‍കാലങ്ങളില്‍ ചിലപ്പോള്‍ പ്രസക്തമാവണമെന്നില്ല. എന്നാല്‍ പരിഹാരം പ്രസ്തുത കാലഘട്ടങ്ങളില്‍ മുഖ്യ ശ്രദ്ധയും പ്രധാന്യവും നേടിയതായിരിക്കുകയും ചെയ്യും. വൈജ്ഞാനിക മേഖലകളിലെ ഒരു ചര്‍ച്ചയോ സംഭവ വികാസമായി മാത്രം അവ പിന്നീട് ചുരുക്കിയെഴുതപ്പെടുകയും ചെയ്യും. ഖുര്‍ആന്‍ സൃഷ്ടി വാദങ്ങള്‍, ദൈവ വചന ശാസ്ത്ര(ഇല്‍മുല്‍ കലാം)ത്തിലെ കാടുകയറിയ സിദ്ധാന്ത സംവാദങ്ങള്‍, രാഷ്ട്രീയ ഇസ്്ലാമിന്റെ ചര്‍ച്ചകള്‍, തവളയെ ഭക്ഷിക്കുന്നതിന്റെ കര്‍മശാസ്ത്രം, തുടങ്ങിയവ ഉദാഹരണങ്ങളത്രെ. വിവിധ കാലങ്ങളില്‍ രൂപപ്പെടുന്ന പ്രശ്നങ്ങളെ കാലഹരണപ്പെടാത്ത പ്രമാണങ്ങളുടെ വെളിച്ചത്തില്‍ പഠന- വിശകലന വിധേയമാക്കേണ്ടതും നിലപാട് പ്രഖ്യാപിക്കേണ്ടതും ഇസ്വ്ലാഹിന്റെ അനിവാര്യ താല്‍പര്യമാണ്.
ഇസ്വ്ലാഹ് ഒരു വൃത്തം വരക്കലായോ കേട്ടെഴുത്തായോ ചുരുങ്ങിപ്പോവരുത്. മറിച്ച് അത് നേര്‍രേഖ വരക്കലാണ്. നേര്‍രേഖകളും എന്നും നവ്യമായി തുടരും, തുടര്‍ച്ചയുണ്ടാവും. കാലം അസ്തമിക്കുന്നത് വരെ തുടരാന്‍ ഒരു വൃത്തം രൂപപ്പെടുക തുടങ്ങിയിടത്ത് തന്നെ അസ്തമിക്കുമ്പോഴാണ്. പുതിയ വിതാനങ്ങളെ അടയാളപ്പെടുത്താന്‍ വൃത്തത്തിനാവില്ല. ഒന്നും ഇല്ലാത്തിന് ‘പൂജ്യം’ എന്ന് പറയുന്നത് പോലെ, കാലത്തെ വിസ്മരിച്ച ചലനാത്മകതയില്ലാത്ത നവോത്ഥാനം വട്ടം വരക്കലും സംപൂജ്യമായ മൂവ്മെന്റുകളുമായി മാറിത്തീരുന്നതാണ്. കേട്ടത് മാത്രം കൃത്യമായി എഴുതുന്ന കേള്‍ക്കാത്തത് എഴുതാന്‍ ശരിയാവാത്തതുമാണ് കേട്ടെഴുത്ത്.
സമകാല മനുഷ്യര്‍ക്കാവശ്യമുള്ളത് പറയാതെയും പഠിക്കാതെയും വന്നാല്‍ അത് മതപരമായ അപരാധമായി ചിത്രീകരിക്കുന്നവരും പ്രമാണങ്ങളടെ അക്ഷരപൂജകരും കാലം തേടുന്ന ഇസ്്ലാഹിനെ താല്‍പ്പര്യപ്പെടാത്തവരാണ്. ഒരാള്‍ക്ക് ജയിക്കാന്‍ മറ്റൊരാള്‍ തോല്‍ക്കുകയോ പരാജയപ്പെടുകയോ ചെയ്യണമെന്ന് നിര്‍ബന്ധമില്ലല്ലോ. പൂര്‍വീകര്‍ക്ക് തെറ്റുപറ്റിയെന്നോ അവരൊന്നും മതം പഠിക്കാത്തവരാണെന്നോ പ്രഖ്യാപിക്കേണ്ടതില്ല.
