21 Sunday
July 2024
2024 July 21
1446 Mouharrem 14

ഇസ്ലാം അടിമത്ത സമ്പ്രദായം വിപാടനം ചെയ്തു

സയ്യിദ് സുല്ലമി


ലോകത്ത് വ്യത്യസ്ത സമൂഹങ്ങളില്‍ ഉണ്ടായിരുന്നത് പോലെ അറേബ്യയിലും ഇസ്ലാം വരുന്നതിനു വളരെ മുമ്പ് തന്നെ അടിമത്ത വ്യവസ്ഥ നിലവിലുണ്ടായിരുന്നു. ഈ വ്യവസ്ഥയെ ഇസ്ലാം മത നിയമമായി അംഗീകരിച്ചില്ല. അടിമത്തത്തില്‍ നിന്നുള്ള മോചനമാണ് ഇസ്ലാം മത നിയമമാക്കിയത്. മനുഷ്യത്വത്തെ ഇകഴ്ത്തുന്നതും പരിഹസിക്കുന്നതുമായ രീതികളെ ഇസ്ലാം വിപാടനം ചെയ്തു.
നബി(സ) നിയോഗിതനായ സമൂഹത്തില്‍ ധാരാളമായി അടിമത്ത വ്യവസ്ഥ നിലനിന്നിരുന്നു. വലിയ വില കൊടുത്ത് അടിമകളെ വാങ്ങി അവര്‍ മുഖേന സാമ്പത്തിക വരുമാനമുണ്ടാക്കുന്നവര്‍ അക്കാലത്തുണ്ടായിരുന്നു. ഇസ്ലാം അടിമത്ത സമ്പ്രദായം കാലക്രമത്തിലാണ് ഉന്മൂലനം ചെയ്തത്. ഉടമകളായ പലരും സാമ്പത്തിക ശേഷി കുറഞ്ഞവരായിരുന്നു. അതുകൊണ്ടു തന്നെ അവരോട് ഒറ്റയടിക്ക് ഈ വ്യവസ്ഥ അവസാനിപ്പിക്കണമെന്ന് പറയാതെ വളരെ മനഃശാസ്ത്രപരമായാണ് ഈ വിഷയം കൈകാര്യം ചെയ്തത്.
ഒരു ഉപാധിയും കൂടാതെ അടിമകളെ വിട്ടയക്കുകയും അതിന് സാധിക്കാത്തവര്‍ അവരുമായി മോചനക്കരാറില്‍ ഏര്‍പ്പെടുകയും ചെയ്യുക എന്നതായിരുന്നു അത്. അല്ലാഹു പറയുന്നു: ഒന്നുകില്‍ അവരെ ഔദാര്യത്തോട് കൂടി വിട്ടയക്കുവിന്‍. അല്ലെങ്കില്‍ മോചന മൂല്യം വാങ്ങി വിട്ടയക്കുവിന്‍. (വി.ഖു 47:4)
അടിമകള്‍ക്ക് മോചനക്കരാര്‍ എഴുതാനും അതുവഴി ജോലി ചെയ്തു കൂടുതല്‍ മെച്ചപ്പെട്ട ജീവിത നിലവാരം നേടാനുമുള്ള സാഹചര്യം ഒരുക്കി. ഒരു നിശ്ചിത സംഖ്യ ഒന്നിച്ചോ തവണകളായോ നല്‍കാമെന്ന വ്യവസ്ഥയിലാണ് അടിമ ഉടമയുമായി മോചനക്കരാറില്‍ ഏര്‍പ്പെടുന്നത്. ഈ കരാര്‍ ചെയ്യുന്നതോടെ അടിമക്ക് സാമ്പത്തിക സ്വാതന്ത്ര്യം കൈവരുന്നു. തന്റെ അധ്വാന ഫലത്തില്‍ നിന്ന് പ്രസ്തുത സംഖ്യ അടച്ചു തീര്‍ക്കുന്നതോടെ അടിമ പൂര്‍ണാര്‍ഥത്തില്‍ സ്വതന്ത്രനായി മാറുകയും ചെയ്യുന്നു. അല്ലാഹു പറയുന്നു: നിങ്ങളുടെ വലതു കൈകള്‍ ഉടമപ്പെടുത്തിയവരില്‍ -അടിമകളില്‍- നിന്ന് മോചനക്കരാറില്‍ ഏര്‍പ്പെടാന്‍ ആഗ്രഹിക്കുന്നവരാരോ അവരുമായി നിങ്ങള്‍ മോചനക്കരാറില്‍ ഏര്‍പ്പെടുവിന്‍. അവരില്‍ നന്മയുള്ളതായി നിങ്ങള്‍ മനസ്സിലാക്കിയിട്ടുണ്ടെങ്കില്‍.(വി.ഖു 24:33)
