22 Sunday
December 2024
2024 December 22
1446 Joumada II 20

ഇസ്‌ലാം ശാസ്ത്രവിരുദ്ധമോ?

പി കെ മൊയ്തീന്‍ സുല്ലമി


ഇസ്‌ലാം മതം സത്യസന്ധമായ ശാസ്ത്രീയ അധ്യാപനങ്ങള്‍ക്ക് എതിരല്ല. വിശുദ്ധ ഖുര്‍ആന്‍ പല ശാസ്ത്ര സത്യങ്ങളെയും ശരിവെക്കുന്നുണ്ട്. എന്നാല്‍ ഖുര്‍ആന്‍ ഒരു ശാസ്ത്ര ഗ്രന്ഥമല്ല.
കേരളത്തില്‍ ‘നാസ്തികര്‍’ എന്നൊരു വിഭാഗമില്ല എന്നുതന്നെ പറയാം. നാസ്തികര്‍ എന്ന പേരില്‍ ഇവിടെ ഒച്ചവെച്ചുകൊണ്ടിരിക്കുന്നത് സംഘ്പരിവാര്‍ അനുകൂലികളാണ്. മുസ്‌ലിംകളില്‍ നിന്നുതന്നെ ‘നാസ്തികര്‍’ എന്ന പേരില്‍ ഒരു സംഘടന തന്നെ രൂപീകരിക്കപ്പെട്ടിട്ടുണ്ട്. അവര്‍ ഇപ്പോള്‍ ശബ്ദിക്കുന്നത് സംഘപരിവാറിനു വേണ്ടിയാണ്. അവര്‍ ഇസ്‌ലാം വിടാനുള്ള കാരണം തോന്നിയ വിധത്തില്‍ ജീവിക്കാന്‍ വേണ്ടിയാണ്.
സംഘ്പരിവാറിന്റെ സാമ്പത്തിക സഹായം കൈപ്പറ്റി മുസ്‌ലിംകളെയും ഇസ്‌ലാമിനെയും ഖുര്‍ആനിനെയും തെറിപറയുന്ന ചിലരുമുണ്ട്. പുരുഷന്മാര്‍ മാത്രമല്ല ചില സ്ത്രീകളും അവരില്‍ ഉള്‍പ്പെടും. എല്ലാ നാസ്തികരും പ്രചരിപ്പിക്കുന്നത് ഇസ്‌ലാം പുരോഗതിക്കും ശാസ്ത്രീയ നിരീക്ഷണ പരീക്ഷണങ്ങള്‍ക്കും എതിരാണ് എന്നതാണ്. മറ്റു മതങ്ങളെയൊന്നും അവര്‍ കാര്യമായി സ്പര്‍ശിക്കാറേയില്ല എന്നതാണ് വസ്തുത.
യഥാര്‍ഥത്തില്‍ ഇസ്‌ലാം ശാസ്ത്രത്തിനോ ശാസ്ത്രം ഇസ്‌ലാമിനോ എതിരല്ല. ബുദ്ധി ഉപയോഗപ്പെടുത്താന്‍ വിശുദ്ധ ഖുര്‍ആന്‍ നൂറിലധികം തവണ കല്‍പിക്കുന്നുണ്ട്. ‘തീര്‍ച്ചയായും ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്ടിപ്പിലും രാപകലുകള്‍ മാറിമാറി വരുന്നതിലും ബുദ്ധിയുള്ളവര്‍ക്ക് പല ദൃഷ്ടാന്തങ്ങളുമുണ്ട്’ (ആലുഇംറാന്‍ 190). നിരീക്ഷണങ്ങളും പരീക്ഷണങ്ങളും നടത്താനും ഖുര്‍ആന്‍ കല്‍പിക്കുന്നുണ്ട്. അല്ലാഹു അരുളി: ‘ഒട്ടകത്തിന്റെ നേര്‍ക്ക് അവര്‍ നോക്കുന്നില്ലേ, അത് എങ്ങനെയാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നതെന്ന്. ആകാശത്തേക്ക് (അവര്‍ നോക്കുന്നില്ലേ) അത് എങ്ങനെ ഉയര്‍ത്തപ്പെട്ടിരിക്കുന്നുവെന്ന്. പര്‍വതങ്ങളിലേക്ക് (അവര്‍ നോക്കുന്നില്ലേ) അവ എങ്ങനെ നാട്ടിനിര്‍ത്തപ്പെട്ടിരിക്കുന്നുവെന്ന്. ഭൂമിയിലേക്ക് (അവര്‍ നോക്കുന്നില്ലേ) അവ എങ്ങനെ പരത്തപ്പെട്ടിരിക്കുന്നുവെന്ന്’ (ഗാശിയ 17-20).