പിന്‍കാലക്കാര്‍ വിവിധ വശങ്ങള്‍ പഠിച്ചവരായി പരിഗണിച്ചാല്‍ മതി. അവര്‍ പറയാത്തതൊന്നും പറയാന്‍ പാടില്ലെന്നതും ശരിയല്ല. എന്തും വിളിച്ച് പറയാതെ രീതി ശാസ്ത്രം പരിഗണിച്ച് അഭിപ്രായം പ്രകടിപ്പിക്കണം. വലത്തു നിന്ന് ഇടത്തോട്ടെഴുതി അറബിപ്പേരില്‍ പരിചയപ്പെടുത്തിയവരെല്ലാം ശരി മാത്രമേ പറയൂവെന്നും അല്ലെങ്കില്‍ അവര്‍ പറഞ്ഞതേ ശരിയാവൂവെന്നുമുള്ള പ്രമാണ വായന ഈ കാലത്ത് സജീവമാണ്. അന്ധവിശ്വാസങ്ങളെയും ആത്മീയ ചൂഷണങ്ങളെയും ഒളിച്ച് കടത്താനാണ് ഇത്തരം ‘അറബി ഭാഷാ പ്രസ്താവനകളില്‍’ അഭിരമിച്ച് മതപ്രബോധനം നടത്തുന്നവര്‍ പരിശ്രമിക്കുന്നത്. അത് തഖ്ലീദിന്റെയും അന്ധമായ അനുകരണത്തിന്റെയും ഒരു രൂപമാണ്. എത്ര വലിയവരായാലും, ഖുര്‍ആനിക അധ്യാപനങ്ങളോടും പ്രവാചക വചനങ്ങളോടും വിരുദ്ധമായതോ വിയോജിക്കുന്നതോ ആയ പണ്ഡിത വചനങ്ങളെ പ്രമാണ രേഖയായി പരിഗണിക്കാനാവില്ല.
തന്റെ ഗുരുനാഥന്‍ ഇസ്മാഈല്‍ ഹര്‍വിയുടെ അഭിപ്രായത്തെ ഖണ്ഡിച്ചപ്പോള്‍ രൂപപ്പെട്ട വിമര്‍ശനങ്ങളോട് മറുപടി പറയവേ, ഇബ്നുഖയ്യീം(റ) പറഞ്ഞത് പ്രസക്തമാണ്. ‘പണ്ഡിതരേയും ഗുരുനാഥരേയും ഞാന്‍ ആദരിക്കുന്നു. എന്നാല്‍ സത്യത്തോടാണ് എനിക്ക് അതിലേറെ ആദരവും പരിഗണനയുമുള്ളത്’.
പ്രമാണങ്ങളെയും വ്യാഖ്യാനങ്ങളെയും അക്ഷര വായന നടത്തുന്നതും മാനദണ്ഡങ്ങളില്ലാതെ സ്വാഭിപ്രായ പ്രകാരം വ്യാഖ്യാനിച്ച് താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതും ശരിയല്ല. മറിച്ച് മതത്തിന്റെ മൗലിക സത്യങ്ങളും ലക്ഷ്യങ്ങളും വിസ്മരിക്കാതെയും വിയോജിക്കാതെയും അവധാനതയോടെ സമീപിക്കുകയാണ് കാലം തേടുന്നതും പ്രാമാണികമാവുന്നതും. മതപ്രബോധകരും പരിഷ്‌കര്‍ത്താക്കളും നിര്‍വഹിക്കേണ്ട സമകാല ഇസ്്ലാഹീ ദൗത്യമാണിത്. മനുഷ്യര്‍ അഭിമുഖീകരിക്കുന്ന പുതിയ വിഷയങ്ങളിലും ചോദ്യങ്ങളിലും മതത്തിന്റെ മൗലികാദര്‍ശത്തെ ലംഘിക്കാതെ മാര്‍ഗദര്‍ശനം നല്‍കാന്‍ ജ്ഞാനവും ഭക്തിയും ആവിഷ്‌കാരവും നിര്‍വഹിക്കുക. കാരണം മനുഷ്യന്റെ മുന്‍പില്‍ മത സന്ദേശങ്ങള്‍ അപരിഹാര്യവും ഉത്തരമില്ലാത്ത ജീവിത വഴിയുമായി പരിമിതപ്പെട്ട് പോവരുത്.