അബ്ദുല്ലാഹിബ്‌നു സുബൈഹ് തന്റെ പിതാവില്‍ നിന്ന് ഉദ്ധരിക്കുന്നു: ഞാന്‍ ഹുവയ്ത്വിബിനു അബ്ദുല്‍ ഉസ്സയുടെ അടിമയായിരുന്നു. ഞാന്‍ അദ്ദേഹത്തോട് മോചനക്കരാര്‍ ആവശ്യപ്പെട്ടപ്പോള്‍ അദ്ദേഹം അത് നിരസിച്ചു. അപ്പോഴാണ് ഈ സൂക്തം അവതരിച്ചത്. (ഇബ്‌നുസ്സകന്‍, മഅരിഫതു സ്വഹാബ)
മോചനക്കരാര്‍ എഴുതാന്‍ അടിമകളെ യജമാനന്മാര്‍ തങ്ങളുടെ സ്വത്തില്‍ നിന്നെടുത്ത് സാമ്പത്തികമായി അവരെ സഹായിക്കണമെന്ന് പ്രസ്തുത ആയത്തില്‍ അല്ലാഹു പറയുന്നു: അല്ലാഹു നിങ്ങള്‍ക്ക് നല്‍കിയിട്ടുള്ള സമ്പത്തില്‍ നിന്ന് അവര്‍ക്ക് നിങ്ങള്‍ നല്‍കി സഹായിക്കുകയും ചെയ്യുക. (വി.ഖു 24:33)
ഇസ്ലാം അടിമകള്‍ക്കും ഉടമകള്‍ക്കും ഇടയില്‍ ന്യായമായതും നീതിയുള്ളതുമായ വ്യവസ്ഥ നിശ്ചയിക്കുകയാണ് ചെയ്തത്. അവ മാനവിക മൂല്യങ്ങളില്‍ അധിഷ്ഠിതവുമായിരുന്നു. അതുകൊണ്ടുതന്നെ അടിമത്ത മോചനത്തിനു അവ വലിയ തോതില്‍ കാരണമായി. അടിമകള്‍ക്ക് അതുവരെ ഉണ്ടായിരുന്ന ജീവിത നിലവാരത്തില്‍ നിന്ന് ഏറെ ഉയര്‍ന്ന ജീവിത സാഹചര്യം ഉണ്ടായി. മോചന കരാര്‍ എഴുതിയ അടിമയെ അടിമത്തത്തില്‍ നിന്ന് മോചിപ്പിക്കാന്‍ സഹായിച്ചാല്‍ അല്ലാഹുവിന്റെ തണലല്ലാതെ യാതൊരു തണലുമില്ലാത്ത ദിവസം അല്ലാഹു അവനു തണല്‍ ഇട്ടുകൊടുക്കുമെന്ന് ഇമാം അഹമ്മദ് ഉദ്ധരിച്ചതും ഇമാം ഹാക്കിം സ്വഹീഹ് ആണെന്ന് രേഖപ്പെടുത്തിയതുമായ ഹദീസില്‍ കാണാം.
അടിമ മോചനം
ഒട്ടേറെ കാര്യങ്ങള്‍ക്ക് പ്രായശ്ചിത്തമായി അടിമകളെ മോചിപ്പിക്കണമെന്ന് ഇസ്ലാം നിയമമാക്കി. അങ്ങനെ അനേകം പേര്‍ സ്വതന്ത്രരായി. അബദ്ധവശാല്‍ സംഭവിക്കുന്ന കൊലപാതകത്തിനും ദ്വിഹാറിനും (ഒരാള്‍ തന്റെ ഭാര്യയോട് ‘നീ എനിക്ക് എന്റെ മാതാവിന്റെ മുതുകിനെ പോലെയാണ്’ എന്നു പറയല്‍) പ്രായശ്ചിത്തമായി അടിമ മോചനമാണ് നിശ്ചയിച്ചത്. സത്യങ്ങള്‍ ലംഘിച്ചാല്‍ നടത്തേണ്ട പ്രായശ്ചിത്തത്തിന്റെ കൂട്ടത്തിലും അടിമ മോചനം ഉണ്ട്. മനപ്പൂര്‍വം റമദാനിന്റെ പകലില്‍ ഭാര്യയുമായി ബന്ധപ്പെട്ട് നോമ്പ് മുറിച്ചാല്‍ അടിമയെ മോചിപ്പിക്കണമെന്നതാണ് നിയമം. അല്ലാഹു പറയുന്നു: എന്നിട്ട് ആ മലമ്പാതയില്‍ അവന്‍ തള്ളിക്കടന്നില്ല. ആ മലമ്പാത എന്താണെന്ന് നിനക്കറിയുമോ? അടിമയെ മോചിപ്പിക്കലാണത് (വി.ഖു 90:11-13).