മതവും ശാസ്ത്രവും കൊമ്പുകോര്‍ക്കേണ്ട യാതൊരു ആവശ്യവുമില്ല. കാരണം അവ രണ്ടും രണ്ട് മേഖലകളിലാണ് പ്രവര്‍ത്തിക്കുന്നത്. അവ രണ്ടും തമ്മില്‍ ഒരുപാട് വ്യത്യാസങ്ങളുണ്ട്.
ഒന്ന്: മതം പ്രവര്‍ത്തിക്കുന്നത് സത്യം, സമത്വം, നീതി, വിനയം തുടങ്ങിയ ആത്മീയ കാര്യങ്ങളാണ്. ശാസ്ത്രം പ്രവര്‍ത്തിക്കുന്നത് ഭൗതിക കാര്യങ്ങളെ മാത്രം ലക്ഷ്യംവെച്ചുകൊണ്ടാണ്.
രണ്ട്: മതത്തിന്റെ കല്‍പനകള്‍ വഹ്‌യിലൂടെയാണ് (ദിവ്യബോധനം) സംഭവിക്കുന്നത്. ശാസ്ത്രീയ കാര്യങ്ങള്‍ സംഭവിക്കുന്നത് നിരീക്ഷണ പരീക്ഷണങ്ങളിലൂടെയാണ്.
മൂന്ന്: മതങ്ങള്‍ പഠിപ്പിക്കുന്നത് വിശ്വാസങ്ങളും കര്‍മങ്ങളുമാണ്. ശാസ്ത്രത്തിന് നിര്‍ബന്ധമായും വിശ്വസിക്കേണ്ട വിശ്വാസങ്ങള്‍ ഒന്നും തന്നെയില്ല.
നാല്: ശാസ്ത്രം ലക്ഷ്യംവെക്കുന്നത് ഇഹലോക ജീവിതം മാത്രമാണ്. മതം ലക്ഷ്യംവെക്കുന്നത് ഇഹലോകവും പരലോകവും കൂടിയാണ്.
അഞ്ച്: മതത്തില്‍ ചില വിശ്വാസങ്ങളും ആചാരങ്ങളും അംഗീകരിക്കല്‍ നിര്‍ബന്ധമാണ്. ശാസ്ത്രം അംഗീകരിക്കല്‍ നിര്‍ബന്ധമില്ല.
ആറ്: മതത്തില്‍ ചില പ്രത്യേക സാഹചര്യങ്ങളിലല്ലാതെ മാറ്റമില്ല. ശാസ്ത്രീയ നിഗമനങ്ങള്‍ മാറിമാറി വന്നേക്കാം.
ഏഴ്: ശാസ്ത്രം തിരുത്തപ്പെടാം. മതം തിരുത്തപ്പെടുകയില്ല.
എട്ട്: ശാസ്ത്രം പഠിക്കല്‍ ‘ഫര്‍ള് ഐന്‍’ (വ്യക്തിപരമായ നിര്‍ബന്ധം) അല്ല. എന്നാല്‍ മതത്തിന്റെ അത്യാവശ്യ കാര്യങ്ങള്‍ പഠിക്കല്‍ വ്യക്തിപരമായി നിര്‍ബന്ധമുള്ള കാര്യമാണ്.