അതിര് കവിഞ്ഞ യുക്തിചിന്തയും ലിബറല്‍ കാഴ്ചപ്പാടുകളും മേല്‍ കൈ നേടുന്ന കാലഘട്ടത്തിലാണ് വര്‍ത്തമാന കാല സമൂഹം ജീവിക്കുന്നത്. അതിര് കടന്ന സ്വാതന്ത്ര്യ ചിന്തയും സമീപനങ്ങളും ശക്തമാണ്. മതത്തിന്റെ പരിസരത്തിലിരുന്ന് കൊണ്ട് തന്നെ മത സന്ദേശങ്ങളെ ലിബറല്‍ വ്യാഖ്യാനങ്ങള്‍ക്ക് ഉപയോഗപ്പെടുത്തുന്നതു നമുക്ക് കാണാം. എല്ലാതരം സംസ്‌കാരങ്ങളെയും ശരിയിട്ട് വിജയിപ്പിക്കുമ്പോള്‍ തന്നെ മതാനുഷ്ഠാനങ്ങള്‍ നിര്‍വഹിക്കുന്ന വൈരുധ്യാത്മക ജീവിതം. ഇത്തരമൊരു പശ്ചാത്തലത്തില്‍ മതത്തിന്റെ ശരിയായ സംസ്‌കാരവും ബഹുസ്വര സമൂഹത്തിലെ മത ജീവിതത്തിന്റെ രീതി ശാസ്ത്രവും സുവ്യക്തമായി ബോധ്യപ്പെടുത്തേണ്ടതുണ്ട്. മതത്തിന്റെ എല്ലാവിധ ചുറ്റുവട്ടങ്ങളില്‍ നിന്നും ഇറങ്ങി നടക്കുന്ന ‘നാമധാരി മുസ്്ലിം’കളെ വാഴ്ത്തിയും പുകഴ്ത്തിയും മഹത്വപ്പെടുത്തുമ്പോള്‍ മത സംസ്‌കാരത്തിലൂന്നിയ ജീവിതമാണ് ഔന്നിത്യമുള്ള വഴിയെന്ന് ബോധ്യപ്പെടുത്തുകയും ജീവിതമാകെ സമര്‍പ്പിക്കുകയും ചെയ്യേണ്ടതും കാലം തേടുന്ന അനിവാര്യമായ ഇസ്വ്്ലാഹാണ്. വിവാഹങ്ങളെയും സാമ്പത്തിക ജീവിതത്തേയും മതാതിരുകളില്ലാതെ വാരിപ്പുണരുന്ന ദുരന്ത ചിത്രങ്ങള്‍ നമ്മുടെ മുമ്പിലുണ്ട്. മതത്തെ വരണ്ട അനുഷ്ഠാനപരതയായി ചുരുക്കിക്കെട്ടി സന്തോഷാനന്ദങ്ങളെ മതം വെള്ളം കേറാത്ത അറകളായിട്ടാണ് കാണുന്നതെന്നു പ്രഖ്യാപിക്കുന്ന ഒരു കാലത്ത്, നവോത്ഥാന പ്രവര്‍ത്തകര്‍ക്ക് വലിയ ദൗത്യങ്ങള്‍ നിര്‍വഹിക്കാനുണ്ട്.