സ്വന്തമായി അടിമയെ മോചിപ്പിക്കാന്‍ തയ്യാറാവാത്ത യജമാനന്മാരില്‍ നിന്ന് വിലകൊടുത്ത് അടിമകളെ മോചിപ്പിക്കാന്‍ ഇസ്ലാം പ്രോത്സാഹനം നല്‍കി. നിര്‍ബന്ധ ദാനമായ സകാത്തില്‍ നിന്നും അടിമകളെ മോചിപ്പിക്കാന്‍ വിഹിതം മാറ്റിവെക്കണമെന്നും നിര്‍ദേശിച്ചു. (വി.ഖു 9:60)
ഒരാള്‍ ഒരു മുസ്ലിം അടിമയെ മോചിപ്പിച്ചാല്‍ അടിമയുടെ ഓരോ അവയവത്തിനും പകരമായി മോചിപ്പിച്ചവന്റെ ഓരോ അവയവത്തെ നരകത്തില്‍ നിന്ന് അല്ലാഹു രക്ഷിക്കുന്നതാണ് (ബുഖാരി 2517, മുസ്ലിം 1509). ഒരു സ്ത്രീ മുസ്ലിമായ ഒരു സ്ത്രീയെ അടിമത്വത്തില്‍ നിന്ന് മോചിപ്പിച്ചാല്‍ അത് നിമിത്തം അവര്‍ക്ക് നരകമോചനം ലഭിക്കുന്നതാണ്. (അബൂദാവൂദ് 1435)
അവരോട്
ആര്‍ദ്രതയോടെ
നിലകൊള്ളുക

അടിമകള്‍ക്ക് നന്മകള്‍ ചെയ്യണമെന്ന് വിശുദ്ധ ഖുര്‍ആന്‍ പ്രാധാന്യപൂര്‍വം ആഹ്വാനം ചെയ്തു. മാതാപിതാക്കള്‍ക്കും അടുത്ത ബന്ധുക്കള്‍ക്കും നന്മകള്‍ ചെയ്യാന്‍ അല്ലാഹു പറഞ്ഞത് പോലെ അടിമകള്‍ക്കും നന്മകള്‍ ചെയ്യണമെന്ന് ആവശ്യപ്പെടുന്നു. അല്ലാഹു പറയുന്നു: ‘നിങ്ങള്‍ അല്ലാഹുവെ ആരാധിക്കുകയും അവനോട് യാതൊന്നും പങ്കുചേര്‍ക്കാതിരിക്കുകയും മാതാപിതാക്കളോട് നല്ല നിലയില്‍ വര്‍ത്തിക്കുകയും ചെയ്യുക. ബന്ധുക്കളോടും അനാഥകളോടും പാവങ്ങളോടും കുടുംബ ബന്ധമുള്ള അയല്‍ക്കാരോടും അന്യരായ അയല്‍ക്കാരോടും സഹവാസിയോടും വഴിപോക്കനോടും നിങ്ങളുടെ വലതുകൈകള്‍ ഉടമപ്പെടുത്തിയ അടിമകളോടും നല്ല നിലയില്‍ വര്‍ത്തിക്കുക. പൊങ്ങച്ചക്കാരനും ദുരഭിമാനിയുമായിട്ടുള്ള ആരെയും അല്ലാഹു ഒരിക്കലും ഇഷ്ടപ്പെടുകയില്ല. (വി.ഖു 4:36)
നബി(സ) പറയുന്നു: അല്ലാഹു നിങ്ങളുടെ കീഴിലാക്കിയ നിങ്ങളുടെ സഹോദരങ്ങളാണ് അവര്‍, അതിനാല്‍ നിങ്ങള്‍ കഴിക്കുന്നതില്‍ നിന്ന് അവരെ ഭക്ഷിപ്പിക്കുകയും നിങ്ങള്‍ ധരിക്കുന്ന വസ്ത്രത്തില്‍ നിന്ന് അവരെ ധരിപ്പിക്കുകയും ചെയ്യുവിന്‍. അവര്‍ക്ക് താങ്ങാന്‍ കഴിയാത്ത ജോലികള്‍ അവരെ ചുമതലപ്പെടുത്തരുത്, അഥവാ ഭാരമുള്ള ജോലികള്‍ നല്‍കുകയാണെങ്കില്‍ അവരെ നിങ്ങളും സഹായിക്കണം. (ബുഖാരി 30, മുസ്ലിം 1661)