ഒമ്പത്: ശാസ്ത്രീയ പഠനങ്ങള്‍ പദാര്‍ഥങ്ങളില്‍ മാത്രം ചുരുങ്ങിയതാണ്. എന്നാല്‍ മതപരമായ ചിന്ത സര്‍വവ്യാപിയും ആഗോളവുമാണ്.
പത്ത്: ശാസ്ത്ര ചിന്തകള്‍ വ്യത്യസ്ത കാലഘട്ടങ്ങളില്‍ വ്യത്യസ്തങ്ങളായിരിക്കും. എന്നാല്‍ മത ചിന്ത സ്ഥായിയായി നിലനില്‍ക്കുന്നതും വ്യത്യസ്തമല്ലാത്തതുമാണ്.
ഇത്രയും രേഖപ്പെടുത്തിയത് ഇസ്‌ലാം മതവും ശാസ്ത്രവും തമ്മിലുള്ള വ്യത്യാസങ്ങളാണ്. കാരണം, ശാസ്ത്രത്തിന്റെ പേരില്‍ ഏറ്റവുമധികം ആഘോഷിക്കപ്പെടുന്ന മതം ഇസ്‌ലാമാണ്. ചാണകത്തിന് പുണ്യം നല്‍കുന്നതും ഗോമൂത്രം കുടിക്കുന്നതും മതത്തിന്റെ പേരിലാണ്. അതൊന്നും ഒരു നാസ്തികനും ചര്‍ച്ചയാക്കാറില്ല. അവര്‍ക്ക് വേണ്ടത് മുസ്‌ലിംകളും മുസ്‌ലിം രക്തവുമാണ്. അതിനു വേണ്ടി അവര്‍ വിശുദ്ധ ഖുര്‍ആനും തിരുസുന്നത്തും വളച്ചൊടിക്കുകയോ ദുര്‍വ്യാഖ്യാനം നടത്തുകയോ ചെയ്യും. അല്ലെങ്കില്‍ ഇസ്‌ലാമിനെ ശരിയായി മനസ്സിലാക്കാന്‍ കഴിയാത്ത മുന്‍ഗാമികളായ ചിലരുടെ നാക്കുപിഴയിലോ കൈപ്പിഴയിലോ കടിച്ചുതൂങ്ങും.
വിശുദ്ധ ഖുര്‍ആന്‍ ഒരു ശാസ്ത്ര ഗ്രന്ഥമല്ലെങ്കിലും സത്യസന്ധമായ ശാസ്ത്രീയ നിരീക്ഷണ പരീക്ഷണ വീക്ഷണങ്ങളെ അംഗീകരിച്ചിട്ടുണ്ട്. നാസ്തികര്‍ എത്രതന്നെ വിശുദ്ധ ഖുര്‍ആനിനെ പഴഞ്ചനാക്കിയാലും അത് പഴഞ്ചനാകുന്ന പ്രശ്‌നമേയില്ല. കാലഘട്ടം മുന്നോട്ടുപോകുംതോറും ഖുര്‍ആനിന്റെ പ്രസക്തി വര്‍ധിക്കുകയും നാസ്തികര്‍ ഓരോരുത്തരായി പരലോകം പ്രാപിക്കുകയും ചെയ്യും എന്നത് തീര്‍ച്ചയാണ്. അല്ലാഹു അരുളി: ‘അവര്‍ അവരുടെ വായ കൊണ്ട് അല്ലാഹുവിന്റെ പ്രകാശം (വിശുദ്ധ ഖുര്‍ആന്‍) കെടുത്തിക്കളയാനാണ് ഉദ്ദേശിക്കുന്നത്. സത്യനിഷേധികള്‍ക്ക് അനിഷ്ടകരമായാലും അല്ലാഹു അവന്റെ പ്രകാശം പൂര്‍ത്തീകരിക്കുന്നവനാകുന്നു’ (സ്വഫ്ഫ് 8).