വസ്വ്തിയ്യ: നിലപാട്
മതത്തെ വരണ്ട സമീപനങ്ങളിലേക്ക് ചുരുക്കുകയോ അതിരുകളില്ലാതെ ജീവിതങ്ങളിലേക്ക് വലിച്ചുയര്‍ത്തുകയോ ചെയ്യുന്നതല്ല ഇസ്വ്ലാഹ്. മറിച്ച് മനുഷ്യ വികാരങ്ങളെ ഉള്‍ക്കൊണ്ടും കാലത്തിന്റെ തേട്ടങ്ങളെ നിര്‍മാണാത്മകവും മൗലികവുമായി സമീപിച്ചും കൊണ്ടുള്ള മധ്യമ നിലപാട് – വസ്വ്തിയ്യത്ത് ആണ് യുക്തിബദ്ധവും പ്രാമാണികവുമാവുന്നത്. പുതുതലമുറയെ മതത്തിന്റെ പരിസരങ്ങളില്‍ നിന്നകറ്റുന്ന അനുഷ്ഠാന തീവ്രതയെ ചെറുക്കേണ്ടത് ‘ഇസ്്വ്ലാഹ്’ ആഗ്രഹിക്കുന്നവരുടെ സമകാല ദൗത്യമാണ്. ഖുര്‍ആന്‍ താല്‍പര്യപ്പെടുന്ന ഉത്തമ സമൂഹ സൃഷ്ടിപ്പിന്റെ മാനദണ്ഡവുമാണത്. (2:142)
അന്ധവിശ്വാസങ്ങളും ആത്മീയ ചൂഷണങ്ങളും വില്‍പനക്ക് വെക്കുവാന്‍ കേട്ടുകേള്‍വിയില്ലാത്ത അസംഭവ്യമായ കെട്ടുകഥകളും അനുഭവാവിഷ്‌കാരങ്ങളും ധാരാളമാണ്. വിശ്വാസികളായ പാര്‍ശ്വ സമൂഹത്തെ പറഞ്ഞ് പറ്റിച്ച് വിശ്വാസ ചൂഷണവും ജീര്‍ണതയും പെറ്റുപെരുകുകയാണ്. ശിര്‍ക്കിന്റെ ആധുനിക വേര്‍ഷനുകളാണ് എല്ലാം. സുതാര്യവും സുവ്യക്തവുമായ ഏക ദൈവ വിശ്വാസം- തൗഹീദ് സത്യസന്ധമായി പ്രബോധനം ചെയ്യുകയെന്നതിന് കാലദേശ വ്യത്യാസമില്ലാതെ നിത്യ പ്രസക്തിയുണ്ട്.
കാലത്തോടും ലോകത്തോടും സംവദിച്ചവരാണ് പ്രവാചകര്‍. ദൗത്യങ്ങള്‍ അഖിലവും കാലത്തെ പരിഗണിച്ചാണ് നിര്‍വഹിച്ചത്. പ്രവാചകര്‍ക്ക് ശേഷം ദൗത്യം ഏറ്റെടുത്ത പരിഷ്‌കാര്‍ത്താക്കളുടെ സമീപന രീതിയും തഥൈവ. എന്നിരിക്കെ കാലാതിര്‍വര്‍ത്തിയായ മതത്തെ പ്രബോധനം ചെയ്യേണ്ട പരിഷ്‌കര്‍ത്താക്കളും പ്രവാചകര്‍ നിര്‍വഹിച്ച ദൗത്യത്തിന്റെ തുടര്‍വാഹകരാവണം നാം. ജീവിക്കുന്ന കാലഘട്ടത്തില്‍ ഒരു പ്രവാചകന്‍ നിയോഗിതനായാല്‍ അയാള്‍ നിര്‍വഹിക്കാന്‍ സാധ്യതയുള്ള രീതി ശാസ്ത്രവും ആശയ വിനിമയ മാര്‍ഗങ്ങളും നിലപാടുകളും പ്രാമാണികവും വ്യവസ്ഥാപിതവുമായി സാധ്യമാവുന്നത്ര നിര്‍വഹിക്കലാണ് നാം ഓരോരുത്തരും നിര്‍വഹിക്കേണ്ട ഇസ്്വലാഹ്, അതത്രെ കാലം തേടുന്നതും ക്രിയാത്മകമായതും.

Back to Top