തന്റെ അടിമയെ മര്‍ദിക്കുകയായിരുന്ന വ്യക്തിയെ നബി (സ) ശാസിച്ച സംഭവം ഹദീസില്‍ വന്നിട്ടുണ്ട്. ”എന്റെ പിന്നില്‍ നിന്നും ഞാന്‍ ഒരു ശബ്ദം കേട്ടു. കോപം നിമിത്തം ശബ്ദം മനസ്സിലായില്ല. ആ ശബ്ദം എന്റെ അടുത്തെത്തിയപ്പോള്‍ അത് റസൂലിന്റേതായിരുന്നു. അദ്ദേഹം വിളിച്ചു പറയുന്നു: അബൂമസ്ഊദേ നീ അറിയുക, അബൂ മസ്ഊദേ, നീ അറിയുക. അങ്ങനെ ഞാന്‍ എന്റെ കയ്യില്‍ നിന്ന് ചാട്ടവടി താഴെയിട്ടു. അവിടുന്ന് പറഞ്ഞു: അബൂ മസ്ഊദേ, നീ അറിയുക, നിശ്ചയം ഈ വ്യക്തിയുടെ മേല്‍ നീ കാണിക്കുന്നതിനേക്കാള്‍ അല്ലാഹു നിനക്കെതിരായി ഏറ്റവും കഴിവുള്ളവനാകുന്നു. അബൂ മസ്ഊദ് പറഞ്ഞു: ഇനിയൊരിക്കലും ഞാന്‍ അടിമകളെ മര്‍ദിക്കുകയില്ല.’ (മുസ്ലിം 1659)
അടിമകളോട് നന്മ കാണിക്കണമെന്നും അവരുടെ വിഷയത്തില്‍ അല്ലാഹുവെ ഭയക്കണമെന്നും നിരന്തരം അവിടുന്ന് ഉണര്‍ത്തി. പ്രവാചകന്റെ വഫാത്തിനു ഏതാനും സമയം മുമ്പ് പോലും നല്‍കിയ ഉപദേശങ്ങളില്‍ അക്കാര്യം കാണാം. അലി(റ) പറയുന്നു: നമസ്‌കാരം നിങ്ങള്‍ കൃത്യമായി നിര്‍വഹിച്ച് സംരക്ഷിച്ചു കൊള്ളുക, നമസ്‌കാരം നിങ്ങള്‍ കൃത്യമായി നിര്‍വഹിച്ച് സംരക്ഷിച്ചു കൊള്ളുകയെന്ന് അവിടുന്ന് ആവര്‍ത്തിച്ചു. വലംകൈ ഉടമപ്പെടുത്തിയവരുടെ കാര്യത്തില്‍ നിങ്ങള്‍ അല്ലാഹുവിനെ ഭയക്കുകയും ചെയ്യുവിന്‍ എന്നതായിരുന്നു തിരുദൂതരുടെ അവസാന വാക്കുകള്‍. (അബൂദാവൂദ് 5156)
ഒരു വ്യക്തിയുടെ അടുക്കല്‍ ഒരടിമ സ്ത്രീ ഉണ്ടാവുകയും അദ്ദേഹം അവരെ നല്ല ശിക്ഷണവും സംസ്‌കാരവും ശീലിപ്പിക്കുകയും നന്നായി പഠിപ്പിക്കുകയും പിന്നീട് അവരെ അടിമത്തത്തില്‍ നിന്ന് മോചിപ്പിക്കുകയും ചെയ്ത് അവരെ വിവാഹം ചെയ്താല്‍ അദ്ദേഹത്തിനു രണ്ട് പ്രതിഫലമുണ്ടായിരിക്കും. (ബുഖാരി 97)
ലൈംഗിക തൊഴിലും സമ്പാദ്യവും