വിശുദ്ധ ഖുര്‍ആന്‍ പരിശോധിച്ചാല്‍ ഒരുപാട് ശാസ്ത്രീയ സത്യങ്ങള്‍ പുലര്‍ന്നതായി കണ്ടെത്താന്‍ കഴിയും. നബി(സ) ശാസ്ത്രജ്ഞനോ പണ്ഡിതനോ ആയിരുന്നില്ല. എഴുത്തും വായനയും അറിയാത്ത വ്യക്തിയായിരുന്നു. അത് വിശുദ്ധ ഖുര്‍ആനില്‍ വന്നിട്ടുണ്ട്. ”അക്ഷരജ്ഞാനമില്ലാത്തവര്‍ക്കിടയില്‍ അവരില്‍ നിന്നുതന്നെയുള്ള ഒരു ദൂതനെ നിയോഗിച്ചവനാകുന്നു അവന്‍” (ജുമുഅ 2).
”താങ്കള്‍ ഇതിനു മുമ്പ് വല്ല ഗ്രന്ഥവും പാരായണം ചെയ്യുകയോ താങ്കളുടെ വലതു കൈ കൊണ്ട് അത് എഴുതുകയോ ചെയ്തിരുന്നില്ല. അങ്ങനെയാണെങ്കില്‍ ഈ സത്യനിഷേധികള്‍ക്ക് സംശയിക്കാമായിരുന്നു” (അന്‍കബൂത്ത് 48).
നബി ഒരു ഗൈനക്കോളജിസ്റ്റ് ആയിരുന്നില്ല, ഗര്‍ഭാശയത്തിലെ ശാസ്ത്രീയ സത്യങ്ങള്‍ പഠിപ്പിക്കാന്‍. അല്ലാഹു അരുളി: ”നിങ്ങളുടെ മാതാക്കളുടെ വയറുകളില്‍ നിന്നും അവന്‍ നിങ്ങളെ സൃഷ്ടിക്കുന്നു. മൂന്നു തരം അന്ധകാരങ്ങള്‍ക്കുള്ളില്‍ സൃഷ്ടിയുടെ ഒരു ഘട്ടത്തിനു ശേഷം മറ്റൊരു ഘട്ടമായിക്കൊണ്ട്” (സുമര്‍ 6). ഈ അന്ധകാരം എന്നത് ഉദരം, ഗര്‍ഭാശയം, ഗര്‍ഭാശയത്തിനകത്തുള്ള ഒരു നേര്‍ത്ത ആവരണം എന്നിവയാണ്. സ്ത്രീകളുടെ ഗര്‍ഭാശയം ജീവിതത്തില്‍ ഒരിക്കല്‍ പോലും കാണാത്ത പ്രവാചകന് എങ്ങനെയാണ് ഗര്‍ഭാശയത്തെക്കുറിച്ചുള്ള അറിവ് ലഭിച്ചത്? പ്രത്യേകിച്ച് ഗൈനക്കോളജി പഠനം ഇല്ലാത്ത അക്കാലത്ത്?
നബി ഒരിക്കല്‍ പോലും കടലും പുഴ സന്ധിക്കുന്ന അഴിമുഖവും സന്ദര്‍ശിക്കുകയോ അവിടത്തെ ജലം പരിശോധിക്കുകയോ ചെയ്തിട്ടില്ല. അഴിമുഖത്ത് നടക്കുന്ന ഒരു ശാസ്ത്രീയ അദ്ഭുത പ്രതിഭാസം ഖുര്‍ആന്‍ വിശദീകരിക്കുന്നത് ഇങ്ങനെയാണ്: ”രണ്ട് ജലാശയങ്ങളെ സ്വതന്ത്രമായി ഒഴുകാന്‍ വിട്ടവനാകുന്നു അവന്‍. ഒന്ന് സ്വച്ഛമായ ശുദ്ധജലം, മറ്റൊന്ന് അരോചകമായി തോന്നുന്ന ഉപ്പുവെള്ളവും. അവ രണ്ടിനുമിടയില്‍ ഒരു മറയും ശക്തമായ ഒരു തടസ്സവും അവന്‍ ഏര്‍പ്പെടുത്തുകയും ചെയ്തിരിക്കുന്നു” (ഫുര്‍ഖാന്‍ 53). അഴിമുഖത്തെ ശുദ്ധജലം കയ്പുള്ള ഉപ്പുജലത്തില്‍ കൂടിക്കലരുകയോ ഉപ്പുജലം ശുദ്ധജലത്തില്‍ കൂടിക്കലരുകയോ ചെയ്യുന്നില്ല എന്നതാണ് ഇവിടത്തെ അദ്ഭുതം. ഇത് പറയാന്‍ പ്രവാചകന്‍ സമുദ്രശാസ്ത്രജ്ഞനൊന്നുമല്ലല്ലോ.