അടിമത്ത സമ്പ്രദായത്തില്‍ ഏറ്റവും മനുഷ്യത്വ വിരുദ്ധമായ ഒന്നായിരുന്നു അടിമ സ്ത്രീകളെ ലൈംഗിക വൃത്തിക്ക് നിയോഗിച്ച് അതിലൂടെ പണം സമ്പാദിക്കുന്ന രീതി. ഈ പ്രവൃത്തിയെ ഇസ്ലാം ഹറാമാക്കുകയും അവസാനിപ്പിക്കുകയും ചെയ്തു. അല്ലാഹു പറയുന്നു: ‘നിങ്ങളുടെ അടിമ സ്ത്രീകള്‍ ചാരിത്ര്യ ശുദ്ധിയോടെ ജീവിക്കാനാഗ്രഹിക്കുന്നുണ്ടെങ്കില്‍ ഐഹിക ജീവിതത്തിന്റെ വിഭവം ആഗ്രഹിച്ചുകൊണ്ട് നിങ്ങള്‍ അവരെ വേശ്യാവൃത്തിക്ക് നിര്‍ബന്ധിക്കരുത്. (വി.ഖു 24:34)
ഈ വചനത്തിന്റെ അവതരണ പശ്ചാത്തലം ഇപ്രകാരമാണ്: ഇബ്‌നു അബ്ബാസ്(റ) പറയുന്നു: അബ്ദുല്ലാഹിബ്‌നു ഉബയ്യിന് ജാഹിലിയ്യ കാലത്ത് വ്യഭിചരിക്കുന്ന ഒരു അടിമ സ്ത്രീയുണ്ടായിരുന്നു. വ്യഭിചാരം നിഷിദ്ധമാക്കപ്പെട്ടപ്പോള്‍ അവര്‍ പറഞ്ഞു: അല്ലാഹു സത്യം, ഇനി ഞാന്‍ ഒരിക്കലും വ്യഭിചരിക്കുകയില്ല. അപ്പോള്‍ ഈ സൂക്തം അവതീര്‍ണമായി. (അസ്ബാബു നുസൂല്‍, ഇമാം സുയൂഥ്വി).
യുദ്ധത്തില്‍ ശത്രുഭാഗത്ത് നിന്ന് പിടിക്കപ്പെടുന്ന സ്ത്രീകളെയും പുരുഷന്മാരെയും ജയിലില്‍ അടക്കാതെ അവര്‍ക്ക് മോചനക്കരാര്‍ എഴുതി സ്വതന്ത്രമായി ജോലി ചെയ്തു ജീവിക്കാന്‍ അനുവാദം നല്‍കി. എത്രയോ അടിമകള്‍ അങ്ങനെ അവസരം ഉപയോഗപ്പെടുത്തി കരാര്‍ പൂര്‍ത്തീകരിച്ചു സ്വതന്ത്രരായി. ഇവിടെ മുസ്ലിംകളോട് യുദ്ധം ചെയ്യാന്‍ വന്നു അവസാനം പരാജയം ഏറ്റുവാങ്ങി പിടിക്കപ്പെട്ടവരെ ജയിലില്‍ അടക്കാതെ സൈനികര്‍ക്ക് നേതാവ് വീതം വെച്ച് കൊടുക്കുന്നു. ഇങ്ങനെയുള്ള അടിമകള്‍ക്ക് ഭക്ഷണം വസ്ത്രം എന്നിവ പോലെ അടിസ്ഥാന ആവശ്യങ്ങള്‍ നല്‍കണം. മോചനക്കരാര്‍ ചെയ്യാന്‍ വഴിയൊരുക്കുകയും വേണം. ഇങ്ങനെ സൈനികര്‍ക്കായി വീതം വെക്കുന്ന സ്ത്രീകള്‍ക്ക് ഭാര്യയുടെ പദവി നല്‍കണമെന്നും അവരില്‍ സന്താനങ്ങള്‍ ജനിച്ചാല്‍ അവര്‍ സ്വതന്ത്രരായി മാറുമെന്നും ഇസ്ലാം പഠിപ്പിക്കുന്നു. ഇത് അടിമത്ത മോചനത്തിന്റെ മറ്റൊരു രീതിയാണ്.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x