ജന്തുശാസ്ത്രജ്ഞനല്ലാത്ത പ്രവാചകന് എങ്ങനെയാണ് തേനീച്ചകളുടെ അദ്ഭുതം നിറഞ്ഞ ജീവിതരീതി വിശദീകരിക്കാന്‍ സാധിക്കുക? അല്ലാഹു അരുളി: ”നിന്റെ രക്ഷിതാവ് തേനീച്ചക്ക് ഇപ്രകാരം ബോധനം നല്‍കുകയും ചെയ്തിരിക്കുന്നു: മലകളിലും മരങ്ങളിലും മനുഷ്യര്‍ കെട്ടിയുയര്‍ത്തുന്ന സ്ഥലങ്ങളിലും നീ പാര്‍പ്പിടങ്ങളുണ്ടാക്കിക്കൊള്ളുക. പിന്നെ എല്ലാ തരം ഫലങ്ങളില്‍ നിന്നും നീ ഭക്ഷിച്ചുകൊള്ളുക. എന്നിട്ട് നിന്റെ രക്ഷിതാവ് സൗകര്യപ്രദമായി ഒരുക്കിത്തന്നിട്ടുള്ള മാര്‍ഗങ്ങളില്‍ പ്രവേശിച്ചുകൊള്ളുക” (അന്നഹ്ല്‍ 68, 69).
തേനീച്ചകള്‍ തേനും പൂമ്പൊടിയും ശേഖരിക്കുന്നതും അവരുടെ ജീവിതവ്യവസ്ഥയും അദ്ഭുതം നിറഞ്ഞതാണ്. ഇതൊക്കെ പറയാന്‍ നബി ശാസ്ത്രജ്ഞനല്ല. നബി ഒരിക്കല്‍ പോലും തേനീച്ചകളുടെ ജീവിതരീതിയെ സംബന്ധിച്ച് പരീക്ഷണമോ നിരീക്ഷണമോ നടത്തിയിട്ടില്ല. അങ്ങനെ നടത്തിയിട്ടുണ്ടെങ്കില്‍ അത് തെളിയിക്കേണ്ട ബാധ്യത ഖുര്‍ആനിനെവിമര്‍ശിക്കുന്ന നാസ്തികര്‍ക്കാണ്.
വിശുദ്ധ ഖുര്‍ആനിനെക്കുറിച്ച് നാസ്തികരുടെ മറ്റൊരു ആരോപണം, ഖുര്‍ആനില്‍ പരക്കെ ഭൂമി പരന്നതാണ് എന്നതാണ്. അപ്രകാരം വല്ലവനും വ്യാഖ്യാനിച്ചിട്ടുണ്ടെങ്കില്‍ അത് തെറ്റു തന്നെയാണ്. അതില്‍ ആര്‍ക്കാണ് സംശയം? ഖുര്‍ആന്‍ പഠിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട ഒരു വശമുണ്ട്. അത് ഇപ്രകാരമാണ്: ഖുര്‍ആന്‍ ഒന്നാമതായി വ്യാഖ്യാനിക്കേണ്ടത് ഖുര്‍ആന്‍ കൊണ്ടുതന്നെയാണ്. രണ്ടാമതായി വ്യാഖ്യാനിക്കേണ്ടത് നബിവചനങ്ങള്‍ കൊണ്ടാണ്. ഖുര്‍ആനില്‍ പല കാര്യങ്ങളുടെയും സൂചനകള്‍ മാത്രമാണുള്ളത്. ആ നിലയില്‍ ഭൂമിയെ സംബന്ധിച്ചും പറഞ്ഞിട്ടുണ്ട്. ‘ഭൂമി പരത്തി’ എന്നു പറഞ്ഞതിന്റെ താല്‍പര്യം ഭൂമി മനുഷ്യര്‍ക്ക് ജീവിക്കാന്‍ സൗകര്യപ്രദമാക്കി എന്നാണ്. കാരണം ഭൂമിയുടെ ആണിയാണ് പര്‍വതങ്ങള്‍. അല്ലാഹു അരുളി: ”ഭൂമി നിങ്ങളെയും കൊണ്ട് ഇളകാതിരിക്കാനായി അതില്‍ ഉറച്ചുനില്‍ക്കുന്ന പര്‍വതങ്ങള്‍ നാം സ്ഥാപിച്ചിരിക്കുന്നു” (നഹ്ല്‍ 15). പ്രസ്തുത പര്‍വതങ്ങള്‍ ചലിച്ചുകൊണ്ടിരിക്കുന്നുണ്ട് എന്നാണ് ഖുര്‍ആന്‍ പഠിപ്പിക്കുന്നത്. ഭൂമി ചലിക്കാതെ എങ്ങനെയാണ് പര്‍വതങ്ങള്‍ ചലിക്കുക? അല്ലാഹു അരുളി: ”പര്‍വതങ്ങളെ നീ കാണുമ്പോള്‍ അവ ഉറച്ചുനില്‍ക്കുന്നതാണെന്ന് നീ ധരിച്ചുപോകും. എന്നാല്‍ അവ മേഘങ്ങള്‍ ചലിക്കുന്നതുപോലെ ചലിക്കുന്നതാണ്” (നംല് 88).
ഭൂമി കറങ്ങിക്കൊണ്ടിരിക്കുന്നുണ്ട് എന്നാണ് മേല്‍ വചനത്തിന്റെ താല്‍പര്യം. ഇത് പറയാന്‍ നബി ഒരു ഭൗമശാസ്ത്രജ്ഞനൊന്നുമല്ല. നാസ്തികര്‍ നിഴലിന് വെടിവെക്കുകയാണ്. എല്ലാ ഗോളങ്ങളും ചലിച്ചുകൊണ്ടിരിക്കുന്നുണ്ട് എന്നാണ് ഖുര്‍ആന്‍ പഠിപ്പിക്കുന്നത്.
അല്ലാഹു അരുളി: ”ഓരോന്നും (ഗോളങ്ങള്‍) ഓരോ നിശ്ചിത ഭ്രമണപഥത്തില്‍ നീന്തിക്കൊണ്ടിരിക്കുന്നു” (യാസീന്‍ 40). മഴയെ സംബന്ധിച്ച് ഖുര്‍ആന്‍ ശാസ്ത്രീയമായി പഠിപ്പിക്കുന്നു: ”അവനത്രേ അവന്റെ അനുഗ്രഹത്തിന് (മഴയ്ക്ക്) മുമ്പായി സന്തോഷവാര്‍ത്ത അറിയിച്ചുകൊണ്ട് കാറ്റുകളെ അയക്കുന്നത്” (അഅ്‌റാഫ് 57). ”ആവര്‍ത്തിച്ച് മഴ വര്‍ഷിപ്പിക്കുന്ന ആകാശം തന്നെയാണ് സത്യം” (ത്വാരീഖ് 11). നബി സമുദ്രശാസ്ത്രജ്ഞനല്ല. ആവര്‍ത്തിച്ച് മഴ വര്‍ഷിപ്പിക്കുക എന്നാല്‍ ജലാശയങ്ങളില്‍ നിന്ന് നീരാവി മേല്‍പോട്ടുയര്‍ന്ന് അത് മേഘമായി മാറി മഴയായി വര്‍ഷിക്കുക. ഈ പ്രക്രിയ ആവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്നു എന്നര്‍ഥം.
ഈ ഭൂമി ഒരു ഭയങ്കര സ്‌ഫോടനത്തിലൂടെയാണ് ആകാശത്തു നിന്നു വേര്‍പെട്ടതെന്ന് ശാസ്ത്രം പറയുന്നു. ഖുര്‍ആന്‍ അത് ശരിവെക്കുന്നു. ”ആകാശങ്ങളും ഭൂമിയും ഒട്ടിച്ചേര്‍ന്നതായിരുന്നുവെന്നും എന്നിട്ട് അവയെ നാം വേര്‍പെടുത്തുകയാണുണ്ടായതെന്നും സത്യനിഷേധികള്‍ കണ്ടില്ലേ?” (അന്‍ബിയാഅ് 30). അതേ വചനത്തില്‍ തന്നെ ശാസ്ത്രം പില്‍ക്കാലത്ത് കണ്ടുപിടിച്ച ഒരു ശാസ്ത്രീയ യാഥാര്‍ഥ്യം ഖുര്‍ആന്‍ മുന്‍കൂട്ടി വിവരിച്ചിട്ടുണ്ട്: ”ജീവനുള്ള എല്ലാ വസ്തുക്കളെയും നാം വെള്ളത്തില്‍ നിന്ന് ഉണ്ടാക്കുകയും ചെയ്തു” (അന്‍ബിയാഅ് 30). നബി ജന്തുശാസ്ത്രജ്ഞനല്ല എന്ന് പറഞ്ഞറിയിക്കേണ്ടതില്ലല്ലോ.
പദാര്‍ഥലോകത്തുള്ള എല്ലാ വികാസങ്ങളിലും ഇണകള്‍ക്ക് വലിയ സ്ഥാനമുണ്ട്. സസ്യങ്ങളില്‍ പോലും ഇണകളുണ്ട് (ആണും പെണ്ണും) എന്നാണ് വിശുദ്ധ ഖുര്‍ആന്‍ ശാസ്ത്രം കണ്ടുപിടിക്കുന്നതിനു മുമ്പു പ്രസ്താവിച്ചത്. ”ഭൂമി മുളപ്പിക്കുന്ന സസ്യങ്ങളിലും അവയുടെ സ്വന്തം വര്‍ഗങ്ങളിലും അവര്‍ക്ക് അറിയാത്ത വസ്തുക്കളിലും പെട്ട എല്ലാ ഇണകളെയും സൃഷ്ടിച്ചവന്‍ എത്ര പരിശുദ്ധന്‍!” (യാസീന്‍ 36). ഫറോവയുടെ മൃതശരീരം പില്‍ക്കാലക്കാര്‍ക്ക് ഒരു ദൃഷ്ടാന്തം എന്ന നിലയില്‍ അല്ലാഹു അവശേഷിപ്പിക്കുമെന്ന് വിശുദ്ധ ഖുര്‍ആനിലുണ്ട്: ”എന്നാല്‍ നിന്റെ പിറകെ വരുന്നവര്‍ക്ക് നീ ഒരു ദൃഷ്ടാന്തമായിരിക്കേണ്ടതിനു വേണ്ടി ഇന്ന് നിന്റെ ശരീരത്തെ നാം രക്ഷപ്പെടുത്തുന്നതാണ്” (യൂനുസ് 82).
സത്യസന്ധമായി പുലര്‍ന്ന ചരിത്രത്തില്‍ ജീവിക്കുന്ന ഒരു സംഭവമാണ് റോമും പേര്‍ഷ്യയും തമ്മിലുള്ള യുദ്ധം. അല്ലാഹു അരുളി: ”അടുത്ത നാട്ടില്‍ വെച്ച് റോമക്കാര്‍ തോല്‍പിക്കപ്പെട്ടിരിക്കുന്നു.” തങ്ങളുടെ പരാജയത്തിനു ശേഷം ഏതാനും വര്‍ഷങ്ങള്‍ക്കു ശേഷം ഈ പ്രവചനം പുലര്‍ന്നു എന്നത് ഇസ്‌ലാമിക ചരിത്രം അറിയാവുന്ന എല്ലാവര്‍ക്കും ബോധ്യപ്പെട്ടതാണ്.

Back to Top